കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

വിചാരധാരയും ആഭ്യന്തര ഭീഷണികളും

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌?

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.

Tuesday, January 14, 2014

കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

പാപം ചെയ്യാത്തവരായിരുന്നില്ല കല്ലെറിഞ്ഞത്‌. പാപികളുടെ ശമ്പളം പറ്റുന്നവര്‍ കൂടിയായിരുന്നു അവര്‍. 129037 ചതുരശ്ര കിലോമീറ്റര്‍ നീണ്ടു വിസ്താരമായി കിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പൊലിഞ്ഞുവീണ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിന്റെ കുടുംബത്തിന്‌ സ്വന്തമായുള്ളത്‌ പത്ത്‌ സെന്റ്‌ ഭൂമി മാത്രം. അഞ്ച്‌ ലക്ഷം തരാം സമരത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ പറഞ്ഞ മാഫിയകളുടെ ഏജന്റുമാരോട്‌ പോയി പണിനോക്കാന്‍ പറഞ്ഞവരുടെ കൂട്ടത്തിലൊരാളായിരുന്നു അനൂപും. അവര്‍ പണി നോക്കി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അവര്‍ക്ക്‌ ചെലവായത്‌ ആ ക്വാറിയില്‍ നിന്നു തന്നെയെടുത്ത ഒരു കരിങ്കല്‍ കഷ്ണം. പതുങ്ങിവന്ന്‌ പിന്നില്‍ നിന്ന്‌ കല്ലെറിഞ്ഞ്‌ കൊല്ലാന്‍ മാത്രം ധൈര്യമുള്ളവരുടെ മുമ്പില്‍ പിടഞ്ഞുവീണത്‌ ഒരു കുടുംബത്തിന്റെ കൈത്താങ്ങ്‌.

2013 ഡിസംബര്‍ 16 വൈകീട്ട്‌ 4
ഹിന്ദുഐക്യവേദി സംസ്ഥാന വ്യാപകമായി പശ്ചിമഘട്ട സംരക്ഷണത്തിനായി പരിസ്ഥിതി സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണകള്‍ സംഘടിപ്പിച്ചിരുന്നു. വടകര താലൂക്കിലെ സമരം അവര്‍ കൈവേലിയിലേക്ക്‌ തന്നെ തീരുമാനിച്ചു. താലൂക്ക്‌ കേന്ദ്രത്തില്‍ നിന്നും വളരെ അകലെയാണ്‌ കൈവേലി. ധര്‍ണ്ണ അവിടെ നിശ്ചയിക്കന്‍ ഒരു കാരണവുമുണ്ടായിരുന്നു. വ്യക്തവും സോദ്ദേശ്യ പൂര്‍ണവുമായ കാരണം.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതിലോല പ്രദേശമായി കാണിച്ച തിനൂര്‍ വില്ലേജിലാണ്‌ കൈവേലിയും അതിനടുത്ത മലനിരകളും. മലയോരങ്ങള്‍ മുഴുവന്‍ മാഫിയകള്‍ വാങ്ങിക്കൂട്ടുകയാണ്‌. കര്‍ഷകര്‍ക്ക്‌ വലിയ സന്തോഷം. നാട്ടില്‍ കിട്ടാത്ത വിലയാണ്‌ മലയോരത്തെ മണ്ണിന്‌ ലഭിക്കുന്നത്‌. എത്ര വേണമെന്ന്‌ പറഞ്ഞാലും അത്രയും തരുന്ന മോഹക്കച്ചവടം. നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി, തരിപ്പ, എടോനി മലനിരകള്‍ മുഴുവന്‍ ചുരുക്കം ചില മാഫിയകളുടെ കയ്യിലായി. ഉറിതൂക്കി, പട്ടിണിക്കുന്ന്‌, പുലിചാടിമല, കരിങ്ങാട്‌, ഉടുമ്പിറങ്ങിമല, വാളൂക്ക്‌ മല തുടങ്ങിയ പശ്ചിമഘട്ടത്തിന്റെ ഉരുക്കുകോട്ടകളിലേക്ക്‌ കണ്ണുംനട്ട്‌ നഗരങ്ങളില്‍ നിന്നും പുതിയ തമ്പുരാക്കന്മാര്‍ എത്തിത്തുടങ്ങിയിരുന്നു. അവര്‍ ഈ മേഖലകളില്‍ പുതിയ റോഡുകള്‍ വെട്ടി. നിഷ്കളങ്കരും ഗ്രാമീണരുമായ ജനതയ്ക്കുമേല്‍ ചതിയുടെ പുതിയപാതകള്‍. ആദ്യമൊക്കെ വാഴകൃഷി, ചേമ്പുകൃഷി, കുറച്ചുനാട്ടുകാര്‍ക്ക്‌ പണി മറ്റുചിലര്‍ക്ക്‌ കങ്കാണിപ്പണി; സന്തോഷം. എന്നാല്‍ ശരിയായ ദൃംഷ്ടകള്‍ പിന്നീടാണ്‌ നാട്ടുകാര്‍ ശരിക്കും കാണുന്നത്‌. ടിപ്പറുകളും ജെസിബികളും ഹിറ്റാച്ചികളും ഉരുണ്ടുരുണ്ട്‌ മലകള്‍ കയറി വരാന്‍ തുടങ്ങി. ക്വാറികള്‍ നടത്താനാണ്‌ മണ്ണ്‌ വാങ്ങിക്കൂട്ടിയതെന്നറിഞ്ഞ നാട്ടുകാര്‍ പ്രതിരോധത്തിന്‌ വട്ടംകൂട്ടി. അവര്‍ സമരത്തിനിറങ്ങി.

എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. അനധികൃതമായും കള്ളരേഖകള്‍ ചമച്ചും ആയിരങ്ങള്‍ ഒഴുക്കിയും ലൈസന്‍സുകള്‍ സംഘടിപ്പിക്കാനായിരുന്ന ഇടക്കാലത്തെ വാഴ, ചേമ്പ്‌ കൃഷികള്‍. പഞ്ചായത്ത്‌ പ്രസിഡന്റും പാര്‍ട്ടിയും മാഫിയകളുടെ പോക്കറ്റിലായി. പാര്‍ട്ടി മാഫിയകളെ ഉപയോഗിക്കുകയല്ല മാഫിയകള്‍ പാര്‍ട്ടിയെ ഉപയോഗിക്കുകയായിരുന്നു. സമരത്തിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐക്കാര്‍ പിന്മാറി. പിന്നീട്‌ സമരം തണുത്തു. എന്നാല്‍ പ്രകൃതി സംരക്ഷണ സമിതിക്കാര്‍ അടങ്ങിയിരുന്നില്ല. പാര്‍ട്ടിയുടെ വിലക്ക്‌ ലംഘിച്ചും സമരം മുന്നോട്ടു പോയി. മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ മാഫിയകള്‍ക്ക്‌ മുമ്പില്‍ അനുസരണയുള്ള കുട്ടികളായി. രൂപീകരിക്കപ്പെട്ട കാലം മുതല്‍ പഞ്ചായത്ത്‌ ഭരിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂന്ന്‌ നേതാക്കന്മാര്‍ ക്വാറി മുതലാളിയുടെ പതിവുകാരായി. സമരത്തിനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക്‌ നാണം മറക്കാന്‍ പ്ലീനത്തിന്റെ നയരേഖകള്‍ പോലും മതിയായില്ല. അവരില്‍ ഒരു വിഭാഗം നിലവിലുള്ള സമരവുമായി യോജിച്ച്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. പാര്‍ട്ടി അച്ചടക്കത്തിന്റെ ഇരുമ്പുമറകള്‍ക്കുള്ളില്‍ പൊട്ടലും ചീറ്റലുമായി. പാര്‍ട്ടി ഗ്രാമങ്ങളില്‍ പതിവില്ലാത്ത ഈ എതിര്‍ശബ്ദം നേതൃത്വത്തിന്‌ സഹനീയമായിരുന്നില്ല. ഈ നിര്‍ണ്ണായക സന്ദര്‍ഭത്തിലാണ്‌ ഹിന്ദു ഐക്യവേദി നേതൃത്വത്തെ സ്ഥലത്തെ പലരും സമീപിക്കുന്നത്‌.

തരിപ്പ, കമ്മായി ക്വാറികള്‍ ഹിന്ദുഐക്യവേദി സമരം ചെയ്ത്‌ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. എടോനിമല സമരത്തെ പിന്തുണക്കണം എന്ന ഒരാവശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഡിവൈഎഫ്‌ഐ സമരത്തില്‍ നിന്നും പിന്മാറിക്കഴിഞ്ഞിരുന്നു. പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിന്‌ ഹിന്ദു ഐക്യവേദി നിരുപാധിക പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുവന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ താലൂക്ക്‌ തല ധര്‍ണ്ണ കൈവേലിയില്‍ സംഘടിപ്പിച്ചത്‌. ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാന്‍ തൃശൂരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകനായ വര്‍ഗ്ഗീസ്‌ തൊടുപറമ്പില്‍ കൈവേലിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്‌ തൊട്ടുമുമ്പില്‍ ധര്‍ണ്ണയ്ക്ക്‌ കസേരകള്‍ കൊണ്ടുവന്ന വാഹനം സിപിഎം ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കൈവേലിയിലെ അന്തരീക്ഷം മാറിയത്‌ തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ വര്‍ഗ്ഗീസിനെ തിരിച്ചയച്ചു. ധര്‍ണ്ണയുടെ തുടക്കത്തില്‍ സ്വാഗതപ്രസംഗം കഴിഞ്ഞ ഉടനെ കല്ലേറ്‌ തുടങ്ങി. പാര്‍ട്ടി നേതാക്കളെന്നോ പ്രവര്‍ത്തകരെന്നോ മാഫിയകളുടെ ചോറ്റുപട്ടാളമെന്നോ തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലുള്ള ആക്രമണം. ശിലായുഗത്തിലെ പ്രാകൃത മനുഷ്യരുടെ ആയുധം-കരിങ്കല്‍ച്ചീളുകള്‍ തലങ്ങും വിലങ്ങും എറിഞ്ഞു. അശോകസ്തംഭത്തിന്റെ മഹിമയറിയാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. പോലീസുകാരുടെ മുമ്പില്‍ വെച്ചു തന്നെ അക്രമികള്‍ നാടന്‍ ബോംബുകളെറിഞ്ഞു.

സമാധാനപരമായി സമരം ചെയ്യാനെത്തിയ യുവാക്കളുടെ ചോരചിന്തി. ഓടാനറിയാത്തവരായിരുന്നില്ല അവര്‍. സമരമുഖങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന ബോധ്യം ചീറിവരുന്ന കല്ലുകളെ തടഞ്ഞു. സ്വയം രക്ഷിച്ചും സഹപ്രവര്‍ത്തകരെ രക്ഷിച്ചും അവര്‍ സമരമുഖത്തുറച്ചുനിന്നു. അതിനിടയില്‍ എപ്പോഴോ ആണ്‌ അനൂപിന്റെ ജീവന്‍ തകര്‍ത്ത കരിങ്കല്‍ ചീളുകള്‍ ചീറിവന്നത്‌. തലക്ക്‌ മുന്നിലും പിന്നിലും പരിക്കേറ്റ അനൂപിനെയും കൊണ്ട്‌ അവര്‍ കുറ്റ്യാടി ഗവണ്‍മെന്റ്‌ ആശുപത്രിയിലേക്കും, പിന്നീട്‌ കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലേക്കും കുതിച്ചു. ബോധം നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ അനൂപിന്‌ അറിയേണ്ടിയിരുന്നത്‌ കൂടെ വന്നവരെല്ലാം സുരക്ഷിതരായി തിരിച്ചെത്തിയോ എന്നതായിരുന്നു. ചെവിക്കടുത്ത്‌ കടുത്ത വേദനയുണ്ടെന്ന്‌ പറഞ്ഞ അനൂപ്‌ പിന്നീട്‌ ബോധരഹിതനായി. അടിയന്തര ശുശ്രൂഷ, ശസ്ത്രക്രിയ… വെന്റിലേറ്ററില്‍ മൂന്ന്‌ ദിവസം. പിന്നീട്‌ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയപ്പോള്‍ കടുത്ത ശ്വാസതടസ്സം. രാത്രി 9.30 മണിയോടെ തെയ്യംകെട്ടിയാടിയിരുന്ന അനൂപ്‌ ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്ക്‌ യാത്രയായിരുന്നു.

നെട്ടൂരിലെ വെള്ളൊലിപ്പില്‍ കണാരന്റെ രണ്ടാമത്തെ മകന്‍ അനൂപ്‌ അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു. തോറ്റംപാട്ടിലും തിറയാട്ടത്തിലും കഴിവ്‌ തെളിയിച്ച അനൂപ്‌ കേരളത്തിനകത്തും പുറത്തും ഈ മേഖലയില്‍ പ്രസിദ്ധനായിരുന്നു. മുംബൈയിലും ന്യൂദല്‍ഹിയിലും തെയ്യമാടിയ അനൂപ്‌ അറിയ്പ്പെടുന്ന പാട്ടുകാരനുമായിരുന്നു. പാര്‍ട്ടി ഗ്രാമമായിരുന്ന നെട്ടൂരിനെ മാറ്റിയെടുക്കാന്‍ പ്രവൃത്തിച്ച നിരവധി സഹപ്രവര്‍ത്തകര്‍ക്ക്‌ പ്രചോദനമായിരുന്നു ആ യുവാവ്‌.വിവേകാനന്ദ ഗ്രാമസേവാസമിതിയിലൂടെ നിട്ടൂരിന്റെ മുഖച്ഛായ മാറ്റാന്‍ നടത്തുന്ന പരിശ്രമത്തിന്റെ പിന്നിലെ കരുത്തനായിരുന്നു അനൂപ്‌. എറണാകുളത്ത്‌ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്നതിനിടയില്‍ ലഭിക്കുന്ന ഓരോ ഇടവേളയിലും തന്റെ ഗ്രാമത്തിലെത്താന്‍ കൊതിപൂണ്ടിരുന്ന അനൂപ്‌ ശബരിമല തീര്‍ത്ഥാടത്തിനുള്ള ഒരുക്കത്തിലായിരുന്നു.

അനൂപിന്റെ ഭൗതികദേഹം അടക്കാന്‍പോലും ആ കുടുംബത്തിന്‌ മതിയായ ഭൂമിയുണ്ടായിരുന്നില്ല. അനൂപിന്റെ പിതാവ്‌ കണാരന്റെ സഹോദരന്‍ രവീന്ദ്രന്റെ പറമ്പിലാണ്‌ അനൂപിന്റെ ശവസംസ്കാരം നടത്തിയത്‌. സ്വന്തമായുള്ള പത്തു സെന്റില്‍ വീടുവെക്കാനുള്ള പരിശ്രമത്തിലായിരുന്നു ആ കുടുംബം. അത്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പ്‌ അനൂപ്‌ യാത്രയായി. സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആ യുവാവിന്റെ അന്തിമാഭിലാഷം സാക്ഷാത്കരിക്കാനാണ്‌ നിട്ടൂരിലെ യുവാക്കള്‍ ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അതിനുള്ള പരിശ്രമം നടക്കുന്നു. കുറ്റ്യാടി എസ്ബിടിയില്‍ 67200987681 എന്ന എക്കൗണ്ട്‌ നമ്പറില്‍ അവര്‍ മനുഷ്യസ്നേഹികളുടെ സാമ്പത്തികമായ പിന്തുണയും പ്രതീക്ഷിക്കുന്നു. പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം, ആ മേഖലയിലെ ജനസമൂഹങ്ങളുടെയും സംരക്ഷണം. അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മരിച്ചുവീണ അനൂപിന്റെ സ്വപ്നസാക്ഷാത്കാരത്തിനുള്ള പോരാട്ടമാണ്‌ ഇനി അവശേഷിക്കുന്നത്‌.

മാഫിയകള്‍ വാഴുന്ന മലയോരം
നരിപ്പറ്റ പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ തിനൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ടതാണ്‌ എടോനി മലപ്രദേശം. കുറ്റ്യാടി ഫോറസ്റ്റ്‌ റെയിഞ്ചിന്റെ പരിധിയില്‍പ്പെട്ട വനഭൂമിയോട്‌ ചേര്‍ക്കുന്ന പ്രദേശം കൂടിയാണിത്‌. ചെമ്പോത്തുംപൊയില്‍ എന്ന ചെറുതടാകം സ്ഥിതി ചെയ്യുന്നത്‌ ഇതിനടുത്താണ്‌. എടോനിമലയില്‍ നിന്നും ഉത്ഭവിച്ച്‌ മയ്യഴിപ്പുഴയില്‍ ചേരുന്ന രണ്ട്‌ തോടുകളാണ്‌ ഇരുമ്പംതടം, കണ്ടംചോല, മുള്ളമ്പത്ത്‌ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സും കൃഷിക്കാവശ്യമായ വെള്ളവും നല്‍കുന്നത്‌. 600 ഹെക്ടറോളം ഭൂമിയാണ്‌ എടോനി മലയായി അറിയപ്പെടുന്നത്‌. നീര്‍ത്തട പ്രദേശമെന്ന നിലയില്‍ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്താണ്‌ ഭൂമാഫിയ പിടിമുറുക്കിയത്‌.

എമറാള്‍ഡ്‌ റോക്ക്‌ പ്രൊഡക്ട്‌ എടോനി എന്ന കമ്പനിയാണ്‌ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്‌. തൃശൂര്‍ വാരിയം ലൈനിലുള്ള എസ്‌. രാമചന്ദ്രന്‍ എം.ഡിയായുള്ള കമ്പനിയാണ്‌ ഇത്‌. 13.7895 ഹെക്ടര്‍ ഭൂമിയിലാണ്‌ ക്രഷറിനും ക്വാറിക്കുമായി പഞ്ചായത്ത്‌ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്‌. 2011 മെയ്‌ 26ന്‌ പഞ്ചായത്ത്‌ ഭരണസമിതി നിബന്ധനകള്‍ക്ക്‌ വിധേയമായി കമ്പനിയുടെ പ്രവര്‍ത്തനത്തിന്‌ അനുവാദം നല്‍കുകയും ചെയ്തു. മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌, ജില്ലാ ആരോഗ്യവകുപ്പ്‌ തുടങ്ങിയ ഓഫീസുകളില്‍ നിന്ന്‌ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണമെന്നായിരുന്നു ഉപാധികള്‍. ഇതനുസരിച്ച്‌ 2011 മെയ്‌ 30ന്‌ എന്‍.ഒ.സി ഫീസിനത്തില്‍ 8500 രൂപ പഞ്ചായത്തില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന്‌ മേറ്റ്ല്ലാ വകുപ്പുകളില്‍ നിന്നുമുള്ള എന്‍.ഒ.സി പഞ്ചായത്തില്‍ സമര്‍പ്പിച്ചുവെന്നും ഫാക്ടറി പ്രവര്‍ത്തിക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ ഇല്ലെന്നുമാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ വാദം. റീസര്‍വ്വേ 123ല്‍ 1 എ, 159ല്‍ 1 എ എന്നീ നമ്പറുകളുളള ഭൂമിയാണ്‌ ക്രഷര്‍ ആരംഭിക്കാനായി അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌.

ശക്തമായ എതിര്‍പ്പാണ്‌ പ്രാദേശിക ജനതയില്‍ നിന്നുമുണ്ടായത്‌. ആറാംവാര്‍ഡ്‌ ഗ്രാമസഭ ചേര്‍ന്ന്‌ വന്‍കിട ക്രഷര്‍ യൂണിറ്റ്‌ ആരംഭിക്കാന്‍ എന്‍ഒസി അനുവദിച്ച നടപടി പുന:പരിശോധിക്കണമെന്ന്‌ പഞ്ചായത്തിനോട്‌ ആവശ്യപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന്‌ രൂപീകരിച്ച പ്രകൃതിസംരക്ഷണ സമിതി പ്രക്ഷോഭവും ബോധവല്‍ക്കരണവുമായി രംഗത്തുവന്നു. ഡോ. എ. അച്യുതന്റെ നേതൃത്വത്തിലുള്ള പഠനസംഘം പ്രദേശം സന്ദര്‍ശിക്കുകയും പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും ചെയ്തു.

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

എം. ബാലകൃഷ്ണന്‍ - ജന്മഭൂമി .

Twitter Delicious Facebook Digg Stumbleupon Favorites More