Friday, December 14, 2012

ചൂഷണത്തിന്റെ മനോമോഹന എഫ് ഡീ ഐ . !


ഭാരതത്തിന്‍റെ സമ്പന്നതയിലേക്ക് ചൂഷണത്തിന്റെ വിത്തിറക്കാന്‍ പലരും കഴുകന്‍കണ്ണുകളോടെ ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആയതുകൊണ്ടുതന്നെ ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെച്ചൊല്ലി നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. ആഗോള വല്‍കരണം വന്‍തോതില്‍ സമ്പത്തിന്‍റെ കേന്ദ്രീകരണത്തിന് കാരണമാകുമ്പോള്‍ കുത്തകകള്‍ കൂടുതല്‍ ശക്തരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആകുകയും ചെയ്യുന്നു.ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം നട്ടെല്ലൊടിക്കുന്നത് ഇന്നാട്ടിലെ ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും വ്യവസായികളെയും ആണ്.. ഇന്നാട്ടിലെ വഴിയോരക്കച്ചവടക്കാരനും ഉന്തുവണ്ടിക്കച്ചവടക്കാരനും മുതല്‍ ചെറുകിട വന്‍കിട വ്യാപാര കേന്ദ്രങ്ങളും സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒക്കെയടങ്ങുന്ന നാലുകോടിയോളം ജനങ്ങള്‍ നേരിട്ട് പണിയെടുക്കുന്ന, ഏകദേശം പതിനാറു കോടിയോളം ആള്‍ക്കാര്‍ ഉപജീവനമാര്‍ഗ്ഗം ആയി കാണുന്ന തൊഴില്‍ മേഖലയാണ് ചില്ലറ വ്യാപാര മേഖല.

കാര്‍ഷിക സമ്പദ് വ്യവസ്ഥ നട്ടെല്ലായ ഭാരതത്തില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ തൊഴിലിനായി ആശ്രയിക്കുന്നത് ചെറുകിട വ്യാപാര രംഗത്തെയാണ്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഏഴു ശതമാനവും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പതിനാലു ശതമാനവും ഈ മേഖലയില്‍നിന്നാണ്. 1986ല്‍ 300000 ബഹുരാഷ്ട്ര കുത്തകകള്‍ ചേര്‍ന്ന്‍ 3% തൊഴില്‍ ശക്തി ഉപയോഗിച്ച് വിപണിയുടെ 85% വ്യാപാരം കയ്യടക്കി. 2004ല്‍ 3000 കുത്തകകള്‍ ചേര്‍ന്ന്‍ അര ശതമാനം തൊഴില്‍ശക്തിക്കും അവരെ വരുമാനത്തിന് ആശ്രയിക്കുന്നവര്‍ക്കും അവശേഷിക്കുന്നത് വ്യാപാരത്തിലുള്ള 15% പങ്കു മാത്രമാണ്. ഇത്തരത്തിലുള്ള സാമ്പത്തിക കേന്ദ്രീകരണത്തെ ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ചില്ലറ വ്യാപാര മേഖലയിലെ കുത്തകകളുടെ വളര്‍ച്ചയാണ്.

ഫിക്കിയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യന്‍ ചെറുകിട വ്യാപാരമേഖലയില്‍ 12 ലക്ഷം കോടിയുടെ കച്ചവടമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്നിട്ടുള്ളത്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര ശൃംഖലകള്‍, വമ്പന്‍ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പ്രാദേശികതലത്തിലുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, വണ്ടിക്കച്ചവടക്കാര്‍, എല്ലാം അടങ്ങുന്ന ബൃഹത്ശ്രേണിയാണ് ഇന്ത്യന്‍ ചെറുകിട വ്യാപാരരംഗം. ഇങ്ങനെയുള്ള നമ്മുടെ വിപണിയിലേക്ക് എത്തുന്ന വാള്‍മാര്‍ട്ട് പോലെയുള്ള ഭീമന്‍ ജയിന്റുകള്‍ ചെറുകിട വ്യാപാരികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.. വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളില്‍ 47% വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി ഇയോവാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെന്നത്ത്‌ ഇ സ്റ്റോണന്‍റെ പഠനം പറയുന്നു..എ സി നെല്‍സണിന്‍റെ പഠനം പറയുന്നത് കുത്തകകള്‍ വ്യാപരശ്രേണി കയ്യടക്കിയത് കൊണ്ട് 1981നും 1999നും ഇടയില്‍ ബ്രിട്ടനിലെ ചില്ലറ വ്യാപാര മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 56862ല്‍ നിന്നും 25800 ആയി ചുരുങ്ങി എന്നാണ്.

ചില്ലറ വ്യാപാരമേഖലയിലെ മറ്റുള്ള ബഹുരാഷ്ട്ര ഭീമന്‍മാരായ ഇംഗ്ലണ്ടിലെ ടെസ്കോയും ഫ്രാന്‍സിലെ ക്യാരിഫോറും ഇംഗ്ലണ്ടിലെ കിങ്ഫിഷറും ആംസ്റ്റര്‍ഡാമിലെ അഫോള്‍ഡും അടക്കമുള്ളവര്‍ ഇന്ത്യയില്‍ അവരുടെ കുത്തക പോരാട്ടത്തിന്‍റെ യുദ്ധമുഖം തുറക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇങ്ങനെയുള്ള അരഡസന്‍ വമ്പന്മാര്‍മാത്രം വിദേശ നിക്ഷേപവുമായി വിപണി കയ്യടക്കുമ്പോള്‍ യാതൊരു സര്‍ക്കാര്‍ സഹായവുമില്ലാതെ സ്വയംതൊഴില്‍ കണ്ടെത്തുകയും മറ്റുള്ള കോടിക്കണക്കിനുപേര്‍ക്ക് തൊഴിലും ജീവിതവും നല്‍കുകയും ഖജനാവിനു കോടാനുകോടി നികുതിപ്പണം നല്‍കുകയും രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തെയും സാമ്പത്തിക ചാക്രികക്രമത്തെയും പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ചെറുകിട വില്പന രംഗം തവിടുപൊടിയാകും.

ലോകമെമ്പാടും ശൃംഖലകള്‍  ഉള്ള വാള്‍മാര്‍ട്ട് പോലെയുള്ള കുത്തക ഭീമന്മാരുടെ കടന്നു കയറ്റം നമ്മുടെ സാമ്പത്തിക ഘടനയെ താറുമാറാക്കും എന്നതില്‍ രണ്ടഭിപ്രായമില്ല.. ലോകമെമ്പാടും പ്രവര്‍ത്തന മേഖല നിശ്ചയിച്ചുറച്ച വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനം 15 രാജ്യങ്ങളില്‍ 55ഓളം അപര നാമങ്ങളില്‍ 8500 ഓളം സ്റ്റോറുകളിലൂടെ വ്യാപിച്ചു കിടക്കുന്നു.. 22 ലക്ഷം ആള്‍ക്കാര്‍ ഈ സ്റ്റോറുകളില്‍  പണിയെടുക്കുന്നു.. 2012 വരെയുള്ള കണക്കനുസരിച്ച് വാള്‍ മാര്‍ട്ടിന്റെ റെവന്യു 446.950 ബില്ല്യണ്‍ യു എസ്സ് ഡോളര്‍ ആണ്.. യൂറോപ്പില്‍ 1970നും 80നും ഇടയില്‍ മാത്രം 400000 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 4000ചതുരശ്ര അടി ശരാശരി വലിപ്പമുള്ള യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും 5000 ചതുരശ്ര അടി ശരാശരി വലിപ്പമുള്ളഅമേരിക്കയിലെ സ്ഥാപനങ്ങള്‍ക്കും റീടെയില്‍ കുത്തകകളായ വാള്‍മാര്‍ട്ടിനും മെട്രോയ്ക്കും ക്യാരിഫോറിനും മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 5 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇവരോട്‌ 50 ചതുരശ്ര അടിക്കും 120ചതുരശ്ര അടിക്കും ഇടയില്‍ വലിപ്പമുള്ള നമ്മുടെ 80% ചില്ലറ വില്‍പ്പന ശാലകള്‍ എങ്ങിനെ പിടിച്ചു നില്‍ക്കും?!!!

വിവേചന ബുദ്ധിയില്ലാതെ സ്വാര്‍ത്ഥതയുടെ ചീഞ്ഞളിഞ്ഞ കണ്ണ് മാത്രം നമ്മുടെ ചില്ലറ വ്യാപാര മേഖലയില്‍ തുറിച്ചു നോക്കിയിരിക്കുന്ന ഈ കുത്തകകള്‍ അവരുടെ വിത്തിറക്കിയ നാടുകളിലെല്ലാം വ്യവസായങ്ങളെ തകര്‍ത്തു തരിപ്പണമാക്കി.. സൂപ്പര്‍മാളുകള്‍, ഭക്ഷ്യധാന്യ വില്‍പനകേന്ദ്രങ്ങള്‍, മരുന്നു വിപണനകേന്ദ്രങ്ങള്‍, ജനറല്‍സ്റ്റോറുകള്‍, റസ്റ്റോറന്റുകള്‍ എന്നിങ്ങനെ ഒന്‍പതു മേഖലകളില്‍ വാള്‍മാര്‍ട്ട് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാള്‍മാര്‍ട്ട് മാത്രമായി രാജ്യത്തിന്റെ പകുതി ചില്ലറ വ്യാപാരമേഖലയും കയ്യടക്കും. ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ മാത്രം അവര്‍ക്ക്‌ വേണ്ട ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നു, ഇതുവഴി നിര്‍മാതാവിന്റെയും വിതരണക്കാരന്‍റെയും ലാഭം ഇവര്‍ എടുക്കുന്നു. പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാള്‍മാര്‍ട്ട് അമേരിക്കയിലെ തുണി വ്യവസായത്തെയും തുകല്‍ വ്യവസായത്തെയും തകര്‍ത്തു. ഏറ്റവും കുറഞ്ഞ കൂലിയുള്ള രാജ്യത്ത്‌ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി മറ്റു സ്ഥലങ്ങളില്‍ വില്‍ക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നമ്മുടെ വിപണി നിറയും.

വാള്‍മാര്‍ട്ട് നിര്‍മാണ ക്കരാര്‍ നല്‍കുന്നത് തൊഴില്‍ നിയമങ്ങള്‍ ശക്തമല്ലാത്ത രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ ഉത്പാദന ചെലവും ഉല്‍പ്പന്നത്തിന്റെ വിലയും കുറയുന്നു. പ്രാദേശിക ഉത്പാദകര്‍ക്ക് ആയതിനാല്‍ തന്നെ ഇവരോട് മത്സരിക്കാന്‍ കഴിയുകയുമില്ല. വാള്‍മാര്‍ട്ട് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്.തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ ഒരു മണിക്കൂറിന് 80 പൈസ മാത്രം കൂലിയുള്ള ബംഗ്ലാദേശിലും . ഇത്ര വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളോട് നമ്മുടെ ഉത്പാദകര്‍ എങ്ങനെ മത്സരിക്കും.? വിദേശ നിക്ഷേപം നടത്തുന്നവര്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍നിന്നും 30 ശതമാനം ഉല്‍പന്നം സംഭരിക്കണമെന്ന നിബന്ധന തദ്ദേശീയ ചെറുകിട സംരംഭകരെ സഹായിക്കും എന്നാണ് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. സാധാരണക്കാരന്‍റെ കണ്ണില്‍ പൊടിയിടുന്ന ഈ വ്യവസ്ഥ വിഭാവനം ചെയ്യുന്ന " ചെറുകിട വ്യവസായ സ്ഥാപനം" പ്ലാന്റിനും യന്ത്രസാമഗ്രികള്‍ക്കുമായി മൊത്തം ഒന്നേകാല്‍ കോടിരൂപ മുടക്കാന്‍ കെല്പ്പുള്ളവനായിരിക്കണം. സ്വാശ്രയ സംഘങ്ങളോ മറ്റു സംരംഭങ്ങളോ ഇത്രയും മുടക്കാന്‍ കെല്‍പ്പുള്ളവയല്ല എന്ന പച്ചയായ യഥാര്‍ത്ഥ്യം ഓര്‍ത്തുകൊണ്ട് തന്നെ നോക്കിയാല്‍ ഇതൊക്കെ ലക്‌ഷ്യം വെയ്ക്കുന്നത് ഈ വമ്പന്‍ ഇന്‍വെസ്റ്റേര്‍സിനെ തന്നെയാണ് എന്ന് പകല്‍ പോലെ വ്യക്തമാണ്. 
.
ഭാരതത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. F.D.I നശിപ്പിച്ചു ആണിക്കല്ലിളക്കാന്‍ പോകുന്നത്  കാര്‍ഷിക സംസ്കാരത്തിന്‍റെ സമ്പന്നതയെ കൂടിയാണ്.. ചില്ലറ വ്യാപാര രംഗത്ത് കടന്നു വന്ന കുത്തകകള്‍ കരാര്‍ കൃഷി നടപ്പാക്കിയത് വഴി ചെറുകിട കര്‍ഷകര്‍ ലോകം മുഴുവന്‍ നാമാവശേഷമായി ക്കൊണ്ടിരിക്കുന്നു. വാള്‍മാര്‍ട്ടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കയില്‍ നിരവധി കര്‍ഷക സമരങ്ങള്‍ക്കാണ് കഴിഞ്ഞ ദശാബ്ദങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഏഷ്യയിലെ സൂപ്പര്‍ മാളുകള്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍ കരാര്‍ പ്രകാരം നല്‍കുന്നതില്‍ കര്‍ഷകര്‍ പരാജയപ്പെടുകയും സൂപ്പര്‍ മാളുകള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകരെ മാറ്റുകയും കര്‍ഷകര്‍ക്ക്‌ നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച അളവില്‍ പണം നല്‍കാന്‍ കഴിയാത്തതിലും കര്‍ഷകര്‍ തകരുന്നതായി എഫ് എ ഒ യുടെ പഠനങ്ങള്‍ പറയുന്നു.

ഒരു ദശകം മുന്‍പ്‌ അമേരിക്കയിലെ കാപ്പി ഉത്പാദകര്‍ ഒരു വര്‍ഷം 10 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു.എന്നാല്‍ 60 ബില്ല്യണ്‍ ഡോളറിന്‍റെ വിപണി അമേരിക്കക്ക് പുറത്ത്‌ ഉള്ളപ്പോഴും അമേരിക്കയിലെ കാപ്പി കര്‍ഷകര്‍ക്ക്‌ ഇന്നു ലഭിക്കുന്നത് വെറും 6 ബില്ല്യണ്‍ ഡോളര്‍ മാത്രമാണെന്ന്‍ ഓക്സ്ഫാമിന്‍റെ പഠനം വെളിവാക്കുന്നു. അതുപോലെ ഘാനയിലെ കൊക്കോ കര്‍ഷകര്‍ക്ക്‌ അവരുടെ കൊക്കോ ചേര്‍ത്തുണ്ടാക്കുന്ന ചോക്കലേറ്റിന്‍റെ വിലയുടെ 3.9% മാത്രം ലഭിക്കുമ്പോള്‍ ചോക്കലേറ്റ്‌ വില്‍ക്കുന്ന കുത്തക വില്പനശാലകള്‍ക്ക് 34.1% ലഭിക്കുന്നു. ഇതേ അവസ്ഥയാണ് തെക്കേ അമേരിക്കയിലെ വാഴ കര്‍ഷകര്‍ക്കും. അവര്‍ക്ക്‌ വില്‍പ്പന വിലയുടെ അഞ്ചു ശതമാനം മാത്രം വില ലഭിക്കുമ്പോള്‍ അത് വില്‍ക്കുന്ന ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ക്ക്‌ വിലയുടെ 34% വരുമാനം ലഭിക്കുന്നു.
.
2012 ജൂലൈ 15നു യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഇന്ത്യയില്‍ നിക്ഷേപം നടത്തുക ഇപ്പോഴും ശ്രമകരമാണെന്ന്‌ അവര്‍ (അമേരിക്കന്‍ വ്യാപാരി സമൂഹം) എന്നോട്‌ പറയുന്നു. ചില്ലറ വില്‍പ്പന മേഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യ വിദേശനിക്ഷേപം നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയാണ്‌. ഇരുരാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശനിക്ഷേപം ആവശ്യമാണ്‌. ഇന്ത്യയ്ക്ക്‌ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇത്‌ അത്യാവശ്യമാണ്‌.” ചില്ലറ വില്‍പ്പന മേഖലയിലും മറ്റും വിദേശനിക്ഷേപം അനുവദിക്കാത്ത ഇന്ത്യയുടെ നിലപാടില്‍ അമേരിക്കയിലെ വ്യാപാര സമൂഹത്തിനുള്ള ആശങ്കയിലേയ്ക്ക്‌ വിരല്‍ചൂണ്ടി ഒബാമ ഒളിയമ്പ് തൊടുത്തപ്പോള്‍ നല്ല പിള്ള ചമഞ്ഞു കൊണ്ട് “അമേരിക്കയ്ക്ക്‌ ഇതിലെന്ത്‌ കാര്യം. മറ്റുള്ളവരുടെ ആജ്ഞകള്‍ക്ക്‌ വഴങ്ങുന്ന രാജ്യമല്ല നമ്മുടേത്‌” എന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ പറഞ്ഞത്‌...., ഇതുവരെ ഏതൊരു പ്രസിഡണ്ടും കൂടെ കൂട്ടാത്ത അത്രയും വിശാലമായ ഒരു വാണിജ്യ സന്ഘവുമായിട്ടാണ് ഒബാമ കഴിഞ്ഞ വട്ടം ഇന്ത്യയിലേക്ക് വന്നത് . ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖല തുറന്നുകിട്ടുക എന്നത്‌ അമേരിക്കയുടെ നെടുനാളത്തെ ആവശ്യമായിരുന്നു. എന്ത്‌ ചെയ്തും അത്‌ സാധിച്ചെടുക്കുക എന്നതായിരുന്നു ഒബാമയുടെ ലക്ഷ്യം. 
.
ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ എടുത്ത തീരുമാനം 2011 ഡിസംബറില്‍ പിന്‍വലിച്ചതോടെ ഘട്ടംഘട്ടമായി അമേരിക്ക കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയായിരുന്നു. യുഎസ്‌ മാസികയായ ‘ടൈം’, പ്രധാനമന്ത്രി മന്‍മോഹനെ ‘കഴിവ്‌ കെട്ടവന്‍’ എന്ന്‌ വിശേഷിപ്പിച്ചു. ഇതിന്‌ പിന്നാലെ യുഎസ്‌ പത്രമായ ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ മന്‍മോഹനെ ‘ദുരന്തനായക’നായും ചിത്രീകരിച്ചു. ഇതിനുശേഷമാണ്‌ പ്രസിഡന്റ്‌ ഒബാമ മുന്നറിയിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചതും ‘വാള്‍സ്ട്രീറ്റ്‌ ജേര്‍ണല്‍’ അതിനെ ന്യായീകരിച്ചതും. ഇതൊക്കെ സമര്‍ത്ഥമായ ഒത്തുകളിയായിരുന്നുവെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ ‘ടൈം’ മാസികയിലും ‘വാഷിംഗ്ടണ്‍ പോസ്റ്റ്‌’ പത്രത്തിലും മന്‍മോഹന്‍ സിംഗിന്‌ ‘എതിരായി’ വന്ന റിപ്പോര്‍ട്ടുകള്‍ ‘പെയ്ഡ്‌ ന്യൂസു’കളായിരുന്നു. അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതിന്‌ ‘ടൈം’ മാപ്പ്‌ പറയണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടതും ഈ ആവശ്യം നിരാകരിച്ച ‘ടൈം’ ഒടുവില്‍ വഴങ്ങിയതുമൊക്കെ ഒത്തുകളിയുടെ ഭാഗമായിരുന്നു.
.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ വിടുമെന്ന്‌ വ്യക്തമായിട്ടും ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തത്‌ അമേരിക്കയുടെ സമ്മര്‍ദ്ദംകൊണ്ടല്ലെന്ന മന്‍മോഹന്‍ സിംഗിന്റെ അവകാശവാദം പരിഹാസ്യമാണ്‌. മന്‍മോഹനൊപ്പം നിന്ന്‌ ഒബാമ ഈ തീരുമാനം എടുപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ മന്ത്രിസഭ വിട്ട മമതാ ബാനര്‍ജിയെ കൊല്‍ക്കത്തയിലെത്തി ആദ്യം സന്ദര്‍ശിച്ചത്‌ യുഎസ്‌ അംബാസഡര്‍ നാന്‍സി പവലാണ്‌. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ എന്താണ്‌ മമതയുടെ എതിര്‍പ്പ്‌ എന്ന്‌ അറിയാനും കഴിയുമെങ്കില്‍ അവരെ അനുനയിപ്പിക്കാനുമായിരുന്നു നാന്‍സിയുടെ ശ്രമം. ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും കൊല്‍ക്കത്തയില്‍ മമതയെ സന്ദര്‍ശിച്ച്‌ വിദേശനിക്ഷേപ പ്രശ്നം ചര്‍ച്ച ചെയ്യുകയുണ്ടായി.
.
പാര്‍ലമെന്റിലെ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെയും യുപിഎയുടെതന്നെ പാളയത്തിലെയും  എതിര്‍പ്പുകള്‍ക്ക് ആക്കം കൂടുന്നു എന്ന് മനസ്സിലായ കോണ്‍ഗ്രസ്, തങ്ങള്‍ ഭരിക്കുന്ന ഡല്‍ഹി, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും പിന്തുണ ഉറപ്പക്കിയാണ് കേന്ദ്ര മന്ത്രിസഭയില്‍ ഇങ്ങനെ ആത്മഹത്യാപരമായ തീരുമാനമെടുത്തിരിക്കുന്നത്. വിദേശനിക്ഷേപം അനുവദിക്കുവാനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കായിരിക്കും എന്ന നിബന്ധനകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് ചെറുകിട വ്യാപാരരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കുവാനും, സിംഗിള്‍ ബ്രാന്‍ഡ് വിപണനമേഖലയിലെ വിദേശനിക്ഷേപം 100 ശതമാനമായി വര്‍ദ്ധിപ്പിക്കാനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ഇപ്പോമുന്‍പേ തന്നെ 51 ശതമാനം വിദേശ നിക്ഷേപം സിംഗിള്‍ ബ്രാന്‍ഡ് വിപണനമേഖലയില്‍ നിലവിലുണ്ട്. ഒരു ഇന്ത്യന്‍ നിക്ഷേപകന്റെ പങ്കാളിത്തം ഇല്ലാതെതന്നെ വിദേശ ഉത്പാദകര്‍ക്ക് അവരുടെ വിപണന കേന്ദ്രങ്ങള്‍ യഥേഷ്ടം തുറക്കാം.നിര്‍മ്മാണസമയത്തെ ബ്രാന്‍ഡുകള്‍ മാത്രം വില്‍ക്കുവാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഭേദഗതി കൂടി ഉള്‍പ്പെടുത്തി സിംഗിള്‍ ബ്രാന്‍ഡില്‍ വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍വിപണിയില്‍ വിറ്റഴിക്കാനുള്ള അവസരം തുറന്നു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 30 ശതമാനം ഉല്‍പന്നം രാജ്യത്തെ ചെറുകിട ഉല്‍പാദകരില്‍നിന്നും ശേഖരിക്കും എന്ന ഉറപ്പ്‌ ഇതോടെ കടലാസില്‍ ഒതുങ്ങുകയാണ് .ബ്രാന്‍ഡിന്റെ ഉടമ വിദേശനിക്ഷേപകനായിരിക്കണം എന്ന വ്യവസ്ഥകൂടി ചേര്‍ത്തതോടു കൂടി. ഇതോടൊപ്പം മൊത്തം ചില്ലറ വില്പന മേഖലയിലും 51 % വിദേശ നിക്ഷേപം അനുവദിക്കുന്നതിലൂടെ ഒരേ കേന്ദ്രത്തിലൂടെ മള്‍ട്ടി ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍വില്‍ക്കുവാനാണ് അനുമതി നല്‍കുന്നത്. മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ കയറൂരി വിടാന്‍ ഇതിലൂടെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് കഴിയും.

ഇത്തരം കണക്ക് കൊണ്ടുള്ള കളികള്‍ക്കപ്പുറത്തു തുലാസിലാകുന്നത് കോടിക്കണക്കിനു വരുന്ന സാധാരണക്കാരുടെ ജീവിതമാണ്.. ആം ആദ്മിക്ക് വേണ്ടി ദശാബ്ദങ്ങളായി നില കൊള്ളുന്ന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ്‌ പാര്‍ട്ടി അവരുടെ നില കൂടുതല്‍ "ഭദ്രമാക്കാനുള്ള" ശ്രമങ്ങളില്‍ എന്നും നല്ലൊരു വേഷക്കാരനാണ്.. എന്നെന്നും "ആം ആദ്മി" നില നില്‍ക്കേണ്ടത് അവരുയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ ആയൂരാരോഗ്യസൌഖ്യത്തിന് ഒഴിവാക്കാനാവാത്ത വിധം അത്യന്താപേക്ഷിതമാണ്. പരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമുള്ള കേവലം കന്നുകാലികളായി കാണുന്ന "ഗാന്ധി"കുടുംബരാഷ്ട്രീയം ഗാന്ധിയുടെ ഗ്രാമ സ്വരാജ്‌ സങ്കല്പം എന്നേ കാഴ്ച ബന്ഗ്ലാവുകളിലേക്ക് ചില്ലിട്ടു പൂട്ടി വെച്ചിരിക്കുന്നു..നേരം വെളുക്കുമ്പോള്‍ "ഇന്നിനിയെന്ത്‌""'' എന്ന് മാത്രം മനസ്സിലെരിയുന്ന മാംഗോ ഡെമോക്രസിയിലെ കന്നുകാലി വര്‍ഗ്ഗങ്ങള്‍ക്ക് എന്നും ജീവിതം ഇങ്ങനെയേ ആകാവൂ എന്നത് തലവര മാത്രമല്ല..

ഏതോ മഹാന്‍ പറഞ്ഞു വെച്ചിട്ടുണ്ടത്രേ;

"ഒരു ജനത അവരര്‍ഹിക്കുന്ന ഗവന്മെന്റിനെ നേടുന്നു, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍., ഒരു ജനത  അവരര്‍ഹിക്കുന്ന ഗവണ്മന്റിനെയേ  നേടുന്നുള്ളൂ...


അഭിലാഷ്‌ കടമ്പാടന്‍..

4 comments:

എഫ് ഡി ഐ കേരളത്തില്‍ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നു (കാരണം വ്യക്തമായി പറയുന്നില്ല കേട്ടോ ) പക്ഷെ കേരളത്തിലെ യു പി എ എം പിമാര്‍ എഫ് ഡി ഐ ക്ക് അനുകൂലമായി ഇരു സഭകളിലും രണ്ടു കയ്യും ഉയര്‍ത്തി !മായാവതിയും മുലയാമും എഫ് ഡി ഐ ക്കെതിരെ ഘോരഘോരം പ്രസംഗിച്ചു പക്ഷെ വോട്ടു ചെയ്തു സഹായിച്ചു !!

എല്ലാ ഭീമന്‍മാരും വന്നു ജനതയുടെ നടു ഓടിക്കുമ്പോ ഇവരെയൊക്കെ വീണ്ടും പുറത്താകാന്‍ നമ്മള്‍ ഉപ്പ് സത്യാഗ്രവും,വിദേശ ഭേഹിഷ്കരണവും നടത്തേണ്ടി വരും... അതൊക്കെ എങ്ങനെ വിജയിക്കും എന്ന് കണ്ടറിയാം..

എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചില്ലറ വ്യാപാര മേഖല തകരും എന്ന് വാദിക്കുന്നത് .. നമ്മള്‍ എല്ലാം ഒരു ഇന്ത്യന്‍ കണ്സേപ്ടില്‍ വേണ്ടേ നോക്കികാണാന്‍ ..ഇന്ത്യയിലെ 70% ശതമാനം ചെറുകിട കച്ചവടക്കാരും ഗ്രാമങ്ങളില്‍ അല്ലെ? ഇന്തയില്‍ ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങള്‍ ഉണ്ട് .. ഒരു ഗ്രാമത്തില്‍ ഉള്ളവര്‍ മറ്റൊരു ഗ്രാമത്തില്‍ പോകുമോ പച്ചകറിയും പലവ്യഞ്ജനവും വാങ്ങാന്‍ ? ഞാന്‍ ഒരു ഗ്രാമത്തില്‍ നിനാണ് .. അവിടെയുള്ള ഒന്നോ രണ്ടോ ശതമാനം മാത്രമാണ് ഒരു പ്രധാന സിറ്റിയില്‍ പോയി സാധനം വാങ്ങുന്നത് .. ബാക്കിയുള്ളവര്‍ എല്ലാം വീടിനടുത്തുള്ള കടകളില്‍ നിനാണ് സാധനങ്ങള്‍ വാങ്ങുന്നത് .. പത്ത് ലക്ഷം എന്ന ക്യാപ് ഇല്ലാതെ ഇന്തയില്‍ ഇവിടെയും തുടങ്ങാന്‍ അനുവദിച്ചാല്‍ തന്നെ വാള്‍ മാര്‍ട്ട് (അല്ലെങ്കില്‍ വിദേശ കുത്തകകള്‍ എല്ലാം കൂടി ) മൊത്തം ഇന്ത്യന്‍ മാര്‍ക്കെറ്റ് പിടിക്കാന്‍ ആറു ലക്ഷം , അല്ലേല്‍ പൊട്ടു ഒരു ലക്ഷം കടകള്‍ തുടങ്ങണം.. വേണ്ടേ ?
ഇനി നഗരങ്ങള്‍ .. ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് ബാംഗ്ലൂര്‍ ആണ് .. ഇവിടെ ഇപ്പോള്‍ തന്നെ ഇഷ്ടം പോലെ കുത്തകള്‍ ഉണ്ട് .. അതുപോലെ തന്നെ കൈവണ്ടിയില്‍ പച്ചകറി വില്‍ക്കുന്നവരും ഉണ്ട് ..ഇനി ഒരു 20 വന്‍ കടകള്‍ കൂടി വന്നാലും ഇവിയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഒന്നും സംഭവിക്കുകയില്ല ..കാരണം ഇവിടെയും 70% ഒരു ടൂ വീലര്‍ പോലും ഇല്ലാത്തവരാണ് .. ഇവരാരും സാധനം വാങ്ങാന്‍ ഒരു കിലോമീറ്ററില്‍ ദൂരം പോലും യാത്രചെയ്യില്ല .. പിന്നെ ഇപ്പോഴുള്ള വന്‍ വാടക കൊടുത്ത് ഇനിയാരും ബംഗ്ലൂരില് പച്ചകറി കട തുടങ്ങാനും പോകുന്നില്ല ..

ഇനി കൃഷി .. ഈ വിദേശ കുത്തകള്‍ ഇന്ത്യയിലെ ഒരു 20% - 30% ബിസിനെസ്സിന്റെ ഷെയര്‍ തേടിയാണ് വരുന്നത് .. ഇവര്‍ക്ക് പെരിഷബില്‍ ഗുഡ്സ് ഇവിടെനിന്നും തന്നെ സോഴ്സ് ചെയ്തെ പറ്റൂ .. അതിനു വേണ്ടി അവര്‍ ഇന്ത്യന്‍ പച്ചക്കറി കൃഷി മൊത്തം കുത്തകയക്കണ്ട കാര്യ മൊന്നും ഇല്ലാ ..ഇപ്പ്ഴോള്‍ തരിശായി കിടക്കുന്ന ഒരു 10% കൃഷിയിടത്തില്‍ ആള്‍ക്കരെകൊണ്ട് കൃഷി ഇറക്കിയാല്‍ മതി ... ഒന്നും ഇല്ലാതെ ഇരുന്നിടത്തു കൃഷിക്കാരന് ഒരു വരുമാനവും ആകും .. ഇവന് പ്രീ ഡിട്ടര്മിണ്ട് പ്രൈസില്‍ സാധനവും കിട്ടും ....

ചെറിയ മീനിനെ ചൂണ്ടയില്‍ കോര്‍ത്ത്‌ വലിയ മീന്‍ പിടിക്കുന്ന ആളിന്റെ കുശലം ആണ് വന്‍കിട കച്ചവട ഭീമന്മാര്‍ക്ക്..
അവര്‍ ചെറിയ അപ്പകഷ്ണങ്ങള്‍ എറിഞ്ഞു ഭരണത്തിലെ പ്രബലരെ വിലക്ക് വാങ്ങുന്നു...
ശേഷം ഭരണക്കാര്‍ പാവപ്പെട്ടവന്റെ രക്തത്തെ നോട്ടുകെട്ടുകലാക്കി മാറ്റാനുള്ള അധികാരം മുതലാളിക്കും നല്‍കുന്നു...
വളരെ നന്നായിട്ടുണ്ട് അഭിലാഷ് ജി..

Twitter Delicious Facebook Digg Stumbleupon Favorites More