Friday, December 21, 2012

വികസനത്തിന്റെ വിജയം, കഠിനാധ്വാനത്തിന്റെയും

 വിജയത്തിലേക്ക് , 
എളുപ്പവഴികളില്ലെന്ന  അലംഘനീയമായ തത്ത്വത്തിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും നരേന്ദ്ര മോഡിയും നേടുന്ന തുടര്‍ വിജയങ്ങള്‍. ഭരിക്കാന്‍ നിയോഗിക്കപ്പെടുന്ന അഞ്ചു വര്‍ഷത്തില്‍ ഭൂരിഭാഗവും തമ്മിലടിയും തൊഴുത്തില്‍ കുത്തുമായ് നടക്കുകയും (കേരളവും, തീര്‍ച്ചയായും കര്‍ണ്ണാടകയും എല്ലാം ഉദാഹരണം) ഭരണത്തിന്‍റെ പതിമൂന്നാം മണിക്കൂറില്‍ ഒരു മത വിഭാഗത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും, മറ്റൊരു വിഭാഗത്തിന് പെന്‍ഷനും, മറ്റൊന്നിന് റേഷനരിയും നല്‍കി അധികാരം നിലനിര്‍ത്താം എന്ന കഴിവുകേടിന്റെ, രാഷ്ട്രീയ ഷണ്ഡത്വ ചിന്തയുടെ മുഖത്ത് വീഴുന്ന കനത്ത പ്രഹരമാണ് വികസന രാഷ്ട്രീയത്തിന്‍റെ ഈ തിളക്കമാര്‍ന്ന വിജയം.

മാധ്യമങ്ങള്‍ തങ്ങളുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാത്തത് കൊണ്ടാണ്  തങ്ങള്‍ പൊട്ടി മൂലയ്ക്കായതെന്ന് സ്ഥിരം പറഞ്ഞു കേള്‍ക്കാറുള്ള ഒരു കപട വാദമാണ്. എന്റെ ജീവിതനിലവാരം മെച്ചപ്പെട്ടോ എന്ന് പത്രം വായിച്ചല്ല ഞാന്‍ അറിയുന്നത്! അത് എനിക്ക് അനുഭവത്തില്‍ വരേണ്ടതാണ്. അങ്ങനെയൊരു അനുഭവം ഒരു ജനതയ്ക്ക് ഉണ്ടാകുമ്പോഴാണ് അവര്‍ ഭരണതുടര്‍ച്ചയ്ക്കു  പൂര്‍ണ്ണ മനസോടെ അനുമതി നല്‍കുന്നത്. ഒന്നൊഴിയാതെ ദേശീയ മുഖ്യധാരാ മാധ്യമങ്ങളും , ഗുജറാത്തിലെ പ്രമുഖ പ്രാദേശിക മാധ്യമവും എതിരുനിന്നിട്ടും മോഡി വിജയിക്കുന്നത് ഗുജറാത്തിലെ ജനതയുടെ വികസന സാക്ഷിപത്രം നേടിയാണ്‌. അതും, പറയുന്നവനും  കേള്‍ക്കുന്നവനും മധ്യത്തില്‍ ഇടനിലക്കാരില്ലാത്ത സോഷ്യല്‍ മീഡിയയിലൂടെ ജനമധ്യത്തിലേക്കിറങ്ങുന്നതിന്റെയും പ്രതിഫലനമാണ് രാജ്യമെമ്പാടും അലയടിക്കുന്ന നരേന്ദ മോഡി അനുകൂല തരംഗം. കാര്‍ഷിക രംഗത്തെ വളര്‍ച്ചയില്‍, ഉന്നത വിദ്യാഭാസത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍, വൈദ്യുതോല്‍പ്പാദനത്തില്‍, തൊഴില്‍ സൃഷ്ടിയില്‍ എല്ലാം കഠിനാധ്വാനം കൊണ്ട് നേടിയ വളര്‍ച്ചയുടെ ഉല്‍പ്പന്നമാണ്‌ മോഡിയുടെ വിജയം. അല്ലാതെ പ്രീണന ഉഡായിപ്പെന്ന കുറുക്കുവഴിയിലൂടെ നേടിയതല്ല. ഇരുട്ടി വെളുത്തപ്പോള്‍ ആകാശത്തുനിന്ന് പൊട്ടിവീണതുമല്ല. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി  രാജ്യം ഭരിക്കുന്നത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ആണ്. മുസ്ലീം ലീഗും, ആഴ്ചകള്‍ക്ക് മുമ്പ് വരെ അസദുദീന്‌ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് മുസ്ലീമീന്‍ പാര്‍ട്ടിയും ഘടക കക്ഷികളായ യു.പി.എ യുടെ ഭരണം. അതില്‍ ആദ്യത്തെ നാല് വര്‍ഷവും കൊണ്ഗ്രസിന്റെ മൂട് താങ്ങിയത് ഇടതു പക്ഷവും. രാജ്യത്തെ ഏറ്റവും കരുത്തുറ്റ അന്വേഷണ ഏജന്‍സിയും രഹസ്യാന്വേഷണ സംവിധാനങ്ങളും എന്ന് വേണ്ട പ്രബല പവര്‍ സെന്‍ററുകളെല്ലാം നിയന്ത്രിക്കുന്നത്‌ ഇതേ കേന്ദ്ര സര്‍ക്കാരാണ്. ഗുജറാത്‌ കലാപത്തില്‍ കൃത്യവിലോപം നടത്തിയെന്ന് ഉറപ്പുണ്ടെങ്കില്‍ പിടിച്ചു അകത്തിടാന്‍ ആരുടെ അനുവാദമാണ് ഈ പാര്‍ട്ടികള്‍ക്ക് ഇനി വേണ്ടത്? മോഡിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് തണ്ടെല്ലുറപ്പോടെ പറയാന്‍ ഈ കക്ഷികള്‍  പറയാത്തത് എന്തുകൊണ്ടാണ്? പത്തു വര്‍ഷമായിട്ടും ഈ കൊടി  കെട്ടിയ പാര്‍ട്ടികള്‍ക്കും ശിങ്കിടി അന്വേഷണ സംവിധാനങ്ങള്‍ക്കും ഒരു തുമ്പും തരിമ്പും കിട്ടിയില്ലെന്നോ? ഒന്നുകില്‍ ഈ പാര്‍ട്ടികള്‍ എല്ലാം ഹിന്ദുത്വ വക്താക്കള്‍ ആകണം. അല്ലെങ്കില്‍ മോഡി നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടാകണം.

രണ്ടാമത്തേതാണ് വസ്തുതയെന്ന്  മനസിലാകിയ ചില പാര്‍ട്ടികള്‍ പതുക്കെ നിലപാട് മയപ്പെടുത്തി തുടങ്ങി. മോഡി മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കാം എന്നായി നിലപാട്. അതിനു മോഡി തന്നെ മറുപടിയും നല്‍കി. "എന്തിനാണ് ഞാന്‍ മാപ്പ് പറയേണ്ടത്? മാപ്പ് പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ തെറ്റ് ചെയ്തുവെന്നാണ്‌ . ഒരു ചെറിയ അളവിലെങ്കിലും തെറ്റ് പറ്റിയെങ്കില്‍ അത് മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കാവുന്നതാണോ? അങ്ങനെ തെറ്റുപറ്റിയെങ്കില്‍ നിങ്ങള്‍  എന്നെ കൊണ്ട് പോയി തൂക്കിലേറ്റുക". ഇതില്‍ കൂടുതല്‍ എന്താണ് മോഡി ചെയ്യേണ്ടത്. പ്രീണന രാഷ്ട്രീയ പാര്‍ട്ടികള്‍ 'കപട മതേതരത്വം' എന്ന് എഴുതിയൊട്ടിച്ച ബലിക്കല്ലില്‍ തലയടിച്ചു മരിച്ചു അവരെ തൃപ്തിപ്പെടുത്തണം എന്നാണെങ്കില്‍ “അതിനു വേറെ ആളെ നോക്കണം“ എന്ന് ഉറച്ച ശബ്ദത്തില്‍ പറയുന്നതാവം മോഡിയെ ഇവര്‍ ഇത്രകണ്ട് ഭയക്കുന്നതിനും ഇകഴ്ത്തുന്നതിനും കാരണം.
 
മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ വോട്ടെടുപ്പോടെ അവസാനിച്ചതിന് അടുത്ത ദിവസവും, ഫലത്തെ കുറിച്ച് വ്യാകുലപ്പെടാതെ നര്‍മ്മദാ വാട്ടര്‍ ഗ്രിഡ് പ്രോജക്റ്റും, വൈബ്രന്‍റ് ഗുജറാത്ത് പരിപാടിയുടെ റിവ്യൂവുമായ്‌ കര്‍മ്മ മണ്ഡലത്തില്‍ അഭിരമിക്കുന്ന, വിശ്രമം എന്ന  വാക്കിന്‍റെ അര്‍ത്ഥമോര്‍ക്കാത്ത മോഡിയെപ്പോലൊരു ജനനായകനെയാണ് ഭാരതം ഉറ്റുനോക്കുന്നത്.

വിക്രം ആചാരി.

1 comments:


മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ വോട്ടെടുപ്പോടെ അവസാനിച്ചതിന് അടുത്ത ദിവസവും, ഫലത്തെ കുറിച്ച് വ്യാകുലപ്പെടാതെ നര്‍മ്മദാ വാട്ടര്‍ ഗ്രിഡ് പ്രോജക്റ്റും, വൈബ്രന്‍റ് ഗുജറാത്ത് പരിപാടിയുടെ റിവ്യൂവുമായ്‌ കര്‍മ്മ മണ്ഡലത്തില്‍ അഭിരമിക്കുന്ന, വിശ്രമം എന്ന വാക്കിന്‍റെ അര്‍ത്ഥമോര്‍ക്കാത്ത മോഡിയെപ്പോലൊരു ജനനായകനെയാണ് ഭാരതം ഉറ്റുനോക്കുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More