കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

വിചാരധാരയും ആഭ്യന്തര ഭീഷണികളും

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌?

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.

Thursday, November 22, 2012

കസബിലൊതുങ്ങുമോ കൊടുംഭീകരത ?


അങ്ങനെ നാല്‌ വര്‍ഷത്തിന്‌ ശേഷം, നിരപരാധികളായ 166 പേരുടെ ജീവന്‍ കവര്‍ന്ന്‌ കോടികളുടെ നഷ്ടമുണ്ടാക്കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്‌ ഇന്ത്യ ഉചിതമായ മറുപടി നല്‍കി. അജ്മല്‍ കസബെന്ന കൊടുംഭീകരനെ തൂക്കിലേറ്റിയത്‌ വഴി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനും ഭീകര സംഘടനകള്‍ക്കുമാണ്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കിയത്‌.കസബിനെ തൂക്കിലേറ്റിയ വാര്‍ത്ത ഒരേ വികാരത്തോടെയാണ്‌ രാജ്യം സ്വീകരിച്ചത്‌. നീതി നടപ്പിലാക്കിയ സന്തോഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിമാനത്തോടെ പങ്കുവച്ചു. ആക്രമണത്തിന്‌ ഇരയായവരുടെ ബന്ധുക്കളും ജീവന്‍ പണയം വെച്ച്‌ ഭീകരരെ കീഴ്പ്പെടുത്തിയവരും കസബിന്റെ വധത്തില്‍ ആശ്വസിച്ചു. എന്നാല്‍ 166 ജീവനുകള്‍ക്ക്‌ പകരമാകുമോ കസബിന്റെ ജീവനെന്ന ചോദ്യം ചിലരെങ്കിലും ചോദിക്കാതിരിക്കുന്നില്ല.  

മുഹമ്മദ്‌ അജ്മല്‍ ആമീര്‍ എന്ന കസബിനെ തൂക്കിലേറ്റിയത്‌ കൊണ്ട്‌ ഭീകരസംഘടനകളില്‍ നിന്ന്‌ ഇന്ത്യ നേരിടുന്ന ഭീഷണി അവസാനിക്കുന്നില്ല. മാരകായുധങ്ങളുമായി കസബിനെ ഇന്ത്യയിലേക്ക്‌ അയച്ചവര്‍ക്ക്‌ കസബിപ്പോഴും തുറുപ്പുചീട്ടാണ്‌. കസബെന്ന രക്തസാക്ഷിയുടെ പേരില്‍ അഭിമാനിക്കുന്ന ലഷ്ക്കറെ തോയ്ബ അടുത്ത വിശുദ്ധയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്‌. കസബ്‌ തങ്ങളുടെ ഹീറോയാണെന്നും കസബില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്ത്യയില്‍ ആക്രമണം തുടരുമെന്നുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമാണ്‌ കസബിന്റെ വധശിക്ഷ നടപ്പാക്കിയതറിഞ്ഞ ലഷ്ക്കറെ തോയ്ബ നടത്തിയത്‌. 

കസബിനെപ്പോലെ പെരുന്നാള്‍ ദിനത്തില്‍ വീട്‌ വിട്ടിറങ്ങുന്ന കൗമാരക്കാര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ധാരാളമുണ്ട്‌. നല്ല ഭക്ഷണവും വസ്ത്രവും കാട്ടി പ്രലോഭിപ്പിച്ച്‌ ഇവരുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ കാത്തുനില്‍ക്കുന്ന കൊടും ഭീകരര്‍ സുരക്ഷിതരായി കഴിയുന്ന കാലത്തോളം ഒന്നും അവസാനിക്കുന്നില്ല. രാഷ്ട്രീയമായും സാമ്പത്തികമായും സാമുദായികമായും ഏറെ വളര്‍ന്ന ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളാണ്‌ രാജ്യസുരക്ഷക്ക്‌ നിര്‍ണ്ണായകമാകുന്നത്‌. കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മനുഷ്യാവകാശത്തിന്റെയോ നിയമത്തിന്റെ നൂലിഴകളിലോ കസബിന്റെ ആയുസ്സ്‌ നീട്ടാന്‍ പഴുതൊരുങ്ങിയേനെ.ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ രാവൊടുങ്ങുവോളം ചര്‍ച്ച നടത്തി ജനങ്ങളെ ആശയക്കുഴപ്പിത്തിലാക്കാനും അത്‌ വഴിയൊരുക്കുമായിരുന്നു. എന്തായാലും അക്കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചു, ഈച്ചപോലുമറിയാതെ കാര്യങ്ങള്‍ നടപ്പിലാക്കി. കസബിനെ തൂക്കിലേറ്റിയത്‌ വഴി ലഷ്ക്കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കും പാക്‌ സര്‍ക്കാരിനും ശക്തമായ മുന്നറിയിപ്പാണ്‌ സര്‍ക്കാര്‍ നല്‍കിയതെന്നാണ്‌ പൊതുവേ വിലയിരുത്തപ്പെടുന്നത്‌. 


അള്ളാഹുവാണെ ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന്‌ കഴുമരത്തിന്‌ മുന്നില്‍ നിന്ന്‌ കസബ്‌ പറയുമ്പോള്‍ അതൊരുപാട്‌ വൈകിപ്പോയിരുന്നു. തിരുത്താന്‍ ഇനിയൊരു ജീവിതമില്ലാതെ കഴുമരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രായശ്ചിത്തത്തിന്‌ എന്തര്‍ത്ഥമെന്ന്‌ തോന്നിയേക്കാം. പക്ഷേ കസബ്‌ പുറത്തുവിട്ട എല്ലാ വെളിപ്പെടുത്തലുകള്‍ക്കും അപ്പുറം ശക്തവും ഉള്ളുലയ്ക്കുന്നതുമായി അയാളുടെ അവസാനവാക്കുകള്‍. മതത്തിന്റെ പേരില്‍ തീവ്രവാദത്തിലേക്ക്‌ കടക്കുന്നവര്‍ക്കുള്ള സന്ദേശമാണിത്‌. വില്‍പത്രവും അന്തിമാഭിലാഷവുമില്ലെന്ന്‌ പറഞ്ഞ കസബ്‌ അവസാനമായി ഉരുവിട്ട വാക്കുകള്‍ വിശുദ്ധയുദ്ധത്തിന്റെ പേരില്‍ തോക്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാര്‍ക്കുമുള്ള സന്ദേശമാണ്‌. പിശാച്‌ ബാധിച്ച മനസ്സുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന നേതാക്കളുടെ മനസ്സില്‍ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ഇടിനാദം പോലെ ചെന്നുവീഴണം കസബിന്റെ വാക്കുകള്‍. 

മതാന്ധതയുടെ പേരില്‍ കൊടുംക്രൂരതകാട്ടിയ കുറ്റവാളിയോടുപോലും ഇന്ത്യ ജനാധിപത്യമര്യാദ കാണിച്ചതില്‍ അഭിമാനിക്കാം. നീതിന്യായവ്യവസ്ഥയും കസബിന്‌ എല്ലാ മാന്യതയും നല്‍കി. നീതി പൂര്‍വ്വമായ വിചാരണയെന്ന്‌ അമേരിക്ക പ്രസ്താവന നടത്തി. ഗാന്ധിയനായ അണ്ണ ഹസാരെ പോലും പറഞ്ഞുപോയി കസബിനെ പരസ്യമായി തൂക്കിക്കൊല്ലണമായിരുന്നെന്ന്‌. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാകും അതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറ്റവാളികളെ ജനസാന്ദ്രതയുള്ള പൊതുസ്ഥലങ്ങളിലെ കല്‍ത്തുറുങ്കില്‍ പരസ്യമായി തടവിലിടുന്ന ചാണക്യനീതി നടപ്പാക്കാന്‍ എന്തായാലും ഇന്ത്യന്‍ ഭരണഘടന അനുവദിക്കില്ല. ശിക്ഷ നടപ്പാക്കുന്നത്‌ വൈകിയെന്നായിരുന്നു പരക്കെയുയര്‍ന്ന മറ്റൊരു ആക്ഷേപം. മതരാഷ്ട്രീയ ഭേദമില്ലാതെയാണ്‌ കസബിന്റെ വധം സ്വാഗതം ചെയ്യപ്പെട്ടത്‌. അതിര്‍ത്തി കടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വളരെ വൈകിയാണെങ്കിലും വധശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും ജമാഅത്ത്‌ ഉലേമ ഇ ഹിന്ദിന്റെ മഹാരാഷ്ട്ര യൂണിറ്റ്‌ സെക്രട്ടറി ഗുല്‍സാര്‍ അസ്മി പറഞ്ഞു. രാജ്യത്തിന്റെ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാംമത വിശ്വാസമനുസരിച്ചുള്ള പെരുമാറ്റരീതിയും കസബ്‌ ലംഘിച്ചെന്ന്‌ മുസ്ലീം മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടു. 

ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കസബിന്‌ നാല്‌ വര്‍ഷം ധാരാളമായിരുന്നു. കഴുമരത്തെ നേരിടാന്‍ എന്നേ അയാള്‍ തയ്യാറായിക്കഴിഞ്ഞിരിക്കും. പക്ഷേ കസബിനെ അയച്ചവര്‍ ഇന്നും സുരക്ഷിതരാണ്‌. മുന്നില്‍ വരുന്നവരെ അവസാന ശ്വാസം വരെ കൊന്നൊടുക്കാനാണ്‌ തനിക്ക്‌ കിട്ടിയ നിര്‍ദ്ദേശമെന്ന്‌ കസബ്‌ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്ക്കായി നിയോഗിച്ച പത്തുപേരില്‍ ഒരാളെ പോലും അയച്ചവര്‍ തിരികെ പ്രതീക്ഷിച്ചിട്ടില്ല. ഈശ്വരനിശ്ചയം മറ്റൊന്നായതിനാല്‍ കണക്കുകൂട്ടല്‍ അല്‍പ്പം തെറ്റി. ആരയച്ചെന്നും എന്തിനെന്നും പറയാന്‍ കസബ്‌ ബാക്കിയാകണമെന്നായിരുന്നു ഈശ്വരനിയോഗം. തത്ത പറയുംപോലെ എല്ലാം തുറന്നു പറഞ്ഞു അജ്മല്‍ കസബ്‌. 

കൂട്ടുകാരുമായി ചേര്‍ന്ന്‌ ചെറുമോഷണങ്ങള്‍ നടത്തി കഴിഞ്ഞിരുന്ന കസബിനെ അറിഞ്ഞോ അറിയാതെയോ ഭീകരരുടെ സങ്കേതത്തിലെത്തിച്ചത്‌ സ്വന്തം പിതാവ്‌ തന്നെയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ കസബ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജോലി ശരിയാക്കാമെന്ന്‌ കസബിന്റ പിതാവ്‌ ആമീര്‍ ഷഹ്ബാന്‌ ഉറപ്പ്‌ നല്‍കിയത്‌ ലഷ്ക്കര്‍ പ്രവര്‍ത്തകനായിരുന്നു. കുടുംബത്തിന്റെ ദാരിദ്യം ചൂണ്ടിക്കാട്ടി പിതാവാണ്‌ അയാള്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന്‌ കസബ്‌ പറഞ്ഞിരുന്നു. ലഷ്ക്കറെ പ്രവര്‍ത്തകന്‍ നല്‍കിയ രസീതുമായി മുരിട്കെയിലെ പരിശീലന ക്യാമ്പിലെത്തിയതും ദൗര ആം എന്ന പേരില്‍ 21 ദിവസത്തെ പരിശീലനം അവിടെനിന്ന്‌ ലഭിച്ചെന്നും കസബ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വിശദീകരിച്ചിരുന്നു. 

ദൗര ആമിന്‌ ശേഷം വീണ്ടും 21 ദിവസത്തെ പരിശീലനം. പിന്നീട്‌ മറ്റൊരു ഗ്രാമത്തില്‍ ആയുധ പരിശീലനം. മുസാഫറാബാദിന്‌ സമീപമുള്ള ക്യാമ്പില്‍ നിന്നായിരുന്നു ദൗരാ ഖാസ്‌ എന്ന പേരില്‍ ഗ്രനേഡും ഷെല്ലും ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള മൂന്ന്‌ മാസത്തെ പരിശീലനം. പരിശീലനം നല്‍കിയ 32 പേരില്‍ 16 പേരെ മുംബൈ ആക്രമണത്തിനായി തെരഞ്ഞെടുത്തു. മൂന്ന്‌ പേര്‍ പരിശീലനക്യാമ്പില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അവശേഷിച്ച പതിമൂന്ന്‌ പേരില്‍ പത്ത്‌ പേര്‍ക്ക്‌ നറുക്ക്‌. വീണ്ടും ഇവര്‍ക്ക്‌ കടലില്‍ പരിശീലനം. സെപ്തംബര്‍ 27 ന്‌ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ എന്തോ കാരണത്താല്‍ നവംബറിലേക്ക്‌ മാറ്റുകയായിരുന്നെന്നും കസബ്‌ നല്‍കിയ വിവരങ്ങളില്‍ പറയുന്നു. 

കസബിന്റെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന്‌ പാക്‌ താലിബാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ മൃതദേഹം വിട്ടുതരില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെവിടെയും ആക്രമണം നടത്തുമെന്നാണ്‌ അങ്കക്കലി പൂണ്ട താലിബാന്‍ ഭീകരരുടെ ഭീഷണി. ഇതിനെ തകര്‍ക്കാനും ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്ത്‌ ഒരാള്‍ക്ക്‌ പോലും ഒരു പോറല്‍ പോലും പറ്റാതെ കാത്തുസൂക്ഷിക്കാനും ഇന്ത്യക്ക്‌ കഴിയണം. ആക്രമണത്തിന്റെ യഥാര്‍ത്ഥ ആസൂത്രകര്‍ പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയുടെ ബലത്തില്‍ സുരക്ഷിതരായി കഴിയുകയാണ്‌. 

ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്‌ ഇനി ഇന്ത്യ ഏറ്റെടുക്കേണ്ട ദൗത്യം. അബോട്ടാബാദില്‍ നേരിട്ടിറങ്ങി ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ കഴിഞ്ഞ അമേരിക്കയുടെ ശക്തി ഇന്ത്യക്കില്ല. എന്നാല്‍ സുശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവമുണ്ട്‌. ചുരുക്കത്തില്‍ വയറുനിറയെ ഭക്ഷണവും കൈ നിറയെ പണവും നല്‍കി യുദ്ധം ചെയ്ത്‌ സ്വര്‍ഗത്തില്‍ പോകാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന ഭീകരസംഘടനകളുടെ വേരുകള്‍ പിഴുതെറിയാതെ ഭീകരതക്ക്‌ അവസാനമാകില്ല.

മതംമാറ്റി കൗണ്‍സിലിംഗ്‌ നടത്തി ഒരുവനെ ഭീകരവാദിയാക്കാമെങ്കില്‍ വേണ്ട സമയത്ത്‌ നല്ല മാര്‍ഗദര്‍ശനവും സുരക്ഷിതത്വവും നല്‍കി അവനെ നേര്‍വഴിക്ക്‌ നയിക്കാനും കഴിയും. അറിഞ്ഞോ അറിയാതെയോ ഭീകരസംഘടനകളിലെത്തി ഒരു ചെറുപ്പക്കാരനും ആയുധമെടുക്കാതിരിക്കട്ടെ. അജ്മല്‍ കസബെന്ന 25കാരന്റെ അനുഭവം ലോകമെങ്ങുമുള്ള ചെറുപ്പക്കാര്‍ക്ക്‌ വലിയ പാഠമാകണം. ഏത്‌ ദാരിദ്ര്യത്തിലും കഷ്ടതയിലും ചോര്‍ന്നുപോകാത്ത ആത്മവീര്യവുമായി രാജ്യത്തിന്‌ അഭിമാനമായി ജീവിക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെ.

 രതി എ.കുറുപ്പ്‌   (ജന്മഭൂമി )

Tuesday, November 20, 2012

കുടിലമായ ചരിത്രത്തിന്‍റെ പുനര്‍വായന - 1: ടിപ്പു- രണ്ടാള്‍വംശത്തിലെ അഴിമതിയുടെ സന്താനം

ചരിത്രം പലപ്പോഴും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെ കയ്യിലെ കളിപ്പാട്ടമാകുന്നു. മഹാഭാരതത്തില്‍ കൃഷ്ണന്‍ യുധിഷ്ടിരന് ഇങ്ങനെ ഒരു ഉപദേശം നല്‍കുന്നുണ്ട്-  യുദ്ധം ചെയ്തുവിജയിച്ചില്ല എങ്കില്‍ ദുര്യോധനന്‍ നാളെ ചരിത്രകാരന്മാരെക്കൊണ്ട് ചരിത്രം മാറ്റിയെഴുതിക്കും എന്ന്.  ഗീതയിലൂടെ ഒരു നാടിന്‍റെ ധാര്‍മ്മികമായ ലക്ഷ്യങ്ങളെ പരിവര്‍ത്തനം ചെയ്ത മഹാമനീഷി അന്ന് മനസ്സില്‍കണ്ടത്, ഇന്ന് ബൌദ്ധികമായുള്ള യുദ്ധം ആയി ഭാരതീയനെ തുറിച്ചുനോക്കുന്നുണ്ട്.  പ്രത്യയശാസ്ത്രങ്ങളുടെ ആവേശങ്ങളില്‍ നാടിനെയും നാട്ടാരെയും മറക്കുന്നവര്‍, ചരിത്രം മാറ്റിയെഴുതുന്നു. അതില്‍ ക്രൂരന്മാര്‍ വീരന്മാരും ദേശാഭിമാനികളും ആയി ചിത്രീകരിക്കപ്പെടുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് ടിപ്പു എന്ന ഒരു 'സുല്‍ത്താന്‍റെ' ചരിതവും, അയാളുടെ മഹത്വവല്‍ക്കരണത്തിനായുള്ള പലരുടെയും വാഴ്ത്തുക്കളും.

ഹൈദര്‍ എന്ന അവിശ്വസ്തനായ ഒരു മുന്‍ മൈസൂര്‍ സൈനികമേധാവിയുടെ മകന്‍ ആണ് ടിപ്പു എന്ന് പറയപ്പെടുന്നു.  ചരിത്രത്തിന്‍റെ സങ്കീര്‍ണമായ നാള്‍വഴികളില്‍ ഈ സൈനികമേധാവി ഒരുനാള്‍ രാജ്യഭരണം ഏറ്റെടുക്കുന്നു . ഒരാള്‍ രാജ്യഭാരം എടുക്കുന്നു എന്നത് അത്ര പുതുമയുള്ള കാര്യമല്ല. ആ നിലക്ക് ഹൈദര്‍ ഭരണം ഏറ്റെടുത്താല്‍ അത് വലിയൊരുതെറ്റല്ല. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്‍കാലങ്ങളില്‍ എപ്പോഴോ പോര്‍ക്കളത്തില്‍ വീണ ഈ രക്ഷസ്സിനെക്കൊണ്ട് ഇന്ന് ഇത് ചര്‍ച്ച ചെയ്യിക്കണം എങ്കില്‍, ആ രാജ്യഭരണം ഏറ്റെടുക്കല്‍ എന്തൊക്കെയോ കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണെന്നും, അതിന്‍റെ പുനരാഘാതങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നുംവേണം പറയാന്‍.

അതേ, അതവസാനിച്ചിരുന്നില്ല.  വിധിയുടെ വൈപരീത്യം ആ സൈനികമേധാവിയെ കേരളത്തിലേക്ക് ഒരു യുദ്ധതര്‍ക്കം തീര്‍ക്കാനായി എത്തിച്ചു.  പിന്നെയുണ്ടായത് കിരാതത്വത്തിന്‍റെ കരാളനൃത്തമായിരുന്നു.  ഒരു ജനതയുടെ കഷ്ടപ്പാടുകളുടെ നാളുകള്‍ ആയിരുന്നു.  ഒരു സംസ്കൃതിയുടെ അന്ത്യമായിരുന്നു.  കേരളസംസ്കാരത്തിന്‍റെ മുഖമുദ്രയായ മതേതരത്വത്തിന്‍റെ മരണമണി മുഴങ്ങലായിരുന്നു.  സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചു പോയിരുന്ന ഒരു ജനതയെ, വഴികളിലും, കിണറുകളിലും, അമ്പലമുറ്റങ്ങളിലും നിറഞ്ഞും പരന്നും ഒഴുകിയും കിടക്കുന്ന കബന്ധങ്ങളും, കപാലങ്ങളും, കങ്കാളങ്ങളുമാക്കി മാറ്റലായിരുന്നു.   അവയപ്പെറ്റി പറഞ്ഞാല്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന അസ്ഥികള്‍പോലും ഇപ്പോഴും പ്രതികാരവാന്‍ഞ്ചയില്‍ സ്പന്ദിക്കും.  കാരണം, മൈസ്സൂരിലുണ്ടായ നിസ്സാരമായ ഒരു ഭരണമാറ്റത്തിന്‍റെ പ്രതിഫലനവും അലയൊലികളും അത്ര ഭയാനകമായിരുന്നു.  രാജ്യസ്നേഹികള്‍ എന്ന് ഇന്ന് വാഴ്ത്തപ്പെടുന്നവര്‍ രാജ്യത്തെ ഇംഗ്ലീഷുകാരന് പൂര്‍ണമായി അധീനപ്പെടുത്താന്‍ വഴിവച്ചതുപോലും ആ ചെറിയ സംഭവത്തിന്‍റെ പരിണിതിയായിരുന്നു.

ആരായിരുന്നു ഈ ഹൈദര്‍?  തുടക്കത്തില്‍ മൈസൂര്‍ സൈന്യത്തിലെ ഒരു സാധാരണ ശിപായി.  കയ്യൂക്കും തന്ത്രവും ആണ് സൈന്യത്തില്‍ ഉയരാനും യുദ്ധത്തില്‍ ജയിക്കാനും ആവശ്യമായ മാനദണ്ഡങ്ങള്‍. അവ വേണ്ടത്ര ഉണ്ടായിരുന്നവനും, അക്ഷാരാഭ്യാസ്സം ഒട്ടും ഇല്ലാതിരുന്നവനും ആയ ഒരു പോരാളി ആയിരുന്നു ഹൈദര്‍.  മൈസൂര്‍സൈന്യത്തിലെ ഒരു ചെറിയ ഡിവിഷന്‍റെ ചുമതലയില്‍ ഇരിക്കുമ്പോള്‍, ഒരു യുദ്ധത്തില്‍ കാണിച്ച തന്ത്രവും കൌശലവും നിമിത്തം രാജാവ് ശ്രദ്ധിക്കാനിടയായ ഒരു സൈനികന്‍.  മിടുക്കനെ ഉയര്‍ത്തണം എന്നത് മാനേജ്മെന്‍റ് തത്വവും തന്ത്രവുമാണ്.  മതേതരമായ മൂല്യങ്ങള്‍ക്ക് എന്നും വിലകല്‍പ്പിച്ച മൈസൂര്‍ മഹാരാജാവ്, ഹൈദറില്‍ കണ്ട യുദ്ധനിപുണതയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ട് അയാളെ സൈനിക മേധാവിയാക്കി.  ഇതോടെ കഥ മാറുന്നു.

ഭാരതത്തില്‍ സൈനികരംഗത്തെ അഴിമതികള്‍ ഇപ്പോള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നുണ്ട്.  ഒരു പുതിയ കാര്യം പോലെ നാം അത് സാകൂതം വായിക്കുന്നു. ചിലപ്പോള്‍ ചര്‍ച്ച ചെയ്യുന്നു.  ഇന്ത്യയില്‍ സൈനികമേഖലയിലെ, സൈന്യത്തിലെ, അഴിമതിയുടെ പിതാവായി അറിയേണ്ടത്, ചരിത്രപരമായ രേഖകളുടെ പശ്ചാത്തലത്തില്‍ ആരാണോ ഇങ്ങനെയൊന്ന് തുടങ്ങിവച്ചതായി പറയുന്നത്, അയാളെ ആണ്.  അങ്ങനെ എങ്കില്‍ ആ സ്ഥാനം ലഭിക്കുന്നത് മറ്റാര്‍ക്കുമല്ല, സാക്ഷാല്‍ ഹൈദര്‍ക്ക് തന്നെ. യുദ്ധത്തില്‍ എന്നപോലെ പ്രായോഗികജീവിതത്തിലും  കുടിലതന്ത്രങ്ങളുടെ ആശാന്‍ ആയിരുന്ന ഹൈദര്‍, യുദ്ധരഹിതമായ ഇടവേളകളില്‍ ചെയ്തത്,സൈന്യത്തിന്‍റെ കണക്കപ്പിള്ളയെ സ്വാധീനിക്കുകയും, തെറ്റായ ചെലവുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തി, സൈനികച്ചെലവുകള്‍ റിക്കാര്‍ഡുകളില്‍ തിരുത്തിപ്പിച്ച് പണം അടിച്ചു മാറ്റുകയും ആയിരുന്നു.  അതിശക്തമായ ഒരു സൈന്യം ഉണ്ടായിരുന്ന, ഐശ്വര്യസമ്പൂര്‍ണമായിരുന്ന മൈസൂര്‍രാജ്യത്തിന്‍റെ സമ്പത്തിലെ സൈനികച്ചെലവുകള്‍ക്കായുള്ള ഭീമമായ തുകകള്‍ ഇരുവരും ചേര്‍ന്ന് മാറ്റിയപ്പോള്‍, ഹൈദറിന് കിട്ടിയത് തന്‍റെ ദുര്‍മ്മോഹങ്ങള്‍ നടപ്പിലാക്കാനുള്ള മൂലധനം ആയിരുന്നു. അവിടെ തുടങ്ങുന്നു ചരിത്രത്തിലെ മറ്റൊരു ദുര്‍ദ്ദിശയിലേക്കുള്ള ഒഴുക്കും, കേരളഭൂമികണ്ട ഏറ്റവും ഭീകരവും രക്തരൂഷിതവുമായുള്ള കാലത്തിലേക്കുള്ള ഗമനവും.

സൈന്യത്തിലെ അഴിമതിയിലൂടെ സമ്പാദിച്ച ധനത്തെ ഹൈദര്‍ ഉപയോഗിച്ചത് തന്‍റെ നാളെകള്‍ക്കുള്ള മൂലധനമായിട്ടായിരുന്നു.  ആ പണം ഉപയോഗിച്ച്, അയാള്‍ സൈന്യത്തിലെ പല ഉന്നതന്മാരെയും കൈയ്യിലാക്കി. ധനവും സ്ഥാനങ്ങളും മോഹിപ്പിച്ച് ഉന്നതസൈനിക ഉദ്യോഗസ്ഥരെക്കൊണ്ട് പല നാളുകളായി നടത്തിയ നിശ്ശബ്ദമായ സൈനികവിപ്ലവത്തില്‍, ഹൈദര്‍ അലിഖാന്‍ എന്ന സൈനികത്തൊഴിലാളി മൈസൂര്‍ രാജ്യഭരണം പതിയെ ഏറ്റെടുത്തു.

ഹൈദര്‍ സത്യത്തില്‍ ചെയ്തത്, ഒറ്റയടിക്ക് രാജകൊട്ടാരത്തില്‍ കടന്നുകയറി രാജാവിനെയും കുടുംബാംഗങ്ങളെയും തടവിലാക്കുകയോ കൊല്ലുകയോ ചെയ്ത്, ഭരണക്കാരന്‍ ആകുകയല്ലായിരുന്നു.  രാജാവ് രാജാവായിത്തന്നെ ഇരുന്നു. കാര്യങ്ങള്‍ ഹൈദര്‍ അയാളുടെ വരുതിയിലേക്ക് വരുത്തി പതിയെപ്പതിയെ നിയന്ത്രണം ഏറ്റെടുത്തു.  മതപരമായി സംഖ്യയുടെ ഒരു  അനുപാതം നോക്കിയാല്‍, മൈസൂര്‍ രാജ്യത്ത് അന്നത്തെ ജനസംഖ്യയില്‍ വെറും അഞ്ചുശതമാനം മാത്രമേ ഹൈദരുടെ മതക്കാരായ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. സൈന്യവും ഹിന്ദുഭൂരിപക്ഷം.  രാജാവിനെ കൊല്ലുന്നതോ തടവിലാക്കുന്നതോ പോയിട്ട്, സ്വയം രാജാവോ സുല്‍ത്താനോ ആയി പ്രഖ്യാപിക്കുക പോലും ഹൈദര്‍ ചെയ്തില്ല.  അതായിരുന്നു ഹൈദരുടെ പ്രായോഗിക ബുദ്ധി. വോഡയാര്‍ രാജാവായിത്തന്നെ ഇരിക്കുകയും, താന്‍ കാര്യക്കാരന്‍ ആയി നില്‍ക്കുന്നു എന്ന് ജനങ്ങളെ ധരിപ്പിക്കുയും, എന്നാല്‍ ഭരണം, സൈനികനിയന്ത്രണം എന്നിവ തന്‍റെ മാത്രമായ ചൊല്‍പ്പടികളില്‍ നിര്‍ത്തുകയും ചെയ്യുന്ന തന്ത്രം.  ഇതുഫലിച്ചു. രാജാവിനെയും രാജകുടുംബത്തെയും ഈശ്വരതുല്യം ഇഷ്ടപ്പെട്ടിരുന്ന മൈസൂര്‍ ജനത, രാജാവിന് അപകടമൊന്നും വരാത്തതിനാലും, രാജ്യരഹസ്യങ്ങള്‍ പലപ്പോഴും പുറമേ അറിയാതിരുന്നതിനാലും, പ്രതികരിച്ചില്ല.  അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധതലങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ എപ്പോഴും ഉണ്ടായിരുന്നതിനാല്‍, ജനത പ്രത്യേകിച്ചും ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതുമില്ല.  ചതിയന്‍ ആണ് ഹൈദര്‍ എന്ന് മനസ്സിലാക്കിത്തുടങ്ങിയ രാജാവ്, തനിക്കും കുടുംബത്തിനും പ്രജകള്‍ക്കും അപകടങ്ങള്‍ വരാതിരിക്കാന്‍ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയും ചെയ്തു.

ഇത്തരം ഒരു സംഭവഗതിയുടെ സന്തതികള്‍ ആണ് ഭരണകാര്യക്കാരന്‍ ആയ ഹൈദരും സുല്‍ത്താനായി മാറിയ ടിപ്പുവും. ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ അഴിമതിയുടെ കയ്ക്കുന്ന ഫലങ്ങള്‍.  മഹാന്മാരായ ഭരണാധികാരികള്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന ഈ രണ്ടു പേരും, അധികാരത്തില്‍ എത്താന്‍ സ്വീകരിച്ചത് അഴിമതിയായിരുന്നു.  അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മകനും അഴിമതിക്കാരനും പിതാവിനേക്കാള്‍ വലിയ ധനമോഹിയും ആണെന്ന് തെളിയിക്കുകയും ഉണ്ടായി.  ഹൈദര്‍ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം സംഭരിച്ച കൊള്ളമുതലുകള്‍ മകനായ ടിപ്പു അടിച്ചുമാറ്റുകയും സ്വന്തം ഭോഗപരമായ ഉപയോഗങ്ങള്‍ക്ക് എടുക്കുകയും ചെയ്തതിനെ ഹൈദര്‍ക്കുതന്നെ വിമര്‍ശിക്കേണ്ടി വന്നത് വിഷത്തിന്‍റെ സന്തതികള്‍ വിഷമേ ഭക്ഷിക്കൂ എന്നതിന് ചരിത്രം നല്‍കുന്ന തെളിവാണ്.  കൂടാതെ, ഹൈദര്‍ മരിച്ചശേഷം അധികാരം ഏറ്റെടുത്ത ടിപ്പു, ഭരണകാലങ്ങളില്‍ താന്‍ ആക്രമിക്കാന്‍ പോകുന്ന രാജ്യങ്ങളിലെ രാജാക്കന്മാരെ ഭീഷണിപ്പെടുത്തി കണക്കില്‍ക്കൊള്ളാത്ത ധനം സ്വരൂപിച്ചതും അവര്‍ക്കയച്ച കത്തുകളില്‍നിന്നും വെളിപ്പെടുന്നു.  ഹൈദരിന്‍റെ ശവകുടീരത്തിന്‍റെ വാതിലുകള്‍ കൊള്ളമുതലിലെ സ്വര്‍ണംകൊണ്ട് പൊതിഞ്ഞിരുന്നത്, ശ്രീരംഗപട്ടണം കീഴടക്കിയ ഇംഗ്ലീഷ് സൈന്യം അടിച്ചുമാറ്റിക്കൊണ്ടുപോയി എന്ന് ഇന്നും അവിടെ ചെല്ലുമ്പോള്‍ വിലപിക്കുന ടൂറിസ്റ്റ് ഗൈഡിന്‍റെ രോദനത്തില്‍നിന്നും തെളിയുന്നു.  ആത്യന്തികമായി, ഭരണക്കാരായി രണ്ടേരണ്ടുപേര്‍ മാത്രം ഭരിച്ച ഒരു വംശവൃക്ഷം അതിന്‍റെ വളമായി സ്വീകരിച്ചത് അഴിമതിയിലൂടെയും കൊള്ളയിലൂടെയും സ്വരൂപിച്ച ധനം മാത്രമായിരുന്നു എന്ന് ചരിത്രം അതിന്‍റെ രേഖകളിലൂടെ തെളിയിക്കുന്നുണ്ട്.

വീരരക്ഷസ് .


( തുടരും )

Twitter Delicious Facebook Digg Stumbleupon Favorites More