കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

വിചാരധാരയും ആഭ്യന്തര ഭീഷണികളും

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌?

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.

Thursday, November 21, 2013

വ്യാജറാണിമാർ രാജ്യം വാഴുമ്പോൾ !!

 ശത്രുവിന്റെ വാൾത്തലപ്പിൽ ശിരസ്സിന്റെ ഒരു ഭാഗവും വലതുകണ്ണും അറ്റു വീണപ്പോഴും ഝാൻസിയിലെ മണികർണ്ണിക പതറിയില്ല . പോരാട്ടത്തിൽ നിന്നും പിന്തിരിഞ്ഞതുമില്ല . തന്നോടേറ്റുമുട്ടിയ ശത്രുവിന്റെ ചെറു സംഘത്തെ മുച്ചൂടും മുടിച്ച് തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷുകാരന്റെ ശിരച്ഛേദവും നടത്തിയിട്ടാണ് ആ സമരദേവത പോർക്കളത്തിൽ പിടഞ്ഞു വീണത് . ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നിൽ ഝാൻസിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .
വിപ്ലവകാരികളുടെ ജഡത്തെപ്പോലും വികൃതമാക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുൻപ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളിൽ ഏറ്റവും തിളക്കമേറിയ തീനാമ്പുകൾ ഉയർന്നു വന്നത് കേവലം 23 വയസ്സു മാത്രമുണ്ടായിരുന്ന ആ യുവതിയുടെ പട്ടടയിൽ നിന്നായിരുന്നു .

ഇന്ന് റാണി ലക്ഷ്മി ഭായിയുടെ ജന്മദിനമായിരുന്നു . ഭാരതത്തിൽ ആദ്യമായി മഹിളകൾക്ക് വേണ്ടിയുള്ള ബാങ്കിന്റെ പ്രവർത്തനം തുടങ്ങാൻ കേന്ദ്ര സർക്കാർ തീരഞ്ഞെടുത്ത ദിവസവും നവംബർ 19 തന്നെയായിരുന്നു . പക്ഷേ അതിനുവേണ്ടിയുയർത്തപ്പെട്ട ബാനറുകളിലും ബോർഡുകളിലും റാണി ലക്ഷ്മീഭായിക്ക് സ്ഥാനമുണ്ടായിരുന്നോ എന്നത് ചോദ്യം മാത്രമായി അവശേഷിക്കുന്നു .





അല്ലെങ്കിലും വംശവാഴ്ചയുടെ ഭരണത്തുടർച്ചകൾക്കിടയിൽ കൂടുതൽ ഉയർന്നുവന്നിട്ടുള്ളത് വന്ദേമാതരത്തേക്കാൾ “Indira is India and India is Indira “ എന്ന രണഭേരിയായിരുന്നല്ലോ ... !!!

Saturday, November 16, 2013

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.

രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്‌- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ - അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌. 


മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്‌" ആണോ ? അതോ ഇനി അതാണോ ഈ പറയുന്ന  സോ കോൾഡ്‌ 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല. 


പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ "ഡയറക്ട്‌ ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌.


1946 ഇലെ കൊൽക്കത്ത കലാപം
പിന്നീട്‌ ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌? അല്ല  - എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌?  "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ

ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ  വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ?
ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ - വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് - വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ! നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചു ള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽ‌പ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്? 

രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ - ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്.

നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്
തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ - അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും  അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ!

ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!


ഇന്ത്യക്കെതിരെ ചൈനയുടെ രഹസ്യ യുദ്ധം കവർ സ്റ്റോറിയായി വന്ന ഔട്ട് ലുക്ക് മാഗസിന്റെ കവർ ഫോട്ടോ - ലേഖനം ഇവിടെ വായിക്കാം ..
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി - ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ - ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻ‌മൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.

ഒരു ഭാരതീയൻ - അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല - ആശയങ്ങൾ - ഉൻ‌മൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.


‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat  ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ  തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat  ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ - ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽ‌പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ - ശരിയാണ് - അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻ‌മൂലനാഹ്വാനം“. മുസ്ലീ‍ങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻ‌പേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും  ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.


ചുരുക്കിപ്പറഞ്ഞാൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻ‌മൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻ‌മൂലനം ചെയ്യപ്പെടണം എന്ന സൂചനയോ - അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൾക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.

( രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി (മാധവ സദാശിവ ഗോൾവൽക്കർ ) യുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിചാരധാര സ്വാതന്ത്ര്യൂർവ കാലത്തെ കലുഷിതമായ അന്തരീക്ഷത്തിൽ പലപ്പോഴായി എഴുതപ്പെട്ട ചിന്തകളുടേയും ലേഖനങ്ങളുടേയും സമാഹാരമാണ് . അതിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗത്തെപ്പറ്റി സൈബർ ലോകത്തും പുറത്തും വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട് . ഇപ്പോഴും നടന്നു വരുന്നുമുണ്ട് . സംഘവിരുദ്ധരുടെ ഇഷ്ടാദ്ധ്യായങ്ങളിലൊന്നായ ആഭ്യന്തര ഭീഷണികളെ വിശകലനം ചെയ്തു കൊണ്ട് ശ്രീ കാണാപ്പുറം നകുലൻ എന്ന ബ്ലോഗർ  എഴുതിയ കമ്മന്റുകളുടെ ഒരു ക്രോഡീകരണമാണ് ഈ ലേഖനം .)

Saturday, March 9, 2013

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന വര്‍ഷങ്ങളിലൊന്നാണ് 1883 . 1857 ഇലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം,  രാമോഷി മൂവ്മെന്റിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ വിറപ്പിച്ച , ധീരനായ വാസുദേവ് ബല്‍വന്ത്  ഫട്കെ ജയിലില്‍  രക്തസാക്ഷിയായത് ആ വര്‍ഷം ഫെബ്രുവരി 17 നായിരുന്നു.  കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരതീയരുടെ സ്വാതന്ത്ര്യ  സമ്മര്‍ദ്ദങ്ങളുടെ പ്രഷര്‍ വാല്‍വായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ജന്മമെടുക്കുന്നത് .വാസുദേവ ബല്‍ വന്ത് ഫഡ്കേ രക്തസാക്ഷിത്വം വരിച്ച അതേ വര്‍ഷം മെയ് 28 നാണ് വീര്‍ സാവര്‍ക്കര്‍ എന്നു പില്‍ക്കാലത്ത് പ്രസിദ്ധനായ വിനായക റാവു നാസിക്കിനടുത്തുള്ള ഭാഗൂരീല്‍ ജനിക്കുന്നത് . ബാലനായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ മറാത്താ വീക്കിലികളില്‍ സ്ഥാനം പിടിച്ചിരുന്നു . സായുധ വിപ്ലവമാണ് തന്റെ മാര്‍ഗ്ഗം എന്ന് തിരിച്ചറിയാന്‍ കേവലം 15 വര്‍ഷങ്ങള്‍ മാത്രം മതിയായിരുന്നു ആ ബാലന് . അതിനു കാരണമായത് ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനവുമായിരുന്നു.

1897 ജൂണ്‍ 22 , വിക്ടോറിയ രാജ്ഞിയുടെ രജത ജൂബിലി ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു . സാധാരണക്കാരാകട്ടെ പ്ലേഗെന്ന മഹാമാരിയാലും ബ്രിട്ടീഷ് കമ്മീഷണറായിരുന്ന റാന്‍ഡിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാലും ദുരിതമനുഭവിക്കുന്നു . ദാമോദര്‍ ഹരി ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും റാന്‍ഡിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതും ഇതേ ദിവസം തന്നെയായിരുന്നു . സര്‍ക്കാര്‍ മന്ദിരത്തിനു 500 മീറ്റര്‍ മാത്രം അകലെവച്ച് അവരതു നിര്‍വ്വഹിച്ചു.  ( ഒരു പക്ഷേ 1857 നു ശേഷമുള്ള ആദ്യ രാഷ്ട്രീയ കൊലപാതകം എന്നു വിശേഷിപ്പിക്കാവുന്ന സംഭവം ) ബാലകൃഷ്ണ ചാഫേക്കരിനെ ഒറ്റുകൊടുത്ത രണ്ടുപേരെ മൂന്നാമത്തെ സഹോദരന്‍ വാസുദേവ ചാഫേക്കറും സുഹൃത്ത് റാനഡേയും ചേര്‍ന്ന് വെടിവച്ചു കൊന്നു . ഈ മൂന്നു സഹോദരന്മാരെയും അവരുടെ സുഹൃത്തിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും ചെയ്തു .

ഐതിഹാസികമായ സായുധ വിപ്ലവം അവിടെ അവസാനിക്കുകയായിരുന്നില്ല . അത് പുതിയൊരു സമരത്തിന്റെ പ്രഥമ അദ്ധ്യായമായിരുന്നു. ചാഫേക്കര്‍ കുടുംബം മൂന്നുമക്കളെ കഴുമരത്തിലേക്കാണയച്ചതെങ്കില്‍  സാവര്‍ക്കര്‍ കുടുംബം മൂന്നുപേരെ സ്വാതന്ത്ര്യ പഥത്തിനു വെളിച്ചം നല്‍കുന്ന തീപ്പന്തങ്ങളാക്കിത്തീര്‍ത്തു.ദാമോദര്‍ ചാഫേക്കര്‍ സ്വാതന്ത്ര്യ ബലിപീഠത്തില്‍ ഭൌതിക ശരീരമര്‍പ്പിച്ചപ്പോള്‍ തന്റെ ചൈതന്യം വിനായക്  ദാമോദറിലേക്ക് പകര്‍ന്നു . വിനായക് റാവു , വീര സാവര്‍ക്കറിലേക്കുള്ള ആദ്യ ചുവടു വയ്പിനു തയ്യാറടുക്കുകയും ചെയ്തു .ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനം ബാലനായ വിനായക് റാവുവിനെ  ഏറെ വേദനിപ്പിച്ചു . ശക്തമായ ഭാഷയില്‍ ‘ചാഫേക്കര്‍ വീരഗാഥ‘  ഒറ്റ രാത്രി കൊണ്ട് തന്നെ അവന്‍ എഴുതിത്തീര്‍ത്തു . (വരികളിലെ കാര്‍ക്കശ്യം മൂലം അത് പ്രസിദ്ധപ്പെടുത്താന്‍ 1946 വരെ കാത്തിരിക്കേണ്ടി വന്നു )

ചാഫേക്കര്‍ സഹോദരങ്ങള്‍ കൊളുത്തിയ അഗ്നിയെ ചിരന്തനമാക്കുക എന്ന ചിന്തയില്‍ നിന്നുയിര്‍ത്തത് ഒരു ബാല സംഘടനയാണ് . 1899 നവംബറില്‍ ഉടലെടുത്ത “രാഷ്ട്രഭക്ത സമൂഹ“മെന്ന ആ സംഘടനയാണ് വിനായക റാവുവിന്റെ രാഷ്ട്രീയ പ്രവേശത്തിലേക്ക് വഴിതുറന്നത് .1900 ജനുവരി ഒന്നിന് “മിത്രമേള “ എന്ന കുറച്ചുകൂടി ഗൌരവസ്വഭാവമുള്ള വിപ്ലവ സംഘടനയ്ക്ക് ബാല സംഘടനയായ രാഷ്ട്രഭക്തസമൂഹം വഴിമാറി . ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെ അകത്തും പുറത്തും ശല്യം ചെയ്ത ഒരു കൂട്ടം വിപ്ലവകാരികള്‍ ഇവിടെയാണ് സൃഷ്ടിക്കപ്പെട്ടത് . ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ബ്രിട്ടന്റെ കപടധാര്‍മ്മികതയുടെ മൂടുപടം പിച്ചിച്ചീന്തിയ വീര സാവര്‍ക്കറിലേയ്ക്കുള്ള വിനായകന്റെ പരിണാമവും ഇവിടെത്തുടങ്ങുന്നു. നാസ്സിക്കിലെ ഒട്ടുമിക്ക രാഷ്ട്രീയ വിഷയങ്ങളിലും സമര പോരാട്ടങ്ങളിലും മിത്രമേള സജീവമായി ഇടപെട്ടു . വിപ്ലവകാരികളുടെ നിരകളെ സൃഷ്ടിച്ചുകൊണ്ട് സാവധാനമെങ്കിലും ശക്തമായി അത് മുന്നോട്ട് നീങ്ങി .


1904 ഇല്‍ നാസിക്കില്‍ നടന്ന ഒരു പ്രകടനത്തില്‍ വച്ച് സംഘടനയുടെ പേര്‍ “അഭിനവ ഭാരത്“ എന്നാക്കി മാറ്റി . തുടര്‍ന്ന് 1905 ഇല്‍ നടന്ന ബംഗാള്‍ വിഭജനത്തിനെതിരെ അഭിനവ ഭാരത് മഹാരാഷ്ട്രയിലെങ്ങും പ്രതിക്ഷേധക്കൊടുങ്കാറ്റുകളുയര്‍ത്തി. വിനായക റാവുവിന്റെ നേതൃത്ത്വത്തില്‍ പൂനെയില്‍ വച്ച് സ്വാതന്ത്ര്യ സമരചരിത്രത്തിലെ ആദ്യ വിദേശവസ്ത്രദഹനം നടന്നത് ഈയവസരത്തിലാണ് . ഓര്‍ക്കണം , ഗാന്ധിജിയുടെ നേതൃത്ത്വത്തില്‍ അതൊരു സമരമാര്‍ഗ്ഗമായി മാറിയത് പിന്നീട് വളരെക്കഴിഞ്ഞ് 1921  ലാണ്  .( വിനായകറാവുവിന്റെ പ്രവൃത്തിയെ എതിര്‍ത്ത് “ഇന്ദുപ്രകാശില്‍“  ലേഖനമെഴുതിയ മിതവാദികള്‍ക്ക് തന്നെ അതൊരു സമരമാര്‍ഗ്ഗമായി സ്വീകരിക്കേണ്ടിയും വന്നു. ). സവര്‍ക്കര്‍ എന്ന പേര് വിപ്ലവകാരികളുടെയിലും സ്വാതന്ത്ര്യസമര ഭടന്മാരുടെ ഇടയിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി . ഒപ്പം ബ്രിട്ടീഷ് രഹസ്യാന്വേഷണ പോലീസുകാര്‍ക്കിടയിലും . !!

1906 ഇല്‍ സവര്‍ക്കര്‍ ബി എ പാസ്സായി . നിയമം പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു സംഘടനയുടെ തീരുമാനം .സായുധ വിപ്ലവത്തിന്റെ പ്രവര്‍ത്തന രംഗം ഇംഗ്ലണ്ടിലെ ഇന്ത്യന്‍ യുവാക്കളിലെത്തിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. 1905 മുതല്‍ ഇന്ത്യന്‍ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്ന ശ്യാം ജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യാഹൌസ് ആയിരുന്നു പ്രവേശനം ലഭിച്ചാല്‍ സവര്‍ക്കറുടെ പ്രവര്‍ത്തന കേന്ദ്രമായി  നിശ്ചയിക്കപ്പെട്ടിരുന്നത് . ലോകമാന്യ തിലകന്റെ ആശീര്‍വാദവും പിന്തുണയും ഇതിനു പിന്നിലുണ്ടായിരുന്നു. ശ്യാംജി കൃഷ്ണവര്‍മ്മയ്ക്ക് സവര്‍ക്കറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്തില്‍ തിലകന്‍ ഇങ്ങനെ പറഞ്ഞു.

“ അവിടെ( ഇന്ത്യാഹൌസ് )  പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ  ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “

സവര്‍ക്കരുടെ സംഭവ ബഹുലമായ ലണ്ടന്‍ ജീവിതം ഇന്ത്യാഹൌസില്‍ നിന്നു തുടങ്ങി . സുശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെ അകത്തും പുറത്തും എതിര്‍ത്തുകൊണ്ട് അത് മുന്നേറുകയും ചെയ്തു . ഐതിഹാസികമായ “ 1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം “ എന്ന പുസ്തകം പിറവിയെടുത്തത് ഇവിടെവച്ചാണ് . വിപ്ളവകാരികള്‍ക്ക് ആവേശം കൊടുക്കുക മാത്രമല്ല പുസ്തകം ചെയ്തത്.  അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനാഗമ മാര്‍ഗ്ഗമായും അത് മാറി . 

(തുടരും)

Tuesday, February 5, 2013

സമകാലിക പ്രശ്നങ്ങളോട് ആര്‍.എസ്സ്.എസ്സ് സഹസര്‍കാര്യവാഹ് പ്രതികരിക്കുന്നു.

ഹൈന്ദവ കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിന് , രാഷ്ട്രീയ സ്വയം സേവക സംഘം സഹസര്‍കാര്യവാഹ് ശ്രീ കെ സി കണ്ണന്‍ അനുവദിച്ച അഭിമുഖം -
(ഉറവിടം  K C Kannan, RSS leader on contemporary issues - Interview  
സ്വതന്ത്രപരിഭാഷ . യുഗാന്തര്‍ ടീം  )

സംഘം ഒരു ഫാസിസ്റ്റ് സംഘടനയാണോ ? എന്തുകൊണ്ട് ?

സംഘം ഒരിക്കലും ഒരു ഫാസിസ്റ്റ് സംഘടനയല്ല . സംഘം ഒരിക്കലും ഫാസിസ്റ്റ് ആയിരുന്നില്ല ഇപ്പോളും ഫാസിസ്റ്റ് അല്ല , ഒരിക്കലും അങ്ങനെയാവുകയുമില്ല. സംഘം ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ് . രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തം ആയി പ്രവര്‍ത്തിച്ചുകൊണ്ട് ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ സാമൂഹിക പരിഷ്കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണത് . ഈ നാട്ടിലെ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ എല്ലാ മേഖലകളിലും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്ന ദേശ ഭക്തന്മാരുടെ സംഘടനയാണ് സംഘം . അത് ഒരിക്കലും ഫാസിസ്റ്റ് സ്വഭാവം പ്രദര്‍ശിപ്പിച്ചിട്ടില്ല പ്രദര്‍ശിപ്പിക്കുകയും ഇല്ല . ഇതൊക്കെ സംഘത്തിന്‍റെ ശത്രുക്കള്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് .

സംഘത്തിന്‍റെ ലക്‌ഷ്യം ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നോ ?

കൃണ്വന്തോ വിശ്വമാര്യം , വസുധൈവ കുടുംബകം, യത്രവിശ്വം ഭവത്യേക നീഢം  ഇതൊക്കെ ആയിരുന്നു നമ്മുടെ പൂര്‍വീകരുടെ ആഗ്രഹം . ഇത് പൂര്‍ത്തീകരിക്കുക എന്നുള്ളത് തന്നെയാണ് സംഘത്തിന്‍റെ ഉദ്ദേശ്യം . പക്ഷെ ലോകം മുഴുവന്‍ മാറ്റം ഉണ്ടാക്കുന്നതിനു മുന്‍പ് നമുക്ക് നമ്മുടെ വീട് തയ്യാറാക്കേണ്ടതുണ്ട് , നമ്മുടെ വീട് ഭാരതമാണ്‌ , അതിനെ ആദ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതത്തിന്‍റെ വൈഭവമാണ് സംഘത്തിന്‍റെ ലക്‌ഷ്യം . സംഘ പ്രാര്‍ഥനയും അത് വ്യക്തമായി പറയുന്നുണ്ട്  . ഈ രാഷ്ട്രത്തിന്‍റെ ധര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ ശ്രേഷ്ടമായ വൈഭവത്തിലേയ്ക്കുയര്‍ത്തുക.. അത് പൂര്‍ത്തിയായാല്‍  , ലോകത്തെ മുഴുവന്‍ ഈ മാര്‍ഗ്ഗത്തിലേക്ക് നയിയ്ക്കുകയെന്നത്  അടുത്ത ഘട്ടമാണ്. ആദ്യ കാലത്ത് നാമത് ചെയ്തിരുന്നതാണ് , അന്ന് ഭാരതം ജഗത് ജനനി ആയിരുന്നു ജഗത് ഗുരു ആയിരുന്നു . വീണ്ടും ആ സിംഹാസനത്തിലിരുന്നുകൊണ്ട് ലോകത്തിനു മാര്‍ഗ്ഗദര്‍ശനം കൊടുക്കണം , ലോകത്തെ മുഴുവന്‍ നന്മയുടെ വഴിയെ നയിക്കണം . അതിന്‍റെ ആദ്യപടി എന്ന നിലയിലാണ് ഭാരതത്തിന്‍റെ പരംവൈഭവത്തിന് വേണ്ടി സംഘം പ്രവര്‍ത്തിക്കുന്നത് .

ശാഖക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നോ ? എന്താണ് ഇതിനൊരു പരിഹാരം ?

ശാഖക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നു എന്ന നിഗമനം തെറ്റാണ് . മൂന്ന് വര്‍ഷം മുന്‍പ് കൊല്ലത്തുനടന്ന ഒരു ലക്ഷം സ്വയംസേവകര്‍ പങ്കെടുത്ത സാംഘിക്ക് തന്നെ ഇതിനുദാഹരണമാണ് .
ചെറുപ്പക്കാര്‍ തലനരച്ചവരേക്കാള്‍ എണ്ണത്തില്‍ എത്രയോ കൂടുതലായിരുന്നു .വന്നതില്‍ ഏകദേശം അറുപത്തഞ്ച് എഴുപതു ശതമാനം യുവാക്കളായിരുന്നു . ഇന്നും പുതിയ ആളുകള്‍ ശാഖയിലേക്ക് വരുന്നുണ്ട് , ആയിരക്കണക്കിന് ശാഖകളില്‍ ലക്ഷക്കണക്കിന്‌ സ്വയംസേവകര്‍ പങ്കെടുക്കുന്നു . ഇത് കേരളത്തില്‍ മാത്രമല്ല അല്ല മുഴുവന്‍ ഭാരതത്തിലും ദൃശ്യമാണ്.

ദളിതര്‍ ആര്‍ എസ്സ് എസ്സ്  പ്രവര്‍ത്തനത്തിലേക്ക് എത്തുന്നില്ലെന്നും  വന്നാല്‍ത്തന്നെ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്നും  സോഷ്യല്‍ മീഡിയകളില്‍ ആരോപണങ്ങളുണ്ടാകുന്നു. ഇതിന്‍റെ നിജ സ്ഥിതി എന്താണ് ?

കമ്യുണിസ്റ്റ് പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ ഉപേക്ഷിച്ചു ദളിതര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ സംഘത്തിലേക്കൊഴുകാന്‍  തുടങ്ങിയിട്ട് വര്‍ഷങ്ങളായി .സംഘത്തിന്‍റെ സാധാരണപ്രവര്‍ത്തകര്‍ മുതല്‍ അതിപ്രധാന ചുമതലകള്‍ വഹിക്കുന്ന കാര്യകര്ത്താക്കന്മാര്‍വരെ ഈ വിഭാഗങ്ങളില്‍ നിന്നുമുണ്ട്.  പക്ഷെ ജാതി തിരിച്ചു അംഗങ്ങളുടെ കണക്കെടുക്കല്‍ സംഘത്തിലില്ല. . ശാഖയില്‍ വരുന്നവരുടെ ജാതി ചോദിക്കാറുമില്ല, പറയാറുമില്ല. അതുകൊണ്ട് ജാതി തിരിച്ചുള്ള കണക്കു സംഘം പ്രസിദ്ധീകരിക്കാറുമില്ല . പിന്നോക്കമെന്ന് വിളിക്കപ്പെടുന്നവരില്‍നിന്നും ധാരാളം പ്രചാരകന്മാരുള്‍പ്പെടെയുള്ള കാര്യകര്‍ത്താക്കളുണ്ട് .

മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളെപ്പറ്റി സംഘത്തിന്‍റെ അഭിപ്രായം എന്താണ് ?
സ്മൃതികള്‍ അതാതു കാലഘട്ടത്തിനുവേണ്ടി എഴുതപ്പെട്ട നിയമങ്ങളാണ് . ആ നിയമങ്ങളെ വേറൊരു കാലഘട്ടത്തില്‍ പരിഗണിക്കേണ്ട ആവശ്യമില്ല . അതുകൊണ്ട് തന്നെ സ്മൃതികളെ ശാശ്വതസത്യമായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതൊരു പ്രത്യേക സമയത്തേക്ക് മാത്രമുണ്ടായിരുന്ന നിയമങ്ങളാണ്. മറ്റൊരു കാലത്ത് നിന്ന് നോക്കുമ്പോള്‍ ധാരാളം തെറ്റുകള്‍ കാണാം . അതുകൊണ്ട് കാലം മാറുമ്പോള്‍ അതിനനുസരിച്ചുള്ള പുതിയ സ്മൃതികള്‍ നിര്‍മ്മിക്കപ്പെടും .  ഇതാണ് സംഘ നിലപാട് .

സംവരണ പ്രശ്നത്തില്‍ എന്താണ് ആര്‍ എസ് എസ് നിലപാട് ?

മതപരമായി  സംവരണം നല്‍കുന്നതില്‍ സംഘം എതിരാണ് . ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം നീക്കം നടന്നിരുന്നു . ഇത്തരം പ്രവര്‍ത്തികള്‍ നാളെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കില്ല എന്ന് പറയാനാകില്ല. വിഭജനത്തിന്‍റെ മുന്‍പ് നടന്ന സംഭവങ്ങളും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു . അതുകൊണ്ട് തന്നെ ഏതെങ്കിലും മത വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ സംഘം എതിരാണ് . പക്ഷെ ഭരണഘടനാ ശില്‍പ്പികള്‍ പറഞ്ഞുവച്ചിട്ടുള്ള,  അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം എന്ന ആവശ്യത്തെ സംഘം എപ്പോളും പിന്തുണക്കുന്നു . അതായത് അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ അവശത മാറും വരെ സംവരണം തുടരണം . അവരുടെ അവശത മാറിയിട്ടുണ്ടോ എന്ന് പഠിക്കുവാന്‍ ആവശ്യം ആയ സമിതികളെ സര്‍ക്കാര്‍ നിയോഗിക്കണം , അങ്ങനെ ബോധ്യപ്പെട്ടാല്‍ അത് അവസാനിപ്പിക്കാവുന്നതാണ് . അതല്ലാതെ എന്ന് വരെ പിന്നാക്കാവസ്ഥ തുടരുന്നോ അന്നുവരെ അവര്‍ക്ക്  നല്‍കി വരുന്ന സംവരണം തുടരേണ്ടതാണ് . ഇതാണ് സംഘത്തിന്‍റെ അഭിപ്രായം .

പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള മതഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിനു പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ ഹിന്ദു യുവാക്കള്‍ തീവ്ര നിലപാടുകളിലേക്ക്‌ പോകുന്നുണ്ട് . ഇത് യഥാര്‍ത്ഥത്തില്‍ സംഘത്തിന്‍റെ പരാജയം അല്ലെ ?
സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മത ജിഹാദി സംഘടനകള്‍ നിരന്തരമായി ഭാരതത്തില്‍ , പ്രത്യേകിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് . ഈ അവസരത്തില്‍ അവര്‍ക്കെതിരെ ചെറുപ്പക്കാര്‍ നിലപാടുകള്‍ എടുക്കുന്നു . പക്ഷെ രാഷ്ട്ര വിരുദ്ധമായ നിലപാടുകള്‍ , ജിഹാദിഭീകരവാദം പോലെയുള്ള നിലപാടുകള്‍ ആരെടുത്താലും സംഘമതിനെ അംഗീകരിക്കില്ല . അതുകൊണ്ട് യുവാക്കള്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമചിത്തതയോടെ പ്രതികരിക്കേണ്ടതാണ് .ചിലരുടെ നിലപാടുകള്‍  സംഘത്തിന്‍റെ പരാജയം എന്ന്  പറയുവാന്‍ സാധിക്കില്ല . ഇത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ക്ക് ഭരനഘടനാനുസൃതമായി അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം . സംഘത്തിന്‍റെ പദ്ധതിയോട് താത്പര്യമുള്ളവര്‍ക്ക് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം . രാഷ്ട്രവിരുദ്ധ ജിഹാദിപ്രസ്ഥാനങ്ങളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരും ഏജന്‍സികളും ശ്രമിച്ചാല്‍ ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളും നിലക്ക് നിര്‍ത്താവുന്നതേയുള്ളൂ.

ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കാള്‍ ചെറുതാണോ കമ്മ്യൂണിസം ഉയര്‍ത്തുന്ന ഭീഷണി ?

രണ്ടും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് . രണ്ടുകൂട്ടരും ദേശീയചിന്താധാരകളെ  അംഗീകരിക്കുന്നില്ല . കമ്മ്യൂണിസം അധികാരത്തില്‍ വന്ന രാഷ്ട്രങ്ങളുടെയും ഇസ്ലാമിക തീവ്രവാദികള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രങ്ങളുടെയും സ്ഥിതി ജനാധിപത്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്തവുല്ല . ഭാരതത്തിലാകട്ടെ രണ്ടു കൂട്ടരും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ രാഷ്ട്രഹിതത്തിനു വിരുദ്ധവുമാണ് . അതുകൊണ്ട് ഇസ്ലാമിക മത ഭീകരവാദം രാഷ്ട്രത്തിനു എത്ര കണ്ടു ഭീഷണിയാണോ ,, അഹിതകരമാണോ
അത്രകണ്ട് തന്നെയാണ് കമ്മ്യൂണിസം ഉയര്‍ത്തുന്ന വെല്ലുവിളിയും .

കേസരിയില്‍ വന്ന ലേഖനം കമ്യുണിസ്റ്റ് സഹകരണം ആവശ്യപ്പെട്ടിരുന്നല്ലോ , അതാണോ ഈ വിഷയത്തില്‍ സംഘ നിലപാട്?
കേസരി ,  കേരളത്തില്‍ അറിയപ്പെടുന്ന വാരികയാണ് . അതില്‍ പലതരത്തില്‍ ചിന്തിക്കുന്നവരും ലേഖനങ്ങള്‍ എഴുതാറുണ്ട് . ആ കൂട്ടത്തില്‍ വന്ന ഒന്നായി മാത്രമേ ഈ ലേഖനത്തെ കാണേണ്ടതായുള്ളൂ. അത് കേസരിയുടെയും ലേഖന കര്‍ത്താവിന്‍റെയും അഭിപ്രായമാണ് .സംഘത്തിന്‍റെ അഭിപ്രായമല്ല . ഈ വിഷയം ചെന്നൈയില്‍ നടന്ന അഖിലഭാരതീയകാര്യകാരിണി ബൈഠക്കിനോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തില്‍ സര്‍ കാര്യവാഹ് മാന്യ ഭയ്യാജി ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

ആരോപണങ്ങള്‍ക്ക് മറുപടി പറയുവാന്‍ പലപ്പോഴും ആര്‍ എസ് എസ് ശ്രമിക്കാറില്ല . സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ഇത് എത്രമാത്രം പ്രായോഗികമാണ് ?

സൂര്യന് താഴെയുള്ള സര്‍വമാന പ്രശ്നങ്ങള്‍ക്കും, മറുപടി പറയുക എന്നത് സംഘത്തിന്‍റെ സ്വഭാവം അല്ല .സംഘം ഒരു പ്രത്യേക ജോലി ചെയ്യുവാന്‍ വേണ്ടി നിയുക്തമായ സംഘടനയാണ് , അത് വ്യക്തി നിര്‍മ്മാണമാണ് , ആ പ്രവര്‍ത്തി ഒരു തപസ്സുപോലെ സംഘം ചെയ്തുകൊണ്ടിരിക്കുകയുമാണ് . ആളുകള്‍ പലതരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട് , അതില്‍ മിക്കതും കക്ഷിരാഷ്ട്രീയ സംബന്ധിയാണ്. സംഘം ഒരു കക്ഷിരാഷ്ട്രീയ പ്രസ്ഥാനം അല്ല എന്നുള്ളതുകൊണ്ട് ദൈനംദിനം നടക്കുന്ന രാഷ്ട്രീയ സംബന്ധിയായ വിഷയങ്ങളില്‍ മറുപടി പറയാന്‍ സംഘം ബാദ്ധ്യസ്ഥമല്ല .സംഘത്തിനെന്തെങ്കിലും പറയാനും അറിയിക്കാനുമുണ്ടെങ്കില്‍ അത് കൃത്യമായി അറിയിക്കാറുമുണ്ട് .

സ്വയംസേവകര്‍ പോലും രാഷ്ട്രീയത്തിലെത്തി അഴിമതിക്കാരാകുന്നു . ഇതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം ?
എല്ലാ സ്വയംസേവകരും അങ്ങനെ ആകുന്നില്ല. ധാരാളം സ്വയംസേവകര്‍ രാഷ്ട്രീയത്തില്‍ പോയിട്ടുണ്ട് സംശുദ്ധിയോടെ പ്രവര്‍ത്തിച്ച പതിനായിരങ്ങളുണ്ട് . വഴിതെറ്റിയ ചിലരെക്കുറിച്ചുമാത്രമാണ് പത്രങ്ങളില്‍ വരാറ് . അവരാകട്ടെ വളരെച്ചെറിയ ശതമാനവും. ഒരു വ്യക്തിയുടെ ശാഖയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനുശേഷം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉറപ്പു പറയാന്‍ പറ്റില്ല . എത്രകാലം ശാഖയില്‍ പോകുന്നോ അത്രകാലം അവരുടെ കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കും . ചിലര്‍ കുറച്ചുകാലത്തെ സംഘ പ്രവര്‍ത്തനത്തിനു ശേഷം രാഷ്ട്രീയത്തില്‍ എത്തുകയും ശാഖാബന്ധം നിലയ്ക്കുകയും ചെയ്യുന്നു , അത്തരക്കാരുടെ ചെയ്തികളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്ഘത്തിനാവില്ല . പക്ഷെ എത്രകാലം ശാഖയില്‍ പോകുന്നോ അത്രകാലം ഒരു സ്വയംസേവകന്‍ വഴിതെറ്റില്ല അവരുടെ കാര്യത്തില്‍ ഉറപ്പു പറയാനും സാധിക്കും .

പല ആര്‍ എസ് എസ് പ്രവര്‍ത്തകരിലും പ്രകടമായ ഗാന്ധി വിരുദ്ധതയും ഗോഡ്സെ ആരാധനയും കാണുന്നു എന്താണ് കാരണം ?
ചിലര്‍ അങ്ങനെ ഉണ്ടാകാം . എല്ലാ സ്വയംസേവകര്‍ക്കും ചിന്താസ്വാതന്ത്ര്യമുണ്ട്, അവര്‍ക്ക് ചില കാര്യങ്ങളോട് താല്പര്യം തോന്നും , അത് സംഘത്തിന്‍റെ അഭിപ്രായമല്ല , മറിച്ചു ചിന്തിക്കുന്ന എത്രയോ സ്വയംസേവകരുണ്ട് .അതുകൊണ്ട് ചിലര്‍ ഏതെങ്കിലും രീതിയില്‍ ചിന്തിച്ചു എന്നത് കൊണ്ട് സംഘം മറുപടി പറയേണ്ട ആവശ്യമില്ല .

ആര്‍ എസ് എസ് ശാഖകളുടെ എണ്ണം കുറയുന്നു എന്ന് ചില മുഖ്യധാരാ പത്രങ്ങള്‍ എഴുതുകയുണ്ടായി .ഇതില്‍ എത്രകണ്ട് വാസ്തവമുണ്ട് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് നോക്കിയാല്‍ ഇടക്കാലത്ത് സായം ശാഖകളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു . അതിനു കാരണം വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതും ട്യുഷന്‍ മുതലായ കാര്യങ്ങള്‍ക്കായി കുട്ടികള്‍ പോകുന്നതുമൂലം വന്ന തടസ്സവും ആയിരുന്നു . പക്ഷെ ബാല സ്വയംസേവകര്‍ക്ക് വേണ്ടി പ്രഭാത, രാത്രി ശാഖകള്‍ തുടങ്ങിയതോടെ സ്ഥിതിയില്‍ മാറ്റം വന്നു . നിന്നുപോയ സ്ഥലങ്ങളില്‍ ശാഖ തുടങ്ങാനുള്ള അഖിലഭാരതീയയോജന നടപ്പിലാക്കി . കഴിഞ്ഞ ചെന്നൈ ബൈഠക് മുതല്‍  അഭൂത പൂര്‍വ്വമായ രീതിയില്‍ വര്‍ദ്ധനവിന്‍റെ കണക്കാണ് കാണാന്‍ കഴിയുക .

സംഘടനാ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ ആയിട്ടും കേരളത്തില്‍ നിന്ന് അഖിലഭാരതീയ ചുമതലകളില്‍ വരുന്നവരുടെ എണ്ണം വളരെ കുറവാണ് എന്താണ് ഇതിനു കാരണം ?
 
മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം കേരളത്തില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട് . ഇതുവരെ അഖിലഭാരതീയ ചുമതലകള്‍ ലഭിക്കാത്ത സംസ്ഥാനങ്ങളുടെ എണ്ണം വളരെ കൂടുതലാണ് . ചുമതലകള്‍ നല്‍കുന്നതില്‍ സംഘ പ്രവര്‍ത്തനത്തിന്‍റെ പഴക്കമോ ശാഖകളുടെ എണ്ണമോ ഒന്നും നോക്കാറില്ല , അതിനു അതിന്‍റെതായ പദ്ധതികള്‍ ഉണ്ട് . എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രാധിനിത്യം വേണം എന്നു പോലും സംഘം ചിന്തിക്കാറില്ല . അതനുസരിച്ച് കേരളത്തില്‍ നിന്ന് മൂന്നോ നാലോ പേരുണ്ടായിട്ടുമുണ്ട്.

ആര്‍ എസ എസ പ്രവര്‍ത്തകര്‍ സംഘസാഹിത്യത്തിനു വെളിയിലുള്ള പുസ്തകങ്ങള്‍ വായിക്കാറില്ല എന്നത് യാഥാര്‍ത്ഥ്യം അല്ലെ ?
 
ചോദ്യകര്‍ത്താവിന് ആ ചിന്ത എങ്ങനെ വന്നു എന്നറിയില്ല . സ്വയംസേവകര്‍ എല്ലാ തരത്തിലുള്ള പുസ്തകങ്ങളും വായിക്കാറുണ്ട് , പ്രത്യേകിച്ച് വായന ശീലമാക്കിയ സ്വയംസേവകര്‍ ആധുനീക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി അറിവ് സമ്പാദിക്കാറുണ്ട്, പലരും ഗവേഷണവും നടത്തുന്നുണ്ട് . അവര്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുമ്പോള്‍ ലോകത്തിലെ പ്രശ്നങ്ങളെ പറ്റി മനസിലാക്കാനും പരസ്പരം അറിവുകള്‍ കൈമാറാനും സാധിക്കാറുമുണ്ട് .അതുകൊണ്ട് തന്നെ ചോദ്യകര്‍ത്താവിന്‍റെ നിഗമനം തെറ്റാണ് .

കേരളത്തില്‍ ജനം എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങുന്നതായി കേട്ടു . ഇത്തരത്തില്‍ ദേശീയ തലത്തില്‍ ചാനലുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ ?

ജനം ചാനല്‍ സംഘം നടത്തുന്ന ചാനല്‍ അല്ല . സ്വയംസേവകര്‍ നടത്തുന്ന ചാനല്‍ ആണ് . ഭാരതത്തില്‍ മറ്റെവിടെയെങ്കിലും അങ്ങനെ ഒന്ന് തുടങ്ങുന്നതായി അറിവില്ല .

(പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ശ്രീ കെ സി കണ്ണന്‍  സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനാണ് . സഹസര്‍കാര്യവാഹ് ആകുന്നതിനു മുന്‍പ് സംഘത്തിന്റെ  അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്  ആയിരുന്നു . )

Friday, December 21, 2012

വികസനത്തിന്റെ വിജയം, കഠിനാധ്വാനത്തിന്റെയും

 വിജയത്തിലേക്ക് , 
എളുപ്പവഴികളില്ലെന്ന  അലംഘനീയമായ തത്ത്വത്തിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും നരേന്ദ്ര മോഡിയും നേടുന്ന തുടര്‍ വിജയങ്ങള്‍. ഭരിക്കാന്‍ നിയോഗിക്കപ്പെടുന്ന അഞ്ചു വര്‍ഷത്തില്‍ ഭൂരിഭാഗവും തമ്മിലടിയും തൊഴുത്തില്‍ കുത്തുമായ് നടക്കുകയും (കേരളവും, തീര്‍ച്ചയായും കര്‍ണ്ണാടകയും എല്ലാം ഉദാഹരണം) ഭരണത്തിന്‍റെ പതിമൂന്നാം മണിക്കൂറില്‍ ഒരു മത വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും, മറ്റൊരു വിഭാഗത്തിന് പെന്‍ഷനും, മറ്റൊന്നിന് റേഷനരിയും നല്‍കി അധികാരം നിലനിര്‍ത്താം എന്ന കഴിവുകേടിന്റെ, രാഷ്ട്രീയ ഷണ്ഡത്വ ചിന്തയുടെ മുഖത്ത് വീഴുന്ന കനത്ത പ്രഹരമാണ് വികസന രാഷ്ട്രീയത്തിന്‍റെ ഈ തിളക്കമാര്‍ന്ന വിജയം.

മാധ്യമങ്ങള്‍ തങ്ങളുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാത്തത് കൊണ്ടാണ്  തങ്ങള്‍ പൊട്ടി മൂലയ്ക്കായതെന്ന് സ്ഥിരം പറഞ്ഞു കേള്‍ക്കാറുള്ള ഒരു കപട വാദമാണ്. എന്റെ ജീവിതനിലവാരം മെച്ചപ്പെട്ടോ എന്ന് പത്രം വായിച്ചല്ല ഞാന്‍ അറിയുന്നത്! അത് എനിക്ക് അനുഭവത്തില്‍ വരേണ്ടതാണ്. അങ്ങനെയൊരു അനുഭവം ഒരു ജനതയ്ക്ക് ഉണ്ടാകുമ്പോഴാണ് അവര്‍ ഭരണതുടര്‍ച്ചയ്ക്കു  പൂര്‍ണ്ണ മനസോടെ അനുമതി നല്‍കുന്നത്. ഒന്നൊഴിയാതെ ദേശീയ മുഖ്യധാരാ മാധ്യമങ്ങളും , ഗുജറാത്തിലെ പ്രമുഖ പ്രാദേശിക മാധ്യമവും എതിരുനിന്നിട്ടും മോഡി വിജയിക്കുന്നത് ഗുജറാത്തിലെ ജനതയുടെ വികസന സാക്ഷിപത്രം നേടിയാണ്‌. അതും, പറയുന്നവനും  കേള്‍ക്കുന്നവനും മധ്യത്തില്‍ ഇടനിലക്കാരില്ലാത്ത സോഷ്യല്‍ മീഡിയയിലൂടെ ജനമധ്യത്തിലേക്കിറങ്ങുന്നതിന്റെയും പ്രതിഫലനമാണ് രാജ്യമെമ്പാടും അലയടിക്കുന്ന നരേന്ദ മോഡി അനുകൂല തരംഗം. കാര്‍ഷിക രംഗത്തെ വളര്‍ച്ചയില്‍, ഉന്നത വിദ്യാഭാസത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍, വൈദ്യുതോല്‍പ്പാദനത്തില്‍, തൊഴില്‍ സൃഷ്ടിയില്‍ എല്ലാം കഠിനാധ്വാനം കൊണ്ട് നേടിയ വളര്‍ച്ചയുടെ ഉല്‍പ്പന്നമാണ്‌ മോഡിയുടെ വിജയം. അല്ലാതെ പ്രീണന ഉഡായിപ്പെന്ന കുറുക്കുവഴിയിലൂടെ നേടിയതല്ല. ഇരുട്ടി വെളുത്തപ്പോള്‍ ആകാശത്തുനിന്ന് പൊട്ടിവീണതുമല്ല. 



കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി  രാജ്യം ഭരിക്കുന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ആണ്. മുസ്ലീം ലീഗും, ആഴ്ചകള്‍ക്ക് മുമ്പ് വരെ അസദുദീന്‌ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് മുസ്ലീമീന്‍ പാര്‍ട്ടിയും ഘടക കക്ഷികളായ യു.പി.എ യുടെ ഭരണം. അതില്‍ ആദ്യത്തെ നാല് വര്‍ഷവും കൊണ്ഗ്രസിന്റെ മൂട് താങ്ങിയത് ഇടതു പക്ഷവും. രാജ്യത്തെ ഏറ്റവും കരുത്തുറ്റ അന്വേഷണ ഏജന്‍സിയും രഹസ്യാന്വേഷണ സംവിധാനങ്ങളും എന്ന് വേണ്ട പ്രബല പവര്‍ സെന്‍ററുകളെല്ലാം നിയന്ത്രിക്കുന്നത്‌ ഇതേ കേന്ദ്ര സര്‍ക്കാരാണ്. ഗുജറാത്‌ കലാപത്തില്‍ കൃത്യവിലോപം നടത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ പിടിച്ചു അകത്തിടാന്‍ ആരുടെ അനുവാദമാണ് ഈ പാര്‍ട്ടികള്‍ക്ക് ഇനി വേണ്ടത്? മോഡിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് തണ്ടെല്ലുറപ്പോടെ പറയാന്‍ ഈ കക്ഷികള്‍  പറയാത്തത് എന്തുകൊണ്ടാണ്? പത്തു വര്‍ഷമായിട്ടും ഈ കൊടി  കെട്ടിയ പാര്‍ട്ടികള്‍ക്കും ശിങ്കിടി അന്വേഷണ സംവിധാനങ്ങള്‍ക്കും ഒരു തുമ്പും തരിമ്പും കിട്ടിയില്ലെന്നോ? ഒന്നുകില്‍ ഈ പാര്‍ട്ടികള്‍ എല്ലാം ഹിന്ദുത്വ വക്താക്കള്‍ ആകണം. അല്ലെങ്കില്‍ മോഡി നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടാകണം.

രണ്ടാമത്തേതാണ് വസ്തുതയെന്ന്  മനസിലാകിയ ചില പാര്‍ട്ടികള്‍ പതുക്കെ നിലപാട് മയപ്പെടുത്തി തുടങ്ങി. മോഡി മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കാം എന്നായി നിലപാട്. അതിനു മോഡി തന്നെ മറുപടിയും നല്‍കി. "എന്തിനാണ് ഞാന്‍ മാപ്പ് പറയേണ്ടത്? മാപ്പ് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ തെറ്റ് ചെയ്തുവെന്നാണ്‌ . ഒരു ചെറിയ അളവിലെങ്കിലും തെറ്റ് പറ്റിയെങ്കില്‍ അത് മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കാവുന്നതാണോ? അങ്ങനെ തെറ്റുപറ്റിയെങ്കില്‍ നിങ്ങള്‍  എന്നെ കൊണ്ട് പോയി തൂക്കിലേറ്റുക". ഇതില്‍ കൂടുതല്‍ എന്താണ് മോഡി ചെയ്യേണ്ടത്. പ്രീണന രാഷ്ട്രീയ പാര്‍ട്ടികള്‍ 'കപട മതേതരത്വം' എന്ന് എഴുതിയൊട്ടിച്ച ബലിക്കല്ലില്‍ തലയടിച്ചു മരിച്ചു അവരെ തൃപ്തിപ്പെടുത്തണം എന്നാണെങ്കില്‍ “അതിനു വേറെ ആളെ നോക്കണം“ എന്ന് ഉറച്ച ശബ്ദത്തില്‍ പറയുന്നതാവം മോഡിയെ ഇവര്‍ ഇത്രകണ്ട് ഭയക്കുന്നതിനും ഇകഴ്ത്തുന്നതിനും കാരണം.
 
മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ വോട്ടെടുപ്പോടെ അവസാനിച്ചതിന് അടുത്ത ദിവസവും, ഫലത്തെ കുറിച്ച് വ്യാകുലപ്പെടാതെ നര്‍മ്മദാ വാട്ടര്‍ ഗ്രിഡ് പ്രോജക്റ്റും, വൈബ്രന്‍റ് ഗുജറാത്ത് പരിപാടിയുടെ റിവ്യൂവുമായ്‌ കര്‍മ്മ മണ്ഡലത്തില്‍ അഭിരമിക്കുന്ന, വിശ്രമം എന്ന  വാക്കിന്‍റെ അര്‍ത്ഥമോര്‍ക്കാത്ത മോഡിയെപ്പോലൊരു ജനനായകനെയാണ് ഭാരതം ഉറ്റുനോക്കുന്നത്.

വിക്രം ആചാരി.

Friday, December 14, 2012

ചൂഷണത്തിന്റെ മനോമോഹന എഫ് ഡീ ഐ . !


ഭാരതത്തിന്‍റെ സമ്പന്നതയിലേക്ക് ചൂഷണത്തിന്റെ വിത്തിറക്കാന്‍ പലരും കഴുകന്‍കണ്ണുകളോടെ ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആയതുകൊണ്ടുതന്നെ ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെച്ചൊല്ലി നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. ആഗോള വല്‍കരണം വന്‍തോതില്‍ സമ്പത്തിന്‍റെ കേന്ദ്രീകരണത്തിന് കാരണമാകുമ്പോള്‍ കുത്തകകള്‍ കൂടുതല്‍ ശക്തരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആകുകയും ചെയ്യുന്നു.ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം നട്ടെല്ലൊടിക്കുന്നത് ഇന്നാട്ടിലെ ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും വ്യവസായികളെയും ആണ്.. ഇന്നാട്ടിലെ വഴിയോരക്കച്ചവടക്കാരനും ഉന്തുവണ്ടിക്കച്ചവടക്കാരനും മുതല്‍ ചെറുകിട വന്‍കിട വ്യാപാര കേന്ദ്രങ്ങളും സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒക്കെയടങ്ങുന്ന നാലുകോടിയോളം ജനങ്ങള്‍ നേരിട്ട് പണിയെടുക്കുന്ന, ഏകദേശം പതിനാറു കോടിയോളം ആള്‍ക്കാര്‍ ഉപജീവനമാര്‍ഗ്ഗം ആയി കാണുന്ന തൊഴില്‍ മേഖലയാണ് ചില്ലറ വ്യാപാര മേഖല.

കാര്‍ഷിക സമ്പദ് വ്യവസ്ഥ നട്ടെല്ലായ ഭാരതത്തില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ തൊഴിലിനായി ആശ്രയിക്കുന്നത് ചെറുകിട വ്യാപാര രംഗത്തെയാണ്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഏഴു ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പതിനാലു ശതമാനവും ഈ മേഖലയില്‍നിന്നാണ്. 1986ല്‍ 300000 ബഹുരാഷ്ട്ര കുത്തകകള്‍ ചേര്‍ന്ന്‍ 3% തൊഴില്‍ ശക്തി ഉപയോഗിച്ച് വിപണിയുടെ 85% വ്യാപാരം കയ്യടക്കി. 2004ല്‍ 3000 കുത്തകകള്‍ ചേര്‍ന്ന്‍ അര ശതമാനം തൊഴില്‍ശക്തിക്കും അവരെ വരുമാനത്തിന് ആശ്രയിക്കുന്നവര്‍ക്കും അവശേഷിക്കുന്നത് വ്യാപാരത്തിലുള്ള 15% പങ്കു മാത്രമാണ്. ഇത്തരത്തിലുള്ള സാമ്പത്തിക കേന്ദ്രീകരണത്തെ ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ചില്ലറ വ്യാപാര മേഖലയിലെ കുത്തകകളുടെ വളര്‍ച്ചയാണ്.

ഫിക്കിയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യന്‍ ചെറുകിട വ്യാപാരമേഖലയില്‍ 12 ലക്ഷം കോടിയുടെ കച്ചവടമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്നിട്ടുള്ളത്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര ശൃംഖലകള്‍, വമ്പന്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പ്രാദേശികതലത്തിലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, വണ്ടിക്കച്ചവടക്കാര്‍, എല്ലാം അടങ്ങുന്ന ബൃഹത്ശ്രേണിയാണ് ഇന്ത്യന്‍ ചെറുകിട വ്യാപാരരംഗം. ഇങ്ങനെയുള്ള നമ്മുടെ വിപണിയിലേക്ക് എത്തുന്ന വാള്‍മാര്‍ട്ട് പോലെയുള്ള ഭീമന്‍ ജയിന്റുകള്‍ ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ 47% വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി ഇയോവാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെന്നത്ത്‌ ഇ സ്റ്റോണന്‍റെ പഠനം പറയുന്നു..എ സി നെല്‍സണിന്‍റെ പഠനം പറയുന്നത് കുത്തകകള്‍ വ്യാപരശ്രേണി കയ്യടക്കിയത് കൊണ്ട് 1981നും 1999നും ഇടയില്‍ ബ്രിട്ടനിലെ ചില്ലറ വ്യാപാര മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 56862ല്‍ നിന്നും 25800 ആയി ചുരുങ്ങി എന്നാണ്.

ചില്ലറ വ്യാപാരമേഖലയിലെ മറ്റുള്ള ബഹുരാഷ്ട്ര ഭീമന്‍മാരായ ഇംഗ്ലണ്ടിലെ ടെസ്കോയും ഫ്രാന്‍സിലെ ക്യാരിഫോറും ഇംഗ്ലണ്ടിലെ കിങ്ഫിഷറും ആംസ്റ്റര്‍ഡാമിലെ അഫോള്‍ഡും അടക്കമുള്ളവര്‍ ഇന്ത്യയില്‍ അവരുടെ കുത്തക പോരാട്ടത്തിന്‍റെ യുദ്ധമുഖം തുറക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇങ്ങനെയുള്ള അരഡസന്‍ വമ്പന്മാര്‍മാത്രം വിദേശ നിക്ഷേപവുമായി വിപണി കയ്യടക്കുമ്പോള്‍ യാതൊരു സര്‍ക്കാര്‍ സഹായവുമില്ലാതെ സ്വയംതൊഴില്‍ കണ്ടെത്തുകയും മറ്റുള്ള കോടിക്കണക്കിനുപേര്‍ക്ക് തൊഴിലും ജീവിതവും നല്‍കുകയും ഖജനാവിനു കോടാനുകോടി നികുതിപ്പണം നല്‍കുകയും രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തെയും സാമ്പത്തിക ചാക്രികക്രമത്തെയും പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ചെറുകിട വില്പന രംഗം തവിടുപൊടിയാകും.

ലോകമെമ്പാടും ശൃംഖലകള്‍  ഉള്ള വാള്‍മാര്‍ട്ട് പോലെയുള്ള കുത്തക ഭീമന്മാരുടെ കടന്നു കയറ്റം നമ്മുടെ സാമ്പത്തിക ഘടനയെ താറുമാറാക്കും എന്നതില്‍ രണ്ടഭിപ്രായമില്ല.. ലോകമെമ്പാടും പ്രവര്‍ത്തന മേഖല നിശ്ചയിച്ചുറച്ച വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം 15 രാജ്യങ്ങളില്‍ 55ഓളം അപര നാമങ്ങളില്‍ 8500 ഓളം സ്റ്റോറുകളിലൂടെ വ്യാപിച്ചു കിടക്കുന്നു.. 22 ലക്ഷം ആള്‍ക്കാര്‍ ഈ സ്റ്റോറുകളില്‍  പണിയെടുക്കുന്നു.. 2012 വരെയുള്ള കണക്കനുസരിച്ച് വാള്‍ മാര്‍ട്ടിന്റെ റെവന്യു 446.950 ബില്ല്യണ്‍ യു എസ്സ് ഡോളര്‍ ആണ്.. യൂറോപ്പില്‍ 1970നും 80നും ഇടയില്‍ മാത്രം 400000 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 4000ചതുരശ്ര അടി ശരാശരി വലിപ്പമുള്ള യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും 5000 ചതുരശ്ര അടി ശരാശരി വലിപ്പമുള്ളഅമേരിക്കയിലെ സ്ഥാപനങ്ങള്‍ക്കും റീടെയില്‍ കുത്തകകളായ വാള്‍മാര്‍ട്ടിനും മെട്രോയ്ക്കും ക്യാരിഫോറിനും മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 5 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇവരോട്‌ 50 ചതുരശ്ര അടിക്കും 120ചതുരശ്ര അടിക്കും ഇടയില്‍ വലിപ്പമുള്ള നമ്മുടെ 80% ചില്ലറ വില്‍പ്പന ശാലകള്‍ എങ്ങിനെ പിടിച്ചു നില്‍ക്കും?!!!

വിവേചന ബുദ്ധിയില്ലാതെ സ്വാര്‍ത്ഥതയുടെ ചീഞ്ഞളിഞ്ഞ കണ്ണ് മാത്രം നമ്മുടെ ചില്ലറ വ്യാപാര മേഖലയില്‍ തുറിച്ചു നോക്കിയിരിക്കുന്ന ഈ കുത്തകകള്‍ അവരുടെ വിത്തിറക്കിയ നാടുകളിലെല്ലാം വ്യവസായങ്ങളെ തകര്‍ത്തു തരിപ്പണമാക്കി.. സൂപ്പര്‍മാളുകള്‍, ഭക്ഷ്യധാന്യ വില്‍പനകേന്ദ്രങ്ങള്‍, മരുന്നു വിപണനകേന്ദ്രങ്ങള്‍, ജനറല്‍സ്റ്റോറുകള്‍, റസ്റ്റോറന്റുകള്‍ എന്നിങ്ങനെ ഒന്‍പതു മേഖലകളില്‍ വാള്‍മാര്‍ട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാള്‍മാര്‍ട്ട് മാത്രമായി രാജ്യത്തിന്റെ പകുതി ചില്ലറ വ്യാപാരമേഖലയും കയ്യടക്കും. ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ മാത്രം അവര്‍ക്ക്‌ വേണ്ട ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു, ഇതുവഴി നിര്‍മാതാവിന്റെയും വിതരണക്കാരന്‍റെയും ലാഭം ഇവര്‍ എടുക്കുന്നു. പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാള്‍മാര്‍ട്ട് അമേരിക്കയിലെ തുണി വ്യവസായത്തെയും തുകല്‍ വ്യവസായത്തെയും തകര്‍ത്തു. ഏറ്റവും കുറഞ്ഞ കൂലിയുള്ള രാജ്യത്ത്‌ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി മറ്റു സ്ഥലങ്ങളില്‍ വില്‍ക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നമ്മുടെ വിപണി നിറയും.

വാള്‍മാര്‍ട്ട് നിര്‍മാണ ക്കരാര്‍ നല്‍കുന്നത് തൊഴില്‍ നിയമങ്ങള്‍ ശക്തമല്ലാത്ത രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ ഉത്പാദന ചെലവും ഉല്‍പ്പന്നത്തിന്റെ വിലയും കുറയുന്നു. പ്രാദേശിക ഉത്പാദകര്‍ക്ക് ആയതിനാല്‍ തന്നെ ഇവരോട് മത്സരിക്കാന്‍ കഴിയുകയുമില്ല. വാള്‍മാര്‍ട്ട് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്.തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ ഒരു മണിക്കൂറിന് 80 പൈസ മാത്രം കൂലിയുള്ള ബംഗ്ലാദേശിലും . ഇത്ര വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളോട് നമ്മുടെ ഉത്പാദകര്‍ എങ്ങനെ മത്സരിക്കും.? വിദേശ നിക്ഷേപം നടത്തുന്നവര്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍നിന്നും 30 ശതമാനം ഉല്‍പന്നം സംഭരിക്കണമെന്ന നിബന്ധന തദ്ദേശീയ ചെറുകിട സംരംഭകരെ സഹായിക്കും എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. സാധാരണക്കാരന്‍റെ കണ്ണില്‍ പൊടിയിടുന്ന ഈ വ്യവസ്ഥ വിഭാവനം ചെയ്യുന്ന " ചെറുകിട വ്യവസായ സ്ഥാപനം" പ്ലാന്റിനും യന്ത്രസാമഗ്രികള്‍ക്കുമായി മൊത്തം ഒന്നേകാല്‍ കോടിരൂപ മുടക്കാന്‍ കെല്പ്പുള്ളവനായിരിക്കണം. സ്വാശ്രയ സംഘങ്ങളോ മറ്റു സംരംഭങ്ങളോ ഇത്രയും മുടക്കാന്‍ കെല്‍പ്പുള്ളവയല്ല എന്ന പച്ചയായ യഥാര്‍ത്ഥ്യം ഓര്‍ത്തുകൊണ്ട് തന്നെ നോക്കിയാല്‍ ഇതൊക്കെ ലക്‌ഷ്യം വെയ്ക്കുന്നത് ഈ വമ്പന്‍ ഇന്‍വെസ്റ്റേര്‍സിനെ തന്നെയാണ് എന്ന് പകല്‍ പോലെ വ്യക്തമാണ്. 
.
ഭാരതത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. F.D.I നശിപ്പിച്ചു ആണിക്കല്ലിളക്കാന്‍ പോകുന്നത്  കാര്‍ഷിക സംസ്കാരത്തിന്‍റെ സമ്പന്നതയെ കൂടിയാണ്.. ചില്ലറ വ്യാപാര രംഗത്ത് കടന്നു വന്ന കുത്തകകള്‍ കരാര്‍ കൃഷി നടപ്പാക്കിയത് വഴി ചെറുകിട കര്‍ഷകര്‍ ലോകം മുഴുവന്‍ നാമാവശേഷമായി ക്കൊണ്ടിരിക്കുന്നു. വാള്‍മാര്‍ട്ടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കയില്‍ നിരവധി കര്‍ഷക സമരങ്ങള്‍ക്കാണ് കഴിഞ്ഞ ദശാബ്ദങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഏഷ്യയിലെ സൂപ്പര്‍ മാളുകള്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍ കരാര്‍ പ്രകാരം നല്‍കുന്നതില്‍ കര്‍ഷകര്‍ പരാജയപ്പെടുകയും സൂപ്പര്‍ മാളുകള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകരെ മാറ്റുകയും കര്‍ഷകര്‍ക്ക്‌ നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച അളവില്‍ പണം നല്‍കാന്‍ കഴിയാത്തതിലും കര്‍ഷകര്‍ തകരുന്നതായി എഫ് എ ഒ യുടെ പഠനങ്ങള്‍ പറയുന്നു.

ഒരു ദശകം മുന്‍പ്‌ അമേരിക്കയിലെ കാപ്പി ഉത്പാദകര്‍ ഒരു വര്‍ഷം 10 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു.എന്നാല്‍ 60 ബില്ല്യണ്‍ ഡോളറിന്‍റെ വിപണി അമേരിക്കക്ക് പുറത്ത്‌ ഉള്ളപ്പോഴും അമേരിക്കയിലെ കാപ്പി കര്‍ഷകര്‍ക്ക്‌ ഇന്നു ലഭിക്കുന്നത് വെറും 6 ബില്ല്യണ്‍ ഡോളര്‍ മാത്രമാണെന്ന്‍ ഓക്സ്ഫാമിന്‍റെ പഠനം വെളിവാക്കുന്നു. അതുപോലെ ഘാനയിലെ കൊക്കോ കര്‍ഷകര്‍ക്ക്‌ അവരുടെ കൊക്കോ ചേര്‍ത്തുണ്ടാക്കുന്ന ചോക്കലേറ്റിന്‍റെ വിലയുടെ 3.9% മാത്രം ലഭിക്കുമ്പോള്‍ ചോക്കലേറ്റ്‌ വില്‍ക്കുന്ന കുത്തക വില്പനശാലകള്‍ക്ക് 34.1% ലഭിക്കുന്നു. ഇതേ അവസ്ഥയാണ് തെക്കേ അമേരിക്കയിലെ വാഴ കര്‍ഷകര്‍ക്കും. അവര്‍ക്ക്‌ വില്‍പ്പന വിലയുടെ അഞ്ചു ശതമാനം മാത്രം വില ലഭിക്കുമ്പോള്‍ അത് വില്‍ക്കുന്ന ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ക്ക്‌ വിലയുടെ 34% വരുമാനം ലഭിക്കുന്നു.
.
2012 ജൂലൈ 15നു യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഇന്ത്യയില്‍ നിക്ഷേപം നടത്തുക ഇപ്പോഴും ശ്രമകരമാണെന്ന്‌ അവര്‍ (അമേരിക്കന്‍ വ്യാപാരി സമൂഹം) എന്നോട്‌ പറയുന്നു. ചില്ലറ വില്‍പ്പന മേഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യ വിദേശനിക്ഷേപം നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്‌. ഇരുരാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശനിക്ഷേപം ആവശ്യമാണ്‌. ഇന്ത്യയ്ക്ക്‌ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇത്‌ അത്യാവശ്യമാണ്‌.” ചില്ലറ വില്‍പ്പന മേഖലയിലും മറ്റും വിദേശനിക്ഷേപം അനുവദിക്കാത്ത ഇന്ത്യയുടെ നിലപാടില്‍ അമേരിക്കയിലെ വ്യാപാര സമൂഹത്തിനുള്ള ആശങ്കയിലേയ്ക്ക്‌ വിരല്‍ചൂണ്ടി ഒബാമ ഒളിയമ്പ് തൊടുത്തപ്പോള്‍ നല്ല പിള്ള ചമഞ്ഞു കൊണ്ട് “അമേരിക്കയ്ക്ക്‌ ഇതിലെന്ത്‌ കാര്യം. മറ്റുള്ളവരുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങുന്ന രാജ്യമല്ല നമ്മുടേത്‌” എന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌...., ഇതുവരെ ഏതൊരു പ്രസിഡണ്ടും കൂടെ കൂട്ടാത്ത അത്രയും വിശാലമായ ഒരു വാണിജ്യ സന്ഘവുമായിട്ടാണ് ഒബാമ കഴിഞ്ഞ വട്ടം ഇന്ത്യയിലേക്ക് വന്നത് . ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖല തുറന്നുകിട്ടുക എന്നത്‌ അമേരിക്കയുടെ നെടുനാളത്തെ ആവശ്യമായിരുന്നു. എന്ത്‌ ചെയ്തും അത്‌ സാധിച്ചെടുക്കുക എന്നതായിരുന്നു ഒബാമയുടെ ലക്ഷ്യം. 
.
ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ എടുത്ത തീരുമാനം 2011 ഡിസംബറില്‍ പിന്‍വലിച്ചതോടെ ഘട്ടംഘട്ടമായി അമേരിക്ക കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയായിരുന്നു. യുഎസ്‌ മാസികയായ ‘ടൈം’, പ്രധാനമന്ത്രി മന്‍മോഹനെ ‘കഴിവ്‌ കെട്ടവന്‍’ എന്ന്‌ വിശേഷിപ്പിച്ചു. ഇതിന്‌ പിന്നാലെ യുഎസ്‌ പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ മന്‍മോഹനെ ‘ദുരന്തനായക’നായും ചിത്രീകരിച്ചു. ഇതിനുശേഷമാണ്‌ പ്രസിഡന്റ്‌ ഒബാമ മുന്നറിയിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചതും ‘വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍’ അതിനെ ന്യായീകരിച്ചതും. ഇതൊക്കെ സമര്‍ത്ഥമായ ഒത്തുകളിയായിരുന്നുവെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ ‘ടൈം’ മാസികയിലും ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ പത്രത്തിലും മന്‍മോഹന്‍ സിംഗിന്‌ ‘എതിരായി’ വന്ന റിപ്പോര്‍ട്ടുകള്‍ ‘പെയ്ഡ്‌ ന്യൂസു’കളായിരുന്നു. അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതിന്‌ ‘ടൈം’ മാപ്പ്‌ പറയണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടതും ഈ ആവശ്യം നിരാകരിച്ച ‘ടൈം’ ഒടുവില്‍ വഴങ്ങിയതുമൊക്കെ ഒത്തുകളിയുടെ ഭാഗമായിരുന്നു.
.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ വിടുമെന്ന്‌ വ്യക്തമായിട്ടും ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്‌ അമേരിക്കയുടെ സമ്മര്‍ദ്ദംകൊണ്ടല്ലെന്ന മന്‍മോഹന്‍ സിംഗിന്റെ അവകാശവാദം പരിഹാസ്യമാണ്‌. മന്‍മോഹനൊപ്പം നിന്ന്‌ ഒബാമ ഈ തീരുമാനം എടുപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ മന്ത്രിസഭ വിട്ട മമതാ ബാനര്‍ജിയെ കൊല്‍ക്കത്തയിലെത്തി ആദ്യം സന്ദര്‍ശിച്ചത്‌ യുഎസ്‌ അംബാസഡര്‍ നാന്‍സി പവലാണ്‌. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ എന്താണ്‌ മമതയുടെ എതിര്‍പ്പ്‌ എന്ന്‌ അറിയാനും കഴിയുമെങ്കില്‍ അവരെ അനുനയിപ്പിക്കാനുമായിരുന്നു നാന്‍സിയുടെ ശ്രമം. ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും കൊല്‍ക്കത്തയില്‍ മമതയെ സന്ദര്‍ശിച്ച്‌ വിദേശനിക്ഷേപ പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായി.
.
പാര്‍ലമെന്റിലെ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെയും യുപിഎയുടെതന്നെ പാളയത്തിലെയും  എതിര്‍പ്പുകള്‍ക്ക് ആക്കം കൂടുന്നു എന്ന് മനസ്സിലായ കോണ്‍ഗ്രസ്, തങ്ങള്‍ ഭരിക്കുന്ന ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും പിന്തുണ ഉറപ്പക്കിയാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇങ്ങനെ ആത്മഹത്യാപരമായ തീരുമാനമെടുത്തിരിക്കുന്നത്. വിദേശനിക്ഷേപം അനുവദിക്കുവാനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കായിരിക്കും എന്ന നിബന്ധനകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ചെറുകിട വ്യാപാരരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുവാനും, സിംഗിള്‍ ബ്രാന്‍ഡ് വിപണനമേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമായി വര്‍ദ്ധിപ്പിക്കാനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇപ്പോമുന്‍പേ തന്നെ 51 ശതമാനം വിദേശ നിക്ഷേപം സിംഗിള്‍ ബ്രാന്‍ഡ് വിപണനമേഖലയില്‍ നിലവിലുണ്ട്. ഒരു ഇന്ത്യന്‍ നിക്ഷേപകന്റെ പങ്കാളിത്തം ഇല്ലാതെതന്നെ വിദേശ ഉത്പാദകര്‍ക്ക് അവരുടെ വിപണന കേന്ദ്രങ്ങള്‍ യഥേഷ്ടം തുറക്കാം.നിര്‍മ്മാണസമയത്തെ ബ്രാന്‍ഡുകള്‍ മാത്രം വില്‍ക്കുവാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഭേദഗതി കൂടി ഉള്‍പ്പെടുത്തി സിംഗിള്‍ ബ്രാന്‍ഡില്‍ വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍വിപണിയില്‍ വിറ്റഴിക്കാനുള്ള അവസരം തുറന്നു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 30 ശതമാനം ഉല്‍പന്നം രാജ്യത്തെ ചെറുകിട ഉല്‍പാദകരില്‍നിന്നും ശേഖരിക്കും എന്ന ഉറപ്പ്‌ ഇതോടെ കടലാസില്‍ ഒതുങ്ങുകയാണ് .ബ്രാന്‍ഡിന്റെ ഉടമ വിദേശനിക്ഷേപകനായിരിക്കണം എന്ന വ്യവസ്ഥകൂടി ചേര്‍ത്തതോടു കൂടി. ഇതോടൊപ്പം മൊത്തം ചില്ലറ വില്പന മേഖലയിലും 51 % വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഒരേ കേന്ദ്രത്തിലൂടെ മള്‍ട്ടി ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍വില്‍ക്കുവാനാണ് അനുമതി നല്‍കുന്നത്. മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ കയറൂരി വിടാന്‍ ഇതിലൂടെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് കഴിയും.

ഇത്തരം കണക്ക് കൊണ്ടുള്ള കളികള്‍ക്കപ്പുറത്തു തുലാസിലാകുന്നത് കോടിക്കണക്കിനു വരുന്ന സാധാരണക്കാരുടെ ജീവിതമാണ്.. ആം ആദ്മിക്ക് വേണ്ടി ദശാബ്ദങ്ങളായി നില കൊള്ളുന്ന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ്‌ പാര്‍ട്ടി അവരുടെ നില കൂടുതല്‍ "ഭദ്രമാക്കാനുള്ള" ശ്രമങ്ങളില്‍ എന്നും നല്ലൊരു വേഷക്കാരനാണ്.. എന്നെന്നും "ആം ആദ്മി" നില നില്‍ക്കേണ്ടത് അവരുയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ ആയൂരാരോഗ്യസൌഖ്യത്തിന് ഒഴിവാക്കാനാവാത്ത വിധം അത്യന്താപേക്ഷിതമാണ്. പരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമുള്ള കേവലം കന്നുകാലികളായി കാണുന്ന "ഗാന്ധി"കുടുംബരാഷ്ട്രീയം ഗാന്ധിയുടെ ഗ്രാമ സ്വരാജ്‌ സങ്കല്പം എന്നേ കാഴ്ച ബന്ഗ്ലാവുകളിലേക്ക് ചില്ലിട്ടു പൂട്ടി വെച്ചിരിക്കുന്നു..നേരം വെളുക്കുമ്പോള്‍ "ഇന്നിനിയെന്ത്‌""'' എന്ന് മാത്രം മനസ്സിലെരിയുന്ന മാംഗോ ഡെമോക്രസിയിലെ കന്നുകാലി വര്‍ഗ്ഗങ്ങള്‍ക്ക് എന്നും ജീവിതം ഇങ്ങനെയേ ആകാവൂ എന്നത് തലവര മാത്രമല്ല..

ഏതോ മഹാന്‍ പറഞ്ഞു വെച്ചിട്ടുണ്ടത്രേ;

"ഒരു ജനത അവരര്‍ഹിക്കുന്ന ഗവന്മെന്റിനെ നേടുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍., ഒരു ജനത  അവരര്‍ഹിക്കുന്ന ഗവണ്മന്റിനെയേ  നേടുന്നുള്ളൂ...


അഭിലാഷ്‌ കടമ്പാടന്‍..

Thursday, November 22, 2012

കസബിലൊതുങ്ങുമോ കൊടുംഭീകരത ?


അങ്ങനെ നാല്‌ വര്‍ഷത്തിന്‌ ശേഷം, നിരപരാധികളായ 166 പേരുടെ ജീവന്‍ കവര്‍ന്ന്‌ കോടികളുടെ നഷ്ടമുണ്ടാക്കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്‌ ഇന്ത്യ ഉചിതമായ മറുപടി നല്‍കി. അജ്മല്‍ കസബെന്ന കൊടുംഭീകരനെ തൂക്കിലേറ്റിയത്‌ വഴി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനും ഭീകര സംഘടനകള്‍ക്കുമാണ്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കിയത്‌.കസബിനെ തൂക്കിലേറ്റിയ വാര്‍ത്ത ഒരേ വികാരത്തോടെയാണ്‌ രാജ്യം സ്വീകരിച്ചത്‌. നീതി നടപ്പിലാക്കിയ സന്തോഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിമാനത്തോടെ പങ്കുവച്ചു. ആക്രമണത്തിന്‌ ഇരയായവരുടെ ബന്ധുക്കളും ജീവന്‍ പണയം വെച്ച്‌ ഭീകരരെ കീഴ്പ്പെടുത്തിയവരും കസബിന്റെ വധത്തില്‍ ആശ്വസിച്ചു. എന്നാല്‍ 166 ജീവനുകള്‍ക്ക്‌ പകരമാകുമോ കസബിന്റെ ജീവനെന്ന ചോദ്യം ചിലരെങ്കിലും ചോദിക്കാതിരിക്കുന്നില്ല.  

മുഹമ്മദ്‌ അജ്മല്‍ ആമീര്‍ എന്ന കസബിനെ തൂക്കിലേറ്റിയത്‌ കൊണ്ട്‌ ഭീകരസംഘടനകളില്‍ നിന്ന്‌ ഇന്ത്യ നേരിടുന്ന ഭീഷണി അവസാനിക്കുന്നില്ല. മാരകായുധങ്ങളുമായി കസബിനെ ഇന്ത്യയിലേക്ക്‌ അയച്ചവര്‍ക്ക്‌ കസബിപ്പോഴും തുറുപ്പുചീട്ടാണ്‌. കസബെന്ന രക്തസാക്ഷിയുടെ പേരില്‍ അഭിമാനിക്കുന്ന ലഷ്ക്കറെ തോയ്ബ അടുത്ത വിശുദ്ധയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്‌. കസബ്‌ തങ്ങളുടെ ഹീറോയാണെന്നും കസബില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്ത്യയില്‍ ആക്രമണം തുടരുമെന്നുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമാണ്‌ കസബിന്റെ വധശിക്ഷ നടപ്പാക്കിയതറിഞ്ഞ ലഷ്ക്കറെ തോയ്ബ നടത്തിയത്‌. 

കസബിനെപ്പോലെ പെരുന്നാള്‍ ദിനത്തില്‍ വീട്‌ വിട്ടിറങ്ങുന്ന കൗമാരക്കാര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ധാരാളമുണ്ട്‌. നല്ല ഭക്ഷണവും വസ്ത്രവും കാട്ടി പ്രലോഭിപ്പിച്ച്‌ ഇവരുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ കാത്തുനില്‍ക്കുന്ന കൊടും ഭീകരര്‍ സുരക്ഷിതരായി കഴിയുന്ന കാലത്തോളം ഒന്നും അവസാനിക്കുന്നില്ല. രാഷ്ട്രീയമായും സാമ്പത്തികമായും സാമുദായികമായും ഏറെ വളര്‍ന്ന ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളാണ്‌ രാജ്യസുരക്ഷക്ക്‌ നിര്‍ണ്ണായകമാകുന്നത്‌. കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മനുഷ്യാവകാശത്തിന്റെയോ നിയമത്തിന്റെ നൂലിഴകളിലോ കസബിന്റെ ആയുസ്സ്‌ നീട്ടാന്‍ പഴുതൊരുങ്ങിയേനെ.ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ രാവൊടുങ്ങുവോളം ചര്‍ച്ച നടത്തി ജനങ്ങളെ ആശയക്കുഴപ്പിത്തിലാക്കാനും അത്‌ വഴിയൊരുക്കുമായിരുന്നു. എന്തായാലും അക്കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചു, ഈച്ചപോലുമറിയാതെ കാര്യങ്ങള്‍ നടപ്പിലാക്കി. കസബിനെ തൂക്കിലേറ്റിയത്‌ വഴി ലഷ്ക്കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കും പാക്‌ സര്‍ക്കാരിനും ശക്തമായ മുന്നറിയിപ്പാണ്‌ സര്‍ക്കാര്‍ നല്‍കിയതെന്നാണ്‌ പൊതുവേ വിലയിരുത്തപ്പെടുന്നത്‌. 


അള്ളാഹുവാണെ ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന്‌ കഴുമരത്തിന്‌ മുന്നില്‍ നിന്ന്‌ കസബ്‌ പറയുമ്പോള്‍ അതൊരുപാട്‌ വൈകിപ്പോയിരുന്നു. തിരുത്താന്‍ ഇനിയൊരു ജീവിതമില്ലാതെ കഴുമരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രായശ്ചിത്തത്തിന്‌ എന്തര്‍ത്ഥമെന്ന്‌ തോന്നിയേക്കാം. പക്ഷേ കസബ്‌ പുറത്തുവിട്ട എല്ലാ വെളിപ്പെടുത്തലുകള്‍ക്കും അപ്പുറം ശക്തവും ഉള്ളുലയ്ക്കുന്നതുമായി അയാളുടെ അവസാനവാക്കുകള്‍. മതത്തിന്റെ പേരില്‍ തീവ്രവാദത്തിലേക്ക്‌ കടക്കുന്നവര്‍ക്കുള്ള സന്ദേശമാണിത്‌. വില്‍പത്രവും അന്തിമാഭിലാഷവുമില്ലെന്ന്‌ പറഞ്ഞ കസബ്‌ അവസാനമായി ഉരുവിട്ട വാക്കുകള്‍ വിശുദ്ധയുദ്ധത്തിന്റെ പേരില്‍ തോക്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാര്‍ക്കുമുള്ള സന്ദേശമാണ്‌. പിശാച്‌ ബാധിച്ച മനസ്സുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന നേതാക്കളുടെ മനസ്സില്‍ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ഇടിനാദം പോലെ ചെന്നുവീഴണം കസബിന്റെ വാക്കുകള്‍. 

മതാന്ധതയുടെ പേരില്‍ കൊടുംക്രൂരതകാട്ടിയ കുറ്റവാളിയോടുപോലും ഇന്ത്യ ജനാധിപത്യമര്യാദ കാണിച്ചതില്‍ അഭിമാനിക്കാം. നീതിന്യായവ്യവസ്ഥയും കസബിന്‌ എല്ലാ മാന്യതയും നല്‍കി. നീതി പൂര്‍വ്വമായ വിചാരണയെന്ന്‌ അമേരിക്ക പ്രസ്താവന നടത്തി. ഗാന്ധിയനായ അണ്ണ ഹസാരെ പോലും പറഞ്ഞുപോയി കസബിനെ പരസ്യമായി തൂക്കിക്കൊല്ലണമായിരുന്നെന്ന്‌. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാകും അതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറ്റവാളികളെ ജനസാന്ദ്രതയുള്ള പൊതുസ്ഥലങ്ങളിലെ കല്‍ത്തുറുങ്കില്‍ പരസ്യമായി തടവിലിടുന്ന ചാണക്യനീതി നടപ്പാക്കാന്‍ എന്തായാലും ഇന്ത്യന്‍ ഭരണഘടന അനുവദിക്കില്ല. ശിക്ഷ നടപ്പാക്കുന്നത്‌ വൈകിയെന്നായിരുന്നു പരക്കെയുയര്‍ന്ന മറ്റൊരു ആക്ഷേപം. മതരാഷ്ട്രീയ ഭേദമില്ലാതെയാണ്‌ കസബിന്റെ വധം സ്വാഗതം ചെയ്യപ്പെട്ടത്‌. അതിര്‍ത്തി കടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വളരെ വൈകിയാണെങ്കിലും വധശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും ജമാഅത്ത്‌ ഉലേമ ഇ ഹിന്ദിന്റെ മഹാരാഷ്ട്ര യൂണിറ്റ്‌ സെക്രട്ടറി ഗുല്‍സാര്‍ അസ്മി പറഞ്ഞു. രാജ്യത്തിന്റെ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാംമത വിശ്വാസമനുസരിച്ചുള്ള പെരുമാറ്റരീതിയും കസബ്‌ ലംഘിച്ചെന്ന്‌ മുസ്ലീം മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടു. 

ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കസബിന്‌ നാല്‌ വര്‍ഷം ധാരാളമായിരുന്നു. കഴുമരത്തെ നേരിടാന്‍ എന്നേ അയാള്‍ തയ്യാറായിക്കഴിഞ്ഞിരിക്കും. പക്ഷേ കസബിനെ അയച്ചവര്‍ ഇന്നും സുരക്ഷിതരാണ്‌. മുന്നില്‍ വരുന്നവരെ അവസാന ശ്വാസം വരെ കൊന്നൊടുക്കാനാണ്‌ തനിക്ക്‌ കിട്ടിയ നിര്‍ദ്ദേശമെന്ന്‌ കസബ്‌ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്ക്കായി നിയോഗിച്ച പത്തുപേരില്‍ ഒരാളെ പോലും അയച്ചവര്‍ തിരികെ പ്രതീക്ഷിച്ചിട്ടില്ല. ഈശ്വരനിശ്ചയം മറ്റൊന്നായതിനാല്‍ കണക്കുകൂട്ടല്‍ അല്‍പ്പം തെറ്റി. ആരയച്ചെന്നും എന്തിനെന്നും പറയാന്‍ കസബ്‌ ബാക്കിയാകണമെന്നായിരുന്നു ഈശ്വരനിയോഗം. തത്ത പറയുംപോലെ എല്ലാം തുറന്നു പറഞ്ഞു അജ്മല്‍ കസബ്‌. 

കൂട്ടുകാരുമായി ചേര്‍ന്ന്‌ ചെറുമോഷണങ്ങള്‍ നടത്തി കഴിഞ്ഞിരുന്ന കസബിനെ അറിഞ്ഞോ അറിയാതെയോ ഭീകരരുടെ സങ്കേതത്തിലെത്തിച്ചത്‌ സ്വന്തം പിതാവ്‌ തന്നെയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ കസബ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജോലി ശരിയാക്കാമെന്ന്‌ കസബിന്റ പിതാവ്‌ ആമീര്‍ ഷഹ്ബാന്‌ ഉറപ്പ്‌ നല്‍കിയത്‌ ലഷ്ക്കര്‍ പ്രവര്‍ത്തകനായിരുന്നു. കുടുംബത്തിന്റെ ദാരിദ്യം ചൂണ്ടിക്കാട്ടി പിതാവാണ്‌ അയാള്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന്‌ കസബ്‌ പറഞ്ഞിരുന്നു. ലഷ്ക്കറെ പ്രവര്‍ത്തകന്‍ നല്‍കിയ രസീതുമായി മുരിട്കെയിലെ പരിശീലന ക്യാമ്പിലെത്തിയതും ദൗര ആം എന്ന പേരില്‍ 21 ദിവസത്തെ പരിശീലനം അവിടെനിന്ന്‌ ലഭിച്ചെന്നും കസബ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വിശദീകരിച്ചിരുന്നു. 

ദൗര ആമിന്‌ ശേഷം വീണ്ടും 21 ദിവസത്തെ പരിശീലനം. പിന്നീട്‌ മറ്റൊരു ഗ്രാമത്തില്‍ ആയുധ പരിശീലനം. മുസാഫറാബാദിന്‌ സമീപമുള്ള ക്യാമ്പില്‍ നിന്നായിരുന്നു ദൗരാ ഖാസ്‌ എന്ന പേരില്‍ ഗ്രനേഡും ഷെല്ലും ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള മൂന്ന്‌ മാസത്തെ പരിശീലനം. പരിശീലനം നല്‍കിയ 32 പേരില്‍ 16 പേരെ മുംബൈ ആക്രമണത്തിനായി തെരഞ്ഞെടുത്തു. മൂന്ന്‌ പേര്‍ പരിശീലനക്യാമ്പില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അവശേഷിച്ച പതിമൂന്ന്‌ പേരില്‍ പത്ത്‌ പേര്‍ക്ക്‌ നറുക്ക്‌. വീണ്ടും ഇവര്‍ക്ക്‌ കടലില്‍ പരിശീലനം. സെപ്തംബര്‍ 27 ന്‌ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ എന്തോ കാരണത്താല്‍ നവംബറിലേക്ക്‌ മാറ്റുകയായിരുന്നെന്നും കസബ്‌ നല്‍കിയ വിവരങ്ങളില്‍ പറയുന്നു. 

കസബിന്റെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന്‌ പാക്‌ താലിബാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ മൃതദേഹം വിട്ടുതരില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെവിടെയും ആക്രമണം നടത്തുമെന്നാണ്‌ അങ്കക്കലി പൂണ്ട താലിബാന്‍ ഭീകരരുടെ ഭീഷണി. ഇതിനെ തകര്‍ക്കാനും ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്ത്‌ ഒരാള്‍ക്ക്‌ പോലും ഒരു പോറല്‍ പോലും പറ്റാതെ കാത്തുസൂക്ഷിക്കാനും ഇന്ത്യക്ക്‌ കഴിയണം. ആക്രമണത്തിന്റെ യഥാര്‍ത്ഥ ആസൂത്രകര്‍ പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയുടെ ബലത്തില്‍ സുരക്ഷിതരായി കഴിയുകയാണ്‌. 

ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്‌ ഇനി ഇന്ത്യ ഏറ്റെടുക്കേണ്ട ദൗത്യം. അബോട്ടാബാദില്‍ നേരിട്ടിറങ്ങി ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ കഴിഞ്ഞ അമേരിക്കയുടെ ശക്തി ഇന്ത്യക്കില്ല. എന്നാല്‍ സുശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവമുണ്ട്‌. ചുരുക്കത്തില്‍ വയറുനിറയെ ഭക്ഷണവും കൈ നിറയെ പണവും നല്‍കി യുദ്ധം ചെയ്ത്‌ സ്വര്‍ഗത്തില്‍ പോകാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന ഭീകരസംഘടനകളുടെ വേരുകള്‍ പിഴുതെറിയാതെ ഭീകരതക്ക്‌ അവസാനമാകില്ല.

മതംമാറ്റി കൗണ്‍സിലിംഗ്‌ നടത്തി ഒരുവനെ ഭീകരവാദിയാക്കാമെങ്കില്‍ വേണ്ട സമയത്ത്‌ നല്ല മാര്‍ഗദര്‍ശനവും സുരക്ഷിതത്വവും നല്‍കി അവനെ നേര്‍വഴിക്ക്‌ നയിക്കാനും കഴിയും. അറിഞ്ഞോ അറിയാതെയോ ഭീകരസംഘടനകളിലെത്തി ഒരു ചെറുപ്പക്കാരനും ആയുധമെടുക്കാതിരിക്കട്ടെ. അജ്മല്‍ കസബെന്ന 25കാരന്റെ അനുഭവം ലോകമെങ്ങുമുള്ള ചെറുപ്പക്കാര്‍ക്ക്‌ വലിയ പാഠമാകണം. ഏത്‌ ദാരിദ്ര്യത്തിലും കഷ്ടതയിലും ചോര്‍ന്നുപോകാത്ത ആത്മവീര്യവുമായി രാജ്യത്തിന്‌ അഭിമാനമായി ജീവിക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെ.

 രതി എ.കുറുപ്പ്‌   (ജന്മഭൂമി )

Tuesday, November 20, 2012

കുടിലമായ ചരിത്രത്തിന്‍റെ പുനര്‍വായന - 1: ടിപ്പു- രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം

ചരിത്രം പലപ്പോഴും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെ കയ്യിലെ കളിപ്പാട്ടമാകുന്നു. മഹാഭാരതത്തില്‍ കൃഷ്ണന്‍ യുധിഷ്ടിരന് ഇങ്ങനെ ഒരു ഉപദേശം നല്‍കുന്നുണ്ട്-  യുദ്ധം ചെയ്തുവിജയിച്ചില്ല എങ്കില്‍ ദുര്യോധനന്‍ നാളെ ചരിത്രകാരന്മാരെക്കൊണ്ട് ചരിത്രം മാറ്റിയെഴുതിക്കും എന്ന്.  ഗീതയിലൂടെ ഒരു നാടിന്‍റെ ധാര്‍മ്മികമായ ലക്ഷ്യങ്ങളെ പരിവര്‍ത്തനം ചെയ്ത മഹാമനീഷി അന്ന് മനസ്സില്‍കണ്ടത്, ഇന്ന് ബൌദ്ധികമായുള്ള യുദ്ധം ആയി ഭാരതീയനെ തുറിച്ചുനോക്കുന്നുണ്ട്.  പ്രത്യയശാസ്ത്രങ്ങളുടെ ആവേശങ്ങളില്‍ നാടിനെയും നാട്ടാരെയും മറക്കുന്നവര്‍, ചരിത്രം മാറ്റിയെഴുതുന്നു. അതില്‍ ക്രൂരന്മാര്‍ വീരന്മാരും ദേശാഭിമാനികളും ആയി ചിത്രീകരിക്കപ്പെടുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് ടിപ്പു എന്ന ഒരു 'സുല്‍ത്താന്‍റെ' ചരിതവും, അയാളുടെ മഹത്വവല്‍ക്കരണത്തിനായുള്ള പലരുടെയും വാഴ്ത്തുക്കളും.

ഹൈദര്‍ എന്ന അവിശ്വസ്തനായ ഒരു മുന്‍ മൈസൂര്‍ സൈനികമേധാവിയുടെ മകന്‍ ആണ് ടിപ്പു എന്ന് പറയപ്പെടുന്നു.  ചരിത്രത്തിന്‍റെ സങ്കീര്‍ണമായ നാള്‍വഴികളില്‍ ഈ സൈനികമേധാവി ഒരുനാള്‍ രാജ്യഭരണം ഏറ്റെടുക്കുന്നു . ഒരാള്‍ രാജ്യഭാരം എടുക്കുന്നു എന്നത് അത്ര പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ഹൈദര്‍ ഭരണം ഏറ്റെടുത്താല്‍ അത് വലിയൊരുതെറ്റല്ല. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്‍കാലങ്ങളില്‍ എപ്പോഴോ പോര്‍ക്കളത്തില്‍ വീണ ഈ രക്ഷസ്സിനെക്കൊണ്ട് ഇന്ന് ഇത് ചര്‍ച്ച ചെയ്യിക്കണം എങ്കില്‍, ആ രാജ്യഭരണം ഏറ്റെടുക്കല്‍ എന്തൊക്കെയോ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണെന്നും, അതിന്‍റെ പുനരാഘാതങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നുംവേണം പറയാന്‍.

അതേ, അതവസാനിച്ചിരുന്നില്ല.  വിധിയുടെ വൈപരീത്യം ആ സൈനികമേധാവിയെ കേരളത്തിലേക്ക് ഒരു യുദ്ധതര്‍ക്കം തീര്‍ക്കാനായി എത്തിച്ചു.  പിന്നെയുണ്ടായത് കിരാതത്വത്തിന്‍റെ കരാളനൃത്തമായിരുന്നു.  ഒരു ജനതയുടെ കഷ്ടപ്പാടുകളുടെ നാളുകള്‍ ആയിരുന്നു.  ഒരു സംസ്കൃതിയുടെ അന്ത്യമായിരുന്നു.  കേരളസംസ്കാരത്തിന്‍റെ മുഖമുദ്രയായ മതേതരത്വത്തിന്‍റെ മരണമണി മുഴങ്ങലായിരുന്നു.  സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു പോയിരുന്ന ഒരു ജനതയെ, വഴികളിലും, കിണറുകളിലും, അമ്പലമുറ്റങ്ങളിലും നിറഞ്ഞും പരന്നും ഒഴുകിയും കിടക്കുന്ന കബന്ധങ്ങളും, കപാലങ്ങളും, കങ്കാളങ്ങളുമാക്കി മാറ്റലായിരുന്നു.   അവയപ്പെറ്റി പറഞ്ഞാല്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന അസ്ഥികള്‍പോലും ഇപ്പോഴും പ്രതികാരവാന്‍ഞ്ചയില്‍ സ്പന്ദിക്കും.  കാരണം, മൈസ്സൂരിലുണ്ടായ നിസ്സാരമായ ഒരു ഭരണമാറ്റത്തിന്‍റെ പ്രതിഫലനവും അലയൊലികളും അത്ര ഭയാനകമായിരുന്നു.  രാജ്യസ്നേഹികള്‍ എന്ന് ഇന്ന് വാഴ്ത്തപ്പെടുന്നവര്‍ രാജ്യത്തെ ഇംഗ്ലീഷുകാരന് പൂര്‍ണമായി അധീനപ്പെടുത്താന്‍ വഴിവച്ചതുപോലും ആ ചെറിയ സംഭവത്തിന്‍റെ പരിണിതിയായിരുന്നു.

ആരായിരുന്നു ഈ ഹൈദര്‍?  തുടക്കത്തില്‍ മൈസൂര്‍ സൈന്യത്തിലെ ഒരു സാധാരണ ശിപായി.  കയ്യൂക്കും തന്ത്രവും ആണ് സൈന്യത്തില്‍ ഉയരാനും യുദ്ധത്തില്‍ ജയിക്കാനും ആവശ്യമായ മാനദണ്ഡങ്ങള്‍. അവ വേണ്ടത്ര ഉണ്ടായിരുന്നവനും, അക്ഷാരാഭ്യാസ്സം ഒട്ടും ഇല്ലാതിരുന്നവനും ആയ ഒരു പോരാളി ആയിരുന്നു ഹൈദര്‍.  മൈസൂര്‍സൈന്യത്തിലെ ഒരു ചെറിയ ഡിവിഷന്‍റെ ചുമതലയില്‍ ഇരിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ കാണിച്ച തന്ത്രവും കൌശലവും നിമിത്തം രാജാവ് ശ്രദ്ധിക്കാനിടയായ ഒരു സൈനികന്‍.  മിടുക്കനെ ഉയര്‍ത്തണം എന്നത് മാനേജ്മെന്‍റ് തത്വവും തന്ത്രവുമാണ്.  മതേതരമായ മൂല്യങ്ങള്‍ക്ക് എന്നും വിലകല്‍പ്പിച്ച മൈസൂര്‍ മഹാരാജാവ്, ഹൈദറില്‍ കണ്ട യുദ്ധനിപുണതയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ട് അയാളെ സൈനിക മേധാവിയാക്കി.  ഇതോടെ കഥ മാറുന്നു.

ഭാരതത്തില്‍ സൈനികരംഗത്തെ അഴിമതികള്‍ ഇപ്പോള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്.  ഒരു പുതിയ കാര്യം പോലെ നാം അത് സാകൂതം വായിക്കുന്നു. ചിലപ്പോള്‍ ചര്‍ച്ച ചെയ്യുന്നു.  ഇന്ത്യയില്‍ സൈനികമേഖലയിലെ, സൈന്യത്തിലെ, അഴിമതിയുടെ പിതാവായി അറിയേണ്ടത്, ചരിത്രപരമായ രേഖകളുടെ പശ്ചാത്തലത്തില്‍ ആരാണോ ഇങ്ങനെയൊന്ന് തുടങ്ങിവച്ചതായി പറയുന്നത്, അയാളെ ആണ്.  അങ്ങനെ എങ്കില്‍ ആ സ്ഥാനം ലഭിക്കുന്നത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ ഹൈദര്‍ക്ക് തന്നെ. യുദ്ധത്തില്‍ എന്നപോലെ പ്രായോഗികജീവിതത്തിലും  കുടിലതന്ത്രങ്ങളുടെ ആശാന്‍ ആയിരുന്ന ഹൈദര്‍, യുദ്ധരഹിതമായ ഇടവേളകളില്‍ ചെയ്തത്,സൈന്യത്തിന്‍റെ കണക്കപ്പിള്ളയെ സ്വാധീനിക്കുകയും, തെറ്റായ ചെലവുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തി, സൈനികച്ചെലവുകള്‍ റിക്കാര്‍ഡുകളില്‍ തിരുത്തിപ്പിച്ച് പണം അടിച്ചു മാറ്റുകയും ആയിരുന്നു.  അതിശക്തമായ ഒരു സൈന്യം ഉണ്ടായിരുന്ന, ഐശ്വര്യസമ്പൂര്‍ണമായിരുന്ന മൈസൂര്‍രാജ്യത്തിന്‍റെ സമ്പത്തിലെ സൈനികച്ചെലവുകള്‍ക്കായുള്ള ഭീമമായ തുകകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയപ്പോള്‍, ഹൈദറിന് കിട്ടിയത് തന്‍റെ ദുര്‍മ്മോഹങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനം ആയിരുന്നു. അവിടെ തുടങ്ങുന്നു ചരിത്രത്തിലെ മറ്റൊരു ദുര്‍ദ്ദിശയിലേക്കുള്ള ഒഴുക്കും, കേരളഭൂമികണ്ട ഏറ്റവും ഭീകരവും രക്തരൂഷിതവുമായുള്ള കാലത്തിലേക്കുള്ള ഗമനവും.

സൈന്യത്തിലെ അഴിമതിയിലൂടെ സമ്പാദിച്ച ധനത്തെ ഹൈദര്‍ ഉപയോഗിച്ചത് തന്‍റെ നാളെകള്‍ക്കുള്ള മൂലധനമായിട്ടായിരുന്നു.  ആ പണം ഉപയോഗിച്ച്, അയാള്‍ സൈന്യത്തിലെ പല ഉന്നതന്മാരെയും കൈയ്യിലാക്കി. ധനവും സ്ഥാനങ്ങളും മോഹിപ്പിച്ച് ഉന്നതസൈനിക ഉദ്യോഗസ്ഥരെക്കൊണ്ട് പല നാളുകളായി നടത്തിയ നിശ്ശബ്ദമായ സൈനികവിപ്ലവത്തില്‍, ഹൈദര്‍ അലിഖാന്‍ എന്ന സൈനികത്തൊഴിലാളി മൈസൂര്‍ രാജ്യഭരണം പതിയെ ഏറ്റെടുത്തു.

ഹൈദര്‍ സത്യത്തില്‍ ചെയ്തത്, ഒറ്റയടിക്ക് രാജകൊട്ടാരത്തില്‍ കടന്നുകയറി രാജാവിനെയും കുടുംബാംഗങ്ങളെയും തടവിലാക്കുകയോ കൊല്ലുകയോ ചെയ്ത്, ഭരണക്കാരന്‍ ആകുകയല്ലായിരുന്നു.  രാജാവ് രാജാവായിത്തന്നെ ഇരുന്നു. കാര്യങ്ങള്‍ ഹൈദര്‍ അയാളുടെ വരുതിയിലേക്ക് വരുത്തി പതിയെപ്പതിയെ നിയന്ത്രണം ഏറ്റെടുത്തു.  മതപരമായി സംഖ്യയുടെ ഒരു  അനുപാതം നോക്കിയാല്‍, മൈസൂര്‍ രാജ്യത്ത് അന്നത്തെ ജനസംഖ്യയില്‍ വെറും അഞ്ചുശതമാനം മാത്രമേ ഹൈദരുടെ മതക്കാരായ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സൈന്യവും ഹിന്ദുഭൂരിപക്ഷം.  രാജാവിനെ കൊല്ലുന്നതോ തടവിലാക്കുന്നതോ പോയിട്ട്, സ്വയം രാജാവോ സുല്‍ത്താനോ ആയി പ്രഖ്യാപിക്കുക പോലും ഹൈദര്‍ ചെയ്തില്ല.  അതായിരുന്നു ഹൈദരുടെ പ്രായോഗിക ബുദ്ധി. വോഡയാര്‍ രാജാവായിത്തന്നെ ഇരിക്കുകയും, താന്‍ കാര്യക്കാരന്‍ ആയി നില്‍ക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കുയും, എന്നാല്‍ ഭരണം, സൈനികനിയന്ത്രണം എന്നിവ തന്‍റെ മാത്രമായ ചൊല്‍പ്പടികളില്‍ നിര്‍ത്തുകയും ചെയ്യുന്ന തന്ത്രം.  ഇതുഫലിച്ചു. രാജാവിനെയും രാജകുടുംബത്തെയും ഈശ്വരതുല്യം ഇഷ്ടപ്പെട്ടിരുന്ന മൈസൂര്‍ ജനത, രാജാവിന് അപകടമൊന്നും വരാത്തതിനാലും, രാജ്യരഹസ്യങ്ങള്‍ പലപ്പോഴും പുറമേ അറിയാതിരുന്നതിനാലും, പ്രതികരിച്ചില്ല.  അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധതലങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ എപ്പോഴും ഉണ്ടായിരുന്നതിനാല്‍, ജനത പ്രത്യേകിച്ചും ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതുമില്ല.  ചതിയന്‍ ആണ് ഹൈദര്‍ എന്ന് മനസ്സിലാക്കിത്തുടങ്ങിയ രാജാവ്, തനിക്കും കുടുംബത്തിനും പ്രജകള്‍ക്കും അപകടങ്ങള്‍ വരാതിരിക്കാന്‍ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.

ഇത്തരം ഒരു സംഭവഗതിയുടെ സന്തതികള്‍ ആണ് ഭരണകാര്യക്കാരന്‍ ആയ ഹൈദരും സുല്‍ത്താനായി മാറിയ ടിപ്പുവും. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ അഴിമതിയുടെ കയ്ക്കുന്ന ഫലങ്ങള്‍.  മഹാന്മാരായ ഭരണാധികാരികള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഈ രണ്ടു പേരും, അധികാരത്തില്‍ എത്താന്‍ സ്വീകരിച്ചത് അഴിമതിയായിരുന്നു.  അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മകനും അഴിമതിക്കാരനും പിതാവിനേക്കാള്‍ വലിയ ധനമോഹിയും ആണെന്ന് തെളിയിക്കുകയും ഉണ്ടായി.  ഹൈദര്‍ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സംഭരിച്ച കൊള്ളമുതലുകള്‍ മകനായ ടിപ്പു അടിച്ചുമാറ്റുകയും സ്വന്തം ഭോഗപരമായ ഉപയോഗങ്ങള്‍ക്ക് എടുക്കുകയും ചെയ്തതിനെ ഹൈദര്‍ക്കുതന്നെ വിമര്‍ശിക്കേണ്ടി വന്നത് വിഷത്തിന്‍റെ സന്തതികള്‍ വിഷമേ ഭക്ഷിക്കൂ എന്നതിന് ചരിത്രം നല്‍കുന്ന തെളിവാണ്.  കൂടാതെ, ഹൈദര്‍ മരിച്ചശേഷം അധികാരം ഏറ്റെടുത്ത ടിപ്പു, ഭരണകാലങ്ങളില്‍ താന്‍ ആക്രമിക്കാന്‍ പോകുന്ന രാജ്യങ്ങളിലെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി കണക്കില്‍ക്കൊള്ളാത്ത ധനം സ്വരൂപിച്ചതും അവര്‍ക്കയച്ച കത്തുകളില്‍നിന്നും വെളിപ്പെടുന്നു.  ഹൈദരിന്‍റെ ശവകുടീരത്തിന്‍റെ വാതിലുകള്‍ കൊള്ളമുതലിലെ സ്വര്‍ണംകൊണ്ട് പൊതിഞ്ഞിരുന്നത്, ശ്രീരംഗപട്ടണം കീഴടക്കിയ ഇംഗ്ലീഷ് സൈന്യം അടിച്ചുമാറ്റിക്കൊണ്ടുപോയി എന്ന് ഇന്നും അവിടെ ചെല്ലുമ്പോള്‍ വിലപിക്കുന ടൂറിസ്റ്റ് ഗൈഡിന്‍റെ രോദനത്തില്‍നിന്നും തെളിയുന്നു.  ആത്യന്തികമായി, ഭരണക്കാരായി രണ്ടേരണ്ടുപേര്‍ മാത്രം ഭരിച്ച ഒരു വംശവൃക്ഷം അതിന്‍റെ വളമായി സ്വീകരിച്ചത് അഴിമതിയിലൂടെയും കൊള്ളയിലൂടെയും സ്വരൂപിച്ച ധനം മാത്രമായിരുന്നു എന്ന് ചരിത്രം അതിന്‍റെ രേഖകളിലൂടെ തെളിയിക്കുന്നുണ്ട്.

വീരരക്ഷസ് .


( തുടരും )

Twitter Delicious Facebook Digg Stumbleupon Favorites More