Monday, August 20, 2012

വിശ്വ വിജയി

1863-ജനുവരി 12നാണ്‌ ‘വിവേകാനന്ദന്‍’ എന്നു വിശ്വപ്രസിദ്ധനായ നരേന്ദ്രന്റെ ജനനം. പിതാവ്‌ വിശ്വനാഥന്‍, മാതാവ്‌ ഭുവനേശ്വരി. എട്ടാമത്തെ വയസില്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ മെട്രോ പൊളിറ്റന്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. അന്ന്‌ മുതല്‍ കല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജിലും മധ്യഭാരതത്തിലെ റായ്പൂരിലും ഇംഗ്ലണ്ടിലുമൊക്കെയായി തന്റെ വിദ്യാഭ്യാസത്തിന്‌ അടിത്തറയിട്ടു. ബിഎ പഠനത്തിനുശേഷം ബൗബസാര്‍ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായും കുറേക്കാലം പ്രവര്‍ത്തിച്ചു. പാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച്‌ തൃപ്തിപ്പെടുന്ന കൂട്ടത്തിലല്ലായിരുന്നു നരേന്ദ്രന്‍. ഭാവിയില്‍ താന്‍ എത്തിച്ചേരുവാന്‍ പോകുന്ന ആത്മീയ ഭൂമികയിലെ അറിവുകള്‍ തേടുന്ന യാത്ര അവിടെനിന്നും ആരംഭിക്കുകയായിരുന്നു. ബംഗാളിലെ യുവചിന്തകരെ ആകര്‍ഷിച്ച സ്പെന്‍സര്‍, മില്‍, ഹാരിസണ്‍ തുടങ്ങിയ എഴുത്തുകാരുടെ പരിവര്‍ത്തന പ്രചോദകങ്ങളായ കൃതികള്‍ നരേന്ദ്രന്റെ ആശയപ്രപഞ്ചത്തേയും വികസിതമാക്കുകയുണ്ടായി.
നരേന്ദ്രന്‍ ജനറല്‍ അസംബ്ലി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ്‌ 1881 നവംബറില്‍ തന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസനെ കണ്ടത്‌. എല്ലാ മതങ്ങളും തുല്യമാണെന്നും സത്യമാണെന്നുമുള്ള സര്‍വദേശീയ മതസങ്കല്‍പ്പത്തില്‍ വിശ്വസിച്ച രാമകൃഷ്ണനെ നരേന്ദ്രനെപ്പോലുള്ള മനുഷ്യസ്നേഹി ആദ്യദര്‍ശനത്തില്‍തന്നെ ആകര്‍ഷിച്ചതില്‍ അത്ഭുതമൊന്നുമില്ല. ശ്രീരാമകൃഷ്ണദേവനെക്കുറിച്ച്‌ വിവേകാനന്ദസ്വാമികള്‍ ഇങ്ങനെ പറയുന്നു, “ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തില്‍നിന്നും താപസന്മാര്‍ സമുദായത്തിന്‌ പുറത്ത്‌ ഏകാന്തതയില്‍ അനുശീലിച്ചിരുന്ന വേദാന്തദര്‍ശനം നാട്ടിലും വീട്ടിലും അഭ്യസിക്കാമെന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ കൃത്യത്തിലും അത്‌ പ്രായോഗികമാക്കാമെന്നും എനിക്ക്‌ മനസ്സിലായി.

ഈശ്വരന്‍ സര്‍വാന്തര്യാമിയും സര്‍വാതിശായിയുമാകുന്നു. വിവിധ ജീവജാലങ്ങളായാലും നമ്മുടെ പ്രേമാദരപ്രീതി പാത്രങ്ങളായും വിളങ്ങുന്നത്‌ ആ പരംപൊരുള്‍തന്നെ, അതേസമയം ആ സര്‍വേശ്വരന്‍ ഇവയ്ക്കെല്ലാം അതീതനുമാകുന്നു. ഇപ്രകാരം നരനില്‍ നാരായണനെ ദര്‍ശിച്ചാല്‍ ദര്‍പ്പത്തിന്‌ സ്ഥാനമെവിടെ? ഈ ദര്‍ശനം ലഭിച്ചാല്‍ മനുഷ്യന്‌ മറ്റൊരുവനോട്‌ അസൂയയോ അനുകമ്പയോ ഉണ്ടാവുകയില്ല. ജീവനെ ശിവനായി കണ്ട്‌ സേവിച്ചാല്‍ തദ്വാരഹൃദയം സംശുദ്ധമാകുന്നു. ആ സാധകന്‍ വിളംബംവിനാ താന്‍ ആ സച്ചിതാനന്ദസ്വരൂപത്തിന്റെ അംശമാണെന്ന വസ്തുതയാല്‍ ദൃഢബോധനാകുകയും ചെയ്യുന്നു”. ഇരുളടയുന്ന മനസ്സും മാനസികപശ്ചാത്തലവുമായി തപ്പിത്തടിഞ്ഞിരുന്ന ഭാരതീയരുടെ മുന്നില്‍ പുതിയ കാഴ്ചപ്പാടുകളുടെ നിറദീപം പ്രകാശിപ്പിച്ചുകൊണ്ടാണ്‌ സ്വാമി പ്രത്യക്ഷനായത്‌. ഉണര്‍വേകുന്ന നവദര്‍ശനത്തിന്റെ സന്ദേശങ്ങള്‍ ജനമനസ്സുകളില്‍ മിന്നല്‍ പിണര്‍ തീര്‍ത്തപ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ അവ പ്രകാശപൂരിതമായപ്പോള്‍ പശ്ചാത്യലോകംപോലും വിവേകാനന്ദനെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തുതുടങ്ങി.

എങ്കിലും നരേന്ദ്രനില്‍നിന്നും വിവേകാനന്ദനിലേക്കുള്ള മാറ്റത്തിന്‌ കാരണഭൂതമായത്‌ മേറ്റ്ന്തിനേക്കാളും വിലയേറിയ ‘ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ’ വിവേകാനന്ദുമായുള്ള പാരസ്പര്യവും സ്നേഹവുമായിരുന്നു. ഒരുവന്റെ സകലപ്രവൃത്തികളും ഈശ്വരന്റെ പ്രത്യക്ഷമൂര്‍ത്തിയായ മനുഷ്യന്റെ സേവനത്തിനായി വിനിയോഗിക്കണമെന്നും ഇത്‌ അവന്റെ ലക്ഷ്യത്തിലേക്കുള്ള പുരോഗതിയെ ത്വരിതപ്പെടുത്തുമെന്നും രാമകൃഷ്ണ പരമഹംസന്റെ സാമീപ്യത്തില്‍നിന്നും വിവേകാനന്ദസ്വാമി മനസ്സിലാക്കി. 1885 മധ്യത്തോടുകൂടി ശ്രീരാമകൃഷ്ണന്‌ കണ്ഠരോഗം പിടിപെട്ടു. രോഗം മൂര്‍ച്ചിച്ച്‌ 1886 ആഗസ്റ്റ്‌ 16 വെളുപ്പിന്‌ ആ മഹാത്മാവ്‌ സമാധിയായി. തന്റെ എല്ലാമെല്ലാമായ ആചാര്യന്‍ മഹാസമാധിയായതോടുകൂടി നരേന്ദ്രന്‍ ഗുരുധര്‍മം ലോകമാകെ പ്രചരിപ്പിക്കുവാനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ അന്വേഷിച്ചുതുടങ്ങി.

ഏകദേശം 1887 മുതല്‍ 1893 വരെയാണ്‌ വിവേകാനന്ദന്റെ ഭാരതപര്യടനം. കാശി, അയോധ്യ, ആഗ്ര, വൃന്ദാവനം, ഗോവര്‍ധനം, ഹരിദ്വാരം, തൃശൂര്‍, തിരുവനന്തപുരം, രാമേശ്വരം, കന്യാകുമാരി, മദിരാശി… തുടങ്ങി ഭാരതത്തിലെ എല്ലാ പ്രമുഖ സ്ഥലങ്ങളും അദ്ദേഹം കാണുകയുണ്ടായി. ഭാരതത്തിന്റെ വ്വധ്യ-വൈചിത്ര്യ-വൈരുധ്യ സ്വഭാവത്തെ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ വിവേകാനന്ദന്‌ സാധിച്ചത്‌ വിപുലമായ ഭാരത പര്യടനത്തിലൂടെയാണ്‌. വിവിധ മതസമ്പ്രദായങ്ങളെയും തത്വചിന്തകളെയും പഠിക്കുകയും അവയിലൂടെ തന്റെ നിരീക്ഷണത്തിന്‌ വിധേയമായ ഭാരതത്തിലെ വിവിധ ജനതകളുടെ മൗലികമഹത്വം ആരാഞ്ഞ്‌ കണ്ടുപിടിക്കുകയും സ്വാമി ചെയ്തുപോന്നു.

അമേരിക്കയിലെ ചിക്കാഗോവില്‍വച്ച്‌ നടന്ന മതമഹാസമ്മേളനത്തിന്‌ അധിപ്രധാനമായൊരു സ്ഥാനമുണ്ട്‌ മത ചരിത്രത്തില്‍. 1893 സപ്തംബര്‍ 11 മുതല്‍ 27 വരെയുള്ള 17 ദിവസങ്ങളായിട്ടാണ്‌ ആ മഹാസമ്മേളനം നടന്നത്‌. “അമേരിക്കയിലെ സഹോദരീസഹോദരന്മാരെ” എന്ന അഭിസംബോധനയോടുകൂടി തുടങ്ങിയ വിവേകാനന്ദന്റെ പ്രസംഗത്തിന്റെ ആരംഭത്തില്‍തന്നെ ആ മഹാസമ്മേളന വേദിയാകെ കരഘോഷം മുഴക്കി സ്വാമിജിയെ വരവേറ്റു. ലോകത്തിലെ സകല ജനതയ്ക്കും ഏറ്റവും പുരാതനമായ വൈദിക സന്യാസ സമ്പ്രദായത്തിന്റെ പേരില്‍ ധന്യവാദം അരുളികൊണ്ട്‌ ഹിന്ദുമതത്തെ മതങ്ങളുടെ മാതാവെന്നും ലോകത്തെ സഹിഷ്ണുതയും സര്‍വധര്‍മ സമാദരവും പഠിപ്പിച്ച മതമെന്നും പരിചയപ്പെടുത്തിയാണ്‌ വിശ്വവിഖ്യാതമായ ആ പ്രസംഗം ആരംഭിച്ചത്‌.

ആധുനിക ഭാരതീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മതതുല്യതാ വാദം എന്ന മഹത്തായ ആശയമാണ്‌ ലോകത്തിനാകെ അനുകരണീയമായ ആശയമായി മതസമ്മേളന പ്രഭാഷണങ്ങളിലൂടെ സ്വാമി വിവേകാനന്ദന്‍ മുന്നോട്ടുവെച്ചത്‌. ദി ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡ്‌, ദി ബോസ്റ്റണ്‍ ഇൌ‍വനിംഗ്‌ ട്രാന്‍സ്പോര്‍ട്ട്‌, ദി റൂതര്‍ഫോര്‍ഡ്‌ അമേരിക്കന്‍, ദി പ്രസ്‌ ഓഫ്‌ അമേരിക്ക തുടങ്ങിയ എല്ലാ വിദേശ പത്രങ്ങളും സ്വാമിയുടെ പ്രസംഗങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ മത്സരിച്ചു.

“നമ്മുടെ നാട്ടുകാര്‍ ഋഷികളുടെ ആദര്‍ശത്തില്‍നിന്നും പാശ്ചാത്യരുടെ ഭൗതികജീവിതത്തിലേക്ക്‌ തിരിഞ്ഞുപോയത്‌ കണ്ട്‌ ഞാന്‍ ദുഃഖിക്കുന്നു. ആളുകള്‍ ഒട്ടേറെ പാശ്ചാത്യ ഭൗതിക പരിഷ്ക്കാരികളായി മാറുന്നു. പാശ്ചാത്യ ഭൗതിക സംസ്ക്കാരത്തെ തീക്ഷണതയോടെ ശകാരിച്ച സ്വാമിജി അടിമത്വത്തിന്റെ മുമ്പില്‍ തലകുനിക്കുന്ന ഭാരതത്തിലെ ജനങ്ങള്‍ക്കുനേരെ സിംഹഗര്‍ജനം മുഴക്കി. “നിങ്ങള്‍ നിങ്ങളില്‍തന്നെ വിശ്വസിക്കുവിന്‍. സിരകള്‍ക്ക്‌ കരുത്തേകുക. ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്‍ സിരാതന്തുക്കളുമാണ്‌ നമുക്ക്‌ വേണ്ടത്‌. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചില്‍ വേണ്ട… തന്‍കാലില്‍ നില്‍ക്കുക. ആണുങ്ങളാവുക”.

ഭാരതത്തിന്റെ ജീവശക്തി മതത്തിലാണ്‌. പൂര്‍വികരില്‍നിന്നും കൈവന്നിട്ടുള്ള വമ്പിച്ച ഈ സമ്പാദ്യം നാം മറക്കാത്തിടത്തോളംകാലം ഭൂമിയിലൊരു ശക്തിക്കും ഭാരതത്തെ നശിപ്പിക്കാനാവില്ലായെന്ന്‌ വിവേകാനന്ദന്‍ വിശ്വസിച്ചു. മതം ഒരു വളര്‍ച്ചയാണെന്നും ഓരോരുത്തരും അത്‌ സ്വയം അനുഭവപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും സ്വാമിജി ഉപദേശിക്കുന്നു. ഈശ്വരനും അങ്ങനെതന്നെ അനുഭവപ്പെടാത്തതൊന്നും യഥാര്‍ത്ഥമോ ശരിയായ ഈശ്വരനോ അല്ലെന്നാണ്‌ വിവേകാനന്ദന്റെ പക്ഷം. ഈ ആശയം അദ്ദേഹം തുറന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി. “അനുഭവപ്പെടുന്നതുവരെ മതത്തെക്കുറിച്ച്‌ സംസാരിച്ചിട്ട്‌ വലിയ കാര്യമില്ല. ഈശ്വരന്റെ പേരില്‍ ഇത്രയധികം കലക്കവും കലഹവും യുദ്ധവുമുണ്ടാകാന്‍ കാരണമെന്ത്‌? മറ്റേതിലുമധികം രക്തപ്രവാഹം ഈശ്വരനെ ചൊല്ലിയാണ്‌ ഉണ്ടായിട്ടുള്ളതും. ഈശ്വരനുണ്ടെങ്കില്‍ കാണണം, ഈശ്വരനെ കാണാതെ ഈശ്വരനുണ്ടെന്ന്‌ പറയാന്‍ അധികാരമെന്ത്‌, ആത്മാവുണ്ടെങ്കില്‍ അനുഭവപ്പെടണം-അല്ലെങ്കില്‍ വിശ്വസിക്കാതെയിരിക്കണം. ഒരു തുറന്ന നാസ്തികനായിരിക്കുന്നതാണ്‌ കപടഭക്തനായിരിക്കുന്നതിലും നല്ലത്‌.” ഇതായിരുന്നു വിവേകാനന്ദസ്വാമികളുടെ ഈശ്വരസങ്കല്‍പ്പം. വേദാന്തം തീര്‍ച്ചയായും പ്രാചീനമായ ഉപനിഷത്തുകളില്‍ വേരുറച്ചതായിരുന്നു. “സര്‍വം ഖല്വിദം ബ്രഹ്മ” “അഹം ബ്രഹ്മാസ്മി” “തത്ത്വമസി” എന്നീ ഉപനിഷത്ത്‌ വാക്യങ്ങളെ കോര്‍ത്തിണക്കിയ സര്‍വമതദര്‍ശനമായിരുന്നു അത്‌.

സകല ചരാചരങ്ങളേയും സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു ഈശ്വരനെന്ന സങ്കല്‍പ്പത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രഹ്മസങ്കല്‍പ്പം സകലചരാചരങ്ങളിലും ആ ചൈതന്യം കുടികൊള്ളുന്നു എന്നുകൂടി വിഭാവനം ചെയ്തുകൊണ്ടുള്ള ഒരു സര്‍വസമത്വദര്‍ശനമാണ്‌ വിവേകാനന്ദസ്വാമി സ്വജീവിതത്തിലൂടെ പകരുന്നത്‌. വിദേശാധിപത്യത്തില്‍ ആത്മാഭിമാനം പണയപ്പെട്ടുപോയ ഭാരതീയരുടെ മനസ്സിലും ബുദ്ധിയിലും ത്യാഗോജ്ജ്വലങ്ങളായ ഭാരതത്തിന്റെ പുരാതന ചരിത്രസ്മരണകളുണര്‍ത്തിച്ച്‌ നമ്മുടെ പൈതൃകത്തിലും സംസ്ക്കാരത്തിലും വിശ്വാസമര്‍പ്പിച്ച്‌ സ്വാഭിമാനികളായി വളര്‍ന്നുവരാന്‍ ഭാരതജനതയെ സ്വാമിജി ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു.

കല്‍ക്കത്തയില്‍ ജനിച്ച്‌ അവിടെയുള്ള സാമൂഹ്യ-സാംസ്ക്കാരികരംഗത്ത്‌ പ്രശസ്തി നേടി, സന്യാസം വരിച്ച്‌ ഇന്ത്യയുടെ ഭൗതികവും ആദ്ധ്യാത്മികവുമായ സ്വാതന്ത്ര്യം തന്റെ ജീവിതലക്ഷ്യമായി സ്വീകരിച്ച്‌ അത്‌ നേടിയെടുക്കാന്‍ തന്നാല്‍ കഴിയുന്നതിന്റെ പരമാവധി കഠിനമായി, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ബംഗാളിയായ, ഇന്ത്യക്കാരനായ, വിശ്വപൗരനായ, സ്വാമി വിവേകാനന്ദന്‍ മാനുഷികമായ മാനദണ്ഡംകൊണ്ട്‌ അളന്നാല്‍ അസാധാരണ പുരുഷന്‍ തന്നെയാണ്‌. താന്‍ തന്നെ സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വച്ച്‌ 1902 ജൂലൈ 4 ന്‌ കേവലം 39-ാ‍മത്തെ വയസില്‍ മഹാസമാധിയായി. 39 വര്‍ഷത്തെ സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ ഒരു രാഷ്ട്രത്തെ അതിന്റെ പ്രൗഢഗംഭീരമായ ഉയര്‍ച്ചയിലേക്ക്‌ നയിക്കാന്‍ ആശ്രാന്തം പരിശ്രമിച്ച ആ മഹാ തപസ്വിയുടെ ജീവിതം ആര്‍ക്കും ആവേശദായകം തന്നെയാണ്‌.

സന്തോഷ്‌ ചുണ്ടില്ലാമറ്റം

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More