ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന വര്‍ഷങ്ങളിലൊന്നാണ് 1883 .
1857 ഇലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം, രാമോഷി മൂവ്മെന്റിലൂടെ
ബ്രിട്ടീഷ് സര്‍ക്കാരിനെ വിറപ്പിച്ച , ധീരനായ വാസുദേവ് ബല്‍വന്ത് ഫട്കെ
ജയിലില്‍ രക്തസാക്ഷിയായത് ആ വര്‍ഷം ഫെബ്രുവരി 17 നായിരുന്നു. കൃത്യം
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരതീയരുടെ സ്വാതന്ത്ര്യ സമ്മര്‍ദ്ദങ്ങളുടെ
പ്രഷര്‍ വാല്‍വായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ജന്മമെടുക്കുന്നത് .വാസുദേവ
ബല്‍ വന്ത് ഫഡ്കേ രക്തസാക്ഷിത്വം വരിച്ച അതേ വര്‍ഷം മെയ് 28 നാണ് വീര്‍
സാവര്‍ക്കര്‍ എന്നു പില്‍ക്കാലത്ത് പ്രസിദ്ധനായ വിനായക റാവു
നാസിക്കിനടുത്തുള്ള ഭാഗൂരീല്‍ ജനിക്കുന്നത് . ബാലനായിരിക്കുമ്പോള്‍ത്തന്നെ
അദ്ദേഹത്തിന്റെ കവിതകള്‍ മറാത്താ വീക്കിലികളില്‍ സ്ഥാനം പിടിച്ചിരുന്നു .
സായുധ വിപ്ലവമാണ് തന്റെ മാര്‍ഗ്ഗം എന്ന് തിരിച്ചറിയാന്‍ കേവലം 15
വര്‍ഷങ്ങള്‍ മാത്രം മതിയായിരുന്നു ആ ബാലന് . അതിനു കാരണമായത് ചാഫേക്കര്‍
സഹോദരന്മാരുടെ ബലിദാനവുമായിരുന്നു.
1897 ജൂണ്‍ 22 , വിക്ടോറിയ
രാജ്ഞിയുടെ രജത ജൂബിലി ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു . സാധാരണക്കാരാകട്ടെ
പ്ലേഗെന്ന മഹാമാരിയാലും ബ്രിട്ടീഷ് കമ്മീഷണറായിരുന്ന റാന്‍ഡിന്റെ
ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാലും ദുരിതമനുഭവിക്കുന്നു . ദാമോദര്‍ ഹരി
ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും റാന്‍ഡിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതും ഇതേ
ദിവസം തന്നെയായിരുന്നു . സര്‍ക്കാര്‍ മന്ദിരത്തിനു 500 മീറ്റര്‍ മാത്രം
അകലെവച്ച് അവരതു നിര്‍വ്വഹിച്ചു. ( ഒരു പക്ഷേ 1857 നു ശേഷമുള്ള ആദ്യ
രാഷ്ട്രീയ കൊലപാതകം എന്നു വിശേഷിപ്പിക്കാവുന്ന സംഭവം ) ബാലകൃഷ്ണ
ചാഫേക്കരിനെ ഒറ്റുകൊടുത്ത രണ്ടുപേരെ മൂന്നാമത്തെ സഹോദരന്‍ വാസുദേവ
ചാഫേക്കറും സുഹൃത്ത് റാനഡേയും ചേര്‍ന്ന് വെടിവച്ചു കൊന്നു . ഈ മൂന്നു
സഹോദരന്മാരെയും അവരുടെ സുഹൃത്തിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും
ചെയ്തു .
ഐതിഹാസികമായ സായുധ വിപ്ലവം അവിടെ അവസാനിക്കുകയായിരുന്നില്ല
. അത് പുതിയൊരു സമരത്തിന്റെ പ്രഥമ അദ്ധ്യായമായിരുന്നു. ചാഫേക്കര്‍ കുടുംബം
മൂന്നുമക്കളെ കഴുമരത്തിലേക്കാണയച്ചതെങ്കില്‍ സാവര്‍ക്കര്‍ കുടുംബം
മൂന്നുപേരെ സ്വാതന്ത്ര്യ പഥത്തിനു വെളിച്ചം നല്‍കുന്ന
തീപ്പന്തങ്ങളാക്കിത്തീര്‍ത്തു.ദാമോദര്‍ ചാഫേക്കര്‍ സ്വാതന്ത്ര്യ
ബലിപീഠത്തില്‍ ഭൌതിക ശരീരമര്‍പ്പിച്ചപ്പോള്‍ തന്റെ ചൈതന്യം വിനായക്
ദാമോദറിലേക്ക് പകര്‍ന്നു . വിനായക് റാവു , വീര സാവര്‍ക്കറിലേക്കുള്ള ആദ്യ
ചുവടു വയ്പിനു തയ്യാറടുക്കുകയും ചെയ്തു .ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനം ബാലനായ വിനായക് റാവുവിനെ ഏറെ
വേദനിപ്പിച്ചു . ശക്തമായ ഭാഷയില്‍ ‘ചാഫേക്കര്‍ വീരഗാഥ‘ ഒറ്റ രാത്രി കൊണ്ട്
തന്നെ അവന്‍ എഴുതിത്തീര്‍ത്തു . (വരികളിലെ കാര്‍ക്കശ്യം മൂലം അത്
പ്രസിദ്ധപ്പെടുത്താന്‍ 1946 വരെ കാത്തിരിക്കേണ്ടി വന്നു )
ചാഫേക്കര്‍
സഹോദരങ്ങള്‍ കൊളുത്തിയ അഗ്നിയെ ചിരന്തനമാക്കുക എന്ന ചിന്തയില്‍
നിന്നുയിര്‍ത്തത് ഒരു ബാല സംഘടനയാണ് . 1899 നവംബറില്‍ ഉടലെടുത്ത
“രാഷ്ട്രഭക്ത സമൂഹ“മെന്ന ആ സംഘടനയാണ് വിനായക റാവുവിന്റെ രാഷ്ട്രീയ
പ്രവേശത്തിലേക്ക് വഴിതുറന്നത് .1900 ജനുവരി ഒന്നിന് “മിത്രമേള “
എന്ന കുറച്ചുകൂടി ഗൌരവസ്വഭാവമുള്ള വിപ്ലവ സംഘടനയ്ക്ക് ബാല സംഘടനയായ
രാഷ്ട്രഭക്തസമൂഹം വഴിമാറി . ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെ അകത്തും
പുറത്തും ശല്യം ചെയ്ത ഒരു കൂട്ടം വിപ്ലവകാരികള്‍ ഇവിടെയാണ്
സൃഷ്ടിക്കപ്പെട്ടത് . ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍
ബ്രിട്ടന്റെ കപടധാര്‍മ്മികതയുടെ മൂടുപടം പിച്ചിച്ചീന്തിയ വീര
സാവര്‍ക്കറിലേയ്ക്കുള്ള വിനായകന്റെ പരിണാമവും ഇവിടെത്തുടങ്ങുന്നു.
നാസ്സിക്കിലെ ഒട്ടുമിക്ക രാഷ്ട്രീയ വിഷയങ്ങളിലും സമര പോരാട്ടങ്ങളിലും
മിത്രമേള സജീവമായി ഇടപെട്ടു . വിപ്ലവകാരികളുടെ നിരകളെ സൃഷ്ടിച്ചുകൊണ്ട്
സാവധാനമെങ്കിലും ശക്തമായി അത് മുന്നോട്ട് നീങ്ങി .

1904 ഇല്‍
നാസിക്കില്‍ നടന്ന ഒരു പ്രകടനത്തില്‍ വച്ച് സംഘടനയുടെ പേര്‍ “അഭിനവ ഭാരത്“
എന്നാക്കി മാറ്റി . തുടര്‍ന്ന് 1905 ഇല്‍ നടന്ന ബംഗാള്‍ വിഭജനത്തിനെതിരെ
അഭിനവ ഭാരത് മഹാരാഷ്ട്രയിലെങ്ങും പ്രതിക്ഷേധക്കൊടുങ്കാറ്റുകളുയര്‍ത്തി.
വിനായക റാവുവിന്റെ നേതൃത്ത്വത്തില്‍ പൂനെയില്‍ വച്ച് സ്വാതന്ത്ര്യ
സമരചരിത്രത്തിലെ ആദ്യ വിദേശവസ്ത്രദഹനം നടന്നത് ഈയവസരത്തിലാണ് . ഓര്‍ക്കണം ,
ഗാന്ധിജിയുടെ നേതൃത്ത്വത്തില്‍ അതൊരു സമരമാര്‍ഗ്ഗമായി മാറിയത് പിന്നീട്
വളരെക്കഴിഞ്ഞ് 1921 ലാണ് .( വിനായകറാവുവിന്റെ പ്രവൃത്തിയെ എതിര്‍ത്ത്
“ഇന്ദുപ്രകാശില്‍“ ലേഖനമെഴുതിയ മിതവാദികള്‍ക്ക് തന്നെ അതൊരു
സമരമാര്‍ഗ്ഗമായി സ്വീകരിക്കേണ്ടിയും വന്നു. ). സവര്‍ക്കര്‍ എന്ന പേര്
വിപ്ലവകാരികളുടെയിലും സ്വാതന്ത്ര്യസമര ഭടന്മാരുടെ ഇടയിലും
ശ്രദ്ധിക്കപ്പെട്ടു തുടങ്ങി . ഒപ്പം ബ്രിട്ടീഷ് രഹസ്യാന്വേഷണ
പോലീസുകാര്‍ക്കിടയിലും . !!
1906 ഇല്‍ സവര്‍ക്കര്‍ ബി എ പാസ്സായി .
നിയമം പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു സംഘടനയുടെ തീരുമാനം
.സായുധ വിപ്ലവത്തിന്റെ പ്രവര്‍ത്തന രംഗം ഇംഗ്ലണ്ടിലെ ഇന്ത്യന്‍
യുവാക്കളിലെത്തിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. 1905 മുതല്‍
ഇന്ത്യന്‍ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്ന ശ്യാം ജി കൃഷ്ണവര്‍മ്മയുടെ
ഇന്ത്യാഹൌസ് ആയിരുന്നു പ്രവേശനം ലഭിച്ചാല്‍ സവര്‍ക്കറുടെ പ്രവര്‍ത്തന
കേന്ദ്രമായി നിശ്ചയിക്കപ്പെട്ടിരുന്നത് . ലോകമാന്യ തിലകന്റെ ആശീര്‍വാദവും
പിന്തുണയും ഇതിനു പിന്നിലുണ്ടായിരുന്നു. ശ്യാംജി കൃഷ്ണവര്‍മ്മയ്ക്ക്
സവര്‍ക്കറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്തില്‍ തിലകന്‍ ഇങ്ങനെ പറഞ്ഞു.
“
അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ
പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല .
എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍
ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക്
മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍
പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “
സവര്‍ക്കരുടെ
സംഭവ ബഹുലമായ ലണ്ടന്‍ ജീവിതം ഇന്ത്യാഹൌസില്‍ നിന്നു തുടങ്ങി . സുശക്തമായ
ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെ അകത്തും പുറത്തും എതിര്‍ത്തുകൊണ്ട് അത്
മുന്നേറുകയും ചെയ്തു . ഐതിഹാസികമായ “ 1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം “
എന്ന പുസ്തകം പിറവിയെടുത്തത് ഇവിടെവച്ചാണ് . വിപ്ളവകാരികള്‍ക്ക് ആവേശം
കൊടുക്കുക മാത്രമല്ല പുസ്തകം ചെയ്തത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ധനാഗമ മാര്‍ഗ്ഗമായും അത് മാറി .
(തുടരും)