കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

വിചാരധാരയും ആഭ്യന്തര ഭീഷണികളും

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌?

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.

Tuesday, August 21, 2012

അഫ്താബ്‌ ആലമിന്റെ കോടതി

സുപ്രീംകോടതിയിലെ സിറ്റിംഗ്‌ ജഡ്ജിയായ ജസ്റ്റിസ്‌ അഫ്താബ്‌ ആലമിനെക്കുറിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ലോകായുക്തയും ആയിരുന്ന ജസ്റ്റിസ്‌ എം.എസ്‌.സോണി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയക്ക്‌ എഴുതിയ ഒരു കത്ത്‌ ഹിന്ദുത്വവിമര്‍ശനവും ഗുജറാത്തിനോടും നരേന്ദ്രമോഡിയോടുമുള്ള വിരോധവുമാണ്‌ മതേതരത്വം എന്ന്‌ ധരിക്കുന്നവരെ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതാണ്‌. ‘വര്‍ഗീയ മനഃസ്ഥിതിക്കാരന്‍’ ആയ അഫ്താബ്‌ ആലമിനെ ഗുജറാത്ത്‌ കേസുകള്‍ കേള്‍ക്കുന്ന ബെഞ്ചില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ജസ്റ്റിസ്‌ സോണി അഭ്യര്‍ത്ഥിച്ചിരിക്കുന്നു.

ലണ്ടനില്‍ 2009 ഒക്ടോബര്‍ 14 ന്‌ ‘മതേതരത്വവും സുപ്രീംകോടതി’യും എന്ന വിഷയത്തില്‍ ജസ്റ്റിസ്‌ അഫ്താബ്‌ ആലം ഒരു പ്രസംഗം നടത്തുകയുണ്ടായി. ഈ വര്‍ഷം ജൂണ്‍ 27 ന്‌ ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ ഈ പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍നിന്ന്‌ ജസ്റ്റിസ്‌ സോണി എടുത്തുചേര്‍ത്തിരിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്‌: “ഇസ്ലാമിക്‌ അക്കാദമി ഓഫ്‌ എജ്യുക്കേഷന്‍ എന്ന ഒരു ന്യൂനപക്ഷ സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ കേസ്‌ വിപുലമായ ബെഞ്ചിന്‌ വിടുകയുണ്ടായി. ചില ന്യൂനപക്ഷേതര സ്വകാര്യകോളേജുകളും പ്രശ്നത്തില്‍ കക്ഷി ചേര്‍ന്നു. ഉണ്ണികൃഷ്ണന്‍ (കേസ്‌) മാതൃകയിലുള്ള പ്രവേശനം റദ്ദാക്കണമെന്നാണ്‌ അവര്‍ മുഖ്യമായും താല്‍പ്പര്യപ്പെട്ടത്‌. ഒടുവില്‍ ഇസ്ലാമിക്‌ അക്കാദമിയെ പിന്നിലേക്ക്‌ തള്ളുകയും ന്യൂനപക്ഷത്തിന്റേതല്ലാത്ത സ്വകാര്യ കോളേജായ ‘പൈ’ മുന്നിലെത്തുകയും ചെയ്തു. മുന്‍ വിധിന്യായങ്ങളൊന്നും ബാധകമാകാതിരിക്കാന്‍ പതിനൊന്നംഗ ബെഞ്ചാണ്‌ പൈ(ഫൗണ്ടേഷന്‍)യുടെ വാദം കേട്ടത്‌.

പൈ കേസിലാണ്‌ ആദ്യമായി ന്യൂനപക്ഷാവകാശങ്ങളുടെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാതെ ന്യൂനപക്ഷേതര സ്വകാര്യ കോളേജുകളുടെ കേസുകളുമായി കൂട്ടിക്കുഴച്ചത്‌. പൈ കേസിലെ വിധി മതേതര വാചാടോപങ്ങള്‍ കൊണ്ട്‌ നിറഞ്ഞതാണെങ്കിലും വിധിന്യായത്തിന്റെ അവസാനം മുമ്പത്തെക്കാളും ന്യൂനപക്ഷാവകാശങ്ങള്‍ ഗണ്യമായ തോതില്‍ പരിമിതപ്പെടുത്തിയതായാണ്‌ കാണുന്നത്‌.” (പേജ്‌-19) “ഹജ്ജിന്‌ പോകുന്ന ഓരോ മുസ്ലീമിനും ഭാരത സര്‍ക്കാര്‍ നികുതിപ്പണത്തില്‍നിന്ന്‌ നല്ലൊരു തുക വിമാനയാത്രക്കായി നല്‍കുന്നുണ്ട്‌. 2009-10 ലെ ബജറ്റില്‍ 632 കോടി രൂപയാണ്‌ ഹജ്ജ്‌ സബ്സിഡിയായി സര്‍ക്കാര്‍ അനുവദിച്ചത്‌. ഓരോ പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോഴും നാല്‌ തവണ വീതം നടക്കുന്ന കുംഭമേളയില്‍ ഒരൊറ്റ ദിവസം തന്നെ ദശലക്ഷക്കണക്കിന്‌ ഹിന്ദു തീര്‍ത്ഥാടകരാണ്‌ പുണ്യസ്നാനത്തിനായി ഒത്തുചേരുന്നത്‌. ഗംഗാനദി സമതലത്തില്‍ പതിക്കുന്ന ഹരിദ്വാറിലാണ്‌ 2010 ല്‍ അടുത്ത കുംഭമേള നടക്കുന്നത്‌. ഈ മേള സംഘടിപ്പിക്കുന്നതിന്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ 500 കോടി രൂപയോളം ചെലവാക്കും. കുംഭമേളക്ക്‌ പുറമേ സര്‍ക്കാര്‍ സഹസ്രകോടികള്‍ ചെലവഴിക്കുന്ന ഒരു ഡസനെങ്കിലും തികച്ചും മതപരമായ (ഹിന്ദു) ഉത്സവങ്ങളുണ്ട്‌. ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത്‌ തങ്ങള്‍ ഒരു മതേതര രാജ്യത്ത്‌ ജീവിക്കുന്നുവെന്നാണ്‌. ഈ ചിന്ത അവര്‍ക്ക്‌ സുഖം പകരുന്നു” (പേജ്‌-13)

“അതേസമയം, തകര്‍ക്കപ്പെട്ട മധ്യകാല മസ്ജിദിന്റെ അവശിഷ്ടങ്ങളില്‍നിന്ന്‌ കോടതി മതേതരത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. സാമുദായികാവകാശങ്ങളും വ്യക്തിപരമായ അവകാശങ്ങളും തമ്മിലുള്ള പരസ്പ്പര ബന്ധത്തെ കോടതി പുതിയ വെളിച്ചത്തില്‍ കാണാനും തുടങ്ങിയിരിക്കുന്നു” (പേജ്‌ -18) “ഒടുവില്‍ 2003 നും 2005 നും ഇടയിലുണ്ടായ ഒരു തീരുമാന ത്രയം (്ശഹീഴ്യ ീ‍ള റലരശശ്ി‍െ‍) ഭരണഘടനയുടെ 30-ാ‍ം അനുഛേദപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശത്തെ സുപ്രീം കോടതി കണ്ടിരുന്ന രീതി പരിപൂര്‍ണമായി മാറ്റിമറിച്ചിരിക്കുന്നു” (പേജ്‌-18) “ചുരുക്കത്തില്‍, സാമുദായികമായ രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും സാമുദായികമായ സാമൂഹ്യാവകാശങ്ങള്‍ അംഗീകരിക്കുന്ന നിലപാടാണ്‌ 40-45 വര്‍ഷമായി സുപ്രീംകോടതി എടുത്തുപോന്നിട്ടുള്ളത്‌. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭരണഘടനാപ്രകാരം സാമുദായിക തലത്തില്‍ രാഷ്ട്രീയപരമോ സാമൂഹ്യപരമോ ആയ യാതൊരു അവകാശങ്ങളുമില്ലെന്ന കാഴ്ചപ്പാടിലേയ്ക്ക്‌ കോടതി വന്നിരിക്കുകയാണ്‌.” (പേജ്‌-20) “ഹിന്ദുത്വ വിധികള്‍ എന്ന്‌ പൊതുവെ പരാമര്‍ശിക്കപ്പെടുന്ന നാല്‌ വിധിന്യായങ്ങള്‍ നിര്‍ണായകമായതും അതില്‍ തന്നെ മനോഹര്‍ ജോഷിയുടെ കേസ്‌ വളരെ പ്രധാനപ്പെട്ടതുമാണ്‌. ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കുമെന്നാണ്‌ വിജയിച്ച സ്ഥാനാര്‍ത്ഥിയായ മനോഹര്‍ ജോഷി തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രസംഗങ്ങളില്‍ പറഞ്ഞത്‌. ഏഴംഗ ബെഞ്ചിന്റെ ബൊമൈ കേസിലെ വിധിയെക്കുറിച്ച്‌ യാതൊന്നും പരാമര്‍ശിക്കാതെ ഹൈക്കോടതിവിധി തള്ളി അപ്പീലുകാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ ശരിവെയ്ക്കുകയാണ്‌ (സുപ്രീം)കോടതി ചെയ്തത്‌. മഹാരാഷ്ട്രയില്‍ ആദ്യ ഹിന്ദുരാജ്യം സ്ഥാപിക്കണമെന്ന പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം അത്‌ അദ്ദേഹത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടര്‍ഭ്യര്‍ത്ഥനയാവില്ല. ഒരു ആഗ്രഹപ്രകടനം മാത്രമാണത്‌.

“കൂടുതല്‍ മുന്നോട്ടുപോയ കോടതി ‘ഹിന്ദു’, ‘ഹിന്ദുയിസം’, ‘ഹിന്ദുത്വ’ എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചശേഷം നിരീക്ഷിക്കുന്നത്‌ “ആ പദപ്രയോഗങ്ങള്‍ ഏതെങ്കിലും കൃത്യമായ നിര്‍വചനത്തിലേയ്ക്ക്‌ നയിക്കുന്നില്ല എന്നാണ്‌. ആ പദപ്രയോഗം ഒരര്‍ത്ഥത്തിലും മതത്തിന്റെ സങ്കുചിത പരിധിയില്‍ ഒതുങ്ങുന്നതല്ല. ഹിന്ദുത്വ എന്ന പദപ്രയോഗത്തിന്‌ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയുമായാണ്‌ കൂടുതല്‍ ബന്ധമെന്നും കോടതി തുടര്‍ന്ന്‌ നിരീക്ഷിക്കുന്നു. മുന്‍ വിധിന്യായങ്ങളില്‍ പറയുന്നതുപോലെ ‘ഹിന്ദുത്വ’, ‘ഹിന്ദുയിസം’ എന്നിവയ്ക്ക്‌ സങ്കുചിത ഹിന്ദുമത മൗലികവാദമെന്ന അര്‍ത്ഥം കല്‍പ്പിക്കാനോ അതിനോട്‌ തുലനപ്പെടുത്താനോ കഴിയില്ല….” “പില്‍ക്കാലത്തെ നിരവധി വിധിന്യായങ്ങളില്‍ മതേതരത്വത്തിന്റെ ഏക സംസ്ക്കാര കാഴ്ചപ്പാട്‌ സ്വീകരിക്കാന്‍ ഈ ഹിന്ദുത്വ വിധിന്യായങ്ങള്‍ കോടതിയെ പ്രചോദിപ്പിച്ചതായി തോന്നുന്നു…” (പേജ്‌- 20) ജസ്റ്റിസ്‌ അഫ്താബ്‌ ആലമിന്റെ ഈ പ്രസംഗത്തില്‍നിന്ന്‌ അഞ്ച്‌ നിഗമനങ്ങളിലാണ്‌ ജസ്റ്റിസ്‌ സോണി എത്തിച്ചേരുന്നത്‌.

ഒന്ന്‌: ന്യൂനപക്ഷ സംഘടനയുടെ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ജസ്റ്റിസ്‌ ആലമിന്റെ അഭിപ്രായപ്രകടനങ്ങള്‍ സുപ്രീംകോടതിയുടെയും ചീഫ്‌ ജസ്റ്റിസിന്റേയും വിശ്വാസ്യതയെ നേരിട്ട്‌ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ്‌. ന്യൂനപക്ഷ ഇസ്ലാമിക സ്ഥാപനത്തെ തരംതാഴ്ത്താനായി ബോധപൂര്‍വം രൂപീകരിച്ചതാണ്‌ പതിനൊന്നംഗ ബെഞ്ച്‌ എന്ന്‌ അദ്ദേഹം കരുതുന്നതായാണ്‌ അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന്‌ വ്യക്തമാവുന്നത്‌. ഒരു സിറ്റിംഗ്‌ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പെരുമാററ ദൂഷ്യമാണിത്‌.

രണ്ട്‌: ഹിന്ദുമേളകള്‍ക്കും മറ്റും ചെലവഴിക്കുന്ന ദശലക്ഷക്കണക്കിന്‌ രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹജ്ജ്‌ സബ്സിഡി ഒന്നുമല്ലെന്ന്‌ ജസ്റ്റിസ്‌ ആലം കരുതുന്നു. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ എത്തിച്ചേരുന്ന ഹിന്ദു മേളകള്‍ക്കും ഉത്സവങ്ങള്‍ക്കും പണം ചെലവഴിക്കുന്നത്‌ ക്രമസമാധാന പാലനത്തിന്‌ മാത്രമാണെന്നും അജ്മീര്‍ ദര്‍ഗയിലെ ഉറൂസിനും മറ്റും ഇങ്ങനെ പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം ബോധപൂര്‍വം വിസ്മരിക്കുന്നു. ഒരു പ്രത്യേക മതത്തിന്‌ അനുകൂലമായ വര്‍ഗീയ മനഃസ്ഥിതിക്ക്‌ തെളിവാണത്‌.

മൂന്ന്‌: “ഇങ്ങനെയെല്ലാമായിരുന്നിട്ടും ഭൂരിപക്ഷം ഇന്ത്യക്കാരും സത്യസന്ധമായി വിശ്വസിക്കുന്നത്‌ തങ്ങള്‍ ജീവിക്കുന്നത്‌ ഒരു മതേതരരാജ്യത്താണ്‌” എന്ന നിന്ദാഗര്‍ഭമായ പ്രസ്താവനയിലൂടെ ഇന്ത്യ ഒരു മതേതര രാജ്യമല്ലെന്ന ദൃഢവിശ്വാസമാണ്‌ ജസ്റ്റിസ്‌ ആലം പ്രകടിപ്പിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാണ്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.
നാല്‌: നിരവധി സുപ്രീംകോടതി വിധികളെ ഒന്നിലധികം തവണ, അതും ഒരു വിദേശ രാജ്യത്തുവെച്ച്‌, പരോക്ഷമായി വിമര്‍ശിക്കുന്ന ജസ്റ്റിസ്‌ ആലമിന്റെ നടപടി കോടതിയലക്ഷ്യവും പരമോന്നത നീതിപീഠത്തിന്റെ അന്തസ്സ്‌ കെടുത്തുന്നതുമാണ്‌.

അഞ്ച്‌: ഇന്ത്യയിലെ നിയമങ്ങള്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളേയും രണ്ട്‌ തരം പൗരന്മാരായാണ്‌ കാണുന്നതെന്നും താന്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി കുരിശുയുദ്ധം നടത്തുകയാണെന്നുമുള്ള വികാരമാണ്‌ ജസ്റ്റിസ്‌ ആലമിന്റെ പ്രസംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ്‌ ജഡ്ജിയെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം അനുചിതമാണ്‌.
ജസ്റ്റിസ്‌ ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തിയിട്ടുള്ള ഗുജറാത്ത്‌ സര്‍ക്കാര്‍ കക്ഷിയായ ക്രിമിനല്‍ കേസുകള്‍ മറ്റൊരു ബെഞ്ചിലേക്ക്‌ മാറ്റുകയോ തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെയ്ക്കുകയോ വേണമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനയച്ച പത്ത്‌ പേജുള്ള കത്തില്‍ ജസ്റ്റിസ്‌ സോണി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ അങ്ങേയറ്റം അസ്വസ്ഥജനകമാണ്‌.

“ജസ്റ്റിസ്‌ ആലം ഉള്‍പ്പെടുന്ന ബെഞ്ചിലെത്തുന്ന ഗുജറാത്തിനെ രാഷ്ട്രീയമായി പെട്ടെന്ന്‌ ബാധിക്കുന്ന ഏതാണ്ട്‌ എല്ലാ കാര്യങ്ങളിലും അദ്ദേഹം പുറപ്പെടുവിക്കുന്ന എല്ലാ വിധിന്യായങ്ങളിലും ന്യൂനപക്ഷ സമുദായത്തോടുള്ള അനുഭാവം അചഞ്ചലമായി ആവര്‍ത്തിക്കുന്നുവെന്ന്‌ സ്പഷ്ടമാണ്‌. കോടതിയില്‍ അദ്ദേഹം നടത്തുന്ന വിലയിടിക്കുന്ന പ്രസ്താവനകള്‍ ഈ പ്രകടമായ പക്ഷപാതം വെളിപ്പെടുത്തുന്നു.” “ഹിന്ദി സിനിമകള്‍ക്ക്‌ പാട്ടെഴുതുന്ന ജാവേദ്‌ അക്തര്‍ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച്‌ സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു. 2000-06 കാലയളവില്‍ ഗുജറാത്തില്‍ ഉണ്ടായെന്ന്‌ ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള കേസുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ ജസ്റ്റിസ്‌ ആലം, ജസ്റ്റിസ്‌ എച്ച്‌.എസ്‌.ബേഡിയെ 2012 മാര്‍ച്ച്‌ ഒന്നിന്‌ നിയോഗിച്ചു. ജസ്റ്റിസ്‌ എം.ബി.ഷാ നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്‌. ജാവേദ്‌ അക്തര്‍ മുംബൈക്കാരനാണ്‌. അവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്‌. (ഇതിലെ ഇരകളേറെയും മുസ്ലീങ്ങളായിരുന്നിട്ടും പരാതിയില്ല). ജാവേദിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്‌ ഗുജറാത്തുമായി യാതൊരുബന്ധവുമില്ല. അതിനാല്‍ ഗുജറാത്തില്‍ ഏതെങ്കിലും തെറ്റുകളുണ്ടെങ്കില്‍ തന്നെ അത്‌ ഉന്നയിക്കാന്‍ അദ്ദേഹത്തിന്‌ അര്‍ഹതയില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌. എന്നിട്ടും ജാവേദിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിച്ച്‌ അസാധാരണമായ ഉത്തരവ്‌ പുറപ്പെടുവിച്ചു.”

“ഗുജറാത്ത്‌ സര്‍ക്കാരും ടീസ്റ്റ എ.സെതല്‍വാദും തമ്മിലുള്ള കേസുമായി ബന്ധപ്പെട്ട ഒരു പ്രത്യേകാനുമതി ഹര്‍ജി 2012 ഫെബ്രുവരി 21 ന്‌ ജസ്റ്റിസ്‌ അഫ്താഫ്‌ ആലമിന്റെ ബെഞ്ചിലെത്തി. പ്രശ്നം എന്താണെന്ന്‌ കേള്‍ക്കുകപോലും ചെയ്യാതെ ജസ്റ്റിസ്‌ ആലം ഇങ്ങനെ അഭിപ്രായപ്പെട്ടതായാണ്‌ വാര്‍ത്തകള്‍ വന്നത്‌. “ഇത്‌ പരാതിക്കാരിയെ (സെതല്‍വാദ്‌) ഇരയാക്കുന്ന നൂറ്‌ ശതമാനവും വ്യാജമായ കേസാണ്‌. ഇത്തരം കേസ്‌ ഗുജറാത്തിന്‌ ഒരു തരത്തിലും ഗുണം ചെയ്യില്ല. ഇത്തരം കേസുമായി മുന്നോട്ടു പോകരുതെന്ന്‌ നിങ്ങളുടെ കക്ഷിയെ ഉപദേശിക്കണം. സര്‍ക്കാരിനോട്‌ ഇത്‌ പറയാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കണം” എന്നാണ്‌ ഗുജറാത്തിന്റെ മുതിര്‍ന്ന അഭിഭാഷകനായ പ്രദീപ്‌ ഘോഷിനോട്‌ ജസ്റ്റിസ്‌ ആലം പറഞ്ഞത്‌.

ജസ്റ്റിസ്‌ ആലമിനെ ക്ഷുഭിതനാക്കിയ കേസിന്റെ സ്ഥിതി ഇതായിരുന്നു. “ഈ കേസില്‍ ഒമ്പത്‌ പേരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചിട്ടുള്ളതാണ്‌. കുറ്റാരോപിതരായ അഞ്ച്‌ പേര്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിന്‌ മുന്നില്‍ ടീസ്റ്റ സെതല്‍വാദിനെതിരെ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും സാക്ഷിയുമായ രാഹുല്‍ സിംഗും ടീസ്റ്റക്കെതിരെ മൊഴി നല്‍കുകയുണ്ടായി. എന്നിട്ടും ഗുജറാത്ത്‌ സര്‍ക്കാരിനെ അധിക്ഷേപിക്കാനാണ്‌ ജസ്റ്റിസ്‌ ആലം മുതിര്‍ന്നത.്‌” ഇക്കാര്യം ചൂണ്ടിക്കാട്ടിയശേഷം “എന്തുകൊണ്ട്‌, എങ്ങനെ, കോടതിയില്‍ ഹാജരാക്കപ്പെട്ട എന്ത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കാതെ ജസ്റ്റിസ്‌ ആലം ഇത്തരമൊരു തീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്‌” എന്നാണ്‌ ജസ്റ്റിസ്‌ സോണി ചോദിക്കുന്നത്‌.
“വാര്‍ത്തകളനുസരിച്ച്‌, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിലും അന്വേഷണം പൂര്‍ത്തിയാക്കിയ സിബിഐ കുറ്റപത്രവും അനുബന്ധ കുറ്റപത്രവും നല്‍കിയിട്ടും, തുടര്‍ന്നുള്ള നിരീക്ഷണം അനുവദനീയമല്ലെന്ന സഹജഡ്ജിയുടെ അസന്ദിഗ്ദ്ധമായ അഭിപ്രായത്തെ അവഗണിച്ചും വാദം പൂര്‍ത്തിയാക്കാതെ ജസ്റ്റിസ്‌ ആലം ഹര്‍ജി പരിഗണിക്കുന്നത്‌ നീട്ടിവെച്ചിരിക്കുകയാണ്‌” എന്നും ജസ്റ്റിസ്‌ സോണി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. “തെറ്റുകള്‍ വകവെക്കാതെ ന്യൂനപക്ഷ സമുദായത്തിനൊപ്പം നിലയുറപ്പിച്ച്‌ ഗുജറാത്തിനെ വേട്ടയാടുകയാണ്‌ ജസ്റ്റിസ്‌ ആലം എന്നും ഈ ആശങ്ക നീതിയുടെ ഹൃദയം പിളര്‍ക്കുന്നതാണെന്നും” ജസ്റ്റിസ്‌ സോണി പറയുന്നു.
മുരളി പാറപ്പുറം

Monday, August 20, 2012

വിശ്വ വിജയി

1863-ജനുവരി 12നാണ്‌ ‘വിവേകാനന്ദന്‍’ എന്നു വിശ്വപ്രസിദ്ധനായ നരേന്ദ്രന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍, മാതാവ്‌ ഭുവനേശ്വരി. എട്ടാമത്തെ വയസില്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ മെട്രോ പൊളിറ്റന്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. അന്ന്‌ മുതല്‍ കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിലും മധ്യഭാരതത്തിലെ റായ്പൂരിലും ഇംഗ്ലണ്ടിലുമൊക്കെയായി തന്റെ വിദ്യാഭ്യാസത്തിന്‌ അടിത്തറയിട്ടു. ബിഎ പഠനത്തിനുശേഷം ബൗബസാര്‍ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായും കുറേക്കാലം പ്രവര്‍ത്തിച്ചു. പാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച്‌ തൃപ്തിപ്പെടുന്ന കൂട്ടത്തിലല്ലായിരുന്നു നരേന്ദ്രന്‍. ഭാവിയില്‍ താന്‍ എത്തിച്ചേരുവാന്‍ പോകുന്ന ആത്മീയ ഭൂമികയിലെ അറിവുകള്‍ തേടുന്ന യാത്ര അവിടെനിന്നും ആരംഭിക്കുകയായിരുന്നു. ബംഗാളിലെ യുവചിന്തകരെ ആകര്‍ഷിച്ച സ്പെന്‍സര്‍, മില്‍, ഹാരിസണ്‍ തുടങ്ങിയ എഴുത്തുകാരുടെ പരിവര്‍ത്തന പ്രചോദകങ്ങളായ കൃതികള്‍ നരേന്ദ്രന്റെ ആശയപ്രപഞ്ചത്തേയും വികസിതമാക്കുകയുണ്ടായി.
നരേന്ദ്രന്‍ ജനറല്‍ അസംബ്ലി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ്‌ 1881 നവംബറില്‍ തന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസനെ കണ്ടത്‌. എല്ലാ മതങ്ങളും തുല്യമാണെന്നും സത്യമാണെന്നുമുള്ള സര്‍വദേശീയ മതസങ്കല്‍പ്പത്തില്‍ വിശ്വസിച്ച രാമകൃഷ്ണനെ നരേന്ദ്രനെപ്പോലുള്ള മനുഷ്യസ്നേഹി ആദ്യദര്‍ശനത്തില്‍തന്നെ ആകര്‍ഷിച്ചതില്‍ അത്ഭുതമൊന്നുമില്ല. ശ്രീരാമകൃഷ്ണദേവനെക്കുറിച്ച്‌ വിവേകാനന്ദസ്വാമികള്‍ ഇങ്ങനെ പറയുന്നു, “ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തില്‍നിന്നും താപസന്മാര്‍ സമുദായത്തിന്‌ പുറത്ത്‌ ഏകാന്തതയില്‍ അനുശീലിച്ചിരുന്ന വേദാന്തദര്‍ശനം നാട്ടിലും വീട്ടിലും അഭ്യസിക്കാമെന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ കൃത്യത്തിലും അത്‌ പ്രായോഗികമാക്കാമെന്നും എനിക്ക്‌ മനസ്സിലായി.

ഈശ്വരന്‍ സര്‍വാന്തര്യാമിയും സര്‍വാതിശായിയുമാകുന്നു. വിവിധ ജീവജാലങ്ങളായാലും നമ്മുടെ പ്രേമാദരപ്രീതി പാത്രങ്ങളായും വിളങ്ങുന്നത്‌ ആ പരംപൊരുള്‍തന്നെ, അതേസമയം ആ സര്‍വേശ്വരന്‍ ഇവയ്ക്കെല്ലാം അതീതനുമാകുന്നു. ഇപ്രകാരം നരനില്‍ നാരായണനെ ദര്‍ശിച്ചാല്‍ ദര്‍പ്പത്തിന്‌ സ്ഥാനമെവിടെ? ഈ ദര്‍ശനം ലഭിച്ചാല്‍ മനുഷ്യന്‌ മറ്റൊരുവനോട്‌ അസൂയയോ അനുകമ്പയോ ഉണ്ടാവുകയില്ല. ജീവനെ ശിവനായി കണ്ട്‌ സേവിച്ചാല്‍ തദ്വാരഹൃദയം സംശുദ്ധമാകുന്നു. ആ സാധകന്‍ വിളംബംവിനാ താന്‍ ആ സച്ചിതാനന്ദസ്വരൂപത്തിന്റെ അംശമാണെന്ന വസ്തുതയാല്‍ ദൃഢബോധനാകുകയും ചെയ്യുന്നു”. ഇരുളടയുന്ന മനസ്സും മാനസികപശ്ചാത്തലവുമായി തപ്പിത്തടിഞ്ഞിരുന്ന ഭാരതീയരുടെ മുന്നില്‍ പുതിയ കാഴ്ചപ്പാടുകളുടെ നിറദീപം പ്രകാശിപ്പിച്ചുകൊണ്ടാണ്‌ സ്വാമി പ്രത്യക്ഷനായത്‌. ഉണര്‍വേകുന്ന നവദര്‍ശനത്തിന്റെ സന്ദേശങ്ങള്‍ ജനമനസ്സുകളില്‍ മിന്നല്‍ പിണര്‍ തീര്‍ത്തപ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ അവ പ്രകാശപൂരിതമായപ്പോള്‍ പശ്ചാത്യലോകംപോലും വിവേകാനന്ദനെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തുതുടങ്ങി.

എങ്കിലും നരേന്ദ്രനില്‍നിന്നും വിവേകാനന്ദനിലേക്കുള്ള മാറ്റത്തിന്‌ കാരണഭൂതമായത്‌ മേറ്റ്ന്തിനേക്കാളും വിലയേറിയ ‘ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ’ വിവേകാനന്ദുമായുള്ള പാരസ്പര്യവും സ്നേഹവുമായിരുന്നു. ഒരുവന്റെ സകലപ്രവൃത്തികളും ഈശ്വരന്റെ പ്രത്യക്ഷമൂര്‍ത്തിയായ മനുഷ്യന്റെ സേവനത്തിനായി വിനിയോഗിക്കണമെന്നും ഇത്‌ അവന്റെ ലക്ഷ്യത്തിലേക്കുള്ള പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നും രാമകൃഷ്ണ പരമഹംസന്റെ സാമീപ്യത്തില്‍നിന്നും വിവേകാനന്ദസ്വാമി മനസ്സിലാക്കി. 1885 മധ്യത്തോടുകൂടി ശ്രീരാമകൃഷ്ണന്‌ കണ്ഠരോഗം പിടിപെട്ടു. രോഗം മൂര്‍ച്ചിച്ച്‌ 1886 ആഗസ്റ്റ്‌ 16 വെളുപ്പിന്‌ ആ മഹാത്മാവ്‌ സമാധിയായി. തന്റെ എല്ലാമെല്ലാമായ ആചാര്യന്‍ മഹാസമാധിയായതോടുകൂടി നരേന്ദ്രന്‍ ഗുരുധര്‍മം ലോകമാകെ പ്രചരിപ്പിക്കുവാനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ അന്വേഷിച്ചുതുടങ്ങി.

ഏകദേശം 1887 മുതല്‍ 1893 വരെയാണ്‌ വിവേകാനന്ദന്റെ ഭാരതപര്യടനം. കാശി, അയോധ്യ, ആഗ്ര, വൃന്ദാവനം, ഗോവര്‍ധനം, ഹരിദ്വാരം, തൃശൂര്‍, തിരുവനന്തപുരം, രാമേശ്വരം, കന്യാകുമാരി, മദിരാശി… തുടങ്ങി ഭാരതത്തിലെ എല്ലാ പ്രമുഖ സ്ഥലങ്ങളും അദ്ദേഹം കാണുകയുണ്ടായി. ഭാരതത്തിന്റെ വ്വധ്യ-വൈചിത്ര്യ-വൈരുധ്യ സ്വഭാവത്തെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ വിവേകാനന്ദന്‌ സാധിച്ചത്‌ വിപുലമായ ഭാരത പര്യടനത്തിലൂടെയാണ്‌. വിവിധ മതസമ്പ്രദായങ്ങളെയും തത്വചിന്തകളെയും പഠിക്കുകയും അവയിലൂടെ തന്റെ നിരീക്ഷണത്തിന്‌ വിധേയമായ ഭാരതത്തിലെ വിവിധ ജനതകളുടെ മൗലികമഹത്വം ആരാഞ്ഞ്‌ കണ്ടുപിടിക്കുകയും സ്വാമി ചെയ്തുപോന്നു.

അമേരിക്കയിലെ ചിക്കാഗോവില്‍വച്ച്‌ നടന്ന മതമഹാസമ്മേളനത്തിന്‌ അധിപ്രധാനമായൊരു സ്ഥാനമുണ്ട്‌ മത ചരിത്രത്തില്‍. 1893 സപ്തംബര്‍ 11 മുതല്‍ 27 വരെയുള്ള 17 ദിവസങ്ങളായിട്ടാണ്‌ ആ മഹാസമ്മേളനം നടന്നത്‌. “അമേരിക്കയിലെ സഹോദരീസഹോദരന്മാരെ” എന്ന അഭിസംബോധനയോടുകൂടി തുടങ്ങിയ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ ആരംഭത്തില്‍തന്നെ ആ മഹാസമ്മേളന വേദിയാകെ കരഘോഷം മുഴക്കി സ്വാമിജിയെ വരവേറ്റു. ലോകത്തിലെ സകല ജനതയ്ക്കും ഏറ്റവും പുരാതനമായ വൈദിക സന്യാസ സമ്പ്രദായത്തിന്റെ പേരില്‍ ധന്യവാദം അരുളികൊണ്ട്‌ ഹിന്ദുമതത്തെ മതങ്ങളുടെ മാതാവെന്നും ലോകത്തെ സഹിഷ്ണുതയും സര്‍വധര്‍മ സമാദരവും പഠിപ്പിച്ച മതമെന്നും പരിചയപ്പെടുത്തിയാണ്‌ വിശ്വവിഖ്യാതമായ ആ പ്രസംഗം ആരംഭിച്ചത്‌.

ആധുനിക ഭാരതീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മതതുല്യതാ വാദം എന്ന മഹത്തായ ആശയമാണ്‌ ലോകത്തിനാകെ അനുകരണീയമായ ആശയമായി മതസമ്മേളന പ്രഭാഷണങ്ങളിലൂടെ സ്വാമി വിവേകാനന്ദന്‍ മുന്നോട്ടുവെച്ചത്‌. ദി ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡ്‌, ദി ബോസ്റ്റണ്‍ ഇൌ‍വനിംഗ്‌ ട്രാന്‍സ്പോര്‍ട്ട്‌, ദി റൂതര്‍ഫോര്‍ഡ്‌ അമേരിക്കന്‍, ദി പ്രസ്‌ ഓഫ്‌ അമേരിക്ക തുടങ്ങിയ എല്ലാ വിദേശ പത്രങ്ങളും സ്വാമിയുടെ പ്രസംഗങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ മത്സരിച്ചു.

“നമ്മുടെ നാട്ടുകാര്‍ ഋഷികളുടെ ആദര്‍ശത്തില്‍നിന്നും പാശ്ചാത്യരുടെ ഭൗതികജീവിതത്തിലേക്ക്‌ തിരിഞ്ഞുപോയത്‌ കണ്ട്‌ ഞാന്‍ ദുഃഖിക്കുന്നു. ആളുകള്‍ ഒട്ടേറെ പാശ്ചാത്യ ഭൗതിക പരിഷ്ക്കാരികളായി മാറുന്നു. പാശ്ചാത്യ ഭൗതിക സംസ്ക്കാരത്തെ തീക്ഷണതയോടെ ശകാരിച്ച സ്വാമിജി അടിമത്വത്തിന്റെ മുമ്പില്‍ തലകുനിക്കുന്ന ഭാരതത്തിലെ ജനങ്ങള്‍ക്കുനേരെ സിംഹഗര്‍ജനം മുഴക്കി. “നിങ്ങള്‍ നിങ്ങളില്‍തന്നെ വിശ്വസിക്കുവിന്‍. സിരകള്‍ക്ക്‌ കരുത്തേകുക. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്‍ സിരാതന്തുക്കളുമാണ്‌ നമുക്ക്‌ വേണ്ടത്‌. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചില്‍ വേണ്ട… തന്‍കാലില്‍ നില്‍ക്കുക. ആണുങ്ങളാവുക”.

ഭാരതത്തിന്റെ ജീവശക്തി മതത്തിലാണ്‌. പൂര്‍വികരില്‍നിന്നും കൈവന്നിട്ടുള്ള വമ്പിച്ച ഈ സമ്പാദ്യം നാം മറക്കാത്തിടത്തോളംകാലം ഭൂമിയിലൊരു ശക്തിക്കും ഭാരതത്തെ നശിപ്പിക്കാനാവില്ലായെന്ന്‌ വിവേകാനന്ദന്‍ വിശ്വസിച്ചു. മതം ഒരു വളര്‍ച്ചയാണെന്നും ഓരോരുത്തരും അത്‌ സ്വയം അനുഭവപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും സ്വാമിജി ഉപദേശിക്കുന്നു. ഈശ്വരനും അങ്ങനെതന്നെ അനുഭവപ്പെടാത്തതൊന്നും യഥാര്‍ത്ഥമോ ശരിയായ ഈശ്വരനോ അല്ലെന്നാണ്‌ വിവേകാനന്ദന്റെ പക്ഷം. ഈ ആശയം അദ്ദേഹം തുറന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. “അനുഭവപ്പെടുന്നതുവരെ മതത്തെക്കുറിച്ച്‌ സംസാരിച്ചിട്ട്‌ വലിയ കാര്യമില്ല. ഈശ്വരന്റെ പേരില്‍ ഇത്രയധികം കലക്കവും കലഹവും യുദ്ധവുമുണ്ടാകാന്‍ കാരണമെന്ത്‌? മറ്റേതിലുമധികം രക്തപ്രവാഹം ഈശ്വരനെ ചൊല്ലിയാണ്‌ ഉണ്ടായിട്ടുള്ളതും. ഈശ്വരനുണ്ടെങ്കില്‍ കാണണം, ഈശ്വരനെ കാണാതെ ഈശ്വരനുണ്ടെന്ന്‌ പറയാന്‍ അധികാരമെന്ത്‌, ആത്മാവുണ്ടെങ്കില്‍ അനുഭവപ്പെടണം-അല്ലെങ്കില്‍ വിശ്വസിക്കാതെയിരിക്കണം. ഒരു തുറന്ന നാസ്തികനായിരിക്കുന്നതാണ്‌ കപടഭക്തനായിരിക്കുന്നതിലും നല്ലത്‌.” ഇതായിരുന്നു വിവേകാനന്ദസ്വാമികളുടെ ഈശ്വരസങ്കല്‍പ്പം. വേദാന്തം തീര്‍ച്ചയായും പ്രാചീനമായ ഉപനിഷത്തുകളില്‍ വേരുറച്ചതായിരുന്നു. “സര്‍വം ഖല്വിദം ബ്രഹ്മ” “അഹം ബ്രഹ്മാസ്മി” “തത്ത്വമസി” എന്നീ ഉപനിഷത്ത്‌ വാക്യങ്ങളെ കോര്‍ത്തിണക്കിയ സര്‍വമതദര്‍ശനമായിരുന്നു അത്‌.

സകല ചരാചരങ്ങളേയും സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു ഈശ്വരനെന്ന സങ്കല്‍പ്പത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രഹ്മസങ്കല്‍പ്പം സകലചരാചരങ്ങളിലും ആ ചൈതന്യം കുടികൊള്ളുന്നു എന്നുകൂടി വിഭാവനം ചെയ്തുകൊണ്ടുള്ള ഒരു സര്‍വസമത്വദര്‍ശനമാണ്‌ വിവേകാനന്ദസ്വാമി സ്വജീവിതത്തിലൂടെ പകരുന്നത്‌. വിദേശാധിപത്യത്തില്‍ ആത്മാഭിമാനം പണയപ്പെട്ടുപോയ ഭാരതീയരുടെ മനസ്സിലും ബുദ്ധിയിലും ത്യാഗോജ്ജ്വലങ്ങളായ ഭാരതത്തിന്റെ പുരാതന ചരിത്രസ്മരണകളുണര്‍ത്തിച്ച്‌ നമ്മുടെ പൈതൃകത്തിലും സംസ്ക്കാരത്തിലും വിശ്വാസമര്‍പ്പിച്ച്‌ സ്വാഭിമാനികളായി വളര്‍ന്നുവരാന്‍ ഭാരതജനതയെ സ്വാമിജി ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.

കല്‍ക്കത്തയില്‍ ജനിച്ച്‌ അവിടെയുള്ള സാമൂഹ്യ-സാംസ്ക്കാരികരംഗത്ത്‌ പ്രശസ്തി നേടി, സന്യാസം വരിച്ച്‌ ഇന്ത്യയുടെ ഭൗതികവും ആദ്ധ്യാത്മികവുമായ സ്വാതന്ത്ര്യം തന്റെ ജീവിതലക്ഷ്യമായി സ്വീകരിച്ച്‌ അത്‌ നേടിയെടുക്കാന്‍ തന്നാല്‍ കഴിയുന്നതിന്റെ പരമാവധി കഠിനമായി, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ബംഗാളിയായ, ഇന്ത്യക്കാരനായ, വിശ്വപൗരനായ, സ്വാമി വിവേകാനന്ദന്‍ മാനുഷികമായ മാനദണ്ഡംകൊണ്ട്‌ അളന്നാല്‍ അസാധാരണ പുരുഷന്‍ തന്നെയാണ്‌. താന്‍ തന്നെ സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വച്ച്‌ 1902 ജൂലൈ 4 ന്‌ കേവലം 39-ാ‍മത്തെ വയസില്‍ മഹാസമാധിയായി. 39 വര്‍ഷത്തെ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ ഒരു രാഷ്ട്രത്തെ അതിന്റെ പ്രൗഢഗംഭീരമായ ഉയര്‍ച്ചയിലേക്ക്‌ നയിക്കാന്‍ ആശ്രാന്തം പരിശ്രമിച്ച ആ മഹാ തപസ്വിയുടെ ജീവിതം ആര്‍ക്കും ആവേശദായകം തന്നെയാണ്‌.

സന്തോഷ്‌ ചുണ്ടില്ലാമറ്റം

ഭാരതീയ കമ്മ്യൂണിസത്തിലേയ്ക്ക്‌

തിരുവനന്തപുരത്ത്‌ തൈക്കാട്ടെ എംഎന്‍ സ്മാരകത്തിന്‌ അടുത്താണ്‌ വളരെയേറെക്കാലം ഞാന്‍ താമസിച്ചിരുന്നത്‌. അക്കാലത്ത്‌ സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനത്തിന്‌ എംഎന്‍ സ്മാരകം എന്ന്‌ പേരിട്ടിരുന്നില്ല. വിദ്യാര്‍ത്ഥി ആയിരിക്കെ ‘നവയുഗം’, ‘പേട്രിയറ്റ്‌’, ‘ന്യൂ ഏയ്ജ്‌’, ലിങ്ക്‌ ‘മെയിന്‍സ്ട്രീം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനായി സിപിഐ ആഫീസില്‍ പോവുക എന്റെ പതിവായിരുന്നു. അവിടെ വന്നുപോവുന്ന നേതാക്കളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന എംഎനും ടിവിയും പികെവിയും പി.രവീന്ദ്രനും എസ്‌. കുമാരനുമൊക്കെ ഉണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. സിപിഎമ്മിനോടെന്നതിനേക്കാള്‍ സിപിഐയോട്‌ രാഷ്ട്രീയമായി വിയോജിപ്പായിരുന്നു അക്കാലത്ത്‌ എനിക്ക്‌. അടിയന്തരാവസ്ഥക്കാലത്തെ സിപിഐയുടെ നിലപാടാണ്‌ അതിന്‌ പ്രധാന കാരണം. പക്ഷെ അന്ന്‌ തൊട്ടേ സിപിഐ നേതാക്കളില്‍ മിക്കവരുടേയും ബുദ്ധിവൈഭവവും ജീവിതശൈലിയും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സാധാരണക്കാരോടൊപ്പം സി.അച്യുതമേനോന്‍ തീവണ്ടിയാത്ര ചെയ്യുന്നത്‌ പലതവണ ഞാന്‍ ആരാധനയോടെ കണ്ടിട്ടുണ്ട്‌.

മുഖ്യമന്ത്രി ആയിരുന്ന മറ്റൊരു സിപിഐ നേതാവ്‌ പി.കെ.വാസുദേവന്‍ നായര്‍ ജഗതിയില്‍നിന്ന്‌ തൈക്കാട്ടെ എംഎന്‍ സ്മാരകത്തിലേക്ക്‌ മുണ്ടും മടക്കിയുടുത്ത്‌ സാധാരണക്കാരനെപ്പോലെ ഒറ്റയ്ക്ക്‌ നടന്ന്‌ വരുന്നതും പതിവായി ഞാന്‍ കാണാറുണ്ടായിരുന്നു. നേതൃത്വത്തില്‍ ഔന്നത്യവും ജീവിത രീതിയില്‍ ലാളിത്യവുമായിരുന്നു പൊതുവെ സിപിഐ നേതാക്കളുടെ മുഖമുദ്ര. ഇന്ന്‌ സിപിഐയിലും, മേറ്റ്ല്ലാ പാര്‍ട്ടികളിലുമെന്നപോലെ, അത്തരക്കാര്‍ അതിവേഗം അന്യം നില്‍ക്കുകയാണ്‌. അപവാദങ്ങളില്ലെന്നല്ല. അതിലൊന്നാണ്‌ സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

പന്ന്യനെ പണ്ടേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നീട്ടി വളര്‍ത്തിയ തലമുടി അടിയന്തരാവസ്ഥയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമാണെന്നത്‌, പക്ഷെ പാര്‍ട്ടിയുടെ അടിയന്തരാവസ്ഥക്കാലത്തെ നിലപാടിന്റെ പശ്ചാത്തലത്തില്‍ എനിക്കിനിയും പിടികിട്ടുന്നില്ല. ഏതാനും ആഴ്ചകള്‍ മുമ്പ്‌ പന്ന്യന്‍ രവീന്ദ്രന്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തുവെന്നത്‌ വലിയ വാര്‍ത്തയായി. പന്ന്യന്‍ പണ്ടും ഇങ്ങനെയാണ്‌. എംപി ആയിരിക്കേ തൈക്കാട്ട്‌ മോഡല്‍ സ്കൂള്‍ ജംഗ്ഷനിലെ ഒരു ഓലമേഞ്ഞ ചായക്കടയില്‍നിന്ന്‌ പതിവായി അദ്ദേഹം പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിട്ടും അദ്ദേഹത്തിന്‌ മറ്റ്‌ മിക്ക രാഷ്ട്രീയ നേതാക്കളേയും പോലെ കുറഞ്ഞ പക്ഷം ഒരു ഇന്നോവാ കാറും എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസ്‌ മുറിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണവും വേണമെന്ന്‌ നിര്‍ബന്ധമില്ലാത്തത്‌ ആശ്വാസകരമാണ്‌. അതിലേറെ അനുകരണീയവും.

സിപിഐയിലെ തന്റെ പിന്‍ഗാമികളെപ്പോലെ മഹാമസ്തിഷ്ക്കത്തിനുടമയല്ല പന്ന്യന്‍. തന്ത്ര വിദഗ്ദ്ധനോ സൈദ്ധാന്തികവിശാരദനോ ഒന്നുമല്ല അദ്ദേഹം. എന്നാല്‍ ഇന്ന്‌ ഈ പംക്തിയില്‍ പന്ന്യനെ പരാമര്‍ശിക്കുന്നതിന്‌ പ്രേരകമായത്‌ കഴിഞ്ഞ ഞായറാഴ്ചയിലെ അദ്ദേഹത്തിന്റെ ഗുരുവായൂര്‍ പ്രസംഗമാണ്‌. കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്ന പന്ന്യന്റെ പ്രസംഗം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാതെ പോയി. ആരോഗ്യകരമായ സംവാദത്തിലല്ലോ വിനാശകരമായ വിവാദങ്ങളിലാണല്ലൊ മാധ്യമങ്ങള്‍ക്ക്‌ പൊതുവെ താല്‍പ്പര്യം. ഗുരുവായൂരില്‍ കെ.ദാമോദരന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി. ഭാരതീയ പൈതൃകവും പാരമ്പര്യവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും ഉള്‍ക്കൊള്ളണമെന്ന ആഹ്വാനമായിരുന്നു അവിടെ അദ്ദേഹം നല്‍കിയത്‌. രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും സന്ദേശവും ഋഷിവര്യന്മാരുടെ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളാതെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പ്രവര്‍ത്തിക്കാനാവില്ലെന്ന്‌ അദ്ദേഹം അസന്നിഗ്ധമായി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായ കെ.ദാമോദരന്റെ ചിന്താധാരയ്ക്ക്‌ അടിവരയിട്ടുകൊണ്ട്‌ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്‌ ഭാരതത്തിന്റെ നാനത്വവും വേദോപനിഷത്തുകളും അടങ്ങുന്ന പൈതൃകത്തെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇവിടെ വേര്‌ പിടിക്കാനാവില്ലെന്നാണ്‌. ഭാരതീയ മൂല്യങ്ങളേയും വിശ്വാസപ്രമാണങ്ങളേയും അടച്ചാക്ഷേപിച്ച്‌ മുന്നോട്ട്‌ പോവാനാവില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറി സഖാക്കളെ ഓര്‍മ്മിപ്പിച്ചു.

വൈകിയാണെങ്കില്‍ കൂടി പന്ന്യന്റെ ഈ തിരിച്ചറിവ്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും ഭാരതീയത ഉള്‍ക്കൊള്ളേണ്ടത്‌, അഥവാ ഭാരതവല്‍ക്കരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അതിനെ കാവിവല്‍ക്കരണമെന്ന്‌ കളിയാക്കുന്നവര്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉണ്ടാവാം. അവര്‍ കാലത്തിന്റെ ചുവരെഴുത്ത്‌ കാണാത്തവരാണ്‌. കാവിയോടും കാവി പ്രതിനിധാനം ചെയ്യുന്നതിനോടും കലഹിക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട്‌ തന്നെ അവരില്‍ ചിലര്‍ രാമായണവും മഹാഭാരതവും ചുട്ടു കരിക്കുന്നതിന്‌ പണ്ട്‌ കൂട്ടുനിന്നു.
ഭാരതയീതയോടും ഭാരതീയമായ എന്തിനോടും ഒരു വല്ലാത്ത ‘അലര്‍ജി’ തന്നെ പുലര്‍ത്തിയിരുന്നു പല സിപിഐ നേതാക്കളും. കാവിവസ്ത്രം ഉപേക്ഷിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെത്തിയവരാണ്‌ പന്ന്യന്റെ പാര്‍ട്ടിയുടെ കഴിഞ്ഞകാല സംസ്ഥാന സെക്രട്ടറിമാരായ എന്‍.ഇ.ബലറാമും വെളിയം ഭാര്‍ഗ്ഗവനും. അവര്‍ക്ക്‌ കാവി സംബന്ധമായതൊക്കെ പുച്ഛമായിരുന്നു. പക്ഷെ ഗുരുവായൂര്‍ പ്രസംഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചത്‌ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി നയപരിപാടികളില്‍ മാറ്റം വരുത്താന്‍ സിപിഐയുടെ ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചുവെന്നാണ്‌. പന്ന്യന്‌ മുമ്പ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പുനരാവിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടിയിരുന്നു.
മരിക്കുന്നതിന്‌ ഏതാനും മാസം മുമ്പ്‌ പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌ ഇന്ത്യയേയും ഇന്ത്യയുടെ ആത്മാവിനേയും മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പരാജയപ്പെട്ടു പോയിയെന്നാണ്‌.

വളരെ മുമ്പേ ഈ തിരിച്ചറിവുണ്ടാവുകയും അത്‌ വിളിച്ചു പറയുകയും ചെയ്ത പ്രതിഭയാണ്‌ ആദ്യ കമ്മ്യൂണിസ്റ്റുകളിലൊരാളായ കെ.ദാമോദരന്‍. ഇന്ത്യയെ കണ്ടെത്താനായി അദ്ദേഹം ഒട്ടേറെ വായിച്ചു, ചിന്തിച്ചു, ഗവേഷണം ചെയ്തു. അതിന്‌ സഹായകമായ ഗ്രന്ഥരചന നടത്തി. ‘ഇന്ത്യയുടെ ആത്മാവ്‌’ ‘ധാര്‍മിക മൂല്യങ്ങള്‍’, ‘ഭാരതീയ ചിന്ത’ എന്നിവ മലയാളത്തിലും ‘ഇന്ത്യന്‍ തോട്ട്‌’, ‘മാന്‍ ആന്റ്‌ സൊസൈറ്റി ഇന്‍ ഇന്ത്യന്‍ ഫിലോസഫി’ ‘മാര്‍ക്സ്‌, ഹെഗല്‍ ആന്റ്‌ ശങ്കര’ എന്നിവ ഇംഗ്ലീഷിലും കെ.ദാമോദരന്‍ എഴുതിയത്‌ സഖാക്കള്‍ക്ക്‌ യഥാര്‍ത്ഥ ഇന്ത്യയെ പരിചയപ്പെടുത്താനായിരുന്നു. പക്ഷെ അത്‌ ചെവിക്കൊളളാനും ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കായില്ല. അതൊരു ഹിമാലയന്‍ മണ്ടത്തരമായിപ്പോയെന്നും കനത്ത വിലയാണ്‌ അതിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ നല്‍കേണ്ടി വന്നതെന്നും കാലം തെളിയിച്ചു. യാദൃച്ഛികമെങ്കിലും കെ.ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്ക്‌ അടിവരയിടുന്ന രീതിയിലുള്ള സംവാദത്തിന്‌ സിപിഐയും അതിന്റെ സംസ്ഥാന സെക്രട്ടറിയും തുടക്കം കുറിച്ചിരിക്കുന്നുവെന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

എന്നാല്‍ ഇത്തരം സംവാദങ്ങളില്‍ ഇന്ന്‌ സംസ്ഥാനത്ത്‌ മിക്കവര്‍ക്കും താല്‍പ്പര്യമില്ലെന്നതും അതിന്‌ സമയമില്ലെന്നതും ഒരു ദുഃഖസത്യമാണ്‌. സംവാദതല്‍പ്പരരായിരുന്ന ഇഎംഎസ്‌, ഉണ്ണിരാജ, എം.എസ്‌.ദേവദാസ്‌, എന്‍.ഇ.ബലറാം, പി.ആര്‍.നമ്പ്യാര്‍ എന്നിവരുടെ വംശം ഇന്ന്‌ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലും അന്യം നിന്നു. സഖാക്കള്‍ക്കിടയില്‍ പി.ഗോവിന്ദപിള്ളയെ പോലെയും സംഘപരിവാറിലെ പി.പരമേശ്വരനെപ്പോലെയുമുള്ളവര്‍ വളരെ വിരളമാണ്‌ ഇന്ന്‌ നമ്മുടെ സമൂഹത്തില്‍. സംഘട്ടനത്തിന്റേയും സംഘര്‍ഷത്തിന്റെയുമല്ല സംവാദത്തിന്റെയും സമന്വയത്തിന്റെയും സംസ്ക്കാരമാണ്‌ കെ.ദാമോദരന്‍ ഉയര്‍ത്തിപ്പിടിച്ചത്‌. പി.കൃഷ്ണപിള്ളയോടൊപ്പം കെ.ദാമോദരനും ഉണ്ടായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അതിന്റെ ആദ്യ ആലോചനായോഗം മുതല്‍. സ്റ്റാലിന്റെ കാലത്ത്‌ തന്നെ സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റും ദാമോദരന്‍ തന്നെ. കെ.ദാമോദരന്റെ ജന്മശതാബ്ദി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാത്രം ആഘോഷിക്കേണ്ടതല്ല. അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്തായിരുന്നു. അതുകൊണ്ട്‌ കേരളത്തിന്റെ ആഘോഷമാവണം കെ.ദാമോദരന്റെ ജന്മശതാബ്ദി.

ഹരി എസ്‌. കര്‍ത്താ

അവിചാരിതമായ ഓര്‍മ്മപുതുക്കല്‍

കണ്ണൂര്‍ വിഭാഗ്‌ സംഘചാലക്‌ ഡി. ചന്ദ്രശേഖരന്റെ 80-ാ‍ം പിറന്നാളിനോടനുബന്ധിച്ച്‌ തലശ്ശേരി കാര്യാലയത്തില്‍ നടന്ന ആദരണപരിപാടിയെപ്പറ്റി ഈ പംക്തിയില്‍ വിവരിച്ചിരുന്നുവല്ലോ. അതില്‍ പങ്കെടുക്കാന്‍ തലശ്ശേരി തിരുവങ്ങാട്ട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കാണ്‌ അവിടത്തെ സ്വയംസേവകര്‍ എന്നെ കൂട്ടിക്കൊണ്ടുപോയത്‌. അവിടെ അവശനിലയിലുള്ള ഒരു വൃദ്ധന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നാലഞ്ചുപേര്‍ വരാന്തയിലേക്ക്‌ കയറിയപ്പോള്‍ അദ്ദേഹം എന്നെ കുറച്ചുനേരം സൂക്ഷിച്ചുനോക്കുകയും ഏതാനും നിമിഷങ്ങള്‍ക്കുശേഷം പേര്‍ വിളിക്കുകയും ചെയ്തു. ശബ്ദംകേട്ടപ്പോള്‍ ആളെ മനസ്സിലായി. തലശ്ശേരിയില്‍ പ്രചാരകനായി എത്തിയതിനുശേഷം തിരുവനന്തപുരത്തുനിന്നും സ്ഥലംമാറി വന്ന ടി.കെ. ദാമോദരന്‍.

ഒട്ടേറെ ഓര്‍മ്മകള്‍ ആ നിമിഷം മനസ്സിലൂടെ കടന്നുപോയി. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ്‌ മലബാര്‍ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നല്ലൊ. 1956 ല്‍ നവംബറില്‍ സംസ്ഥാന പുനഃസംഘടനക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയുക്തമായ ഫസല്‍ അലി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഒരു വര്‍ഷമാണ്‌ റിപ്പോര്‍ട്ടിന്‍ പ്രകാരമുള്ള പുനസ്സംഘടിത സംസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ നല്‍കപ്പെട്ടിരുന്ന സമയം. ആ സമയത്തിനിടയില്‍, ഓരോ സംസ്ഥാനത്തേക്കും മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്ന്‌ ചേര്‍ക്കപ്പെടേണ്ട ജീവനക്കാരെയും രേഖകളെയും മാറ്റുക എന്ന അതിസങ്കീര്‍ണവും സുപ്രധാനവുമായ കാര്യങ്ങള്‍ തീര്‍ക്കേണ്ടിയിരുന്നു. ജീവനക്കാര്‍ക്ക്‌ ഏത്‌ സംസ്ഥാനത്ത്‌ ജോലിചെയ്യണമെന്ന്‌ തീരുമാനിക്കാന്‍ അവസരം നല്‍കപ്പെട്ടു. മലബാറില്‍നിന്ന്‌ മദ്രാസ്‌ സെക്രട്ടറിയേറ്റിലും മറ്റ്‌ ജീവനക്കാരായിരുന്നവരെ തിരുവനന്തപുരത്തേക്കും തെക്കന്‍ തിരുവിതാംകൂറില്‍നിന്ന്‌ തിരുവനന്തപുരത്ത്‌ ജോലിചെയ്തിരുന്നവരെ മദ്രാസിലേക്കും രേഖകള്‍ സഹിതം മാറ്റുവാന്‍ വിപുലമായ സജ്ജീകരണങ്ങളാണ്‌ ചെയ്യപ്പെട്ടത്‌. അതിനായി മദ്രാസില്‍നിന്നും ഒരു പ്രത്യേക തീവണ്ടി തിരുവനന്തപുരത്തേക്ക്‌ ഓടിച്ചു. അതില്‍ വിവിധ ഓഫീസുകളിലെ ഫയലുകളും ഉദ്യോഗസ്ഥരുമെല്ലാ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നും ആ വണ്ടി മടങ്ങിയത്‌, തെക്കന്‍ തിരുവിതാംകൂറിലെയും ചെങ്കോട്ടയിലെയും സെക്രട്ടറിയേറ്റ്‌ ജീവനക്കാരുമായാണ്‌. അങ്ങനെ തിരുവനന്തപുരത്തെത്തിയ തലശ്ശേരിക്കാരനായ സ്വയംസേവകനായിരുന്നു ടി.കെ. ദാമോദരന്‍. എ.കെ. ലക്ഷ്മണന്‍, എന്‍. വിജയന്‍, ശിവരാജന്‍ തുടങ്ങിയവരും അക്കൂട്ടത്തില്‍പ്പെടും. അവര്‍ക്ക്‌ പ്രാരംഭത്തില്‍ തിരുവനന്തപുരത്ത്‌ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. പക്ഷേ അവിടത്തെ സംഘപ്രവര്‍ത്തനത്തിന്‌ അവര്‍ വലിയ കരുത്തായിത്തീര്‍ന്നു. വിജയനൊഴികെ ലക്ഷ്മണനും ദാമോദരനും ശിവരാജനും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ തലശ്ശേരിക്ക്‌ സ്ഥലംമാറ്റം വാങ്ങിപ്പോന്നു. അവരെ പരിചയപ്പെടുന്നത്‌ ആ അവസരത്തിലാണ്‌. വിജയന്‍ ലീവില്‍ വന്ന അവസരത്തിലാണ്‌ പരിചയപ്പെട്ടത്‌. സെക്രട്ടറിയേറ്റില്‍ തൊഴില്‍വകുപ്പിലും ലോട്ടറി വകുപ്പിലും വളരെക്കാലം ജോലിചെയ്തശേഷമാണദ്ദേഹം വിരമിച്ചത്‌. രാഷ്ട്രീയതലത്തിലും ഔദ്യോഗികതലത്തിലുമുള്ള ഒരു പ്രലോഭനവും ഭീഷണിയും കാര്യവ്യഗ്രതയും സംഘപ്രവര്‍ത്തനത്തില്‍നിന്ന്‌ അദ്ദേഹത്തെ വിമുഖനാക്കിയില്ല. അവിടെത്തന്നെ സ്വന്തം വീടുവെച്ചു. സംഘചാലകന്റെ വരെയുള്ള വിവിധ ചുമതലകള്‍ വഹിച്ചു. സേവനവിമുക്തനായശേഷം എ.വി. ഭാസ്കര്‍ജിയുടെ ക്ഷണം സ്വീകരിച്ച്‌ പാലക്കാട്ട്‌ വ്യാസവിദ്യാപീഠത്തിന്റെയും ഭാരതീയ വിദ്യാനികേതന്റെയും ചുമതലകള്‍ ഏറ്റെടുത്ത്‌, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ തിരുവനന്തപുരത്തേക്ക്‌ മടങ്ങിയെങ്കിലും ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമേശ്വര്‍ജിയെ സഹായിക്കുകയാണിപ്പോള്‍.എം.കെ. ലക്ഷ്മണനാകട്ടെ ചന്ദ്രേട്ടന്‍ സംഘത്തില്‍ വന്ന കാലത്തുതന്നെ ശാഖയില്‍ വന്നുതുടങ്ങി. 1946 ലോ മറ്റോ സംഘശിക്ഷാവര്‍ഗില്‍ പരിശീലനം നേടി. മരാമത്ത്‌ വകുപ്പില്‍ ജോലിചെയ്തുവന്നു. പ്രവര്‍ത്തനത്തില്‍ സജീവമല്ലാതായി. ശിവരാജനും ക്രമേണ സജീവ പ്രവര്‍ത്തനത്തില്‍നിന്നു പിന്‍വലിച്ചു. പ്രത്യേകാവസരങ്ങളില്‍ ഇവരെല്ലാം വരാറുണ്ടായിരുന്നുതാനും.

ടി.കെ. ദാമോദരന്റെ പേരു പറഞ്ഞുകൊണ്ടാണല്ലോ ആരംഭിച്ചത്‌. അദ്ദേഹത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ അളവറ്റ നര്‍മബോധമാണാദ്യം മനസ്സില്‍ വരിക. കൂടെയിരുന്നാല്‍ നേരം പോകുന്നതറിയില്ല. ഇന്ന്‌ മിമിക്രി വലിയ കലയാണല്ലൊ. പ്രഗല്‍ഭ ചലച്ചിത്രതാരങ്ങള്‍ പലരും മിമിക്രി രംഗത്തുനിന്ന്‌ വന്നവരാണ്‌. ദാമോദരന്റെ മിമിക്രി പ്രദര്‍ശനത്തിനുവേണ്ടിയായിരുന്നില്ല. അസൂയാവഹമായ ശബ്ദവൈചിത്ര്യം സൃഷ്ടിക്കാനദ്ദേഹത്തിന്‌ കഴിയുമായിരുന്നു. പത്തുപന്ത്രണ്ട്‌ നായ്ക്കള്‍ ഒരുമിച്ച്‌ കടികൂടി ബഹളംവെക്കുന്നത്‌ അദ്ദേഹം അനുകരിച്ച്‌ കേട്ട്‌ ആളുകള്‍ ഓടിക്കൂടിയ അനുഭവമുണ്ട്‌. കൂടെ നടക്കുന്ന ആളുടെ കാലില്‍ നായ കടിച്ചതായി തോന്നത്തക്ക വിധത്തില്‍ ശബ്ദംകൊണ്ട്‌ പ്രതീതിയുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു. യാതൊന്നുമറിയാത്ത മട്ടില്‍ നിരങ്കുശനായി നടക്കുകയും ചെയ്യും.

അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു പ്രാവുവളര്‍ത്തല്‍. അദ്ദേഹത്തിന്റെ അച്ഛനും അനുജനുമൊക്കെ അതില്‍ ഭ്രമമുള്ളവരായിരുന്നു. പ്രാവുവളര്‍ത്തലും പറപ്പിക്കല്‍ മത്സരവും തലശ്ശേരിയില്‍ അക്കാലത്ത്‌ (50 വര്‍ഷം മുമ്പ്‌) വലിയ പ്രചാരമുള്ള വിനോദങ്ങളായിരുന്നു. പ്രാവിന്‍മുട്ടകള്‍ അടവെച്ച്‌ വിരിയിച്ച്‌ വളര്‍ത്തി പരിശീലിപ്പിക്കുന്ന റാക്കുകള്‍ അവരുടെ ചെറിയ കച്ചവടസ്ഥലത്തുണ്ടായിരുന്നു. പരിശീലിപ്പിക്കുന്നതിനിടെ പ്രാവുകളുടെ പോക്കും പ്രകൃതവുമൊക്കെ നിയന്ത്രിക്കുന്ന ശബ്ദങ്ങളും മറ്റു സങ്കേതങ്ങളും അവര്‍ പ്രയോഗിച്ചു. പ്രാവുകള്‍ക്ക്‌ പേരുമുണ്ടായിരുന്നു. മണിക്കൂറുകള്‍ പ്രാവുകളെ നിരീക്ഷിച്ച്‌ ആഹാരം പോലും കഴിക്കാതെ അവര്‍ നടക്കുമായിരുന്നു. തിരുവനന്തപുരത്തും പ്രാവുപറത്തല്‍ മത്സരം ഉണ്ടായിരുന്നു. ദാമോദരന്‍ പ്രാവുകളെ അവിടെ കൊണ്ടുപോയി മത്സരത്തില്‍ വിജയിക്കുമായിരുന്നു. തലശ്ശേരിയിലെ പ്രശസ്തമായ ബേക്കറി നിര്‍മ്മാണ കുടുംബമായ മാമ്പിള്ളിക്കാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ പുളിമൂട്ടില്‍ ശാന്താ ബേക്കറിയുണ്ടായിരുന്നു. ദാമോദരന്റെ ഒരു സഹപാഠിയാണ്‌ അത്‌ നടത്തിയിരുന്നത്‌. ആ സൗഹൃദം പ്രാവുമത്സരത്തിലും പ്രയോജനപ്പെടുത്തി.

അദ്ദേഹത്തിന്റെ അച്ഛന്‍ രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്‌ വലിയ കൈത്തറിവസ്ത്രവ്യാപാരിയായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ക്ക്‌ വന്‍ വിദേശമാര്‍ക്കറ്റും ലഭിച്ചിരുന്നു. യുദ്ധകാലത്ത്‌ അത്‌ തീര്‍ത്തും തകര്‍ച്ചയിലായി ആ കുടുംബം ഏതാണ്ട്‌ ദാരിദ്ര്യത്തിലായി എന്നു പറയാം. ദാമോദരന്‌ വളരെ ഉന്നതതല ബന്ധങ്ങളുണ്ടായിരുന്നു. അവ സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചില്ല. അദ്ദേഹത്തെ ചന്ദ്രേട്ടന്റെ വീട്ടില്‍വെച്ച്‌ കണ്ടത്‌ അത്യന്തം അവശനായിട്ടാണ്‌. ഡാ. കെ.എം. രാകൃഷ്ണനെ (മുന്‍ പ്രാന്തസംഘചാലക്‌ ഗോപാലന്‍ അടിയോടിയുടെ മകന്‍) കണ്ട്‌ ഉപദേശം തേടി ചന്ദ്രേട്ടനെയും സന്ദര്‍ശിച്ച്‌ മടങ്ങാനിരിക്കുമ്പോഴാണ്‌ ഞാന്‍ കയറിച്ചെന്നത്‌. അപ്പോഴത്തെ അദ്ദേഹത്തിന്റെ വികാരങ്ങള്‍ വാക്കുകള്‍ക്ക്‌ വഴങ്ങുന്നവയായിരുന്നില്ല. അദ്ദേഹം കണ്ണൂരിനടുത്ത തോട്ടടയിലാണ്‌ താമസം. യാദൃച്ഛികമായ ആ കൂടിക്കാഴ്ച വളരെ വികാരനിര്‍ഭരമായി. അദ്ദേഹത്തിനും വയസ്‌ 80 കഴിഞ്ഞിരിക്കും. 80 കഴിഞ്ഞ പലരേയും അന്നത്തെ പരിപാടിയില്‍ കാണാനും പരിചയം പുതുക്കാനും കഴിഞ്ഞത്‌ വലിയ ഭാഗ്യമായി.

പി. നാരായണന്‍

ചരിത്രകാരനല്ലാത്ത എം ജി എസ്

ചരിത്രത്തിന്റെ അജ്ഞേയ കോണുകളില്‍ ഗവേഷണ ബുദ്ധിയോടെ വിഹരിച്ച്‌ തെളിമയാര്‍ന്ന നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന വിഖ്യാത ചരിത്രകാരനെന്ന നിലയില്‍ ഡോ. എം.ജി.എസ്‌. നാരായണന്‍ നമുക്ക്‌ സുപരിചിതനാണ്‌. ചേരകാല പ്രാചീന ചരിത്രപഠനത്തിലൂടെ തന്റെ ഗുരു ഇളംകുളത്തെ തിരുത്തിയ യുവഗവേഷകന്‍ പിന്നീട്‌ കടന്നുപോന്ന വഴികളിലെല്ലാം പുതുപാതകള്‍ തന്നെയാണ്‌ തേടിയത്‌. അയോധ്യയിലെ തര്‍ക്കമന്ദിരത്തെക്കുറിച്ച്‌, പട്ടണം ഗവേഷണങ്ങളെക്കുറിച്ച്‌, മലയാളഭാഷയ്ക്ക്‌ ക്ലാസിക്കല്‍ പദവി നല്‍കുന്നതിനെക്കുറിച്ച്‌, മാര്‍ക്സിസത്തെക്കുറിച്ച്‌ വീക്ഷണവ്യതിരിക്തതകൊണ്ട്‌ ശ്രദ്ധേയനായി ഡോ. എം.ജി.എസ്‌. നാരായണന്‍. നാളെ (ആഗസ്റ്റ്‌ 20ന്‌) 80 തികയുന്ന രേവതി നക്ഷത്രക്കാരനായ ഈ ചരിത്രകാരന്‌ പക്ഷേ, പിറന്നാള്‍ ആഘോഷങ്ങളില്ല. അവിടെയും പതിവുകള്‍ തെറ്റിക്കുകയാണ്‌ ഈ ചരിത്രകാരന്‍. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴില്‍ തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസിന്റെ ചുമതല വഹിക്കുന്ന എം.ജി.എസ്‌ അതിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ ഹില്‍പാലസില്‍ വെച്ച്‌ തന്റെ വ്യക്തിജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ ജന്മഭൂമി വായനക്കാര്‍ക്കുവേണ്ടി പങ്കു വെച്ചു.

ബാല്യം വിദ്യാഭ്യാസം
ബേപ്പൂര്‍ ആസ്ഥാനമായുള്ള പരപ്പനാട്‌ രാജവംശത്തിന്റെ കീഴിലുള്ള 4 കാര്യസ്ഥരില്‍ ഒരു താവഴിയിലാണ്‌ ജനനം. വള്ളിക്കുന്ന്‌ നിറംകൈതക്കോട്ടയായിരുന്നു ഈ രാജവംശത്തിന്റെ പരദേവത. ബേപ്പൂര്‍ കൂടാതെ ഇന്നത്തെ പരപ്പനങ്ങാടി നെടുവയിലും ഈ രാജവംശത്തിന്‌ ആസ്ഥാനമുണ്ടായിരുന്നു. ഈ രാജവംശം പിന്നീട്‌ ഹരിപ്പാട്‌, മാവേലിക്കര, ചങ്ങനാശ്ശേരി, കിളിമാനൂര്‍ എന്നിവിടങ്ങളിലേക്ക്‌ ചേക്കേറിയതായി കാണാം. ഹൈദരാലിയുടെ പടയോട്ടക്കാലത്താണ്‌ ഈ ഭയന്നോട്ടം ഉണ്ടായത്‌. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ രവിവര്‍മ്മ എന്നിവരൊക്കെ ഈ പാരമ്പര്യത്തില്‍ നിന്നാണ്‌.
പരപ്പനങ്ങാടിയില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്‌ പൊന്നാനി എ അച്ചുതവാരിയര്‍ സ്മാരക ഹൈസ്കൂളില്‍ ചേര്‍ന്നു. കേളപ്പജി അന്നവിടെ അധ്യാപകനായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന, ഈയിടെ അന്തരിച്ച വേണുക്കുറുപ്പ്‌, അന്നവിടെ ഉണ്ടായിരുന്നു. സ്കൂളിന്റെ എതിര്‍വശത്തുള്ള കൃഷ്ണപ്പണിക്കര്‍ വായനശാല അക്കാലത്തെ സാഹിത്യക്കളരിയായിരുന്നു. അക്കിത്തം, പി.സി. കുട്ടികൃഷ്ണന്‍, കടവനാട്‌ കുട്ടികൃഷ്ണന്‍, വേണുക്കുറുപ്പിന്റെ അമ്മാവന്‍ ഗോപാലക്കുറുപ്പ്‌ എന്നിവരൊക്കെ സാഹിത്യക്കളരിയിലെ പതിവുകാര്‍. എന്റെ സാഹിത്യവാസനയെ പരിപോഷിപ്പിച്ച നാളുകളായിരുന്നു അത്‌. അന്ന്‌ വക്കീല്‍ ഗുമസ്തനായി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു. സ്കൂളില്‍ കവിതയില്‍ ഒന്നാം സ്ഥാനം കിട്ടിയപ്പോഴാണ്‌ ഇടശ്ശേരി യാദൃച്ഛികമായി വീട്ടില്‍ എത്തുന്നതും പരിചയപ്പെടുന്നതും. വീട്ടില്‍ അച്ഛന്റെ പെങ്ങളെ വിളിച്ച്‌ ‘ഇവനെ സൂക്ഷിക്കണം, ഇവന്‌ കുറേശ്ശെ കവിതയെഴുത്തുണ്ടെന്ന്‌’ പറഞ്ഞപ്പോഴാണ്‌ കവിത പരിശോധിച്ചത്‌ ഇടശ്ശേരിയാണെന്ന്‌ മനസിലായത്‌. കവിതയിലും പ്രസംഗത്തിലും പ്രബന്ധരചനയിലും ചിത്രരചനയിലും കമ്പം കയറിയ നാളുകളായിരുന്നു അന്നൊക്കെ.

അമ്മയുടെ അകാലത്തിലുള്ള മരണം, അച്ഛന്റെ രണ്ടാം വിവാഹം, മരുമക്കത്തായത്തിന്റെ പതിവുകള്‍ ഇന്റര്‍മീഡിയേറ്റിന്‌ കോഴിക്കോട്‌ ചേര്‍ന്നത്‌ ഒക്കെയായപ്പോള്‍ താമസം അമ്മ വീടായ പരപ്പനങ്ങാടിയിലേക്ക്‌ മാറ്റി. തറവാടിന്റെ ഐശ്വര്യം ക്ഷയിച്ചു തുടങ്ങിയ കാലമായിരുന്നു അത്‌. പരപ്പനങ്ങാടിയില്‍ അന്നത്തെ വലിയ ഉദ്യോഗമായി കരുതിയിരുന്നത്‌ വക്കീല്‍ ജോലിയായിരുന്നു. അതില്‍ ഭൂരിഭാഗവും തമിഴ്‌ ബ്രാഹ്മണന്മാരായിരുന്നു. നായന്‍മാര്‍ വക്കീല്‍ ഗുമസ്തന്മാരായി കഴിഞ്ഞുകൂടി. കോഴിക്കോട്‌ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ തുടക്കം അക്കാലത്തായിരുന്നു. അതിന്റെ ഭാഗമായി നടന്ന സാഹിത്യമത്സരങ്ങളില്‍ പങ്കാളിയായി. പ്രബന്ധരചനയില്‍ ഒന്നാമനായും പ്രസംഗത്തില്‍ രണ്ടാമതും എത്തി. തായാട്ട്‌ ശങ്കരനായിരുന്നു പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും പ്രബന്ധത്തില്‍ രണ്ടാം സ്ഥാനവും നേടിയത്‌. ഫറൂഖ്‌ കോളജില്‍ ബി.എക്ക്‌ ചേര്‍ന്നെങ്കിലും ഒരു വര്‍ഷമാണ്‌ അവിടെ പഠിച്ചത്‌. യാത്ര ട്രെയിനിലായിരുന്നു. കടലുണ്ടിയില്‍ നിന്ന്‌ വി.എം. കൊറാത്തുമുണ്ടാവും. കൊറാത്ത്‌ പഠനം നിര്‍ത്തി ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി തുടങ്ങിയ കാലമായിരുന്നു അത്‌. പൊന്നാനിയിലെ കൂട്ടുകാര്‍ മുഴുവന്‍ അന്ന്‌ തൃശൂര്‍ കേരളവര്‍മ്മ കോളേജിലായിരുന്നു. വേണുക്കുറുപ്പിന്റെ ക്ഷണവും കൂടിയായപ്പോള്‍ പഠനം സാഹിത്യക്കമ്പക്കാരുടെ കേന്ദ്രമായ കേരളവര്‍മ്മയിലേക്ക്‌. എഴുത്തുകാരനും കവിയുമായ പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാരായിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍. എന്‍.വി. കൃഷ്ണവാരിയര്‍ അധ്യാപകനായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടിയ കാലം. എപിപി നമ്പൂതിരിയെ പരിചയപ്പെടുന്നത്‌ അവിടെവെച്ചാണ്‌. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌ അവിടെ വെച്ചാണ്‌.

മലയാളസമാജത്തിന്റെ സെക്രട്ടറിയായി കെ.കെ. രാജ എന്ന കവിയുടെ മകന്‍ രാജകുമാരന്‍ മത്സരിക്കുന്നു. അയാള്‍ സെക്രട്ടറിയാവുന്നത്‌ ഏറെപ്പേര്‍ക്കും ഇഷ്ടമില്ലായിരുന്നു. കുറേപ്പേരുണ്ടായിരുന്നു. അവര്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കി. എ.പി.പി. നമ്പൂതിരിയാണ്‌ എന്നെ പരിചയപ്പെടുത്തുക. കവിയും എഴുത്തുകാരനും എന്നൊക്കെ പറഞ്ഞ്‌ കുട്ടികള്‍ക്ക്‌ മുമ്പില്‍ പരപ്പനങ്ങാടിക്കാരനായ എന്നെ പരിചയപ്പെടുത്തി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഏറെപ്പേരും ഈഴവരായ പെണ്‍കുട്ടികളായിരുന്നു. പരപ്പനങ്ങാടി അന്നത്തെ അറിയപ്പെടുന്ന ഈഴവകേന്ദ്രവും. പെണ്‍കുട്ടികള്‍ ഏതാണ്ട്‌ മുഴുവനായും എനിക്ക്‌ വോട്ടു ചെയ്തു. രാജകുമാരന്‍ തോറ്റു, ഞാന്‍ ജയിച്ചു. സാഹിത്യസമാജം ഏറെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഇടമായി. എന്‍.എന്‍. കക്കാടും കഥാകാരി രാജലക്ഷ്മിയുടെ സഹോദരി സരസ്വതിയമ്മയൊക്കെയായിരുന്നു ക്ലാസുകള്‍ എടുത്തത്‌.

മദ്രാസിലെ പഠനം, എം. ഗോവിന്ദനുമായുള്ള ബന്ധവും
താമ്പരത്തെ മദ്രാസ്‌ ക്രിസ്ത്യന്‍ കോളജിലെ എം.എ. പഠനം ജീവിതവീക്ഷണത്തിലും സാഹിത്യ വീക്ഷണത്തിലും ഏറെ അനുഭവപാഠങ്ങള്‍ തന്ന കാലമായിരുന്നു. ഒരു ഐ.എ.എസ്കാരന്‍ ആവുക എന്നതായിരുന്നു എന്നെക്കുറിച്ച്‌ അച്ഛന്റെ സങ്കല്‍പ്പം. ഉന്നതവിജയം നേടിയിട്ടും ഐഎഎസ്‌ എന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല. അതുറക്കെപ്പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഫീസടച്ചു. രക്ഷപ്പെടാനുള്ള വഴിയായി കണ്ടത്‌ മദ്രാസ്‌ സര്‍ക്കാറിന്റെ കീഴില്‍ എപ്പോഴും ലഭിക്കാവുന്ന 9 എ വണ്‍ എന്ന ക്ലാര്‍ക്ക്‌ ജോലിയില്‍ കയറുക എന്നതായിരുന്നു. 80 രൂപ ശമ്പളം. വലിയ തിരക്കൊന്നുമില്ല. വായനക്ക്‌ ഏറെ സമയം. മദ്രാസില്‍ വച്ച്‌ ജയകേരളം വീക്കിലി, ലോകവാണി എന്ന ഡൈജസ്റ്റ്‌ എന്നിവയിലൊക്കെ കവിതകള്‍ എഴുതുന്നത്‌ പതിവായി. കേരളസമാജത്തിന്റെ പ്രസിദ്ധീകരണമായ ജയകേരളത്തിന്റെ എഡിറ്റര്‍ അപ്പുക്കുട്ടി ഗുപ്തനായിരുന്നു. പ്രചാരത്തില്‍ ഏറെ മുന്നിലായിരുന്നു ജയകേരളം. കേരള സമാജത്തിന്റെ സാഹിതീസഖ്യം എല്ലാ ശനിയാഴ്ചകളിലും കൂടിച്ചേരുന്ന സഹൃദയ സദസ്സായിരുന്നു. കെ.എ. കൊടുങ്ങല്ലൂര്‍, യു.എ. ഖാദര്‍, ഒ.എം. അനുജന്‍, എസ്‌.കെ. നായര്‍, എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ സാഹിതീസഖ്യത്തിലെ പതിവുകാരായിരുന്നു. എം.വി. ദേവനുമായി പരിചയപ്പെടുന്നതും നേരത്തെയുണ്ടായിരുന്ന ചിത്രകലയിലെ താല്‍പ്പര്യം ഒട്ടൊന്ന്‌ വര്‍ധിച്ചതും ഇവിടെ നിന്നുതന്നെ. എം. ഗോവിന്ദന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നു. കേരളപ്പിറവിക്കുശേഷം കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ കീഴില്‍ ജോലി ചെയ്യാന്‍ വയ്യ എന്ന്‌ പറഞ്ഞ്‌ ജോലി രാജിവെക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിസ്റ്റ്‌ കെ.സി.എസ്‌ പണിക്കരുടെ മകള്‍ ഡോ. പത്മാവതിയായിരുന്നു ഗോവിന്ദന്റെ ഭാര്യ. പ്രശസ്തയായ ഗൈനക്കോളജിസ്റ്റ്‌. ചെറിയമ്മയുടെ അടുത്ത സുഹൃത്തായിരുന്ന ഡോക്ടര്‍ ടി. പത്മനാഭനും അന്ന്‌ മദ്രാസിലുണ്ടായിരുന്നു.

കോലായ ചര്‍ച്ച ഒരു കോഴിക്കോടന്‍ മാതൃക കോലായ ചര്‍ച്ച വ്യത്യസ്തമായ ഒരു സാഹിത്യാനുഭവമായിരുന്നു. ചിത്രംവരയിലെ കമ്പം കാരണം മദ്രാസിലുള്ളപ്പോള്‍ സ്കൂള്‍ ഓഫ്‌ ആര്‍ട്സില്‍ വര പഠിക്കാന്‍ പോയിരുന്നു. അവിടെ നിന്നാണ്‌ എം.വി. ദേവനെ പരിചയപ്പെടുന്നത്‌. നല്ല അടുപ്പമായി ആ ബന്ധം വളര്‍ന്നു. എ.വി. ഹെസ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ചിത്രരചനയില്‍ സമ്മാനം കിട്ടിയിരുന്നു. അക്കാലത്തു തന്നെ കരുവാട്ടില്ലത്തെ നമ്പൂതിരിക്കുട്ടിയുടെ (ഇന്നത്തെ ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി) ചിത്രംവര കണ്ട്‌ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്‌. ചിത്രംവര എന്റെ മേഖലയല്ലെന്ന്‌ അന്ന്‌ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഇടയ്ക്കിപ്പോഴും വരക്കുന്നു.

എം.എ. പഠനം കഴിഞ്ഞ്‌ ഗുരുവായൂരപ്പന്‍ കോളജില്‍ ചരിത്രാധ്യാപകനായി ജോലി ചെയ്യുമ്പോഴാണ്‌ കോഴിക്കോട്ടെ സാഹിത്യ സമ്പര്‍ക്കം ശക്തമാവുന്നത്‌. ദേവന്‍ അന്ന്‌ മാതൃഭൂമിയില്‍ എത്തിയിരുന്നു. ആര്‍. രാമചന്ദ്രന്‍, തിക്കോടിയന്‍, പവനന്‍, വി.ടി. ഇന്ദുചൂഡന്റെ കുടുംബം, കോഴിക്കോടന്‍, കക്കാട്‌, വേണുക്കുറുപ്പ്‌, എന്‍.പി. മുഹമ്മദ്‌ തുടങ്ങിയ പ്രമുഖരുമായുള്ള സഹവാസത്തിന്റെ സന്ദര്‍ഭമായി അത്‌ മാറി. രാമചന്ദ്രന്‍ മാസ്റ്ററുടെ തളിയിലെ വീട്ടിലായിരുന്നു കോലായചര്‍ച്ച. സ്ഥിരാധ്യക്ഷന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ തന്നെ. തികച്ചും അനൗപചാരികമായ ഇടപഴകല്‍. ഇഷ്ടമുള്ള വിഷയങ്ങള്‍ യാതൊരു മറയും മടിയും കൂടാതെ അവതരിപ്പിക്കാം. തുറന്ന ചര്‍ച്ച. എഴുതിവെക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന നിബന്ധന. റിപ്പോര്‍ട്ട്‌ ചെയ്യാനിടവന്നാല്‍ പിന്നീട്‌ തുറന്ന ചര്‍ച്ച അസാധ്യമാവും. മുഖം നോക്കാതെ വിമര്‍ശിക്കപ്പെടുന്നതുകൊണ്ട്‌ പേരും പെരുമയും കാത്തുസൂക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല. ഉറൂബും അഴീക്കോടും ഒരു തവണയാണ്‌ വന്നത്‌. കുട്ടികൃഷ്ണമാരാരും വന്നിരുന്നില്ല. ഒരു കോലായചര്‍ച്ച മാരാരെക്കുറിച്ചായിരുന്നു. യാഥാസ്ഥിതിക വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക്‌ കടന്നതായിരുന്നു മാരാരുടെ ജീവിതവീക്ഷണം. ഞാനും എന്‍.പിയും മാരാരുടെ ആരാധകര്‍. നാലാപ്പാടിന്റെ രതിസാമ്രാജ്യത്തിന്‌ ടിപ്പണി എഴുതിയത്‌ മാരാരായിരുന്നു. മാരാരുടെ വ്യത്യസ്ത വീക്ഷണം എങ്ങിനെ രൂപപ്പെട്ടുവെന്നറിയാന്‍ നേരില്‍ കാണാന്‍ തീരുമാനിച്ചു. എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ നോക്കുന്ന മാരാരെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഭയമായിരുന്നു. എന്നാല്‍ രതിസാമ്രാജ്യത്തിന്റെ പ്രൂഫ്‌ വായിച്ചതും കുമാര സംഭവത്തിന്റെ എട്ടാം സര്‍ഗ്ഗം ട്യൂഷനെടുത്ത സന്ദര്‍ഭവും ഒരേസമയത്തായതുമൊക്കെ മാരാര്‍ വിശദീകരിച്ചു. അത്‌ മാരാരുടെ ഷഷ്ഠിപൂര്‍ത്തി ഉപഹാരഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സൂക്ഷ്മമായ അപഗ്രഥനശേഷിയും അവതരണമികവും നേടാന്‍ സഹായിച്ച ‘കോലായ’ അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തി. ജോര്‍ജ്‌ ഇരുമ്പയം നേതൃത്വം നല്‍കി പിന്നീട്‌ മറ്റൊരു തരത്തില്‍ അതിനെ പുനരുജ്ജീവിപ്പിച്ചിരുന്നു. ആ ചര്‍ച്ചകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌.

വള്ളത്തോള്‍, പിന്നെ മോഹിനിയാട്ടം കേരള കവിത എന്ന കവികളെപ്പറ്റിയുള്ള പുസ്തകത്തില്‍ വള്ളത്തോളിന്റെ ജീവിതവീക്ഷണം എന്ന ലേഖനം എഴുതാന്‍ സി.ജെ. തോമസും അയ്യപ്പപ്പണിക്കരും എന്നെ ചുമതലപ്പെടുത്തി. വള്ളത്തോളിന്റേത്‌ ഉപരിപ്ലവ ചിന്തയാണെന്നും കരുത്തുറ്റ ഉള്‍ക്കാഴ്ച കുമാരനാശാനാണെന്നുമുള്ള എന്റെ ധാരണ ലേഖനത്തില്‍ എഴുതി. ഏറെ വൈകി വള്ളത്തോളിന്റെ മരണശേഷമാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്‌. പ്രകാശന വേളയില്‍ അധ്യക്ഷത വഹിച്ച ജി. ശങ്കരക്കുറുപ്പ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. എനിക്കെതിരെ ഏറെ ആക്ഷേപം ചൊരിഞ്ഞു. വള്ളത്തോളിനെ വീണ്ടും വായിക്കാന്‍ വിമര്‍ശനം പ്രേരണയായി. അത്ഭുതം സൃഷ്ടിച്ച അര്‍ത്ഥവത്തായ കല്‍പനകള്‍ ഉള്ള വള്ളത്തോള്‍ക്കവിതയെ പുതുതായി തിരിച്ചറിയുകയായിരുന്നു പുനര്‍വായനയിലൂടെ.

ദാസി ആട്ടം എന്ന ചീത്തപ്പേരുള്ള മോഹിനിയാട്ടം നിരോധിക്കുകയായിരുന്നു കേരളത്തില്‍. അതിന്റെ പുനരുജീവനത്തിന്‌ കലാമണ്ഡലം മുന്‍കയ്യെടുത്തു. തേവിടിശ്ശി നൃത്തം കേരള നടനമായി മാറി. കേരള സാംസ്കാരിക ചരിത്ര പഠനത്തിന്റെ ഭാഗമായി മോഹിനിയാട്ടത്തെക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിച്ചിരുന്നു. എം.കെ.കെ. നായര്‍ കലാമണ്ഡലം പ്രസിഡന്റായതോടെ കേരള നൃത്തത്തെക്കുറിച്ച്‌ എന്നോട്‌ എഴുതാന്‍ പറഞ്ഞു. കേരളീയനൃത്തത്തെക്കുറിച്ചുള്ള ആദ്യപഠനമായിരുന്നു അത്‌. കമലാദേവി ചതോപാധ്യായ ലളിതകലാ അക്കാദമി അധ്യക്ഷയായതോടെ മോഹിനിയാട്ടത്തെക്കുറിച്ച്‌ പഠിക്കാന്‍ ഭാരതിശിവജിയെയാണ്‌ ഏല്‍പ്പിച്ചത്‌. ദല്‍ഹി ഇന്റര്‍നാഷണല്‍ സെന്ററിലെ സെമിനാറില്‍ വെച്ച്‌ ഭാരതി ശിവജിയെ പരിചയപ്പെട്ടതോടുകൂടി മോഹിനിയാട്ടത്തെക്കുറിച്ചുള്ള അന്വേഷണം ആഴത്തിലായി. കോഴിക്കോട്‌ സെന്റര്‍ ഫോര്‍ മോഹിനിയാട്ടം ആരംഭിക്കുന്നതും മോഹിനിയാട്ടത്തിന്റെ ചീത്തപ്പേര്‌ മാറ്റിയെടുക്കുന്നതില്‍ അക്കാദമിക സംഭാവന ചെയ്യുന്നതിലുമൊക്കെ മുഴുകാന്‍ കഴിഞ്ഞു. ഭാരതി ശിവജിയാണ്‌ ലാസ്യരസപ്രധാനമായ മോഹിനിയാട്ടത്തെ യഥാര്‍ത്ഥ മുദ്രകളിലൂടെ പുനരാവിഷ്കരിച്ചത്‌. മകള്‍ വിനയ ഭാരതി ശിവജിയുടെ ശിഷ്യയായി നൃത്തരംഗത്ത്‌ ഇന്നും സജീവമാണ്‌.

വിസിയായില്ല, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനുമല്ല കേരളത്തിലെ ചരിത്രകാരന്മാര്‍ പലരും വി.സി.യായിട്ടുണ്ടാകാം. എന്നാല്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവണ്‍മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റുകളായാണ്‌ എനിക്ക്‌ തോന്നിയത്‌. അതുകൊണ്ട്‌ രാഷ്ട്രീയക്കാരുടെ ആജ്ഞാനുവര്‍ത്തിയായി വി.സി. പട്ടം തലയില്‍ വെക്കാന്‍ താത്പര്യവും ഉണ്ടായില്ല. പ്രൊഫ. ദുബെ യു.ജി.സി പ്രതിനിധിയായി വി.സി. സെലക്ഷന്‍ കമ്മിറ്റിയില്‍ വന്നപ്പോള്‍ എന്നെ ഏറെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റുകള്‍ എന്റെ പേര്‌ പരിഗണിക്കില്ലെന്നും അത്‌ മാത്രമല്ല എനിക്ക്‌ താല്‍പ്പര്യമില്ലെന്നും പറഞ്ഞിരുന്നു. അക്കാദമിക പണ്ഡിതന്മാര്‍ ഇത്തരത്തില്‍ മാറിനില്‍ക്കുന്നതാണ്‌ രാഷ്ട്രീയക്കാര്‍ ഈ രംഗം കയ്യടക്കുന്നതെന്നായിരുന്നു ദുബെയുടെ മറുപടി. പ്രതീക്ഷിച്ചത്‌ തന്നെയാണ്‌ സംഭവിച്ചത്‌. യുജിസി പ്രതിനിധിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടായിരുന്നു അന്ന്‌ വി.സി.യെ നിശ്ചയിച്ചത്‌. കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഗവ. തൊഴുത്തുകളായി മാറിയിരിക്കുന്നു. സ്വതന്ത്രമായ അക്കാദമിക അന്തരീക്ഷം അവിടെയില്ല.
മാര്‍ക്സിസത്തിന്റെ പല ആശയങ്ങളോടും അനുഭാവമുണ്ടെങ്കിലും ലെനിന്റെ കാലത്ത്‌ തന്നെ മാര്‍ക്സിസം പാര്‍ട്ടിയായി അധഃപതിച്ചുകഴിഞ്ഞുവെന്നാണ്‌ എന്റെ വിലയിരുത്തല്‍. സിപിഎം ആയി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. അധികാരസമ്പാദനത്തിന്‌ ഏത്‌ മാര്‍ഗ്ഗമുപയോഗിക്കാനും സിപിഎം മടിക്കുന്നില്ല. പഴയ നമ്പൂതിരി ജന്മിത്തത്തിന്റെ നിര്‍ദ്ദാക്ഷിണ്യമായ, നീക്കുപോക്കില്ലാത്ത ശാക്തികകേന്ദ്രം പുനര്‍ജന്മം കൊണ്ടതാണ്‌ ആ പാര്‍ട്ടി.

എം.ബാലകൃഷ്ണന്‍

Twitter Delicious Facebook Digg Stumbleupon Favorites More