Thursday, November 22, 2012

കസബിലൊതുങ്ങുമോ കൊടുംഭീകരത ?


അങ്ങനെ നാല്‌ വര്‍ഷത്തിന്‌ ശേഷം, നിരപരാധികളായ 166 പേരുടെ ജീവന്‍ കവര്‍ന്ന്‌ കോടികളുടെ നഷ്ടമുണ്ടാക്കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്‌ ഇന്ത്യ ഉചിതമായ മറുപടി നല്‍കി. അജ്മല്‍ കസബെന്ന കൊടുംഭീകരനെ തൂക്കിലേറ്റിയത്‌ വഴി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനും ഭീകര സംഘടനകള്‍ക്കുമാണ്‌ ഇന്ത്യ മുന്നറിയിപ്പ്‌ നല്‍കിയത്‌.കസബിനെ തൂക്കിലേറ്റിയ വാര്‍ത്ത ഒരേ വികാരത്തോടെയാണ്‌ രാജ്യം സ്വീകരിച്ചത്‌. നീതി നടപ്പിലാക്കിയ സന്തോഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിമാനത്തോടെ പങ്കുവച്ചു. ആക്രമണത്തിന്‌ ഇരയായവരുടെ ബന്ധുക്കളും ജീവന്‍ പണയം വെച്ച്‌ ഭീകരരെ കീഴ്പ്പെടുത്തിയവരും കസബിന്റെ വധത്തില്‍ ആശ്വസിച്ചു. എന്നാല്‍ 166 ജീവനുകള്‍ക്ക്‌ പകരമാകുമോ കസബിന്റെ ജീവനെന്ന ചോദ്യം ചിലരെങ്കിലും ചോദിക്കാതിരിക്കുന്നില്ല.  

മുഹമ്മദ്‌ അജ്മല്‍ ആമീര്‍ എന്ന കസബിനെ തൂക്കിലേറ്റിയത്‌ കൊണ്ട്‌ ഭീകരസംഘടനകളില്‍ നിന്ന്‌ ഇന്ത്യ നേരിടുന്ന ഭീഷണി അവസാനിക്കുന്നില്ല. മാരകായുധങ്ങളുമായി കസബിനെ ഇന്ത്യയിലേക്ക്‌ അയച്ചവര്‍ക്ക്‌ കസബിപ്പോഴും തുറുപ്പുചീട്ടാണ്‌. കസബെന്ന രക്തസാക്ഷിയുടെ പേരില്‍ അഭിമാനിക്കുന്ന ലഷ്ക്കറെ തോയ്ബ അടുത്ത വിശുദ്ധയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്‌. കസബ്‌ തങ്ങളുടെ ഹീറോയാണെന്നും കസബില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്ത്യയില്‍ ആക്രമണം തുടരുമെന്നുമുള്ള ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമാണ്‌ കസബിന്റെ വധശിക്ഷ നടപ്പാക്കിയതറിഞ്ഞ ലഷ്ക്കറെ തോയ്ബ നടത്തിയത്‌. 

കസബിനെപ്പോലെ പെരുന്നാള്‍ ദിനത്തില്‍ വീട്‌ വിട്ടിറങ്ങുന്ന കൗമാരക്കാര്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ധാരാളമുണ്ട്‌. നല്ല ഭക്ഷണവും വസ്ത്രവും കാട്ടി പ്രലോഭിപ്പിച്ച്‌ ഇവരുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ കാത്തുനില്‍ക്കുന്ന കൊടും ഭീകരര്‍ സുരക്ഷിതരായി കഴിയുന്ന കാലത്തോളം ഒന്നും അവസാനിക്കുന്നില്ല. രാഷ്ട്രീയമായും സാമ്പത്തികമായും സാമുദായികമായും ഏറെ വളര്‍ന്ന ഇവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളാണ്‌ രാജ്യസുരക്ഷക്ക്‌ നിര്‍ണ്ണായകമാകുന്നത്‌. കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മനുഷ്യാവകാശത്തിന്റെയോ നിയമത്തിന്റെ നൂലിഴകളിലോ കസബിന്റെ ആയുസ്സ്‌ നീട്ടാന്‍ പഴുതൊരുങ്ങിയേനെ.ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ രാവൊടുങ്ങുവോളം ചര്‍ച്ച നടത്തി ജനങ്ങളെ ആശയക്കുഴപ്പിത്തിലാക്കാനും അത്‌ വഴിയൊരുക്കുമായിരുന്നു. എന്തായാലും അക്കാര്യത്തില്‍ സര്‍ക്കാര്‍ വിജയിച്ചു, ഈച്ചപോലുമറിയാതെ കാര്യങ്ങള്‍ നടപ്പിലാക്കി. കസബിനെ തൂക്കിലേറ്റിയത്‌ വഴി ലഷ്ക്കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കും പാക്‌ സര്‍ക്കാരിനും ശക്തമായ മുന്നറിയിപ്പാണ്‌ സര്‍ക്കാര്‍ നല്‍കിയതെന്നാണ്‌ പൊതുവേ വിലയിരുത്തപ്പെടുന്നത്‌. 


അള്ളാഹുവാണെ ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന്‌ കഴുമരത്തിന്‌ മുന്നില്‍ നിന്ന്‌ കസബ്‌ പറയുമ്പോള്‍ അതൊരുപാട്‌ വൈകിപ്പോയിരുന്നു. തിരുത്താന്‍ ഇനിയൊരു ജീവിതമില്ലാതെ കഴുമരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രായശ്ചിത്തത്തിന്‌ എന്തര്‍ത്ഥമെന്ന്‌ തോന്നിയേക്കാം. പക്ഷേ കസബ്‌ പുറത്തുവിട്ട എല്ലാ വെളിപ്പെടുത്തലുകള്‍ക്കും അപ്പുറം ശക്തവും ഉള്ളുലയ്ക്കുന്നതുമായി അയാളുടെ അവസാനവാക്കുകള്‍. മതത്തിന്റെ പേരില്‍ തീവ്രവാദത്തിലേക്ക്‌ കടക്കുന്നവര്‍ക്കുള്ള സന്ദേശമാണിത്‌. വില്‍പത്രവും അന്തിമാഭിലാഷവുമില്ലെന്ന്‌ പറഞ്ഞ കസബ്‌ അവസാനമായി ഉരുവിട്ട വാക്കുകള്‍ വിശുദ്ധയുദ്ധത്തിന്റെ പേരില്‍ തോക്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാര്‍ക്കുമുള്ള സന്ദേശമാണ്‌. പിശാച്‌ ബാധിച്ച മനസ്സുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന നേതാക്കളുടെ മനസ്സില്‍ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ഇടിനാദം പോലെ ചെന്നുവീഴണം കസബിന്റെ വാക്കുകള്‍. 

മതാന്ധതയുടെ പേരില്‍ കൊടുംക്രൂരതകാട്ടിയ കുറ്റവാളിയോടുപോലും ഇന്ത്യ ജനാധിപത്യമര്യാദ കാണിച്ചതില്‍ അഭിമാനിക്കാം. നീതിന്യായവ്യവസ്ഥയും കസബിന്‌ എല്ലാ മാന്യതയും നല്‍കി. നീതി പൂര്‍വ്വമായ വിചാരണയെന്ന്‌ അമേരിക്ക പ്രസ്താവന നടത്തി. ഗാന്ധിയനായ അണ്ണ ഹസാരെ പോലും പറഞ്ഞുപോയി കസബിനെ പരസ്യമായി തൂക്കിക്കൊല്ലണമായിരുന്നെന്ന്‌. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാകും അതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറ്റവാളികളെ ജനസാന്ദ്രതയുള്ള പൊതുസ്ഥലങ്ങളിലെ കല്‍ത്തുറുങ്കില്‍ പരസ്യമായി തടവിലിടുന്ന ചാണക്യനീതി നടപ്പാക്കാന്‍ എന്തായാലും ഇന്ത്യന്‍ ഭരണഘടന അനുവദിക്കില്ല. ശിക്ഷ നടപ്പാക്കുന്നത്‌ വൈകിയെന്നായിരുന്നു പരക്കെയുയര്‍ന്ന മറ്റൊരു ആക്ഷേപം. മതരാഷ്ട്രീയ ഭേദമില്ലാതെയാണ്‌ കസബിന്റെ വധം സ്വാഗതം ചെയ്യപ്പെട്ടത്‌. അതിര്‍ത്തി കടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വളരെ വൈകിയാണെങ്കിലും വധശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും ജമാഅത്ത്‌ ഉലേമ ഇ ഹിന്ദിന്റെ മഹാരാഷ്ട്ര യൂണിറ്റ്‌ സെക്രട്ടറി ഗുല്‍സാര്‍ അസ്മി പറഞ്ഞു. രാജ്യത്തിന്റെ നിയമങ്ങള്‍ മാത്രമല്ല ഇസ്ലാംമത വിശ്വാസമനുസരിച്ചുള്ള പെരുമാറ്റരീതിയും കസബ്‌ ലംഘിച്ചെന്ന്‌ മുസ്ലീം മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടു. 

ചെയ്ത തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കസബിന്‌ നാല്‌ വര്‍ഷം ധാരാളമായിരുന്നു. കഴുമരത്തെ നേരിടാന്‍ എന്നേ അയാള്‍ തയ്യാറായിക്കഴിഞ്ഞിരിക്കും. പക്ഷേ കസബിനെ അയച്ചവര്‍ ഇന്നും സുരക്ഷിതരാണ്‌. മുന്നില്‍ വരുന്നവരെ അവസാന ശ്വാസം വരെ കൊന്നൊടുക്കാനാണ്‌ തനിക്ക്‌ കിട്ടിയ നിര്‍ദ്ദേശമെന്ന്‌ കസബ്‌ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്ക്കായി നിയോഗിച്ച പത്തുപേരില്‍ ഒരാളെ പോലും അയച്ചവര്‍ തിരികെ പ്രതീക്ഷിച്ചിട്ടില്ല. ഈശ്വരനിശ്ചയം മറ്റൊന്നായതിനാല്‍ കണക്കുകൂട്ടല്‍ അല്‍പ്പം തെറ്റി. ആരയച്ചെന്നും എന്തിനെന്നും പറയാന്‍ കസബ്‌ ബാക്കിയാകണമെന്നായിരുന്നു ഈശ്വരനിയോഗം. തത്ത പറയുംപോലെ എല്ലാം തുറന്നു പറഞ്ഞു അജ്മല്‍ കസബ്‌. 

കൂട്ടുകാരുമായി ചേര്‍ന്ന്‌ ചെറുമോഷണങ്ങള്‍ നടത്തി കഴിഞ്ഞിരുന്ന കസബിനെ അറിഞ്ഞോ അറിയാതെയോ ഭീകരരുടെ സങ്കേതത്തിലെത്തിച്ചത്‌ സ്വന്തം പിതാവ്‌ തന്നെയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ കസബ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജോലി ശരിയാക്കാമെന്ന്‌ കസബിന്റ പിതാവ്‌ ആമീര്‍ ഷഹ്ബാന്‌ ഉറപ്പ്‌ നല്‍കിയത്‌ ലഷ്ക്കര്‍ പ്രവര്‍ത്തകനായിരുന്നു. കുടുംബത്തിന്റെ ദാരിദ്യം ചൂണ്ടിക്കാട്ടി പിതാവാണ്‌ അയാള്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന്‌ കസബ്‌ പറഞ്ഞിരുന്നു. ലഷ്ക്കറെ പ്രവര്‍ത്തകന്‍ നല്‍കിയ രസീതുമായി മുരിട്കെയിലെ പരിശീലന ക്യാമ്പിലെത്തിയതും ദൗര ആം എന്ന പേരില്‍ 21 ദിവസത്തെ പരിശീലനം അവിടെനിന്ന്‌ ലഭിച്ചെന്നും കസബ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വിശദീകരിച്ചിരുന്നു. 

ദൗര ആമിന്‌ ശേഷം വീണ്ടും 21 ദിവസത്തെ പരിശീലനം. പിന്നീട്‌ മറ്റൊരു ഗ്രാമത്തില്‍ ആയുധ പരിശീലനം. മുസാഫറാബാദിന്‌ സമീപമുള്ള ക്യാമ്പില്‍ നിന്നായിരുന്നു ദൗരാ ഖാസ്‌ എന്ന പേരില്‍ ഗ്രനേഡും ഷെല്ലും ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള മൂന്ന്‌ മാസത്തെ പരിശീലനം. പരിശീലനം നല്‍കിയ 32 പേരില്‍ 16 പേരെ മുംബൈ ആക്രമണത്തിനായി തെരഞ്ഞെടുത്തു. മൂന്ന്‌ പേര്‍ പരിശീലനക്യാമ്പില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അവശേഷിച്ച പതിമൂന്ന്‌ പേരില്‍ പത്ത്‌ പേര്‍ക്ക്‌ നറുക്ക്‌. വീണ്ടും ഇവര്‍ക്ക്‌ കടലില്‍ പരിശീലനം. സെപ്തംബര്‍ 27 ന്‌ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ എന്തോ കാരണത്താല്‍ നവംബറിലേക്ക്‌ മാറ്റുകയായിരുന്നെന്നും കസബ്‌ നല്‍കിയ വിവരങ്ങളില്‍ പറയുന്നു. 

കസബിന്റെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന്‌ പാക്‌ താലിബാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ മൃതദേഹം വിട്ടുതരില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെവിടെയും ആക്രമണം നടത്തുമെന്നാണ്‌ അങ്കക്കലി പൂണ്ട താലിബാന്‍ ഭീകരരുടെ ഭീഷണി. ഇതിനെ തകര്‍ക്കാനും ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്ത്‌ ഒരാള്‍ക്ക്‌ പോലും ഒരു പോറല്‍ പോലും പറ്റാതെ കാത്തുസൂക്ഷിക്കാനും ഇന്ത്യക്ക്‌ കഴിയണം. ആക്രമണത്തിന്റെ യഥാര്‍ത്ഥ ആസൂത്രകര്‍ പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയുടെ ബലത്തില്‍ സുരക്ഷിതരായി കഴിയുകയാണ്‌. 

ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്‌ ഇനി ഇന്ത്യ ഏറ്റെടുക്കേണ്ട ദൗത്യം. അബോട്ടാബാദില്‍ നേരിട്ടിറങ്ങി ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ കഴിഞ്ഞ അമേരിക്കയുടെ ശക്തി ഇന്ത്യക്കില്ല. എന്നാല്‍ സുശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവമുണ്ട്‌. ചുരുക്കത്തില്‍ വയറുനിറയെ ഭക്ഷണവും കൈ നിറയെ പണവും നല്‍കി യുദ്ധം ചെയ്ത്‌ സ്വര്‍ഗത്തില്‍ പോകാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന ഭീകരസംഘടനകളുടെ വേരുകള്‍ പിഴുതെറിയാതെ ഭീകരതക്ക്‌ അവസാനമാകില്ല.

മതംമാറ്റി കൗണ്‍സിലിംഗ്‌ നടത്തി ഒരുവനെ ഭീകരവാദിയാക്കാമെങ്കില്‍ വേണ്ട സമയത്ത്‌ നല്ല മാര്‍ഗദര്‍ശനവും സുരക്ഷിതത്വവും നല്‍കി അവനെ നേര്‍വഴിക്ക്‌ നയിക്കാനും കഴിയും. അറിഞ്ഞോ അറിയാതെയോ ഭീകരസംഘടനകളിലെത്തി ഒരു ചെറുപ്പക്കാരനും ആയുധമെടുക്കാതിരിക്കട്ടെ. അജ്മല്‍ കസബെന്ന 25കാരന്റെ അനുഭവം ലോകമെങ്ങുമുള്ള ചെറുപ്പക്കാര്‍ക്ക്‌ വലിയ പാഠമാകണം. ഏത്‌ ദാരിദ്ര്യത്തിലും കഷ്ടതയിലും ചോര്‍ന്നുപോകാത്ത ആത്മവീര്യവുമായി രാജ്യത്തിന്‌ അഭിമാനമായി ജീവിക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെ.

 രതി എ.കുറുപ്പ്‌   (ജന്മഭൂമി )

1 comments:

ഇവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്‌ ഇനി ഇന്ത്യ ഏറ്റെടുക്കേണ്ട ദൗത്യം. അബോട്ടാബാദില്‍ നേരിട്ടിറങ്ങി ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്താന്‍ കഴിഞ്ഞ അമേരിക്കയുടെ ശക്തി ഇന്ത്യക്കില്ല. എന്നാല്‍ സുശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവമുണ്ട്‌. ചുരുക്കത്തില്‍ വയറുനിറയെ ഭക്ഷണവും കൈ നിറയെ പണവും നല്‍കി യുദ്ധം ചെയ്ത്‌ സ്വര്‍ഗത്തില്‍ പോകാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന ഭീകരസംഘടനകളുടെ വേരുകള്‍ പിഴുതെറിയാതെ ഭീകരതക്ക്‌ അവസാനമാകില്ല.

Twitter Delicious Facebook Digg Stumbleupon Favorites More