Monday, August 20, 2012

ഭാരതീയ കമ്മ്യൂണിസത്തിലേയ്ക്ക്‌

തിരുവനന്തപുരത്ത്‌ തൈക്കാട്ടെ എംഎന്‍ സ്മാരകത്തിന്‌ അടുത്താണ്‌ വളരെയേറെക്കാലം ഞാന്‍ താമസിച്ചിരുന്നത്‌. അക്കാലത്ത്‌ സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനത്തിന്‌ എംഎന്‍ സ്മാരകം എന്ന്‌ പേരിട്ടിരുന്നില്ല. വിദ്യാര്‍ത്ഥി ആയിരിക്കെ ‘നവയുഗം’, ‘പേട്രിയറ്റ്‌’, ‘ന്യൂ ഏയ്ജ്‌’, ലിങ്ക്‌ ‘മെയിന്‍സ്ട്രീം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനായി സിപിഐ ആഫീസില്‍ പോവുക എന്റെ പതിവായിരുന്നു. അവിടെ വന്നുപോവുന്ന നേതാക്കളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന എംഎനും ടിവിയും പികെവിയും പി.രവീന്ദ്രനും എസ്‌. കുമാരനുമൊക്കെ ഉണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. സിപിഎമ്മിനോടെന്നതിനേക്കാള്‍ സിപിഐയോട്‌ രാഷ്ട്രീയമായി വിയോജിപ്പായിരുന്നു അക്കാലത്ത്‌ എനിക്ക്‌. അടിയന്തരാവസ്ഥക്കാലത്തെ സിപിഐയുടെ നിലപാടാണ്‌ അതിന്‌ പ്രധാന കാരണം. പക്ഷെ അന്ന്‌ തൊട്ടേ സിപിഐ നേതാക്കളില്‍ മിക്കവരുടേയും ബുദ്ധിവൈഭവവും ജീവിതശൈലിയും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സാധാരണക്കാരോടൊപ്പം സി.അച്യുതമേനോന്‍ തീവണ്ടിയാത്ര ചെയ്യുന്നത്‌ പലതവണ ഞാന്‍ ആരാധനയോടെ കണ്ടിട്ടുണ്ട്‌.

മുഖ്യമന്ത്രി ആയിരുന്ന മറ്റൊരു സിപിഐ നേതാവ്‌ പി.കെ.വാസുദേവന്‍ നായര്‍ ജഗതിയില്‍നിന്ന്‌ തൈക്കാട്ടെ എംഎന്‍ സ്മാരകത്തിലേക്ക്‌ മുണ്ടും മടക്കിയുടുത്ത്‌ സാധാരണക്കാരനെപ്പോലെ ഒറ്റയ്ക്ക്‌ നടന്ന്‌ വരുന്നതും പതിവായി ഞാന്‍ കാണാറുണ്ടായിരുന്നു. നേതൃത്വത്തില്‍ ഔന്നത്യവും ജീവിത രീതിയില്‍ ലാളിത്യവുമായിരുന്നു പൊതുവെ സിപിഐ നേതാക്കളുടെ മുഖമുദ്ര. ഇന്ന്‌ സിപിഐയിലും, മേറ്റ്ല്ലാ പാര്‍ട്ടികളിലുമെന്നപോലെ, അത്തരക്കാര്‍ അതിവേഗം അന്യം നില്‍ക്കുകയാണ്‌. അപവാദങ്ങളില്ലെന്നല്ല. അതിലൊന്നാണ്‌ സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

പന്ന്യനെ പണ്ടേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നീട്ടി വളര്‍ത്തിയ തലമുടി അടിയന്തരാവസ്ഥയോടുള്ള പ്രതീകാത്മകമായ പ്രതിഷേധമാണെന്നത്‌, പക്ഷെ പാര്‍ട്ടിയുടെ അടിയന്തരാവസ്ഥക്കാലത്തെ നിലപാടിന്റെ പശ്ചാത്തലത്തില്‍ എനിക്കിനിയും പിടികിട്ടുന്നില്ല. ഏതാനും ആഴ്ചകള്‍ മുമ്പ്‌ പന്ന്യന്‍ രവീന്ദ്രന്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തുവെന്നത്‌ വലിയ വാര്‍ത്തയായി. പന്ന്യന്‍ പണ്ടും ഇങ്ങനെയാണ്‌. എംപി ആയിരിക്കേ തൈക്കാട്ട്‌ മോഡല്‍ സ്കൂള്‍ ജംഗ്ഷനിലെ ഒരു ഓലമേഞ്ഞ ചായക്കടയില്‍നിന്ന്‌ പതിവായി അദ്ദേഹം പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിട്ടും അദ്ദേഹത്തിന്‌ മറ്റ്‌ മിക്ക രാഷ്ട്രീയ നേതാക്കളേയും പോലെ കുറഞ്ഞ പക്ഷം ഒരു ഇന്നോവാ കാറും എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസ്‌ മുറിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണവും വേണമെന്ന്‌ നിര്‍ബന്ധമില്ലാത്തത്‌ ആശ്വാസകരമാണ്‌. അതിലേറെ അനുകരണീയവും.

സിപിഐയിലെ തന്റെ പിന്‍ഗാമികളെപ്പോലെ മഹാമസ്തിഷ്ക്കത്തിനുടമയല്ല പന്ന്യന്‍. തന്ത്ര വിദഗ്ദ്ധനോ സൈദ്ധാന്തികവിശാരദനോ ഒന്നുമല്ല അദ്ദേഹം. എന്നാല്‍ ഇന്ന്‌ ഈ പംക്തിയില്‍ പന്ന്യനെ പരാമര്‍ശിക്കുന്നതിന്‌ പ്രേരകമായത്‌ കഴിഞ്ഞ ഞായറാഴ്ചയിലെ അദ്ദേഹത്തിന്റെ ഗുരുവായൂര്‍ പ്രസംഗമാണ്‌. കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്ന പന്ന്യന്റെ പ്രസംഗം മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാതെ പോയി. ആരോഗ്യകരമായ സംവാദത്തിലല്ലോ വിനാശകരമായ വിവാദങ്ങളിലാണല്ലൊ മാധ്യമങ്ങള്‍ക്ക്‌ പൊതുവെ താല്‍പ്പര്യം. ഗുരുവായൂരില്‍ കെ.ദാമോദരന്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി. ഭാരതീയ പൈതൃകവും പാരമ്പര്യവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരും ഉള്‍ക്കൊള്ളണമെന്ന ആഹ്വാനമായിരുന്നു അവിടെ അദ്ദേഹം നല്‍കിയത്‌. രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും സന്ദേശവും ഋഷിവര്യന്മാരുടെ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളാതെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പ്രവര്‍ത്തിക്കാനാവില്ലെന്ന്‌ അദ്ദേഹം അസന്നിഗ്ധമായി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളായ കെ.ദാമോദരന്റെ ചിന്താധാരയ്ക്ക്‌ അടിവരയിട്ടുകൊണ്ട്‌ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്‌ ഭാരതത്തിന്റെ നാനത്വവും വേദോപനിഷത്തുകളും അടങ്ങുന്ന പൈതൃകത്തെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇവിടെ വേര്‌ പിടിക്കാനാവില്ലെന്നാണ്‌. ഭാരതീയ മൂല്യങ്ങളേയും വിശ്വാസപ്രമാണങ്ങളേയും അടച്ചാക്ഷേപിച്ച്‌ മുന്നോട്ട്‌ പോവാനാവില്ലെന്ന്‌ പാര്‍ട്ടി സെക്രട്ടറി സഖാക്കളെ ഓര്‍മ്മിപ്പിച്ചു.

വൈകിയാണെങ്കില്‍ കൂടി പന്ന്യന്റെ ഈ തിരിച്ചറിവ്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകാരും ഭാരതീയത ഉള്‍ക്കൊള്ളേണ്ടത്‌, അഥവാ ഭാരതവല്‍ക്കരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അതിനെ കാവിവല്‍ക്കരണമെന്ന്‌ കളിയാക്കുന്നവര്‍ പാര്‍ട്ടിക്കകത്തും പുറത്തും ഉണ്ടാവാം. അവര്‍ കാലത്തിന്റെ ചുവരെഴുത്ത്‌ കാണാത്തവരാണ്‌. കാവിയോടും കാവി പ്രതിനിധാനം ചെയ്യുന്നതിനോടും കലഹിക്കുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട്‌ തന്നെ അവരില്‍ ചിലര്‍ രാമായണവും മഹാഭാരതവും ചുട്ടു കരിക്കുന്നതിന്‌ പണ്ട്‌ കൂട്ടുനിന്നു.
ഭാരതയീതയോടും ഭാരതീയമായ എന്തിനോടും ഒരു വല്ലാത്ത ‘അലര്‍ജി’ തന്നെ പുലര്‍ത്തിയിരുന്നു പല സിപിഐ നേതാക്കളും. കാവിവസ്ത്രം ഉപേക്ഷിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെത്തിയവരാണ്‌ പന്ന്യന്റെ പാര്‍ട്ടിയുടെ കഴിഞ്ഞകാല സംസ്ഥാന സെക്രട്ടറിമാരായ എന്‍.ഇ.ബലറാമും വെളിയം ഭാര്‍ഗ്ഗവനും. അവര്‍ക്ക്‌ കാവി സംബന്ധമായതൊക്കെ പുച്ഛമായിരുന്നു. പക്ഷെ ഗുരുവായൂര്‍ പ്രസംഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചത്‌ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി നയപരിപാടികളില്‍ മാറ്റം വരുത്താന്‍ സിപിഐയുടെ ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചുവെന്നാണ്‌. പന്ന്യന്‌ മുമ്പ്‌ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പുനരാവിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടിയിരുന്നു.
മരിക്കുന്നതിന്‌ ഏതാനും മാസം മുമ്പ്‌ പ്രസിദ്ധീകരിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്‌ ഇന്ത്യയേയും ഇന്ത്യയുടെ ആത്മാവിനേയും മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പരാജയപ്പെട്ടു പോയിയെന്നാണ്‌.

വളരെ മുമ്പേ ഈ തിരിച്ചറിവുണ്ടാവുകയും അത്‌ വിളിച്ചു പറയുകയും ചെയ്ത പ്രതിഭയാണ്‌ ആദ്യ കമ്മ്യൂണിസ്റ്റുകളിലൊരാളായ കെ.ദാമോദരന്‍. ഇന്ത്യയെ കണ്ടെത്താനായി അദ്ദേഹം ഒട്ടേറെ വായിച്ചു, ചിന്തിച്ചു, ഗവേഷണം ചെയ്തു. അതിന്‌ സഹായകമായ ഗ്രന്ഥരചന നടത്തി. ‘ഇന്ത്യയുടെ ആത്മാവ്‌’ ‘ധാര്‍മിക മൂല്യങ്ങള്‍’, ‘ഭാരതീയ ചിന്ത’ എന്നിവ മലയാളത്തിലും ‘ഇന്ത്യന്‍ തോട്ട്‌’, ‘മാന്‍ ആന്റ്‌ സൊസൈറ്റി ഇന്‍ ഇന്ത്യന്‍ ഫിലോസഫി’ ‘മാര്‍ക്സ്‌, ഹെഗല്‍ ആന്റ്‌ ശങ്കര’ എന്നിവ ഇംഗ്ലീഷിലും കെ.ദാമോദരന്‍ എഴുതിയത്‌ സഖാക്കള്‍ക്ക്‌ യഥാര്‍ത്ഥ ഇന്ത്യയെ പരിചയപ്പെടുത്താനായിരുന്നു. പക്ഷെ അത്‌ ചെവിക്കൊളളാനും ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കായില്ല. അതൊരു ഹിമാലയന്‍ മണ്ടത്തരമായിപ്പോയെന്നും കനത്ത വിലയാണ്‌ അതിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ നല്‍കേണ്ടി വന്നതെന്നും കാലം തെളിയിച്ചു. യാദൃച്ഛികമെങ്കിലും കെ.ദാമോദരന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ ഇന്ത്യയുടെ മഹത്തായ പൈതൃകത്തേയും പാരമ്പര്യത്തേയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്ക്‌ അടിവരയിടുന്ന രീതിയിലുള്ള സംവാദത്തിന്‌ സിപിഐയും അതിന്റെ സംസ്ഥാന സെക്രട്ടറിയും തുടക്കം കുറിച്ചിരിക്കുന്നുവെന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

എന്നാല്‍ ഇത്തരം സംവാദങ്ങളില്‍ ഇന്ന്‌ സംസ്ഥാനത്ത്‌ മിക്കവര്‍ക്കും താല്‍പ്പര്യമില്ലെന്നതും അതിന്‌ സമയമില്ലെന്നതും ഒരു ദുഃഖസത്യമാണ്‌. സംവാദതല്‍പ്പരരായിരുന്ന ഇഎംഎസ്‌, ഉണ്ണിരാജ, എം.എസ്‌.ദേവദാസ്‌, എന്‍.ഇ.ബലറാം, പി.ആര്‍.നമ്പ്യാര്‍ എന്നിവരുടെ വംശം ഇന്ന്‌ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലും അന്യം നിന്നു. സഖാക്കള്‍ക്കിടയില്‍ പി.ഗോവിന്ദപിള്ളയെ പോലെയും സംഘപരിവാറിലെ പി.പരമേശ്വരനെപ്പോലെയുമുള്ളവര്‍ വളരെ വിരളമാണ്‌ ഇന്ന്‌ നമ്മുടെ സമൂഹത്തില്‍. സംഘട്ടനത്തിന്റേയും സംഘര്‍ഷത്തിന്റെയുമല്ല സംവാദത്തിന്റെയും സമന്വയത്തിന്റെയും സംസ്ക്കാരമാണ്‌ കെ.ദാമോദരന്‍ ഉയര്‍ത്തിപ്പിടിച്ചത്‌. പി.കൃഷ്ണപിള്ളയോടൊപ്പം കെ.ദാമോദരനും ഉണ്ടായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അതിന്റെ ആദ്യ ആലോചനായോഗം മുതല്‍. സ്റ്റാലിന്റെ കാലത്ത്‌ തന്നെ സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റും ദാമോദരന്‍ തന്നെ. കെ.ദാമോദരന്റെ ജന്മശതാബ്ദി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാത്രം ആഘോഷിക്കേണ്ടതല്ല. അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്തായിരുന്നു. അതുകൊണ്ട്‌ കേരളത്തിന്റെ ആഘോഷമാവണം കെ.ദാമോദരന്റെ ജന്മശതാബ്ദി.

ഹരി എസ്‌. കര്‍ത്താ

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More