Tuesday, February 5, 2013

സമകാലിക പ്രശ്നങ്ങളോട് ആര്‍.എസ്സ്.എസ്സ് സഹസര്‍കാര്യവാഹ് പ്രതികരിക്കുന്നു.

ഹൈന്ദവ കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിന് , രാഷ്ട്രീയ സ്വയം സേവക സംഘം സഹസര്‍കാര്യവാഹ് ശ്രീ കെ സി കണ്ണന്‍ അനുവദിച്ച അഭിമുഖം -
(ഉറവിടം  K C Kannan, RSS leader on contemporary issues - Interview  
സ്വതന്ത്രപരിഭാഷ . യുഗാന്തര്‍ ടീം  )

സംഘം ഒരു ഫാസിസ്റ്റ് സംഘടനയാണോ ? എന്തുകൊണ്ട് ?

സംഘം ഒരിക്കലും ഒരു ഫാസിസ്റ്റ് സംഘടനയല്ല . സംഘം ഒരിക്കലും ഫാസിസ്റ്റ് ആയിരുന്നില്ല ഇപ്പോളും ഫാസിസ്റ്റ് അല്ല , ഒരിക്കലും അങ്ങനെയാവുകയുമില്ല. സംഘം ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ് . രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തം ആയി പ്രവര്‍ത്തിച്ചുകൊണ്ട് ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ സാമൂഹിക പരിഷ്കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണത് . ഈ നാട്ടിലെ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ എല്ലാ മേഖലകളിലും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്ന ദേശ ഭക്തന്മാരുടെ സംഘടനയാണ് സംഘം . അത് ഒരിക്കലും ഫാസിസ്റ്റ് സ്വഭാവം പ്രദര്‍ശിപ്പിച്ചിട്ടില്ല പ്രദര്‍ശിപ്പിക്കുകയും ഇല്ല . ഇതൊക്കെ സംഘത്തിന്‍റെ ശത്രുക്കള്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് .

സംഘത്തിന്‍റെ ലക്‌ഷ്യം ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നോ ?

കൃണ്വന്തോ വിശ്വമാര്യം , വസുധൈവ കുടുംബകം, യത്രവിശ്വം ഭവത്യേക നീഢം  ഇതൊക്കെ ആയിരുന്നു നമ്മുടെ പൂര്‍വീകരുടെ ആഗ്രഹം . ഇത് പൂര്‍ത്തീകരിക്കുക എന്നുള്ളത് തന്നെയാണ് സംഘത്തിന്‍റെ ഉദ്ദേശ്യം . പക്ഷെ ലോകം മുഴുവന്‍ മാറ്റം ഉണ്ടാക്കുന്നതിനു മുന്‍പ് നമുക്ക് നമ്മുടെ വീട് തയ്യാറാക്കേണ്ടതുണ്ട് , നമ്മുടെ വീട് ഭാരതമാണ്‌ , അതിനെ ആദ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതത്തിന്‍റെ വൈഭവമാണ് സംഘത്തിന്‍റെ ലക്‌ഷ്യം . സംഘ പ്രാര്‍ഥനയും അത് വ്യക്തമായി പറയുന്നുണ്ട്  . ഈ രാഷ്ട്രത്തിന്‍റെ ധര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ ശ്രേഷ്ടമായ വൈഭവത്തിലേയ്ക്കുയര്‍ത്തുക.. അത് പൂര്‍ത്തിയായാല്‍  , ലോകത്തെ മുഴുവന്‍ ഈ മാര്‍ഗ്ഗത്തിലേക്ക് നയിയ്ക്കുകയെന്നത്  അടുത്ത ഘട്ടമാണ്. ആദ്യ കാലത്ത് നാമത് ചെയ്തിരുന്നതാണ് , അന്ന് ഭാരതം ജഗത് ജനനി ആയിരുന്നു ജഗത് ഗുരു ആയിരുന്നു . വീണ്ടും ആ സിംഹാസനത്തിലിരുന്നുകൊണ്ട് ലോകത്തിനു മാര്‍ഗ്ഗദര്‍ശനം കൊടുക്കണം , ലോകത്തെ മുഴുവന്‍ നന്മയുടെ വഴിയെ നയിക്കണം . അതിന്‍റെ ആദ്യപടി എന്ന നിലയിലാണ് ഭാരതത്തിന്‍റെ പരംവൈഭവത്തിന് വേണ്ടി സംഘം പ്രവര്‍ത്തിക്കുന്നത് .

ശാഖക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നോ ? എന്താണ് ഇതിനൊരു പരിഹാരം ?

ശാഖക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നു എന്ന നിഗമനം തെറ്റാണ് . മൂന്ന് വര്‍ഷം മുന്‍പ് കൊല്ലത്തുനടന്ന ഒരു ലക്ഷം സ്വയംസേവകര്‍ പങ്കെടുത്ത സാംഘിക്ക് തന്നെ ഇതിനുദാഹരണമാണ് .
ചെറുപ്പക്കാര്‍ തലനരച്ചവരേക്കാള്‍ എണ്ണത്തില്‍ എത്രയോ കൂടുതലായിരുന്നു .വന്നതില്‍ ഏകദേശം അറുപത്തഞ്ച് എഴുപതു ശതമാനം യുവാക്കളായിരുന്നു . ഇന്നും പുതിയ ആളുകള്‍ ശാഖയിലേക്ക് വരുന്നുണ്ട് , ആയിരക്കണക്കിന് ശാഖകളില്‍ ലക്ഷക്കണക്കിന്‌ സ്വയംസേവകര്‍ പങ്കെടുക്കുന്നു . ഇത് കേരളത്തില്‍ മാത്രമല്ല അല്ല മുഴുവന്‍ ഭാരതത്തിലും ദൃശ്യമാണ്.

ദളിതര്‍ ആര്‍ എസ്സ് എസ്സ്  പ്രവര്‍ത്തനത്തിലേക്ക് എത്തുന്നില്ലെന്നും  വന്നാല്‍ത്തന്നെ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്നും  സോഷ്യല്‍ മീഡിയകളില്‍ ആരോപണങ്ങളുണ്ടാകുന്നു. ഇതിന്‍റെ നിജ സ്ഥിതി എന്താണ് ?

കമ്യുണിസ്റ്റ് പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ ഉപേക്ഷിച്ചു ദളിതര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ സംഘത്തിലേക്കൊഴുകാന്‍  തുടങ്ങിയിട്ട് വര്‍ഷങ്ങളായി .സംഘത്തിന്‍റെ സാധാരണപ്രവര്‍ത്തകര്‍ മുതല്‍ അതിപ്രധാന ചുമതലകള്‍ വഹിക്കുന്ന കാര്യകര്ത്താക്കന്മാര്‍വരെ ഈ വിഭാഗങ്ങളില്‍ നിന്നുമുണ്ട്.  പക്ഷെ ജാതി തിരിച്ചു അംഗങ്ങളുടെ കണക്കെടുക്കല്‍ സംഘത്തിലില്ല. . ശാഖയില്‍ വരുന്നവരുടെ ജാതി ചോദിക്കാറുമില്ല, പറയാറുമില്ല. അതുകൊണ്ട് ജാതി തിരിച്ചുള്ള കണക്കു സംഘം പ്രസിദ്ധീകരിക്കാറുമില്ല . പിന്നോക്കമെന്ന് വിളിക്കപ്പെടുന്നവരില്‍നിന്നും ധാരാളം പ്രചാരകന്മാരുള്‍പ്പെടെയുള്ള കാര്യകര്‍ത്താക്കളുണ്ട് .

മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളെപ്പറ്റി സംഘത്തിന്‍റെ അഭിപ്രായം എന്താണ് ?
സ്മൃതികള്‍ അതാതു കാലഘട്ടത്തിനുവേണ്ടി എഴുതപ്പെട്ട നിയമങ്ങളാണ് . ആ നിയമങ്ങളെ വേറൊരു കാലഘട്ടത്തില്‍ പരിഗണിക്കേണ്ട ആവശ്യമില്ല . അതുകൊണ്ട് തന്നെ സ്മൃതികളെ ശാശ്വതസത്യമായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതൊരു പ്രത്യേക സമയത്തേക്ക് മാത്രമുണ്ടായിരുന്ന നിയമങ്ങളാണ്. മറ്റൊരു കാലത്ത് നിന്ന് നോക്കുമ്പോള്‍ ധാരാളം തെറ്റുകള്‍ കാണാം . അതുകൊണ്ട് കാലം മാറുമ്പോള്‍ അതിനനുസരിച്ചുള്ള പുതിയ സ്മൃതികള്‍ നിര്‍മ്മിക്കപ്പെടും .  ഇതാണ് സംഘ നിലപാട് .

സംവരണ പ്രശ്നത്തില്‍ എന്താണ് ആര്‍ എസ് എസ് നിലപാട് ?

മതപരമായി  സംവരണം നല്‍കുന്നതില്‍ സംഘം എതിരാണ് . ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം നീക്കം നടന്നിരുന്നു . ഇത്തരം പ്രവര്‍ത്തികള്‍ നാളെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കില്ല എന്ന് പറയാനാകില്ല. വിഭജനത്തിന്‍റെ മുന്‍പ് നടന്ന സംഭവങ്ങളും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു . അതുകൊണ്ട് തന്നെ ഏതെങ്കിലും മത വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ സംഘം എതിരാണ് . പക്ഷെ ഭരണഘടനാ ശില്‍പ്പികള്‍ പറഞ്ഞുവച്ചിട്ടുള്ള,  അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം എന്ന ആവശ്യത്തെ സംഘം എപ്പോളും പിന്തുണക്കുന്നു . അതായത് അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ അവശത മാറും വരെ സംവരണം തുടരണം . അവരുടെ അവശത മാറിയിട്ടുണ്ടോ എന്ന് പഠിക്കുവാന്‍ ആവശ്യം ആയ സമിതികളെ സര്‍ക്കാര്‍ നിയോഗിക്കണം , അങ്ങനെ ബോധ്യപ്പെട്ടാല്‍ അത് അവസാനിപ്പിക്കാവുന്നതാണ് . അതല്ലാതെ എന്ന് വരെ പിന്നാക്കാവസ്ഥ തുടരുന്നോ അന്നുവരെ അവര്‍ക്ക്  നല്‍കി വരുന്ന സംവരണം തുടരേണ്ടതാണ് . ഇതാണ് സംഘത്തിന്‍റെ അഭിപ്രായം .

പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള മതഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിനു പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ ഹിന്ദു യുവാക്കള്‍ തീവ്ര നിലപാടുകളിലേക്ക്‌ പോകുന്നുണ്ട് . ഇത് യഥാര്‍ത്ഥത്തില്‍ സംഘത്തിന്‍റെ പരാജയം അല്ലെ ?
സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മത ജിഹാദി സംഘടനകള്‍ നിരന്തരമായി ഭാരതത്തില്‍ , പ്രത്യേകിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് . ഈ അവസരത്തില്‍ അവര്‍ക്കെതിരെ ചെറുപ്പക്കാര്‍ നിലപാടുകള്‍ എടുക്കുന്നു . പക്ഷെ രാഷ്ട്ര വിരുദ്ധമായ നിലപാടുകള്‍ , ജിഹാദിഭീകരവാദം പോലെയുള്ള നിലപാടുകള്‍ ആരെടുത്താലും സംഘമതിനെ അംഗീകരിക്കില്ല . അതുകൊണ്ട് യുവാക്കള്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമചിത്തതയോടെ പ്രതികരിക്കേണ്ടതാണ് .ചിലരുടെ നിലപാടുകള്‍  സംഘത്തിന്‍റെ പരാജയം എന്ന്  പറയുവാന്‍ സാധിക്കില്ല . ഇത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ക്ക് ഭരനഘടനാനുസൃതമായി അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം . സംഘത്തിന്‍റെ പദ്ധതിയോട് താത്പര്യമുള്ളവര്‍ക്ക് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം . രാഷ്ട്രവിരുദ്ധ ജിഹാദിപ്രസ്ഥാനങ്ങളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരും ഏജന്‍സികളും ശ്രമിച്ചാല്‍ ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളും നിലക്ക് നിര്‍ത്താവുന്നതേയുള്ളൂ.

ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കാള്‍ ചെറുതാണോ കമ്മ്യൂണിസം ഉയര്‍ത്തുന്ന ഭീഷണി ?

രണ്ടും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് . രണ്ടുകൂട്ടരും ദേശീയചിന്താധാരകളെ  അംഗീകരിക്കുന്നില്ല . കമ്മ്യൂണിസം അധികാരത്തില്‍ വന്ന രാഷ്ട്രങ്ങളുടെയും ഇസ്ലാമിക തീവ്രവാദികള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രങ്ങളുടെയും സ്ഥിതി ജനാധിപത്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്തവുല്ല . ഭാരതത്തിലാകട്ടെ രണ്ടു കൂട്ടരും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ രാഷ്ട്രഹിതത്തിനു വിരുദ്ധവുമാണ് . അതുകൊണ്ട് ഇസ്ലാമിക മത ഭീകരവാദം രാഷ്ട്രത്തിനു എത്ര കണ്ടു ഭീഷണിയാണോ ,, അഹിതകരമാണോ
അത്രകണ്ട് തന്നെയാണ് കമ്മ്യൂണിസം ഉയര്‍ത്തുന്ന വെല്ലുവിളിയും .

കേസരിയില്‍ വന്ന ലേഖനം കമ്യുണിസ്റ്റ് സഹകരണം ആവശ്യപ്പെട്ടിരുന്നല്ലോ , അതാണോ ഈ വിഷയത്തില്‍ സംഘ നിലപാട്?
കേസരി ,  കേരളത്തില്‍ അറിയപ്പെടുന്ന വാരികയാണ് . അതില്‍ പലതരത്തില്‍ ചിന്തിക്കുന്നവരും ലേഖനങ്ങള്‍ എഴുതാറുണ്ട് . ആ കൂട്ടത്തില്‍ വന്ന ഒന്നായി മാത്രമേ ഈ ലേഖനത്തെ കാണേണ്ടതായുള്ളൂ. അത് കേസരിയുടെയും ലേഖന കര്‍ത്താവിന്‍റെയും അഭിപ്രായമാണ് .സംഘത്തിന്‍റെ അഭിപ്രായമല്ല . ഈ വിഷയം ചെന്നൈയില്‍ നടന്ന അഖിലഭാരതീയകാര്യകാരിണി ബൈഠക്കിനോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തില്‍ സര്‍ കാര്യവാഹ് മാന്യ ഭയ്യാജി ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

ആരോപണങ്ങള്‍ക്ക് മറുപടി പറയുവാന്‍ പലപ്പോഴും ആര്‍ എസ് എസ് ശ്രമിക്കാറില്ല . സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ഇത് എത്രമാത്രം പ്രായോഗികമാണ് ?

സൂര്യന് താഴെയുള്ള സര്‍വമാന പ്രശ്നങ്ങള്‍ക്കും, മറുപടി പറയുക എന്നത് സംഘത്തിന്‍റെ സ്വഭാവം അല്ല .സംഘം ഒരു പ്രത്യേക ജോലി ചെയ്യുവാന്‍ വേണ്ടി നിയുക്തമായ സംഘടനയാണ് , അത് വ്യക്തി നിര്‍മ്മാണമാണ് , ആ പ്രവര്‍ത്തി ഒരു തപസ്സുപോലെ സംഘം ചെയ്തുകൊണ്ടിരിക്കുകയുമാണ് . ആളുകള്‍ പലതരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട് , അതില്‍ മിക്കതും കക്ഷിരാഷ്ട്രീയ സംബന്ധിയാണ്. സംഘം ഒരു കക്ഷിരാഷ്ട്രീയ പ്രസ്ഥാനം അല്ല എന്നുള്ളതുകൊണ്ട് ദൈനംദിനം നടക്കുന്ന രാഷ്ട്രീയ സംബന്ധിയായ വിഷയങ്ങളില്‍ മറുപടി പറയാന്‍ സംഘം ബാദ്ധ്യസ്ഥമല്ല .സംഘത്തിനെന്തെങ്കിലും പറയാനും അറിയിക്കാനുമുണ്ടെങ്കില്‍ അത് കൃത്യമായി അറിയിക്കാറുമുണ്ട് .

സ്വയംസേവകര്‍ പോലും രാഷ്ട്രീയത്തിലെത്തി അഴിമതിക്കാരാകുന്നു . ഇതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം ?
എല്ലാ സ്വയംസേവകരും അങ്ങനെ ആകുന്നില്ല. ധാരാളം സ്വയംസേവകര്‍ രാഷ്ട്രീയത്തില്‍ പോയിട്ടുണ്ട് സംശുദ്ധിയോടെ പ്രവര്‍ത്തിച്ച പതിനായിരങ്ങളുണ്ട് . വഴിതെറ്റിയ ചിലരെക്കുറിച്ചുമാത്രമാണ് പത്രങ്ങളില്‍ വരാറ് . അവരാകട്ടെ വളരെച്ചെറിയ ശതമാനവും. ഒരു വ്യക്തിയുടെ ശാഖയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനുശേഷം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉറപ്പു പറയാന്‍ പറ്റില്ല . എത്രകാലം ശാഖയില്‍ പോകുന്നോ അത്രകാലം അവരുടെ കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കും . ചിലര്‍ കുറച്ചുകാലത്തെ സംഘ പ്രവര്‍ത്തനത്തിനു ശേഷം രാഷ്ട്രീയത്തില്‍ എത്തുകയും ശാഖാബന്ധം നിലയ്ക്കുകയും ചെയ്യുന്നു , അത്തരക്കാരുടെ ചെയ്തികളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്ഘത്തിനാവില്ല . പക്ഷെ എത്രകാലം ശാഖയില്‍ പോകുന്നോ അത്രകാലം ഒരു സ്വയംസേവകന്‍ വഴിതെറ്റില്ല അവരുടെ കാര്യത്തില്‍ ഉറപ്പു പറയാനും സാധിക്കും .

പല ആര്‍ എസ് എസ് പ്രവര്‍ത്തകരിലും പ്രകടമായ ഗാന്ധി വിരുദ്ധതയും ഗോഡ്സെ ആരാധനയും കാണുന്നു എന്താണ് കാരണം ?
ചിലര്‍ അങ്ങനെ ഉണ്ടാകാം . എല്ലാ സ്വയംസേവകര്‍ക്കും ചിന്താസ്വാതന്ത്ര്യമുണ്ട്, അവര്‍ക്ക് ചില കാര്യങ്ങളോട് താല്പര്യം തോന്നും , അത് സംഘത്തിന്‍റെ അഭിപ്രായമല്ല , മറിച്ചു ചിന്തിക്കുന്ന എത്രയോ സ്വയംസേവകരുണ്ട് .അതുകൊണ്ട് ചിലര്‍ ഏതെങ്കിലും രീതിയില്‍ ചിന്തിച്ചു എന്നത് കൊണ്ട് സംഘം മറുപടി പറയേണ്ട ആവശ്യമില്ല .

ആര്‍ എസ് എസ് ശാഖകളുടെ എണ്ണം കുറയുന്നു എന്ന് ചില മുഖ്യധാരാ പത്രങ്ങള്‍ എഴുതുകയുണ്ടായി .ഇതില്‍ എത്രകണ്ട് വാസ്തവമുണ്ട് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് നോക്കിയാല്‍ ഇടക്കാലത്ത് സായം ശാഖകളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു . അതിനു കാരണം വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതും ട്യുഷന്‍ മുതലായ കാര്യങ്ങള്‍ക്കായി കുട്ടികള്‍ പോകുന്നതുമൂലം വന്ന തടസ്സവും ആയിരുന്നു . പക്ഷെ ബാല സ്വയംസേവകര്‍ക്ക് വേണ്ടി പ്രഭാത, രാത്രി ശാഖകള്‍ തുടങ്ങിയതോടെ സ്ഥിതിയില്‍ മാറ്റം വന്നു . നിന്നുപോയ സ്ഥലങ്ങളില്‍ ശാഖ തുടങ്ങാനുള്ള അഖിലഭാരതീയയോജന നടപ്പിലാക്കി . കഴിഞ്ഞ ചെന്നൈ ബൈഠക് മുതല്‍  അഭൂത പൂര്‍വ്വമായ രീതിയില്‍ വര്‍ദ്ധനവിന്‍റെ കണക്കാണ് കാണാന്‍ കഴിയുക .

സംഘടനാ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ ആയിട്ടും കേരളത്തില്‍ നിന്ന് അഖിലഭാരതീയ ചുമതലകളില്‍ വരുന്നവരുടെ എണ്ണം വളരെ കുറവാണ് എന്താണ് ഇതിനു കാരണം ?
 
മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം കേരളത്തില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട് . ഇതുവരെ അഖിലഭാരതീയ ചുമതലകള്‍ ലഭിക്കാത്ത സംസ്ഥാനങ്ങളുടെ എണ്ണം വളരെ കൂടുതലാണ് . ചുമതലകള്‍ നല്‍കുന്നതില്‍ സംഘ പ്രവര്‍ത്തനത്തിന്‍റെ പഴക്കമോ ശാഖകളുടെ എണ്ണമോ ഒന്നും നോക്കാറില്ല , അതിനു അതിന്‍റെതായ പദ്ധതികള്‍ ഉണ്ട് . എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രാധിനിത്യം വേണം എന്നു പോലും സംഘം ചിന്തിക്കാറില്ല . അതനുസരിച്ച് കേരളത്തില്‍ നിന്ന് മൂന്നോ നാലോ പേരുണ്ടായിട്ടുമുണ്ട്.

ആര്‍ എസ എസ പ്രവര്‍ത്തകര്‍ സംഘസാഹിത്യത്തിനു വെളിയിലുള്ള പുസ്തകങ്ങള്‍ വായിക്കാറില്ല എന്നത് യാഥാര്‍ത്ഥ്യം അല്ലെ ?
 
ചോദ്യകര്‍ത്താവിന് ആ ചിന്ത എങ്ങനെ വന്നു എന്നറിയില്ല . സ്വയംസേവകര്‍ എല്ലാ തരത്തിലുള്ള പുസ്തകങ്ങളും വായിക്കാറുണ്ട് , പ്രത്യേകിച്ച് വായന ശീലമാക്കിയ സ്വയംസേവകര്‍ ആധുനീക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി അറിവ് സമ്പാദിക്കാറുണ്ട്, പലരും ഗവേഷണവും നടത്തുന്നുണ്ട് . അവര്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുമ്പോള്‍ ലോകത്തിലെ പ്രശ്നങ്ങളെ പറ്റി മനസിലാക്കാനും പരസ്പരം അറിവുകള്‍ കൈമാറാനും സാധിക്കാറുമുണ്ട് .അതുകൊണ്ട് തന്നെ ചോദ്യകര്‍ത്താവിന്‍റെ നിഗമനം തെറ്റാണ് .

കേരളത്തില്‍ ജനം എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങുന്നതായി കേട്ടു . ഇത്തരത്തില്‍ ദേശീയ തലത്തില്‍ ചാനലുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ ?

ജനം ചാനല്‍ സംഘം നടത്തുന്ന ചാനല്‍ അല്ല . സ്വയംസേവകര്‍ നടത്തുന്ന ചാനല്‍ ആണ് . ഭാരതത്തില്‍ മറ്റെവിടെയെങ്കിലും അങ്ങനെ ഒന്ന് തുടങ്ങുന്നതായി അറിവില്ല .

(പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ശ്രീ കെ സി കണ്ണന്‍  സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനാണ് . സഹസര്‍കാര്യവാഹ് ആകുന്നതിനു മുന്‍പ് സംഘത്തിന്റെ  അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്  ആയിരുന്നു . )

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More