കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

വിചാരധാരയും ആഭ്യന്തര ഭീഷണികളും

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌?

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.

Tuesday, January 14, 2014

കല്ലെറിഞ്ഞു കൊല്ലപ്പെട്ടവന്‍

പാപം ചെയ്യാത്തവരായിരുന്നില്ല കല്ലെറിഞ്ഞത്‌. പാപികളുടെ ശമ്പളം പറ്റുന്നവര്‍ കൂടിയായിരുന്നു അവര്‍. 129037 ചതുരശ്ര കിലോമീറ്റര്‍ നീണ്ടു വിസ്താരമായി കിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പൊലിഞ്ഞുവീണ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിന്റെ കുടുംബത്തിന്‌ സ്വന്തമായുള്ളത്‌ പത്ത്‌ സെന്റ്‌ ഭൂമി മാത്രം. അഞ്ച്‌ ലക്ഷം തരാം സമരത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ പറഞ്ഞ മാഫിയകളുടെ ഏജന്റുമാരോട്‌ പോയി പണിനോക്കാന്‍ പറഞ്ഞവരുടെ കൂട്ടത്തിലൊരാളായിരുന്നു അനൂപും. അവര്‍ പണി നോക്കി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അവര്‍ക്ക്‌ ചെലവായത്‌ ആ ക്വാറിയില്‍ നിന്നു തന്നെയെടുത്ത ഒരു കരിങ്കല്‍ കഷ്ണം. പതുങ്ങിവന്ന്‌ പിന്നില്‍ നിന്ന്‌ കല്ലെറിഞ്ഞ്‌ കൊല്ലാന്‍ മാത്രം ധൈര്യമുള്ളവരുടെ മുമ്പില്‍ പിടഞ്ഞുവീണത്‌ ഒരു കുടുംബത്തിന്റെ കൈത്താങ്ങ്‌.

2013 ഡിസംബര്‍ 16 വൈകീട്ട്‌ 4
ഹിന്ദുഐക്യവേദി സംസ്ഥാന വ്യാപകമായി പശ്ചിമഘട്ട സംരക്ഷണത്തിനായി പരിസ്ഥിതി സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണകള്‍ സംഘടിപ്പിച്ചിരുന്നു. വടകര താലൂക്കിലെ സമരം അവര്‍ കൈവേലിയിലേക്ക്‌ തന്നെ തീരുമാനിച്ചു. താലൂക്ക്‌ കേന്ദ്രത്തില്‍ നിന്നും വളരെ അകലെയാണ്‌ കൈവേലി. ധര്‍ണ്ണ അവിടെ നിശ്ചയിക്കന്‍ ഒരു കാരണവുമുണ്ടായിരുന്നു. വ്യക്തവും സോദ്ദേശ്യ പൂര്‍ണവുമായ കാരണം.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതിലോല പ്രദേശമായി കാണിച്ച തിനൂര്‍ വില്ലേജിലാണ്‌ കൈവേലിയും അതിനടുത്ത മലനിരകളും. മലയോരങ്ങള്‍ മുഴുവന്‍ മാഫിയകള്‍ വാങ്ങിക്കൂട്ടുകയാണ്‌. കര്‍ഷകര്‍ക്ക്‌ വലിയ സന്തോഷം. നാട്ടില്‍ കിട്ടാത്ത വിലയാണ്‌ മലയോരത്തെ മണ്ണിന്‌ ലഭിക്കുന്നത്‌. എത്ര വേണമെന്ന്‌ പറഞ്ഞാലും അത്രയും തരുന്ന മോഹക്കച്ചവടം. നരിപ്പറ്റ പഞ്ചായത്തിലെ കമ്മായി, തരിപ്പ, എടോനി മലനിരകള്‍ മുഴുവന്‍ ചുരുക്കം ചില മാഫിയകളുടെ കയ്യിലായി. ഉറിതൂക്കി, പട്ടിണിക്കുന്ന്‌, പുലിചാടിമല, കരിങ്ങാട്‌, ഉടുമ്പിറങ്ങിമല, വാളൂക്ക്‌ മല തുടങ്ങിയ പശ്ചിമഘട്ടത്തിന്റെ ഉരുക്കുകോട്ടകളിലേക്ക്‌ കണ്ണുംനട്ട്‌ നഗരങ്ങളില്‍ നിന്നും പുതിയ തമ്പുരാക്കന്മാര്‍ എത്തിത്തുടങ്ങിയിരുന്നു. അവര്‍ ഈ മേഖലകളില്‍ പുതിയ റോഡുകള്‍ വെട്ടി. നിഷ്കളങ്കരും ഗ്രാമീണരുമായ ജനതയ്ക്കുമേല്‍ ചതിയുടെ പുതിയപാതകള്‍. ആദ്യമൊക്കെ വാഴകൃഷി, ചേമ്പുകൃഷി, കുറച്ചുനാട്ടുകാര്‍ക്ക്‌ പണി മറ്റുചിലര്‍ക്ക്‌ കങ്കാണിപ്പണി; സന്തോഷം. എന്നാല്‍ ശരിയായ ദൃംഷ്ടകള്‍ പിന്നീടാണ്‌ നാട്ടുകാര്‍ ശരിക്കും കാണുന്നത്‌. ടിപ്പറുകളും ജെസിബികളും ഹിറ്റാച്ചികളും ഉരുണ്ടുരുണ്ട്‌ മലകള്‍ കയറി വരാന്‍ തുടങ്ങി. ക്വാറികള്‍ നടത്താനാണ്‌ മണ്ണ്‌ വാങ്ങിക്കൂട്ടിയതെന്നറിഞ്ഞ നാട്ടുകാര്‍ പ്രതിരോധത്തിന്‌ വട്ടംകൂട്ടി. അവര്‍ സമരത്തിനിറങ്ങി.

എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. അനധികൃതമായും കള്ളരേഖകള്‍ ചമച്ചും ആയിരങ്ങള്‍ ഒഴുക്കിയും ലൈസന്‍സുകള്‍ സംഘടിപ്പിക്കാനായിരുന്ന ഇടക്കാലത്തെ വാഴ, ചേമ്പ്‌ കൃഷികള്‍. പഞ്ചായത്ത്‌ പ്രസിഡന്റും പാര്‍ട്ടിയും മാഫിയകളുടെ പോക്കറ്റിലായി. പാര്‍ട്ടി മാഫിയകളെ ഉപയോഗിക്കുകയല്ല മാഫിയകള്‍ പാര്‍ട്ടിയെ ഉപയോഗിക്കുകയായിരുന്നു. സമരത്തിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐക്കാര്‍ പിന്മാറി. പിന്നീട്‌ സമരം തണുത്തു. എന്നാല്‍ പ്രകൃതി സംരക്ഷണ സമിതിക്കാര്‍ അടങ്ങിയിരുന്നില്ല. പാര്‍ട്ടിയുടെ വിലക്ക്‌ ലംഘിച്ചും സമരം മുന്നോട്ടു പോയി. മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ മാഫിയകള്‍ക്ക്‌ മുമ്പില്‍ അനുസരണയുള്ള കുട്ടികളായി. രൂപീകരിക്കപ്പെട്ട കാലം മുതല്‍ പഞ്ചായത്ത്‌ ഭരിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂന്ന്‌ നേതാക്കന്മാര്‍ ക്വാറി മുതലാളിയുടെ പതിവുകാരായി. സമരത്തിനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക്‌ നാണം മറക്കാന്‍ പ്ലീനത്തിന്റെ നയരേഖകള്‍ പോലും മതിയായില്ല. അവരില്‍ ഒരു വിഭാഗം നിലവിലുള്ള സമരവുമായി യോജിച്ച്‌ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. പാര്‍ട്ടി അച്ചടക്കത്തിന്റെ ഇരുമ്പുമറകള്‍ക്കുള്ളില്‍ പൊട്ടലും ചീറ്റലുമായി. പാര്‍ട്ടി ഗ്രാമങ്ങളില്‍ പതിവില്ലാത്ത ഈ എതിര്‍ശബ്ദം നേതൃത്വത്തിന്‌ സഹനീയമായിരുന്നില്ല. ഈ നിര്‍ണ്ണായക സന്ദര്‍ഭത്തിലാണ്‌ ഹിന്ദു ഐക്യവേദി നേതൃത്വത്തെ സ്ഥലത്തെ പലരും സമീപിക്കുന്നത്‌.

തരിപ്പ, കമ്മായി ക്വാറികള്‍ ഹിന്ദുഐക്യവേദി സമരം ചെയ്ത്‌ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. എടോനിമല സമരത്തെ പിന്തുണക്കണം എന്ന ഒരാവശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഡിവൈഎഫ്‌ഐ സമരത്തില്‍ നിന്നും പിന്മാറിക്കഴിഞ്ഞിരുന്നു. പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിന്‌ ഹിന്ദു ഐക്യവേദി നിരുപാധിക പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുവന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ താലൂക്ക്‌ തല ധര്‍ണ്ണ കൈവേലിയില്‍ സംഘടിപ്പിച്ചത്‌. ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാന്‍ തൃശൂരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകനായ വര്‍ഗ്ഗീസ്‌ തൊടുപറമ്പില്‍ കൈവേലിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്‌ തൊട്ടുമുമ്പില്‍ ധര്‍ണ്ണയ്ക്ക്‌ കസേരകള്‍ കൊണ്ടുവന്ന വാഹനം സിപിഎം ക്രിമിനലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കൈവേലിയിലെ അന്തരീക്ഷം മാറിയത്‌ തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ വര്‍ഗ്ഗീസിനെ തിരിച്ചയച്ചു. ധര്‍ണ്ണയുടെ തുടക്കത്തില്‍ സ്വാഗതപ്രസംഗം കഴിഞ്ഞ ഉടനെ കല്ലേറ്‌ തുടങ്ങി. പാര്‍ട്ടി നേതാക്കളെന്നോ പ്രവര്‍ത്തകരെന്നോ മാഫിയകളുടെ ചോറ്റുപട്ടാളമെന്നോ തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലുള്ള ആക്രമണം. ശിലായുഗത്തിലെ പ്രാകൃത മനുഷ്യരുടെ ആയുധം-കരിങ്കല്‍ച്ചീളുകള്‍ തലങ്ങും വിലങ്ങും എറിഞ്ഞു. അശോകസ്തംഭത്തിന്റെ മഹിമയറിയാത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. പോലീസുകാരുടെ മുമ്പില്‍ വെച്ചു തന്നെ അക്രമികള്‍ നാടന്‍ ബോംബുകളെറിഞ്ഞു.

സമാധാനപരമായി സമരം ചെയ്യാനെത്തിയ യുവാക്കളുടെ ചോരചിന്തി. ഓടാനറിയാത്തവരായിരുന്നില്ല അവര്‍. സമരമുഖങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന ബോധ്യം ചീറിവരുന്ന കല്ലുകളെ തടഞ്ഞു. സ്വയം രക്ഷിച്ചും സഹപ്രവര്‍ത്തകരെ രക്ഷിച്ചും അവര്‍ സമരമുഖത്തുറച്ചുനിന്നു. അതിനിടയില്‍ എപ്പോഴോ ആണ്‌ അനൂപിന്റെ ജീവന്‍ തകര്‍ത്ത കരിങ്കല്‍ ചീളുകള്‍ ചീറിവന്നത്‌. തലക്ക്‌ മുന്നിലും പിന്നിലും പരിക്കേറ്റ അനൂപിനെയും കൊണ്ട്‌ അവര്‍ കുറ്റ്യാടി ഗവണ്‍മെന്റ്‌ ആശുപത്രിയിലേക്കും, പിന്നീട്‌ കോഴിക്കോട്ടെ മെഡിക്കല്‍ കോളേജിലേക്കും കുതിച്ചു. ബോധം നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ അനൂപിന്‌ അറിയേണ്ടിയിരുന്നത്‌ കൂടെ വന്നവരെല്ലാം സുരക്ഷിതരായി തിരിച്ചെത്തിയോ എന്നതായിരുന്നു. ചെവിക്കടുത്ത്‌ കടുത്ത വേദനയുണ്ടെന്ന്‌ പറഞ്ഞ അനൂപ്‌ പിന്നീട്‌ ബോധരഹിതനായി. അടിയന്തര ശുശ്രൂഷ, ശസ്ത്രക്രിയ… വെന്റിലേറ്ററില്‍ മൂന്ന്‌ ദിവസം. പിന്നീട്‌ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയപ്പോള്‍ കടുത്ത ശ്വാസതടസ്സം. രാത്രി 9.30 മണിയോടെ തെയ്യംകെട്ടിയാടിയിരുന്ന അനൂപ്‌ ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്ക്‌ യാത്രയായിരുന്നു.

നെട്ടൂരിലെ വെള്ളൊലിപ്പില്‍ കണാരന്റെ രണ്ടാമത്തെ മകന്‍ അനൂപ്‌ അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു. തോറ്റംപാട്ടിലും തിറയാട്ടത്തിലും കഴിവ്‌ തെളിയിച്ച അനൂപ്‌ കേരളത്തിനകത്തും പുറത്തും ഈ മേഖലയില്‍ പ്രസിദ്ധനായിരുന്നു. മുംബൈയിലും ന്യൂദല്‍ഹിയിലും തെയ്യമാടിയ അനൂപ്‌ അറിയ്പ്പെടുന്ന പാട്ടുകാരനുമായിരുന്നു. പാര്‍ട്ടി ഗ്രാമമായിരുന്ന നെട്ടൂരിനെ മാറ്റിയെടുക്കാന്‍ പ്രവൃത്തിച്ച നിരവധി സഹപ്രവര്‍ത്തകര്‍ക്ക്‌ പ്രചോദനമായിരുന്നു ആ യുവാവ്‌.വിവേകാനന്ദ ഗ്രാമസേവാസമിതിയിലൂടെ നിട്ടൂരിന്റെ മുഖച്ഛായ മാറ്റാന്‍ നടത്തുന്ന പരിശ്രമത്തിന്റെ പിന്നിലെ കരുത്തനായിരുന്നു അനൂപ്‌. എറണാകുളത്ത്‌ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്നതിനിടയില്‍ ലഭിക്കുന്ന ഓരോ ഇടവേളയിലും തന്റെ ഗ്രാമത്തിലെത്താന്‍ കൊതിപൂണ്ടിരുന്ന അനൂപ്‌ ശബരിമല തീര്‍ത്ഥാടത്തിനുള്ള ഒരുക്കത്തിലായിരുന്നു.

അനൂപിന്റെ ഭൗതികദേഹം അടക്കാന്‍പോലും ആ കുടുംബത്തിന്‌ മതിയായ ഭൂമിയുണ്ടായിരുന്നില്ല. അനൂപിന്റെ പിതാവ്‌ കണാരന്റെ സഹോദരന്‍ രവീന്ദ്രന്റെ പറമ്പിലാണ്‌ അനൂപിന്റെ ശവസംസ്കാരം നടത്തിയത്‌. സ്വന്തമായുള്ള പത്തു സെന്റില്‍ വീടുവെക്കാനുള്ള പരിശ്രമത്തിലായിരുന്നു ആ കുടുംബം. അത്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പ്‌ അനൂപ്‌ യാത്രയായി. സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആ യുവാവിന്റെ അന്തിമാഭിലാഷം സാക്ഷാത്കരിക്കാനാണ്‌ നിട്ടൂരിലെ യുവാക്കള്‍ ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അതിനുള്ള പരിശ്രമം നടക്കുന്നു. കുറ്റ്യാടി എസ്ബിടിയില്‍ 67200987681 എന്ന എക്കൗണ്ട്‌ നമ്പറില്‍ അവര്‍ മനുഷ്യസ്നേഹികളുടെ സാമ്പത്തികമായ പിന്തുണയും പ്രതീക്ഷിക്കുന്നു. പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം, ആ മേഖലയിലെ ജനസമൂഹങ്ങളുടെയും സംരക്ഷണം. അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മരിച്ചുവീണ അനൂപിന്റെ സ്വപ്നസാക്ഷാത്കാരത്തിനുള്ള പോരാട്ടമാണ്‌ ഇനി അവശേഷിക്കുന്നത്‌.

മാഫിയകള്‍ വാഴുന്ന മലയോരം
നരിപ്പറ്റ പഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ തിനൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ടതാണ്‌ എടോനി മലപ്രദേശം. കുറ്റ്യാടി ഫോറസ്റ്റ്‌ റെയിഞ്ചിന്റെ പരിധിയില്‍പ്പെട്ട വനഭൂമിയോട്‌ ചേര്‍ക്കുന്ന പ്രദേശം കൂടിയാണിത്‌. ചെമ്പോത്തുംപൊയില്‍ എന്ന ചെറുതടാകം സ്ഥിതി ചെയ്യുന്നത്‌ ഇതിനടുത്താണ്‌. എടോനിമലയില്‍ നിന്നും ഉത്ഭവിച്ച്‌ മയ്യഴിപ്പുഴയില്‍ ചേരുന്ന രണ്ട്‌ തോടുകളാണ്‌ ഇരുമ്പംതടം, കണ്ടംചോല, മുള്ളമ്പത്ത്‌ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സും കൃഷിക്കാവശ്യമായ വെള്ളവും നല്‍കുന്നത്‌. 600 ഹെക്ടറോളം ഭൂമിയാണ്‌ എടോനി മലയായി അറിയപ്പെടുന്നത്‌. നീര്‍ത്തട പ്രദേശമെന്ന നിലയില്‍ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്താണ്‌ ഭൂമാഫിയ പിടിമുറുക്കിയത്‌.

എമറാള്‍ഡ്‌ റോക്ക്‌ പ്രൊഡക്ട്‌ എടോനി എന്ന കമ്പനിയാണ്‌ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്‌. തൃശൂര്‍ വാരിയം ലൈനിലുള്ള എസ്‌. രാമചന്ദ്രന്‍ എം.ഡിയായുള്ള കമ്പനിയാണ്‌ ഇത്‌. 13.7895 ഹെക്ടര്‍ ഭൂമിയിലാണ്‌ ക്രഷറിനും ക്വാറിക്കുമായി പഞ്ചായത്ത്‌ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്‌. 2011 മെയ്‌ 26ന്‌ പഞ്ചായത്ത്‌ ഭരണസമിതി നിബന്ധനകള്‍ക്ക്‌ വിധേയമായി കമ്പനിയുടെ പ്രവര്‍ത്തനത്തിന്‌ അനുവാദം നല്‍കുകയും ചെയ്തു. മൈനിംഗ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌, ജില്ലാ ആരോഗ്യവകുപ്പ്‌ തുടങ്ങിയ ഓഫീസുകളില്‍ നിന്ന്‌ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണമെന്നായിരുന്നു ഉപാധികള്‍. ഇതനുസരിച്ച്‌ 2011 മെയ്‌ 30ന്‌ എന്‍.ഒ.സി ഫീസിനത്തില്‍ 8500 രൂപ പഞ്ചായത്തില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന്‌ മേറ്റ്ല്ലാ വകുപ്പുകളില്‍ നിന്നുമുള്ള എന്‍.ഒ.സി പഞ്ചായത്തില്‍ സമര്‍പ്പിച്ചുവെന്നും ഫാക്ടറി പ്രവര്‍ത്തിക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ ഇല്ലെന്നുമാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ വാദം. റീസര്‍വ്വേ 123ല്‍ 1 എ, 159ല്‍ 1 എ എന്നീ നമ്പറുകളുളള ഭൂമിയാണ്‌ ക്രഷര്‍ ആരംഭിക്കാനായി അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌.

ശക്തമായ എതിര്‍പ്പാണ്‌ പ്രാദേശിക ജനതയില്‍ നിന്നുമുണ്ടായത്‌. ആറാംവാര്‍ഡ്‌ ഗ്രാമസഭ ചേര്‍ന്ന്‌ വന്‍കിട ക്രഷര്‍ യൂണിറ്റ്‌ ആരംഭിക്കാന്‍ എന്‍ഒസി അനുവദിച്ച നടപടി പുന:പരിശോധിക്കണമെന്ന്‌ പഞ്ചായത്തിനോട്‌ ആവശ്യപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന്‌ രൂപീകരിച്ച പ്രകൃതിസംരക്ഷണ സമിതി പ്രക്ഷോഭവും ബോധവല്‍ക്കരണവുമായി രംഗത്തുവന്നു. ഡോ. എ. അച്യുതന്റെ നേതൃത്വത്തിലുള്ള പഠനസംഘം പ്രദേശം സന്ദര്‍ശിക്കുകയും പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും ചെയ്തു.

കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ്‌ മറുപക്ഷത്ത്‌ ചേരുന്നത്‌? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ കൈവേലി സംഭവം കാണിച്ചു തരുന്നു.

എം. ബാലകൃഷ്ണന്‍ - ജന്മഭൂമി .

Wednesday, December 11, 2013

പി.ടി.റാവു ത്രിവിക്രമനായ വാമനന്‍ ...........

സംഘടനാ പ്രവർത്തനം ഒരു തപസ്സാണ് .അതിൽ കുറച്ചുകാലം നിലനിൽക്കണമെങ്കിൽത്തന്നെ സ്വജീവിതത്തിൽ നിരവധി ത്യാഗങ്ങൾ അനുഷ്ടിക്കണം . അപ്പോൾ ജീവിതകാലം മുഴുവൻ സംഘടനാ പ്രവർത്തനം നടത്തുന്നവരുടെ കാര്യമൊന്നാലോചിച്ചു നോക്കൂ .. അങ്ങനെയൊരാളെപ്പറ്റി ശ്രീ പി നാരായണൻ ജന്മഭൂമിയിൽ എഴുതിയ ലേഖനം .
.


അരനൂറ്റാണ്ടുകാലം കേരളത്തിലെ സംഘപരിവാര്‍ അരങ്ങില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ദിവംഗതനായ പി.ടി.റാവു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ദേശീയതലത്തില്‍ പല ചുമതലകളും വഹിച്ചിരുന്ന പി.ടി.റാവു ബാങ്ക്‌ ജീവനക്കാരുടെ സംഘടനയില്‍ എന്‍ഒബിഡബ്ല്യുവിനെയാണ്‌ തന്റെ മുഖ്യ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തത്‌. കേരളത്തില്‍ അതിനെ ഹരിഃശ്രീ തൊട്ടു വളര്‍ത്തിയെടുക്കുന്നതില്‍ പി.ടി.റാവുവിന്റെ അനന്യമായ നിഷ്ഠയും ഇംഗ്ലീഷില്‍ ‘ആപ്ലിക്കേഷന്‍’ എന്നു പറയുന്ന സ്വഭാവവും എടുത്തു പറയേണ്ടത്‌. ആ താത്പര്യം പ്രകടമാക്കുന്ന ഒരു വാക്ക്‌ മലയാളത്തില്‍ ഇല്ലെന്നാണ്‌ തോന്നുന്നത്‌. ഹിന്ദിയില്‍ ലഗന്‍ എന്നും ലഗാവ്‌ എന്നും അതിന്‌ പറയാം. പി.ടി.റാവുവിനോടു അടുപ്പമുള്ള അരനൂറ്റാണ്ടുകാലത്തെ ഓര്‍മകള്‍ എന്നിലുണ്ട്‌.1964 ലെ സംഘശിക്ഷാവര്‍ഗില്‍ പരിശീലനത്തിനുവന്ന റാവുവിന്റെ ശിക്ഷകനായിരിക്കാന്‍ അവസരം ലഭിച്ചതു മുതല്‍ തുടങ്ങി ആ അടുപ്പം. പൊക്കം കുറവായതിനാല്‍ ശ്രദ്ധേയനായിരുന്നെങ്കില്‍ അതിനുമപ്പുറം സദാ പ്രസന്നഭാവവും നര്‍മബോധവും റാവുവിനെ വ്യത്യസ്തനാക്കിയിരുന്നു. അന്ന്‌ ത്രിവിക്രമറാവു എന്നാണ്‌ അറിയപ്പെട്ടത്‌. ബാങ്ക്‌ ജീവനക്കാരുടെ സംഘാടകനായപ്പോഴാണ്‌ പേര്‌ പി.ടി.റാവു എന്ന്‌ ചുരുക്കിയതെന്ന്‌ തോന്നുന്നു. കാഴ്ചയ്ക്ക്‌ വാമനനായിരുന്നു അദ്ദേഹം. തന്റെ കര്‍മ്മശേഷി ഒന്നുകൊണ്ടുമാത്രം ശരിക്കും ത്രിവിക്രമനായി വളര്‍ന്നു.



1965 ലാണെന്ന്‌ തോന്നുന്നു ആലുവയ്ക്കടുത്ത്‌ ദേശത്തു നടന്ന ഒരു ബാലശിബിരത്തിന്റെ പ്രബന്ധകനോ ശിക്ഷകനോ ആയി റാവു എത്തിയിരുന്നു. അന്നു കോട്ടയം ജില്ലാ പ്രചാരകനായിരുന്ന എനിക്ക്‌ ആ ശിബിരത്തില്‍ പങ്കെടുക്കാന്‍ വിഭാഗ്‌ പ്രചാരകനായിരുന്ന ഹരിയേട്ടന്റെ നിര്‍ദ്ദേശം കിട്ടി. കോട്ടയം കാരാപ്പുഴ നായര്‍ സമാജം സ്കൂളില്‍ കോട്ടയം, ആലപ്പുഴ- ജില്ലകളുടെ ബാലശിബിരം നടന്നിരുന്നു. അത്യന്തം ആവേശകരമായ ആ ശിബിരത്തിന്റെ നടത്തിപ്പുമായി കുറേയേറെ ബദ്ധപ്പെട്ട്‌ ഏതാണ്ട്‌ അവശനായിരുന്ന അവസരത്തിലാണ്‌ ആലുവയിലെത്താന്‍ ഹരിയേട്ടന്റെ ക്ഷണം വന്നത്‌. കോട്ടയം ശിബിരത്തില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട്‌ വലിയ ചുമതലകളും സ്ഥാനങ്ങളും ഏറ്റെടുത്ത്‌ പ്രസിദ്ധരായി.

അക്കാലത്ത്‌ കോട്ടയം- ആലുവാ യാത്ര മിക്കവാറും ബസ്സിലായിരുന്നു. കോട്ടയം വഴി മീറ്റര്‍ ഗേജ്‌ റെയില്‍പാതയായിരുന്നതിനാല്‍ എറണാകുളത്തിനപ്പുറത്തേക്ക്‌ ആരും തീവണ്ടിക്കു ശ്രമിക്കുമായിരുന്നില്ല. ദേശത്തെ ബാലശിബിര സ്ഥലത്തെത്തിയപ്പോഴേക്ക്‌ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കുട്ടികളുടെ പരിപാടികളായിരുന്നതിനാല്‍ ഉല്ലാസവും ഉത്സാഹവും തിമര്‍ത്തുകൊണ്ടിരുന്നു. അതിന്റെയൊക്കെ നടുനായകസ്ഥാനത്ത്‌ ത്രിവിക്ര റാവുവും. ഏകാഭിനയവും ശബ്ദാനുകരണവും മറ്റും തകര്‍ക്കുകയായിരുന്നു. അനേകം പേര്‍ വട്ടത്തിലിരുന്ന്‌ യോജിച്ച ചലനങ്ങളും ശബ്ദങ്ങളും പ്രയോഗിച്ച്‌ വലിയ ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന്റെ പ്രതീതിയുണ്ടാക്കിയതും ഒറ്റയ്ക്ക്‌ ചെണ്ടമേളവും തകിലും നാഗസ്വരവും വായിക്കുന്നത്‌ അഭിനയിച്ചു കാണിച്ചതും മറ്റും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

അദ്ദേഹം എറണാകുളത്ത്‌ യുകോ ബാങ്കില്‍ സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചിട്ട്‌ അന്ന്‌ അധികം കാലമായിരുന്നില്ല. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിസ്തൃതമാക്കുന്നതിന്റെ ഭാഗമായി ബാങ്ക്‌ ജീവനക്കാരുടെ പ്രസ്ഥാനമാരംഭിച്ചപ്പോള്‍ അതിന്റെ ചുമതല റാവുവിനാണ്‌ ലഭിച്ചത്‌. അതദ്ദേഹം നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. സംഘവുമായി ബന്ധപ്പെട്ട ധാരാളം പേര്‍ അക്കാലത്തുതന്നെ ബാങ്ക്ജീവനക്കാരുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവമായുണ്ടായിരുന്നു. അവര്‍ എന്‍ഒബിഡബ്ല്യുവിനോട്‌ വേണ്ടത്ര സഹകരിക്കാതിരുന്നിട്ടും തന്റെ പ്രവൃത്തി റാവു അനന്യനിഷ്ഠനായി തുടര്‍ന്നു.

മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്‌ മുതിര്‍ന്ന പ്രചാരകന്‍ രാ.വേണുഗോപാലിന്റെ സേവനം സംഘത്തില്‍ നിന്ന്‌ വിട്ടുകൊടുത്തത്‌ റാവുവിനെപ്പോലുള്ളവര്‍ക്ക്‌ പ്രചോദനമായി.

തന്റെ ബാങ്കിലെ ചുമതലകള്‍ വിട്ടുവീഴ്ച കൂടാതെ നിര്‍വഹിച്ച്‌, ശേഷമുള്ള സമയം മുഴുവന്‍ സംഘടനാ പ്രവര്‍ത്തനത്തിന്‌ വിനിയോഗിച്ചു. അതിനായി ലഭിക്കാവുന്ന സകല ജോലിക്കയറ്റങ്ങളും വേണ്ടെന്ന്‌ വച്ചു. ജോലിയില്‍ പ്രവേശിച്ച കാലത്ത്‌ കേരളത്തിലെ സാധാരണ ബാങ്ക്‌ ജീവനക്കാര്‍ മുണ്ടും ഷര്‍ട്ടുമാണ്‌ വേഷമായി ഉപയോഗിച്ചു വന്നത്‌. കാലക്രമേണ അത്‌ പാന്റ്സും ഷര്‍ട്ടുമായി. അവയില്‍ത്തന്നെ കാലാനുസൃതമായ പല പരിഷ്കാരങ്ങളും വന്നു. പക്ഷേ പി.ടി.റാവു മാത്രം തന്റെ ശുഭ്രമായ മുണ്ടും ഷര്‍ട്ടുമെന്ന രീതി മാറ്റിയില്ല. ആദ്യകാലങ്ങളില്‍ സംഘത്തിന്റെ ഗണവേഷത്തിന്റെ ശൈലിയില്‍ മുന്‍വശം മുഴുന്‍ തുറക്കാത്ത, നാടയില്‍ മൂന്നു ചിപ്പിബട്ടനുകള്‍ പിടിപ്പിച്ച ഷര്‍ട്ടായിരുന്നുവെങ്കില്‍, അവസാനകാലത്തു കണ്ടപ്പോള്‍ തുറന്നു ഷര്‍ട്ടും കണ്ടു. ദേശീയതലത്തില്‍ നേതൃസ്ഥാന ചുമതലകള്‍ നല്‍കപ്പെട്ടപ്പോഴും വേഷത്തില്‍ മാറ്റമുണ്ടായില്ല. പി.ടി.റാവു പി.ടി.റാവു തന്നെയായിരുന്നു.

പ്രസ്ഥാനത്തിന്റെ ചിട്ടകളില്‍ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറായിരുന്നില്ല. തന്നോടു തന്നെ വിട്ടുവീഴ്ചകാട്ടാത്ത അദ്ദേഹത്തിന്‌ മുന്നില്‍ മറ്റു പ്രവര്‍ത്തകര്‍ക്ക്‌ ഒന്നും പറയുവാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. എനിക്ക്‌ ജനസംഘത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ പലപ്പോഴും ഇംഗ്ലീഷിലുള്ള ചില വിവരങ്ങള്‍ ടൈപ്പു ചെയ്യാന്‍ അദ്ദേഹത്തിന്റെ സഹായം തേടുമായിരുന്നു. ടൈപ്പ്‌ ചെയ്ത മാറ്റര്‍ ഔചിത്യപൂര്‍വം തയ്യാറാക്കേണ്ടതിന്‌ മാതൃകയായിരുന്നു അത്‌.

മസ്ദൂര്‍ സംഘത്തിന്റെ ലഘുലേഖകളും പുസ്തകങ്ങലും ഹിന്ദിയില്‍നിന്നോ ഇംഗ്ലീഷില്‍നിന്നോ മലയാളത്തിലാക്കേണ്ടി വന്ന അവസരങ്ങളില്‍ അത്‌ എന്നെക്കൊണ്ട്‌ ചെയ്യിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ഠേംഗഡിജി പാണാവള്ളിയിലെ നടരാജന്‍ വൈദ്യരുടെ വസതിയില്‍ ആയുര്‍വേദ ചികിത്സ ചെയ്ത്‌ താമസിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍ വരുന്ന ജനതാ സംരംഭത്തിന്റെ ഭാവി നടപടികള്‍ക്കടിസ്ഥാനമായി എന്തൊക്കെക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെപ്പറ്റി സമഗ്രമായൊരു രൂപരേഖ ഠേംഗഡിജി തയ്യാറാക്കിയിരുന്നു. ഒളിവുകാലത്ത്‌ വായിക്കാനായി കിട്ടിയപ്പോള്‍ അത്‌ മലയാളത്തിലാക്കിയെടുത്ത്‌, മൂന്നു പകര്‍പ്പുകളും തയ്യാറാക്കിയിരുന്നു. ജനതാഭരണവും പാര്‍ട്ടിയുമൊക്കെ നിലവില്‍ വന്നപ്പോള്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യമൊക്കെ തത്പര കക്ഷികള്‍ മറന്ന്‌, ജനസംഘ ഘടകത്തെയും സംഘത്തെയും എതിര്‍ക്കുക മാത്രമായി അവരുടെ ലക്ഷ്യം. ആ രൂപരേഖയുടെ പകര്‍പ്പുകള്‍ ഒന്നും തന്നെ ഇപ്പോള്‍ കാണാനില്ല.

ഠേംഗഡിജിയുടെ ചികിത്സാക്കാലത്ത്‌ അദ്ദേഹത്തിന്റെ ഒരഭിമുഖം തയ്യാറാക്കാന്‍ പാണാവള്ളിയില്‍ പോയി. ഞാന്‍ കൊടുത്ത ചോദ്യാവലി മുഴുവന്‍ വായിച്ചശേഷം ഏതാണ്ട്‌ ഒന്നരമണിക്കൂര്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ടേപ്പ്‌ റിക്കാര്‍ഡറില്‍ രേഖപ്പെടുത്തിയ അഭിമുഖം പകര്‍ത്തി ടൈപ്പ്‌ ചെയ്തു തന്നത്‌ റാവുജിയായിരുന്നു. ബിഎംഎസിന്റെ പഠനശിബിരങ്ങളില്‍ പങ്കെടുത്ത്‌ ക്ലാസുകള്‍ എടുക്കാനും നേതാക്കന്മാരുടെ പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യാനും എന്നോടാവശ്യപ്പെടുമായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത്‌ ഒരു വര്‍ഷത്തോളം റാവു തടവുകാരനായിക്കഴിഞ്ഞു. ഔപചാരികമായി പി.ടി.റാവു പ്രചാരകനായിരുന്നില്ല. ബാങ്ക്‌ ജീവനക്കാരനായിരുന്നു. പക്ഷേ പ്രചാരകന്റെ നിഷ്ഠയോടെതന്നെ പ്രവര്‍ത്തിച്ചു. തന്റെ സഹോദരന്മാര്‍ക്കും അദ്ദേഹം പ്രചോദനമായി. അനുജന്‍ ജയകുമാര്‍, തന്റെ നല്ലൊരു ജോലി രാജിവെച്ചാണ്‌ പ്രചാരകനായത്‌. വിവിധ ആശയക്കാരായിരുന്ന സഹജീവനക്കാര്‍ നല്‍കിയ വിടവാങ്ങല്‍ പരിപാടിയില്‍ അവര്‍ ജയകുമാറിന്റെ ആദര്‍ശധീരതയെ മുക്തകണ്ഠം പ്രശംസിച്ചു.

അനുഗൃഹീതമായ ജീവിതമാണ്‌ റാവുജി നയിച്ചത്‌. 70 വയസ്സ്‌ കഴിഞ്ഞവര്‍ പ്രസ്ഥാനത്തില്‍ ഔപചാരിക സ്ഥാനങ്ങള്‍ വഹിക്കരുതെന്ന കീഴ്‌വഴക്കം ബിഎംഎസില്‍ കൊണ്ടുവന്നത്‌ അദ്ദേഹമാണെന്ന്‌ അറിയാന്‍ കഴിഞ്ഞു. അതേസമയം അവരുടെ അനുഭവ സമ്പത്തും പക്വതയാര്‍ന്ന മാര്‍ഗദര്‍ശനവും പുതിയ പ്രവര്‍ത്തകര്‍ക്ക്‌ ലഭ്യമാക്കാനുള്ള അവസരവും വേണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.അവിശ്രാന്തം കര്‍മനിരതനായിരുന്ന ശേഷം തികച്ചും അനായാസമായി, ആരെയും ബുദ്ധിമുട്ടിക്കാതെ ഇഹലോകവാസം വെടിഞ്ഞ റാവുജി അക്കാര്യത്തിലും മാതൃകകാട്ടിയെന്ന്‌ തോന്നുന്നു. ദേശീയതലത്തില്‍ പ്രഭാവം ചെലുത്തിയ യഥാര്‍ത്ഥ ത്രിവിക്രമനായിരുന്നു ആകൃതിയില്‍ വാമനനായിരുന്ന പി.ടി.റാവു.

പി. നാരായണന്‍

Friday, November 29, 2013

ഹെഡ്ഗേവാറും സ്വാതന്ത്ര്യ സമരവും

“ബ്രിട്ടനെ ആക്രമിച്ച് ഭരിക്കുവാനോ അധീനമാക്കുവാനോ ഞങ്ങൾക്ക് തെല്ലും ഉദ്ദേശ്യമില്ല. ബ്രിട്ടീഷുകാർ ബ്രിട്ടൻ ഭരിക്കുന്നതു പോലെ , ജർമ്മൻ കാർ ജർമ്മനി ഭരിക്കുന്നത് പോലെ ഞങ്ങൾക്ക് മാതൃഭൂമിയിൽ സ്വയം ഭരണം നടത്താൻ അവകാശമുണ്ട് . വിദേശികളുടെ അടിമകളായി തുടരുന്നു എന്ന ചിന്തയിൽ ആ അപമാനവും ഞങ്ങളുടെ മനസ്സിൽ ദേഷ്യമുണർത്തുന്നു . പൂർണ്ണ സ്വാതന്ത്ര്യമാണ് ഞങ്ങൾ  ആവശ്യപ്പെടുന്നത് . അതു നേടുന്നതു വരെ ശാന്തമായി അടങ്ങിയിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല . ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം നീതിക്കോ നിയമത്തിനോ എതിരാണോ ? നിയമം നിലനിൽക്കുന്നത് നീതിയെ നശിപ്പിക്കാനല്ല , നടപ്പിലാക്കാനാണ് എന്നാണെന്റെ വിശ്വാസം . അതായിരിക്കണം നിയമത്തിന്റെ പ്രധാന ഉദ്ദേശ്യവും . “
.
നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു .

1921 ഓഗസ്റ്റ് 5 നു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പൂർണ്ണ രൂപം ..

“ 1, ഞാൻ ചെയ്ത പ്രസംഗങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തെക്കുറിച്ച് ഭാരതീയരുടെ മനസ്സിൽ വെറുപ്പും , വിദ്വേഷവും വിപ്ലവ മനോഭാവവും വളർത്തുകയും ഭാരതീയരുടേയും യൂറോപ്യന്മാരുടെയും ഇടയിൽ പരസ്പരം ശത്രുതയുടെ വിത്തുകൾ വിതറുകയും ചെയ്യുവാ‍ൻ കാരണമായി എന്നുള്ളതാണ് എന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റം ,ഇതിനൊരു വിശദീകരണം ഞാൻ ആവശ്യപ്പെടുന്നു .ഭാരതമണ്ണിൽ വച്ച് ഒരു ഭാരതീയനെ വിചാരണ ചെയ്ത് വിധിപറയുന്നതിന് ഒരു വിദേശ ഭരണകൂടം ഔദ്ധത്യം കാണിക്കുന്നു എന്നത് , എന്റെ പ്രിയപെട്ട മാതൃഭൂമിക്ക് നേരിടേണ്ടി വന്ന വലിയ അപമാനമായി ഞാൻ കരുതുന്നു .
.
2, ഇന്ന് ഭാരതത്തിൽ നിയമാനുസൃതം വ്യവസ്ഥാപിതമായ ഒരു ഭരണകൂടം നിലവിലുള്ളതായി ഞാൻ കരുതുന്നില്ല .ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാൽ അതു വിചിത്രമാണ് .ബലാൽക്കാരമായി തട്ടിപ്പറിച്ചെടുത്ത് സ്വന്തം ശക്തി കാണിക്കുന്ന ഒരു മർദ്ദക ഭരണമാണ് ഇന്നിവിടെയുള്ളത് .ഈ അനധികൃത ഭരണകൂടത്തിന്റെ കൈകളിലെ ചട്ടുകം മാത്രമാണ് ഇന്നത്തെ നിയമങ്ങളും കോടതിയും ., ലോകത്തിന്റെ ഏതു ഭാഗത്തായാലും ജനങ്ങൾക്കു വേണ്ടി , ജനങ്ങളാൽ നിയോഗിക്കപ്പെടുന്ന , ജനങ്ങളുടെ സർക്കാരിനു മാത്രമേ നിയമനിർവ്വഹണം നടത്താൻ അധികാരമുള്ളൂ .അങ്ങനെയല്ലാത്ത എല്ലാ ഭരണങ്ങളും ദുർബ്ബല രാജ്യങ്ങളെ കൊള്ളയടിക്കുവാൻ വേണ്ടി കയ്യേറ്റക്കാർ ഒരുക്കുന്ന കുരുക്കും കെണിയുമാണ് .
.
3, ഇന്ന് പരിതാപകരമായ അവസ്ഥയിൽ ആണ്ടുപോയ സ്വന്തം മാതൃഭൂമിയോടുള്ള  ഉത്കടമായ രാജ്യസ്നേഹം എന്റെ നാട്ടുകാരിൽ വളർത്താൻ ഞാൻ ശ്രമിച്ചു .ഭാരതം ഭാരതീയനുള്ളതാണ് എന്ന ഉത്തമ വിശ്വാസം അവരിൽ രൂഢമൂലമാക്കാൻ ഞാൻ പരിശ്രമിച്ചു .ഒരു ഭാരതീയൻ അവന്റെ സ്വന്തം ദേശത്തിനു വേണ്ടി സംസാരിക്കുന്നതും ദേശസ്നേഹം പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹമായി കരുതുന്നുവെങ്കിൽ , ഭാരതീയരും യൂറോപ്യന്മാരുമായി വിരോധം വളർത്താതെ ഭാരതീയനു സത്യാവസ്ഥ തുറന്നു പറയാൻ നിർവ്വാഹമില്ലെങ്കിൽ , യൂറോപ്യന്മാരും ഭാരതത്തിന്റെ ഭരണാധികാരികൾ എന്നവകാശപ്പെടുന്നവരും ഒന്നു മനസ്സിലാക്കുന്നത് നന്ന് . നിങ്ങൾ ഇവിടെ നിന്നും കെട്ടുകെട്ടാറായിരിക്കുന്നു .
.
4, രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതിനു പുലർത്തേണ്ട അടിസ്ഥാന തത്ത്വങ്ങൾ എനിക്കറിയാം . ബ്രിട്ടീഷുകാരോടും യൂറോപ്യന്മാരോടും പെരുമാറുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാറുന്റ് . എന്തായാലും ഞാൻ പറഞ്ഞിട്ടുള്ളത് എല്ലാം തന്നെ എന്റെ നാട്ടുകാരുടെ ജന്മാവകാശത്തെയും സ്വാതന്ത്ര്യം നേടേണ്ടതിന്റെ അനിവാര്യതയേയും കുറിച്ചാണ്. ഞാൻ ഉച്ചരിച്ച ഓരോ വാക്കിലും ഉറച്ചു നിൽക്കാൻ ഞാൻ തയ്യാറാണ് . എന്റെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾക്കെതിരെ എനിക്കൊന്നും പറയാനില്ലെങ്കിലും ഞാൻ ചെയ്ത പ്രസംഗങ്ങളിലെ ഓരോ അക്ഷരവും  വാക്കും ന്യായീകരിക്കാൻ ഞാൻ തയ്യാറാണ് . ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം ന്യായ പൂർണ്ണമാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നു . “ !!!

( കേസിനാസ്പദമായ പ്രസംഗങ്ങളേക്കാൾ കുറ്റകരമാണ്  സത്യവാങ്മൂലമെന്ന്  ജഡ്ജി വിധിച്ചതിൽ അദ്ഭുതമില്ലല്ലോ .. !! )

അവലംബം : ഡോക്റ്റർ ഹെഡ്ഗേവാർ - കുരുക്ഷേത്രപ്രകാശൻ

Thursday, November 21, 2013

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

“സംസ്ഥാനത്തും സ്ഥിതി ഭീകരമായി. പത്രസ്ഥാപനങ്ങള്‍ പൂട്ടി.സംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചു.‘നാവടക്കൂ പണിയെടുക്കൂ’എന്ന ആപ്തവാക്യം പലരും തൊണ്ട തൊടാതെ വിഴുങ്ങി.പക്ഷേ, ദേശീയ തലത്തിലുള്ള അടിയന്തരാവസ്ഥാ വിരുദ്ധ വികാരം ഉള്‍ക്കൊള്ളാന്‍ കേരളത്തിലും ശുദ്ധരക്തമുള്ളവര്‍ ഉണ്ടായിരുന്നു. അതറിഞ്ഞ ഭരണാധികാരികള്‍ പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസ്സിന്റെ കേരളത്തിലെ സ്വന്തം പ്രാന്തകാര്യാലയമായ എളമക്കരയിലെ ‘മാധവനിവാസ്‌’ ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ ജൂണ്‍ 26 നായിരുന്നു. ജൂലായ്‌ നാലിന്‌ മാധവനിവാസ്‌ സീല്‍ ചെയ്യപ്പെട്ടു.


പിന്നീട്‌ സംഘം നേരിട്ടത്‌ കൊടും യാതനകളുടെ കാലഘട്ടമായിരുന്നു. “രാജാവിനേക്കാള്‍ രാജഭക്തി” കാണിച്ചിരുന്ന കരുണാകരനായിരുന്നു കേരളത്തിലെ ആഭ്യന്തരമന്ത്രി എന്നത്‌ ഇവിടെ ശ്രദ്ധേയമാണ്‌. സിപിഐ നേതാവായ മുഖ്യമന്ത്രി ചേലാട്ട്‌ അച്യുതമേനോനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള കരുണാകര ഭരണം സംഘ സ്വയംസേവകര്‍ക്ക്‌ കടുത്ത ദുരവസ്ഥ സൃഷ്ടിച്ചു. ഇന്ദിരയുടെ കേരള ഫോട്ടോസ്റ്റാറ്റായി മാറിയ കരുണാകരന്‍ പോലീസിനെ മര്‍ദ്ദനോപകരണമാക്കി മാറ്റുകയായിരുന്നു. ആ കാലത്ത്‌ കേരളത്തില്‍ നക്സലൈറ്റുകളും പോലീസിന്റെ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയായി.

സംസ്ഥാന നേതാക്കന്മാരും ഇന്ദിര എന്ന സ്വേച്ഛാധിപതിയെ പിന്തുണക്കാന്‍ ഏറെ നാടകങ്ങള്‍ നടത്തി. എറണാകുളം എംജി റോഡില്‍ കെപിസിസി പ്രസിഡന്റ്‌ എ.കെ.ആന്റണിയും പ്രമുഖ നേതാവ്‌ ലീല ദാമോദരമേനോനും കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍ പതിനെട്ടുപേരെ കൂട്ടി കുടചൂടിപ്രകടനം നടത്തിയത്‌ എറണാകുളത്തുകാര്‍ ഇന്നും ഓര്‍ക്കുന്നു . പരിമിതമായ ആവശ്യം: പ്രധാനമന്ത്രി രാജിവെയ്ക്കരുത്‌. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ഇന്ദിരയ്ക്ക്‌ ആദ്യം കമ്പിയടിച്ച കെപിസിസി പ്രസിഡന്റ്‌ കേരളത്തിലെ “ആദര്‍ശധീരനായ” ആന്റണി തന്നെയായിരുന്നു. അധികാരം നഷ്മാക്കിക്കൊണ്ട്‌ തനിക്കെതിരേ വന്ന കോടതിവിധി സിഐഎ ഗൂഢാലോചനയാണെന്നു പറയാന്‍ ഇന്ദിര മടിച്ചില്ല. ‘ഫാസിസ്റ്റുകളായ ആര്‍എസ്‌എസുകാര്‍’ അധികാരം പിടിച്ചെടുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്‌ ഇന്ദിര പുതിയ സംഭവവികാസങ്ങളെ കണ്ടത്‌. അതേറ്റുപറയാന്‍ സംഖ്യകക്ഷിയായ സിപിഐയും മത്സരിക്കുകയായിരുന്നു. കരുണാകരനെക്കാള്‍ താന്‍ പിന്നിലാവരുത്‌ എന്ന മത്സരബുദ്ധിയോടെ സംഘത്തെപ്പറ്റി അടിസ്ഥാനരഹിതാരോപണങ്ങളുമായി ‘മാന്യനായ’ ചേലാടനും കൂടി എന്നത്‌ ഒരു തമാശതന്നെയായിരുന്നു.

ഏതായാലും ആര്‍എസ്‌എസിനെ നിരോധിച്ച ജൂലായ്‌ നാലിന്‌ മുന്‍പ്‌, ജൂണ്‍ 30 ന്‌ താന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നതിന്‌ മുന്‍പ്‌, സര്‍സംഘചാലക്‌ ബാലാസാഹേബ്‌ ദേവറസ്‌ സംഘപ്രവര്‍ത്തകര്‍ക്ക്‌ ഇങ്ങനെ എഴുതി: “അലഹബാദ്‌ വിധി ശ്രീമതി ഗാന്ധിയുടെ സമനില തെറ്റിച്ചതുപോലെ തോന്നുന്നു. അവര്‍ ഏകാധിപത്യത്തിലേയ്ക്ക്‌ നീങ്ങുന്നു. ഇതിനെ സര്‍വശക്തിയുമുപയോഗിച്ചെതിര്‍ക്കണം. ജനാധിപത്യം പുനഃസ്ഥാപിയ്ക്കുന്നതുവരെ സംഘപ്രവര്‍ത്തകര്‍ക്ക്‌ വിശ്രമമില്ല.” ആര്‍എസ്‌എസ്‌ നിരോധനം പിന്‍വലിപ്പിയ്ക്കുന്നതിലും സംഘം പ്രാധാന്യം കൊടുക്കേണ്ടത്‌ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനാണ്‌ എന്ന കൃത്യമായ നിര്‍ദ്ദേശമായിരുന്നു ആ കത്തില്‍ പ്രതിഫലിച്ചത്‌. സ്വാഭാവികമായും ഭാരതീയ ജനസംഘം ആര്‍എസ്‌എസിന്റെ പാത തന്നെ പിന്തുടര്‍ന്നു.സംസ്ഥാനത്ത്‌ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ നിര്‍ജീവമായി. ജനസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എകെജിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എറണാകുളത്ത്‌ അറസ്റ്റ്‌ വരിച്ചു. ഭൂരിപക്ഷം പേരും താമസിയാതെ ജയില്‍ വിമോചിതരായി.


സിപിഎമ്മിന്റെ സീനിയര്‍ നേതാക്കളില്‍ ഭൂരിപക്ഷം പേരും ജയില്‍ വിമോചിതരായതോടെ പാര്‍ട്ടി അടവുനയവും തുടങ്ങി. അടിയന്തരാവസ്ഥയ്ക്കെതിരെ നേരിട്ട്‌ പൊരുതാനുള്ള കരുത്തില്ല. അടിച്ചമര്‍ത്തല്‍ തീര്‍ച്ച. അപ്പോള്‍ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുക തന്നെ അഭികാമ്യം! രാഷ്ട്രീയകാര്യങ്ങള്‍ അധികം പറയാതെ സാമ്പത്തിക കാര്യങ്ങള്‍ പറയുക. അപ്പോള്‍, എസ്റ്റാബ്ലിഷ്മെന്റുമായി ഒരു പാലവുമാകാം. സാമ്പത്തിക പ്രശ്നങ്ങള്‍ കൂടി പരിഹരിയ്ക്കാനാണ്‌ അടിയന്തരാവസ്ഥ എന്ന്‌ ഇന്ദിരാഗാന്ധി പറയുകയുണ്ടായിരുന്നു എന്നത്‌ ഇവിടെ എടുത്തു പറയേണ്ടതാണ്‌. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടി പ്രമേയവും സിപിഎം സുഹൃത്തുക്കളുടെ പക്കല്‍നിന്ന്‌ വാങ്ങി വായിച്ചതായി ഓര്‍ക്കുന്നു. ഏതായാലും തന്ത്രം ഫലിച്ചു. ഇഎംഎസിനും മറ്റും ടൗണ്‍ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പരസ്യമായി പ്രസംഗിക്കാനായി.


സ്വാഭാവികമായും 1975 ആഗസ്റ്റ്‌ ആയപ്പോഴേയ്ക്കും കേരളത്തിലെ അടിയന്തരാവസ്ഥാ വിരുദ്ധ സമരം ആര്‍എസ്‌എസിന്റെ മാത്രം ചുമതലയായിത്തീര്‍ന്നു. ആര്‍എസ്‌എസ്‌ എന്നതുകൊണ്ടു ഉദ്ദേശിച്ചത്‌ ഭാരതീയ ജനസംഘത്തേയും ചേര്‍ത്താണ്‌.ജൂണ്‍ 26-27 തീയതികളില്‍ അടിയന്തരാവസ്ഥ വിരുദ്ധ ചുവരെഴുത്തുകളും “ഇന്ദിരയുടെ അടിയന്തിരം” എന്ന ലഘുലേഖയും പരിവര്‍ത്തനവാദികളുടെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പുകളുമായിരുന്നു. അവരുടെ സമുന്നത നേതാക്കളായ എം.എ.ജോണും പി.രാജനും ജയിലിലായതോടെ അവരും തുറന്ന പോരാട്ടം നിര്‍ത്തി. എങ്കിലും ആര്‍എസ്‌എസ്‌ മാസത്തില്‍ രണ്ടുതവണ ഇറക്കിയിരുന്ന “കുരുക്ഷേത്രം” എന്ന അണ്ടര്‍ഗ്രൗണ്ട്‌ (യുജി) പത്രത്തിന്റെ പ്രിന്റിംഗ്‌ നടത്താന്‍ വേണ്ട സഹകരണങ്ങള്‍ അവര്‍ ആത്മാര്‍ത്ഥതയോടെ നടത്തിയിരുന്നു. പരിവര്‍ത്തനവാദി നേതാക്കളായിരുന്ന ദേവസ്സിക്കുട്ടിയുടേയും ടി.ജി.ജോര്‍ജിന്റേയും സുധീര സഹകരണങ്ങള്‍ ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു. അന്നത്തെ എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ജി.വേണുഗോപാലിനും ഈ ലേഖകനും അവരുടെ എറണാകുളം കോണ്‍വെന്റ്‌ റോഡിലെ സംസ്ഥാന ഓഫീസ്‌ എന്നും അഭയമേകി.

ആര്‍എസ്‌എസിന്റെ അഖിലഭാരതീയമായ സംഘടനായന്ത്രം മുഴുവന്‍ അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തന സംവിധാനമായി മാറി. അത്‌ കേരളത്തിലും സംഭവിച്ചു. കേരളത്തിലെ പ്രമുഖ നേതാക്കളായ അഡ്വ.ടി.വി.അനന്തനും രാധാകൃഷ്ണ ഭട്ജിയും പിന്നീട്‌ പലപ്പോഴായി പി.പി.മുകുന്ദനും വൈക്കം ഗോപകുമാറും വി.പി.ദാസനുമെല്ലാം ജയിലിലായി എങ്കിലും സംഘടന യാതൊരു കോട്ടവും കൂടാതെ നിലനിന്നു. സ്വന്തം പ്രാന്തകാര്യാലയമായ എളമക്കരയിലെ മാധവനിവാസിന്റെ ഗൃഹപ്രവേശം ജൂണ്‍ 26 നായിരുന്നു. ഒപ്പംതന്നെയുള്ള ഒരാഴ്ച നീണ്ടുനിന്ന പ്രചാരക ബൈഠക്‌ 27 ന്‌ വൈകുന്നേരം പിരിച്ചുവിടുകയും പ്രചാരകന്മാരോട്‌ യുജിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു സംഘനേതൃത്വം. ജൂലായ്‌ മാസത്തില്‍ ആര്‍എസ്‌എസ്‌ ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി ബിഎംഎസ്‌ സ്ഥാപകന്‍ ദത്തോപാന്ത്‌ ഠേംഗ്ഡി കേരള സന്ദര്‍ശനം നടത്തിയെങ്കിലും സിപിഎം നേതാവ്‌ വി.വിശ്വനാഥ മേനോനൊഴിച്ച്‌ മറ്റ്‌ പ്രതിപക്ഷ നേതാക്കളെയൊന്നും കാണാന്‍ കഴിയാതെ, സംഘടനാ നേതാക്കളുമായി മാത്രം ചര്‍ച്ച നടത്തി അദ്ദേഹം തിരിച്ചുപോയി.


അടിയന്തരാവസ്ഥക്കെതിരായ ശക്തമായ പ്രചാരണങ്ങള്‍ ആരംഭിച്ചത്‌ 1975 ഒക്ടോബര്‍ രണ്ടിന്‌ കേരളത്തിലങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ട ഗാന്ധിജയന്തി പോസ്റ്ററിലൂടെയായിരുന്നു. “ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍” എന്ന കവിവാക്യവും കൂട്ടിലിട്ട തത്തയുടെ ചിത്രവുമടങ്ങിയ പോസ്റ്റര്‍ കേരളത്തിലെ ഭരണനേതൃത്വത്തേയും പോലീസിനേയും ഒരുപോലെ ഞെട്ടിച്ചു. അതോടെ ഭാരതത്തിലെ എല്ലാ പ്രാദേശിക ഭാഷകളിലും മാസത്തില്‍ രണ്ടു തവണ ഇറങ്ങിയ വാര്‍ത്താമാധ്യമങ്ങളുടെ ഭാഗമായി കേരളത്തില്‍ “കുരുക്ഷേത്രം” ഇറങ്ങി. സെന്‍സര്‍ഷിപ്പിന്റെ കത്തിമൂലം സത്യാവസ്ഥ അറിയാന്‍ സാധിക്കാതിരുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസിനും ബ്യൂറോക്രസിയ്ക്കും അത്‌ ഒരുപോലെ പ്രിയങ്കരമായി തീര്‍ന്നു. അര്‍ധരാത്രിയില്‍ രഹസ്യമായാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ അത്‌ വീടുകളുടെ മുറ്റത്ത്‌ നിക്ഷേപിച്ചിരുന്നത്‌. ഉന്നതര്‍ക്ക്‌ പോസ്റ്റലായും. എകെജി പാര്‍ലമെന്റില്‍ ചെയ്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രസംഗത്തിന്റെ കോപ്പി എബിവിപി സംഘടനാ കാര്യദര്‍ശി, അന്നത്തെ എസ്‌എഫ്‌ഐ പ്രസിഡന്റായ എം.എ.ബേബിയ്ക്ക്‌ നല്‍കിയപ്പോള്‍ ബേബിയുടെ കണ്ണുകളില്‍ കണ്ട തിളക്കവും മുഖത്തെ വൈകാരിക ഭാവവും ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു.



1975 ഒക്ടോബര്‍ രണ്ടിന്‌ മട്ടാഞ്ചേരിയില്‍ നടന്ന പ്രമുഖ പ്രവര്‍ത്തകരുടെ ബൈഠക്കില്‍ സത്യഗ്രഹ പരിപാടി പ്രഖ്യാപിച്ചത്‌ ആര്‍എസ്‌എസ്സിന്റെ ദക്ഷിണ ക്ഷേത്രീയ പ്രചാരകനായിരുന്ന യാദവ്‌ റാവു ജോഷിയായിരുന്നു. പ്രസ്തുത സമരത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പങ്കുറപ്പിക്കാന്‍ ദത്തോപാന്ത്‌ ഠേംഗ്ഡി കേരളത്തില്‍ വന്നു. സംഘടനാ കോണ്‍ഗ്രസും സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും സഹകരണ വാഗ്ദാനം ചെയ്തു. വര്‍ഗശത്രുവിനോട്‌ സഹകരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥ സഹിക്കുന്നതാണെന്ന്‌ പറഞ്ഞ ചില സിപിഎം നേതാക്കളും അന്നുണ്ടായിരുന്നു. കേരളകോണ്‍ഗ്രസുകാരാകട്ടെ കുറച്ചുമാസം ജയില്‍വാസമനുഭവിച്ചപ്പോള്‍ മാപ്പെഴുതി കൊടുത്ത്‌ വിമോചിതരായി, കോണ്‍ഗ്രസ്‌ യൂണിയനില്‍ ചേന്ന്‌ മന്ത്രിമാരുമായി!


ഠേംഗ്ഡിയുമായി കൂടിക്കാഴ്ചയ്ക്കായി അന്നത്തെ സംഘടന കോണ്‍ഗ്രസ്‌ പിസിസി അദ്ധ്യക്ഷന്‍ കെ.ശങ്കരനാരായണനെ (ഇന്ന്‌ മഹാരാഷ്ട്രാ ഗവര്‍ണര്‍) കൂട്ടാന്‍ ഈ ലേഖകനും ഇന്നത്തെ ബിജെപി നേതാവ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ചെന്നു. താന്‍ ജയില്‍ വിമോചിതനായിട്ട്‌ ഏതാനും ദിവസങ്ങള്‍ മാത്രമായിട്ടുള്ളൂ എന്നതിനാല്‍ തന്റെ പിന്നില്‍ പോലീസിന്റെ ചാരക്കണ്ണുകളുണ്ടെന്നും അതിനാല്‍ തന്റെ സന്ദര്‍ശനം ഠേംഗ്ഡിജിയെ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി ശങ്കരനാരായണന്‍ വന്നില്ല. പകരം പിസിസി സെക്രട്ടറി കെ.ഗോപാലന്‍ ഞങ്ങളോടൊപ്പം വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കരനാരായണന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയില്‍നിന്ന്‌ 1000 പേരെ സത്യഗ്രഹത്തില്‍ പങ്കെടുപ്പിക്കാമെന്ന്‌ ഗോപാലന്‍ ഠേംഗ്ഡിജിക്ക്‌ വാഗ്ദാനം നല്‍കി. (പക്ഷെ വന്നത്‌ കഷ്ടിച്ച്‌ പത്തുപേരില്‍ താഴെ.)


1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ നീണ്ടുനിന്ന സത്യഗ്രഹത്തില്‍ കേരളത്തില്‍നിന്ന്‌ ആയിരക്കണക്കിന്‌ സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തു. അവരുടെയെല്ലാം പേരു വിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍.ഹരി രചിച്ച “ഒളിവിലെ തെളിനാളങ്ങള്‍” എന്ന ഗ്രന്ഥത്തില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്‌. സത്യഗ്രഹികളെ തയ്യാറാക്കാന്‍ നടത്തിയ ബൈഠക്കുകളില്‍ അവരെ ആവര്‍ത്തിച്ചു ബോധിപ്പിച്ചത്‌ അവര്‍ മരണത്തെപ്പോലും നേരിടാനാണു പോകുന്നതെന്നായിരുന്നു. ജോലിയും വിദ്യാഭ്യാസവും കുടുംബവും നഷ്ടപ്പെടാന്‍ തയ്യാറാകുന്നവര്‍ക്ക്‌ മാത്രമേ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കൂടാതെ രണ്ടുരൂപ സമരസമിതി ഫണ്ടിലേയ്ക്ക്‌ സംഭാവനയും കൊടുക്കണം. മരണത്തിനും പ്രവേശന ഫീസ്‌ എന്നായിരുന്നു ഞങ്ങള്‍ അന്ന്‌ അതിനെ നര്‍മത്തോടെ പറഞ്ഞിരുന്നത്‌. ഓരോ സത്യഗ്രഹിയും മൂന്ന്‌ ഘട്ടം ബൈഠക്കുകളില്‍ പങ്കെടുത്തതിനുശേഷമാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ എത്ര കടുത്ത മര്‍ദ്ദനം സഹിച്ചാലും ആരുടേയും നാവില്‍നിന്നും സംഘടനാപരമായ രഹസ്യങ്ങള്‍ പുറത്തുവന്നില്ല. കരുണാകരന്റെ പോലീസ്‌ അന്നേവരെയും കേട്ടുകേള്‍വിയില്ലാത്ത പലതരം മര്‍ദ്ദനമുറകളും നടപ്പിലാക്കി-ഉരുട്ടല്‍, ഗരുഡന്‍ തൂക്കം, ഷോക്കടിപ്പിക്കല്‍ എന്നിങ്ങനെ. ഭാസ്കര്‍റാവു, ഹരിയേട്ടന്‍, മാധവ്ജി എന്നിവരെപ്പറ്റി ചോദിച്ചുകൊണ്ടുള്ള മര്‍ദ്ദനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നു. എന്നിട്ടും രണ്ട്‌ തവണ സത്യഗ്രഹത്തിന്‌ പോയവര്‍ കുറവല്ലായിരുന്നു


അക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട നക്സലൈറ്റ്‌ അനുഭാവികളും ഇത്തരത്തിലുള്ള കടുത്ത മര്‍ദ്ദനമുറകള്‍ക്കിരയായി. അങ്ങനെയാണ്‌ പ്രൊഫ.ഈച്ചരവാര്യരുടെ മകനായ പി.രാജന്‍ കൊല്ലപ്പെട്ടത്‌ എന്ന്‌ പിന്നീട്‌ സ്ഥിരീകരിക്കപ്പെട്ടു.


സത്യഗ്രഹത്തിന്‌ എല്ലാ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ക്യാമ്പസ്സുകളില്‍ സത്യഗ്രഹം നടത്താനുള്ള ഒരു ശ്രമം എബിവിപിയുടെ ഭാഗത്തുനിന്നുണ്ടായി. എബിവിപിയുടെ സംസ്ഥാന സംഘടനാകാര്യദര്‍ശി കെ.ജി.വേണുഗോപാല്‍ നടത്തിയ ആ നീക്കത്തിന്‌ സഹായിയായി ഈ ലേഖകനും കൂടെ ഉണ്ടായിരുന്നു. തോമസ്‌ ഐസക്‌, എം.എ.ബേബി (എസ്‌എഫ്‌ഐ), ടി.ഡി.ജോര്‍ജ്‌ (പരിവര്‍ത്തനവാദി), കെ.സുധാകരന്‍, ഗംഗാധരന്‍(കെഎസ്‌യു-ഒ) എന്നിവരായിരുന്നു മറ്റംഗങ്ങള്‍. (കെ.സുധാകരന്‍ ഇന്ന്‌ കോണ്‍ഗ്രസ്‌ നേതാവും എംപിയുമാണ്‌). ക്യാമ്പസ്‌ സത്യഗ്രഹത്തിന്‌ തീയതി നിശ്ചയിച്ചു. ഐസക്കും ജോര്‍ജും ഈ ലേഖകനുമടങ്ങിയ സബ്കമ്മറ്റി ലഘുലേഖ തയ്യാറാക്കി. മറ്റ്‌ സംഘടനകള്‍ പിന്നീട്‌ പണം തരാമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ സംഘത്തില്‍നിന്ന്‌ വാങ്ങിയ 650 രൂപ പ്രിന്റിംഗ്‌ ചെലവിനായി കൊടുത്തു. പക്ഷേ തങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം അതിനനുവാദം നല്‍കുന്നില്ലെന്നും പറഞ്ഞുകൊണ്ട്‌ എസ്‌എഫ്‌ഐ മുന്‍തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടുപോയി. അങ്ങനെ ക്യാമ്പസ്‌ സത്യഗ്രഹമെന്ന സ്വപ്നം പൊലിഞ്ഞു…. ഇംഗ്ലീഷ്‌ ഭാഷയിലെ പ്രയോഗമനുസരിച്ച്‌…. thanks To SFI!


എങ്കിലും എസ്‌എഫ്‌ഐ നേതാക്കള്‍ക്ക്‌ എബിവിപി പ്രവര്‍ത്തകര്‍ വഴി കുരുക്ഷേത്രം കോപ്പികള്‍ കൊടുക്കുന്ന പതിവ്‌ ഞങ്ങള്‍ തുടര്‍ന്നു. അത്തരം കൈമാറ്റങ്ങള്‍ക്കിടയിലാണ്‌ തോമസ്‌ ഐസക്കിനെയും കെ.ആര്‍.ഉമാകാന്തനേയും (ഇന്നത്തെ ബിജെപി സംഘടനാ സെക്രട്ടറി) എറണാകുളം മഹാരാജാസ്‌ ക്യാമ്പസില്‍ വെച്ച്‌ കെഎസ്‌യുക്കാര്‍ ബലമായി പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചത്‌. അവര്‍ മാസങ്ങളോളം ജയിലിലായി. കുരുക്ഷേത്രത്തിന്റെ ഉത്ഭവമറിയാനായി അവരെ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയും ചെയ്തു.


സത്യഗ്രഹകാലത്ത്‌ പോലീസ്‌ പറഞ്ഞു-”ചത്ത ഗാന്ധിയ്ക്ക്‌ ജയ്‌ വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിജിയ്ക്ക്‌ ജയ്‌ വിളിയ്ക്കടാ” എന്ന്‌. മറ്റൊന്ന്‌ “ആര്‍എസ്‌എസ്‌ നേതാക്കള്‍ക്ക്‌ ബോധമില്ല. അതല്ലേടാ നിന്നെയൊക്കെ ഇങ്ങനെ തല്ലുകൊണ്ട്‌ ചാവാന്‍ വിടുന്നത്‌. സിപിഎംകാരെ കണ്ടുപഠിയ്ക്ക്‌. വിപ്ലവനേതാക്കളായ എകെജിയും ഇഎംഎസുംമൊക്കെ എവിടെ? അവര്‍ക്ക്‌ ബോധമുണ്ട്‌. അവര്‍ക്കറിയാം, അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌.” അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഎംകാര്‍ സജീവമായി പ്രവര്‍ത്തിച്ചുവെന്ന്‌ ചിന്തിക്കുന്നവര്‍ ഈ പോലീസ്‌ വചനം ഓര്‍ക്കുന്നത്‌ നന്ന്‌.


സമരരംഗത്തെ സിപിഎം നിലപാടിനോടു വിയോജിച്ച ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ന്‌ ആര്‍എസ്‌എസ്സിലേക്ക്‌ വന്നു. സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളായിരുന്ന കണ്ണൂര്‍-ആലപ്പുഴ ജില്ലകളിലായിരുന്നു ഇതു കൂടുതല്‍. അതുകൊണ്ടാണ്‌ അടിയന്തരാവസ്ഥയ്ക്കുശേഷം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ മേല്‍ സിപിഎംകാരുടെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളും കൊലപാതകങ്ങളും ഈ രണ്ട്‌ ജില്ലകളില്‍ അരങ്ങേറിയത്‌. അവിടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട സംഘപ്രവര്‍ത്തകരില്‍ 99 ശതമാനവും മുന്‍ സിപിഎംകാരായിരുന്നു.അക്കാലത്തെ കിരാതമര്‍ദ്ദനങ്ങള്‍ ഏറ്റവര്‍ ഇന്നും നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്‌. വൈക്കം ഗോപകുമാര്‍, ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കോഴിക്കോട്‌ ശിവദാസ്‌, മട്ടാഞ്ചേരി പുരുഷോത്തമന്‍, വള്ളിക്കുന്ന്‌ സുബ്രഹ്മണ്യന്‍, ഇന്ന്‌ ബിജെപി നേതാവായിരിക്കുന്ന ധര്‍മരാജന്‍, തായ്ക്കാട്ടുകര ശശി, പച്ചാളം ശിവരാമന്‍, ചെമ്മനാട്‌ കൃഷ്ണന്‍, കണ്ണൂര്‍ ജയിലില്‍ ഉപവാസ ദിവസം ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന്‌ ഒരാഴ്ചയോളം വസ്ത്രം നിഷേധിക്കപ്പെട്ടു ക്രൂരമര്‍ദ്ദനത്തിനിരയാക്കപ്പെട്ട കലാദര്‍പ്പണം രവീന്ദ്രന്‍, മലയാറ്റൂര്‍ ഭരതന്‍, കാസര്‍ഗോഡ്‌ ജില്ലയിലെ കൃഷ്ണന്‍ (ആ സത്യഗ്രഹ ബാച്ചിനെ മര്‍ദ്ദിച്ചപ്പോള്‍ പുലിക്കോടന്‍ നാരായണന്‍ നയിച്ച പോലീസ്‌ സംഘത്തിന്റെ മൂന്ന്‌ ലാത്തികള്‍ ഒടിഞ്ഞു) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അടുത്തകാലത്ത്‌ നിര്യാതനായ തൃപ്പൂണിത്തുറ ശരവണനും ഈ ഗണത്തില്‍പ്പെടുന്ന ആളാണ്‌.


പക്ഷേ ഇതെല്ലാമാണെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി രംഗത്തുവരുന്നത്‌ സിപിഎംകാരാണ്‌. ജൂണ്‍ 25 ന്‌ ടിവി ചാനലുകള്‍ മുന്‍കാല എസ്‌എഫ്‌ഐക്കാരെ തേടി പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ ജയിലില്‍ കുറച്ചുനാള്‍ കഴിയേണ്ടി വന്നവര്‍ തങ്ങളുടെ വൈയക്തിക അനുഭവം പറയുന്നു. പാവം പ്രേക്ഷകര്‍ ഇത്‌ പാര്‍ട്ടിയുടെ ബാലന്‍സ്‌ ഷീറ്റായി കാണുന്നു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കണമെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷത്തായിരിയ്ക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണത്തില്‍ വന്നപ്പോള്‍ അതിനുവേണ്ടി ഒന്നും ചെയ്യാതിരുന്നതിന്റെ ഗുട്ടന്‍സ്‌ അതുതന്നെ. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക്‌ കാര്യമായി ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനും മറ്റു സിപിഎം നേതാക്കള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. അങ്ങനെ വന്നാല്‍ ആര്‍എസ്‌എസ്കാര്‍ക്ക്‌ അര്‍ഹതയുണ്ടാവുകയും ചെയ്യും! ‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

എങ്കിലും ഒരു നിരീക്ഷകനെന്ന നിലയില്‍ (അടിയന്തരാവസ്ഥക്കാലത്ത്‌ യുജിയില്‍ പ്രവര്‍ത്തിച്ച സത്യഗ്രഹത്തില്‍ പങ്കെടുത്ത്‌ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഒരു മുന്‍ പ്രചാരകന്‍ എന്ന നിലയ്ക്കല്ല) ഒരു കാര്യം ഇവിടെ കുറിയ്ക്കാനാഗ്രഹിക്കുന്നു. രാഷ്ട്രത്തിനായി, സമാജത്തിനായി സംഘം ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചരിത്രരേഖകളാകണം. അത്‌ ഭാവി തലമുറയുടെ പ്രിവലേജാണ്‌, മൗലികാവകാശമാണ്‌, അനിഷേധ്യമാണ്‌. അല്ലാത്തപക്ഷം, ചരിത്രം വളച്ചൊടിയ്ക്കപ്പെടും ചിലരെങ്കിലും ദുരുപയോഗപ്പെടുത്തും. അതിലും ഭീകരമായ കാര്യം, തന്റെ പ്രസ്ഥാനത്തിന്റെ പൂര്‍വകാല സദ്പ്രവൃത്തികളെപ്പറ്റി സംഘപ്രവര്‍ത്തകര്‍ അറിയാതെ വരുമ്പോള്‍ അതവരുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിയ്ക്കും എന്നതാണ്‌. അതിന്റെ അസുഖകരമായ അനുരണനങ്ങള്‍ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടേയും വ്യക്തികളുടേയും വളര്‍ച്ചയെ മോശമായി ബാധിയ്ക്കും. അടിയന്തരാവസ്ഥ കാലത്ത്‌ സംഘം രചിച്ച വീരഗാഥകള്‍ക്ക്‌ ഈ ക്ഷീണം ഉണ്ടായിരിക്കുന്നുവെന്ന്‌ വ്യക്തം. ഈ കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാണ്‌ അപേക്ഷ. കാരണം, സാമാജിക പ്രവര്‍ത്തനമാവുമ്പോള്‍ ഏത്‌ മോശമായ സ്ഥിതികളും നേരിടാന്‍ സംഘടന എപ്പോഴും തയ്യാറായിരിക്കണം. അന്തിമ സമരം എന്നൊന്നില്ലല്ലോ. നിരന്തരപ്രവര്‍ത്തനമല്ലേ സംഘത്തിന്റെ മുഖമുദ്ര!

( ടി സതീശൻ - ജന്മഭൂമി )

വ്യാജറാണിമാർ രാജ്യം വാഴുമ്പോൾ !!

 ശത്രുവിന്റെ വാൾത്തലപ്പിൽ ശിരസ്സിന്റെ ഒരു ഭാഗവും വലതുകണ്ണും അറ്റു വീണപ്പോഴും ഝാൻസിയിലെ മണികർണ്ണിക പതറിയില്ല . പോരാട്ടത്തിൽ നിന്നും പിന്തിരിഞ്ഞതുമില്ല . തന്നോടേറ്റുമുട്ടിയ ശത്രുവിന്റെ ചെറു സംഘത്തെ മുച്ചൂടും മുടിച്ച് തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷുകാരന്റെ ശിരച്ഛേദവും നടത്തിയിട്ടാണ് ആ സമരദേവത പോർക്കളത്തിൽ പിടഞ്ഞു വീണത് . ബാബാ ഗംഗാദാസിന്റെ കുടിലിനു മുന്നിൽ ഝാൻസിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു .
വിപ്ലവകാരികളുടെ ജഡത്തെപ്പോലും വികൃതമാക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകും മുൻപ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു . 1857 ലെ സ്വാതന്ത്ര്യ സമര ജ്വാലകളിൽ ഏറ്റവും തിളക്കമേറിയ തീനാമ്പുകൾ ഉയർന്നു വന്നത് കേവലം 23 വയസ്സു മാത്രമുണ്ടായിരുന്ന ആ യുവതിയുടെ പട്ടടയിൽ നിന്നായിരുന്നു .

ഇന്ന് റാണി ലക്ഷ്മി ഭായിയുടെ ജന്മദിനമായിരുന്നു . ഭാരതത്തിൽ ആദ്യമായി മഹിളകൾക്ക് വേണ്ടിയുള്ള ബാങ്കിന്റെ പ്രവർത്തനം തുടങ്ങാൻ കേന്ദ്ര സർക്കാർ തീരഞ്ഞെടുത്ത ദിവസവും നവംബർ 19 തന്നെയായിരുന്നു . പക്ഷേ അതിനുവേണ്ടിയുയർത്തപ്പെട്ട ബാനറുകളിലും ബോർഡുകളിലും റാണി ലക്ഷ്മീഭായിക്ക് സ്ഥാനമുണ്ടായിരുന്നോ എന്നത് ചോദ്യം മാത്രമായി അവശേഷിക്കുന്നു .





അല്ലെങ്കിലും വംശവാഴ്ചയുടെ ഭരണത്തുടർച്ചകൾക്കിടയിൽ കൂടുതൽ ഉയർന്നുവന്നിട്ടുള്ളത് വന്ദേമാതരത്തേക്കാൾ “Indira is India and India is Indira “ എന്ന രണഭേരിയായിരുന്നല്ലോ ... !!!

Saturday, November 16, 2013

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.

രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്‌- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ - അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌. 


മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്‌" ആണോ ? അതോ ഇനി അതാണോ ഈ പറയുന്ന  സോ കോൾഡ്‌ 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല. 


പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ "ഡയറക്ട്‌ ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌.


1946 ഇലെ കൊൽക്കത്ത കലാപം
പിന്നീട്‌ ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌? അല്ല  - എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌?  "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ

ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ  വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ?
ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ - വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് - വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ! നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചു ള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽ‌പ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്? 

രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ - ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്.

നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്
തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ - അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും  അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ!

ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!


ഇന്ത്യക്കെതിരെ ചൈനയുടെ രഹസ്യ യുദ്ധം കവർ സ്റ്റോറിയായി വന്ന ഔട്ട് ലുക്ക് മാഗസിന്റെ കവർ ഫോട്ടോ - ലേഖനം ഇവിടെ വായിക്കാം ..
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി - ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ - ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻ‌മൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.

ഒരു ഭാരതീയൻ - അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല - ആശയങ്ങൾ - ഉൻ‌മൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.


‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat  ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ  തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat  ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ - ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽ‌പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ - ശരിയാണ് - അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻ‌മൂലനാഹ്വാനം“. മുസ്ലീ‍ങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻ‌പേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും  ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.


ചുരുക്കിപ്പറഞ്ഞാൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻ‌മൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻ‌മൂലനം ചെയ്യപ്പെടണം എന്ന സൂചനയോ - അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൾക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.

( രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി (മാധവ സദാശിവ ഗോൾവൽക്കർ ) യുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിചാരധാര സ്വാതന്ത്ര്യൂർവ കാലത്തെ കലുഷിതമായ അന്തരീക്ഷത്തിൽ പലപ്പോഴായി എഴുതപ്പെട്ട ചിന്തകളുടേയും ലേഖനങ്ങളുടേയും സമാഹാരമാണ് . അതിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗത്തെപ്പറ്റി സൈബർ ലോകത്തും പുറത്തും വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട് . ഇപ്പോഴും നടന്നു വരുന്നുമുണ്ട് . സംഘവിരുദ്ധരുടെ ഇഷ്ടാദ്ധ്യായങ്ങളിലൊന്നായ ആഭ്യന്തര ഭീഷണികളെ വിശകലനം ചെയ്തു കൊണ്ട് ശ്രീ കാണാപ്പുറം നകുലൻ എന്ന ബ്ലോഗർ  എഴുതിയ കമ്മന്റുകളുടെ ഒരു ക്രോഡീകരണമാണ് ഈ ലേഖനം .)

Saturday, March 9, 2013

വിനായക റാവുവില്‍ നിന്നും വീര സവര്‍ക്കറിലേയ്ക്ക് - ഭാഗം 1

ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന വര്‍ഷങ്ങളിലൊന്നാണ് 1883 . 1857 ഇലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം,  രാമോഷി മൂവ്മെന്റിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ വിറപ്പിച്ച , ധീരനായ വാസുദേവ് ബല്‍വന്ത്  ഫട്കെ ജയിലില്‍  രക്തസാക്ഷിയായത് ആ വര്‍ഷം ഫെബ്രുവരി 17 നായിരുന്നു.  കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരതീയരുടെ സ്വാതന്ത്ര്യ  സമ്മര്‍ദ്ദങ്ങളുടെ പ്രഷര്‍ വാല്‍വായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ജന്മമെടുക്കുന്നത് .വാസുദേവ ബല്‍ വന്ത് ഫഡ്കേ രക്തസാക്ഷിത്വം വരിച്ച അതേ വര്‍ഷം മെയ് 28 നാണ് വീര്‍ സാവര്‍ക്കര്‍ എന്നു പില്‍ക്കാലത്ത് പ്രസിദ്ധനായ വിനായക റാവു നാസിക്കിനടുത്തുള്ള ഭാഗൂരീല്‍ ജനിക്കുന്നത് . ബാലനായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ മറാത്താ വീക്കിലികളില്‍ സ്ഥാനം പിടിച്ചിരുന്നു . സായുധ വിപ്ലവമാണ് തന്റെ മാര്‍ഗ്ഗം എന്ന് തിരിച്ചറിയാന്‍ കേവലം 15 വര്‍ഷങ്ങള്‍ മാത്രം മതിയായിരുന്നു ആ ബാലന് . അതിനു കാരണമായത് ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനവുമായിരുന്നു.

1897 ജൂണ്‍ 22 , വിക്ടോറിയ രാജ്ഞിയുടെ രജത ജൂബിലി ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്നു . സാധാരണക്കാരാകട്ടെ പ്ലേഗെന്ന മഹാമാരിയാലും ബ്രിട്ടീഷ് കമ്മീഷണറായിരുന്ന റാന്‍ഡിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാലും ദുരിതമനുഭവിക്കുന്നു . ദാമോദര്‍ ഹരി ചാഫേക്കറും ബാലകൃഷ്ണ ചാഫേക്കറും റാന്‍ഡിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതും ഇതേ ദിവസം തന്നെയായിരുന്നു . സര്‍ക്കാര്‍ മന്ദിരത്തിനു 500 മീറ്റര്‍ മാത്രം അകലെവച്ച് അവരതു നിര്‍വ്വഹിച്ചു.  ( ഒരു പക്ഷേ 1857 നു ശേഷമുള്ള ആദ്യ രാഷ്ട്രീയ കൊലപാതകം എന്നു വിശേഷിപ്പിക്കാവുന്ന സംഭവം ) ബാലകൃഷ്ണ ചാഫേക്കരിനെ ഒറ്റുകൊടുത്ത രണ്ടുപേരെ മൂന്നാമത്തെ സഹോദരന്‍ വാസുദേവ ചാഫേക്കറും സുഹൃത്ത് റാനഡേയും ചേര്‍ന്ന് വെടിവച്ചു കൊന്നു . ഈ മൂന്നു സഹോദരന്മാരെയും അവരുടെ സുഹൃത്തിനെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും ചെയ്തു .

ഐതിഹാസികമായ സായുധ വിപ്ലവം അവിടെ അവസാനിക്കുകയായിരുന്നില്ല . അത് പുതിയൊരു സമരത്തിന്റെ പ്രഥമ അദ്ധ്യായമായിരുന്നു. ചാഫേക്കര്‍ കുടുംബം മൂന്നുമക്കളെ കഴുമരത്തിലേക്കാണയച്ചതെങ്കില്‍  സാവര്‍ക്കര്‍ കുടുംബം മൂന്നുപേരെ സ്വാതന്ത്ര്യ പഥത്തിനു വെളിച്ചം നല്‍കുന്ന തീപ്പന്തങ്ങളാക്കിത്തീര്‍ത്തു.ദാമോദര്‍ ചാഫേക്കര്‍ സ്വാതന്ത്ര്യ ബലിപീഠത്തില്‍ ഭൌതിക ശരീരമര്‍പ്പിച്ചപ്പോള്‍ തന്റെ ചൈതന്യം വിനായക്  ദാമോദറിലേക്ക് പകര്‍ന്നു . വിനായക് റാവു , വീര സാവര്‍ക്കറിലേക്കുള്ള ആദ്യ ചുവടു വയ്പിനു തയ്യാറടുക്കുകയും ചെയ്തു .ചാഫേക്കര്‍ സഹോദരന്മാരുടെ ബലിദാനം ബാലനായ വിനായക് റാവുവിനെ  ഏറെ വേദനിപ്പിച്ചു . ശക്തമായ ഭാഷയില്‍ ‘ചാഫേക്കര്‍ വീരഗാഥ‘  ഒറ്റ രാത്രി കൊണ്ട് തന്നെ അവന്‍ എഴുതിത്തീര്‍ത്തു . (വരികളിലെ കാര്‍ക്കശ്യം മൂലം അത് പ്രസിദ്ധപ്പെടുത്താന്‍ 1946 വരെ കാത്തിരിക്കേണ്ടി വന്നു )

ചാഫേക്കര്‍ സഹോദരങ്ങള്‍ കൊളുത്തിയ അഗ്നിയെ ചിരന്തനമാക്കുക എന്ന ചിന്തയില്‍ നിന്നുയിര്‍ത്തത് ഒരു ബാല സംഘടനയാണ് . 1899 നവംബറില്‍ ഉടലെടുത്ത “രാഷ്ട്രഭക്ത സമൂഹ“മെന്ന ആ സംഘടനയാണ് വിനായക റാവുവിന്റെ രാഷ്ട്രീയ പ്രവേശത്തിലേക്ക് വഴിതുറന്നത് .1900 ജനുവരി ഒന്നിന് “മിത്രമേള “ എന്ന കുറച്ചുകൂടി ഗൌരവസ്വഭാവമുള്ള വിപ്ലവ സംഘടനയ്ക്ക് ബാല സംഘടനയായ രാഷ്ട്രഭക്തസമൂഹം വഴിമാറി . ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെ അകത്തും പുറത്തും ശല്യം ചെയ്ത ഒരു കൂട്ടം വിപ്ലവകാരികള്‍ ഇവിടെയാണ് സൃഷ്ടിക്കപ്പെട്ടത് . ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ബ്രിട്ടന്റെ കപടധാര്‍മ്മികതയുടെ മൂടുപടം പിച്ചിച്ചീന്തിയ വീര സാവര്‍ക്കറിലേയ്ക്കുള്ള വിനായകന്റെ പരിണാമവും ഇവിടെത്തുടങ്ങുന്നു. നാസ്സിക്കിലെ ഒട്ടുമിക്ക രാഷ്ട്രീയ വിഷയങ്ങളിലും സമര പോരാട്ടങ്ങളിലും മിത്രമേള സജീവമായി ഇടപെട്ടു . വിപ്ലവകാരികളുടെ നിരകളെ സൃഷ്ടിച്ചുകൊണ്ട് സാവധാനമെങ്കിലും ശക്തമായി അത് മുന്നോട്ട് നീങ്ങി .


1904 ഇല്‍ നാസിക്കില്‍ നടന്ന ഒരു പ്രകടനത്തില്‍ വച്ച് സംഘടനയുടെ പേര്‍ “അഭിനവ ഭാരത്“ എന്നാക്കി മാറ്റി . തുടര്‍ന്ന് 1905 ഇല്‍ നടന്ന ബംഗാള്‍ വിഭജനത്തിനെതിരെ അഭിനവ ഭാരത് മഹാരാഷ്ട്രയിലെങ്ങും പ്രതിക്ഷേധക്കൊടുങ്കാറ്റുകളുയര്‍ത്തി. വിനായക റാവുവിന്റെ നേതൃത്ത്വത്തില്‍ പൂനെയില്‍ വച്ച് സ്വാതന്ത്ര്യ സമരചരിത്രത്തിലെ ആദ്യ വിദേശവസ്ത്രദഹനം നടന്നത് ഈയവസരത്തിലാണ് . ഓര്‍ക്കണം , ഗാന്ധിജിയുടെ നേതൃത്ത്വത്തില്‍ അതൊരു സമരമാര്‍ഗ്ഗമായി മാറിയത് പിന്നീട് വളരെക്കഴിഞ്ഞ് 1921  ലാണ്  .( വിനായകറാവുവിന്റെ പ്രവൃത്തിയെ എതിര്‍ത്ത് “ഇന്ദുപ്രകാശില്‍“  ലേഖനമെഴുതിയ മിതവാദികള്‍ക്ക് തന്നെ അതൊരു സമരമാര്‍ഗ്ഗമായി സ്വീകരിക്കേണ്ടിയും വന്നു. ). സവര്‍ക്കര്‍ എന്ന പേര് വിപ്ലവകാരികളുടെയിലും സ്വാതന്ത്ര്യസമര ഭടന്മാരുടെ ഇടയിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി . ഒപ്പം ബ്രിട്ടീഷ് രഹസ്യാന്വേഷണ പോലീസുകാര്‍ക്കിടയിലും . !!

1906 ഇല്‍ സവര്‍ക്കര്‍ ബി എ പാസ്സായി . നിയമം പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു സംഘടനയുടെ തീരുമാനം .സായുധ വിപ്ലവത്തിന്റെ പ്രവര്‍ത്തന രംഗം ഇംഗ്ലണ്ടിലെ ഇന്ത്യന്‍ യുവാക്കളിലെത്തിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. 1905 മുതല്‍ ഇന്ത്യന്‍ വിപ്ലവകാരികളുടെ കേന്ദ്രമായിരുന്ന ശ്യാം ജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യാഹൌസ് ആയിരുന്നു പ്രവേശനം ലഭിച്ചാല്‍ സവര്‍ക്കറുടെ പ്രവര്‍ത്തന കേന്ദ്രമായി  നിശ്ചയിക്കപ്പെട്ടിരുന്നത് . ലോകമാന്യ തിലകന്റെ ആശീര്‍വാദവും പിന്തുണയും ഇതിനു പിന്നിലുണ്ടായിരുന്നു. ശ്യാംജി കൃഷ്ണവര്‍മ്മയ്ക്ക് സവര്‍ക്കറെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്തില്‍ തിലകന്‍ ഇങ്ങനെ പറഞ്ഞു.

“ അവിടെ( ഇന്ത്യാഹൌസ് )  പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ  ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “

സവര്‍ക്കരുടെ സംഭവ ബഹുലമായ ലണ്ടന്‍ ജീവിതം ഇന്ത്യാഹൌസില്‍ നിന്നു തുടങ്ങി . സുശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെ അകത്തും പുറത്തും എതിര്‍ത്തുകൊണ്ട് അത് മുന്നേറുകയും ചെയ്തു . ഐതിഹാസികമായ “ 1857 ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം “ എന്ന പുസ്തകം പിറവിയെടുത്തത് ഇവിടെവച്ചാണ് . വിപ്ളവകാരികള്‍ക്ക് ആവേശം കൊടുക്കുക മാത്രമല്ല പുസ്തകം ചെയ്തത്.  അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനാഗമ മാര്‍ഗ്ഗമായും അത് മാറി . 

(തുടരും)

Tuesday, February 5, 2013

സമകാലിക പ്രശ്നങ്ങളോട് ആര്‍.എസ്സ്.എസ്സ് സഹസര്‍കാര്യവാഹ് പ്രതികരിക്കുന്നു.

ഹൈന്ദവ കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിന് , രാഷ്ട്രീയ സ്വയം സേവക സംഘം സഹസര്‍കാര്യവാഹ് ശ്രീ കെ സി കണ്ണന്‍ അനുവദിച്ച അഭിമുഖം -
(ഉറവിടം  K C Kannan, RSS leader on contemporary issues - Interview  
സ്വതന്ത്രപരിഭാഷ . യുഗാന്തര്‍ ടീം  )

സംഘം ഒരു ഫാസിസ്റ്റ് സംഘടനയാണോ ? എന്തുകൊണ്ട് ?

സംഘം ഒരിക്കലും ഒരു ഫാസിസ്റ്റ് സംഘടനയല്ല . സംഘം ഒരിക്കലും ഫാസിസ്റ്റ് ആയിരുന്നില്ല ഇപ്പോളും ഫാസിസ്റ്റ് അല്ല , ഒരിക്കലും അങ്ങനെയാവുകയുമില്ല. സംഘം ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ് . രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തം ആയി പ്രവര്‍ത്തിച്ചുകൊണ്ട് ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ സാമൂഹിക പരിഷ്കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണത് . ഈ നാട്ടിലെ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ എല്ലാ മേഖലകളിലും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്ന ദേശ ഭക്തന്മാരുടെ സംഘടനയാണ് സംഘം . അത് ഒരിക്കലും ഫാസിസ്റ്റ് സ്വഭാവം പ്രദര്‍ശിപ്പിച്ചിട്ടില്ല പ്രദര്‍ശിപ്പിക്കുകയും ഇല്ല . ഇതൊക്കെ സംഘത്തിന്‍റെ ശത്രുക്കള്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് .

സംഘത്തിന്‍റെ ലക്‌ഷ്യം ഭാരതത്തില്‍ മാത്രം ഒതുങ്ങുന്നോ ?

കൃണ്വന്തോ വിശ്വമാര്യം , വസുധൈവ കുടുംബകം, യത്രവിശ്വം ഭവത്യേക നീഢം  ഇതൊക്കെ ആയിരുന്നു നമ്മുടെ പൂര്‍വീകരുടെ ആഗ്രഹം . ഇത് പൂര്‍ത്തീകരിക്കുക എന്നുള്ളത് തന്നെയാണ് സംഘത്തിന്‍റെ ഉദ്ദേശ്യം . പക്ഷെ ലോകം മുഴുവന്‍ മാറ്റം ഉണ്ടാക്കുന്നതിനു മുന്‍പ് നമുക്ക് നമ്മുടെ വീട് തയ്യാറാക്കേണ്ടതുണ്ട് , നമ്മുടെ വീട് ഭാരതമാണ്‌ , അതിനെ ആദ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭാരതത്തിന്‍റെ വൈഭവമാണ് സംഘത്തിന്‍റെ ലക്‌ഷ്യം . സംഘ പ്രാര്‍ഥനയും അത് വ്യക്തമായി പറയുന്നുണ്ട്  . ഈ രാഷ്ട്രത്തിന്‍റെ ധര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ ശ്രേഷ്ടമായ വൈഭവത്തിലേയ്ക്കുയര്‍ത്തുക.. അത് പൂര്‍ത്തിയായാല്‍  , ലോകത്തെ മുഴുവന്‍ ഈ മാര്‍ഗ്ഗത്തിലേക്ക് നയിയ്ക്കുകയെന്നത്  അടുത്ത ഘട്ടമാണ്. ആദ്യ കാലത്ത് നാമത് ചെയ്തിരുന്നതാണ് , അന്ന് ഭാരതം ജഗത് ജനനി ആയിരുന്നു ജഗത് ഗുരു ആയിരുന്നു . വീണ്ടും ആ സിംഹാസനത്തിലിരുന്നുകൊണ്ട് ലോകത്തിനു മാര്‍ഗ്ഗദര്‍ശനം കൊടുക്കണം , ലോകത്തെ മുഴുവന്‍ നന്മയുടെ വഴിയെ നയിക്കണം . അതിന്‍റെ ആദ്യപടി എന്ന നിലയിലാണ് ഭാരതത്തിന്‍റെ പരംവൈഭവത്തിന് വേണ്ടി സംഘം പ്രവര്‍ത്തിക്കുന്നത് .

ശാഖക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നോ ? എന്താണ് ഇതിനൊരു പരിഹാരം ?

ശാഖക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരുന്നു എന്ന നിഗമനം തെറ്റാണ് . മൂന്ന് വര്‍ഷം മുന്‍പ് കൊല്ലത്തുനടന്ന ഒരു ലക്ഷം സ്വയംസേവകര്‍ പങ്കെടുത്ത സാംഘിക്ക് തന്നെ ഇതിനുദാഹരണമാണ് .
ചെറുപ്പക്കാര്‍ തലനരച്ചവരേക്കാള്‍ എണ്ണത്തില്‍ എത്രയോ കൂടുതലായിരുന്നു .വന്നതില്‍ ഏകദേശം അറുപത്തഞ്ച് എഴുപതു ശതമാനം യുവാക്കളായിരുന്നു . ഇന്നും പുതിയ ആളുകള്‍ ശാഖയിലേക്ക് വരുന്നുണ്ട് , ആയിരക്കണക്കിന് ശാഖകളില്‍ ലക്ഷക്കണക്കിന്‌ സ്വയംസേവകര്‍ പങ്കെടുക്കുന്നു . ഇത് കേരളത്തില്‍ മാത്രമല്ല അല്ല മുഴുവന്‍ ഭാരതത്തിലും ദൃശ്യമാണ്.

ദളിതര്‍ ആര്‍ എസ്സ് എസ്സ്  പ്രവര്‍ത്തനത്തിലേക്ക് എത്തുന്നില്ലെന്നും  വന്നാല്‍ത്തന്നെ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്നും  സോഷ്യല്‍ മീഡിയകളില്‍ ആരോപണങ്ങളുണ്ടാകുന്നു. ഇതിന്‍റെ നിജ സ്ഥിതി എന്താണ് ?

കമ്യുണിസ്റ്റ് പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ ഉപേക്ഷിച്ചു ദളിതര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ സംഘത്തിലേക്കൊഴുകാന്‍  തുടങ്ങിയിട്ട് വര്‍ഷങ്ങളായി .സംഘത്തിന്‍റെ സാധാരണപ്രവര്‍ത്തകര്‍ മുതല്‍ അതിപ്രധാന ചുമതലകള്‍ വഹിക്കുന്ന കാര്യകര്ത്താക്കന്മാര്‍വരെ ഈ വിഭാഗങ്ങളില്‍ നിന്നുമുണ്ട്.  പക്ഷെ ജാതി തിരിച്ചു അംഗങ്ങളുടെ കണക്കെടുക്കല്‍ സംഘത്തിലില്ല. . ശാഖയില്‍ വരുന്നവരുടെ ജാതി ചോദിക്കാറുമില്ല, പറയാറുമില്ല. അതുകൊണ്ട് ജാതി തിരിച്ചുള്ള കണക്കു സംഘം പ്രസിദ്ധീകരിക്കാറുമില്ല . പിന്നോക്കമെന്ന് വിളിക്കപ്പെടുന്നവരില്‍നിന്നും ധാരാളം പ്രചാരകന്മാരുള്‍പ്പെടെയുള്ള കാര്യകര്‍ത്താക്കളുണ്ട് .

മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളെപ്പറ്റി സംഘത്തിന്‍റെ അഭിപ്രായം എന്താണ് ?
സ്മൃതികള്‍ അതാതു കാലഘട്ടത്തിനുവേണ്ടി എഴുതപ്പെട്ട നിയമങ്ങളാണ് . ആ നിയമങ്ങളെ വേറൊരു കാലഘട്ടത്തില്‍ പരിഗണിക്കേണ്ട ആവശ്യമില്ല . അതുകൊണ്ട് തന്നെ സ്മൃതികളെ ശാശ്വതസത്യമായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. അതൊരു പ്രത്യേക സമയത്തേക്ക് മാത്രമുണ്ടായിരുന്ന നിയമങ്ങളാണ്. മറ്റൊരു കാലത്ത് നിന്ന് നോക്കുമ്പോള്‍ ധാരാളം തെറ്റുകള്‍ കാണാം . അതുകൊണ്ട് കാലം മാറുമ്പോള്‍ അതിനനുസരിച്ചുള്ള പുതിയ സ്മൃതികള്‍ നിര്‍മ്മിക്കപ്പെടും .  ഇതാണ് സംഘ നിലപാട് .

സംവരണ പ്രശ്നത്തില്‍ എന്താണ് ആര്‍ എസ് എസ് നിലപാട് ?

മതപരമായി  സംവരണം നല്‍കുന്നതില്‍ സംഘം എതിരാണ് . ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം നീക്കം നടന്നിരുന്നു . ഇത്തരം പ്രവര്‍ത്തികള്‍ നാളെ മറ്റൊരു വിഭജനത്തിലേക്ക് നയിക്കില്ല എന്ന് പറയാനാകില്ല. വിഭജനത്തിന്‍റെ മുന്‍പ് നടന്ന സംഭവങ്ങളും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു . അതുകൊണ്ട് തന്നെ ഏതെങ്കിലും മത വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ സംഘം എതിരാണ് . പക്ഷെ ഭരണഘടനാ ശില്‍പ്പികള്‍ പറഞ്ഞുവച്ചിട്ടുള്ള,  അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണം എന്ന ആവശ്യത്തെ സംഘം എപ്പോളും പിന്തുണക്കുന്നു . അതായത് അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് അവരുടെ അവശത മാറും വരെ സംവരണം തുടരണം . അവരുടെ അവശത മാറിയിട്ടുണ്ടോ എന്ന് പഠിക്കുവാന്‍ ആവശ്യം ആയ സമിതികളെ സര്‍ക്കാര്‍ നിയോഗിക്കണം , അങ്ങനെ ബോധ്യപ്പെട്ടാല്‍ അത് അവസാനിപ്പിക്കാവുന്നതാണ് . അതല്ലാതെ എന്ന് വരെ പിന്നാക്കാവസ്ഥ തുടരുന്നോ അന്നുവരെ അവര്‍ക്ക്  നല്‍കി വരുന്ന സംവരണം തുടരേണ്ടതാണ് . ഇതാണ് സംഘത്തിന്‍റെ അഭിപ്രായം .

പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള മതഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിനു പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ ഹിന്ദു യുവാക്കള്‍ തീവ്ര നിലപാടുകളിലേക്ക്‌ പോകുന്നുണ്ട് . ഇത് യഥാര്‍ത്ഥത്തില്‍ സംഘത്തിന്‍റെ പരാജയം അല്ലെ ?
സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മത ജിഹാദി സംഘടനകള്‍ നിരന്തരമായി ഭാരതത്തില്‍ , പ്രത്യേകിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് . ഈ അവസരത്തില്‍ അവര്‍ക്കെതിരെ ചെറുപ്പക്കാര്‍ നിലപാടുകള്‍ എടുക്കുന്നു . പക്ഷെ രാഷ്ട്ര വിരുദ്ധമായ നിലപാടുകള്‍ , ജിഹാദിഭീകരവാദം പോലെയുള്ള നിലപാടുകള്‍ ആരെടുത്താലും സംഘമതിനെ അംഗീകരിക്കില്ല . അതുകൊണ്ട് യുവാക്കള്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ സമചിത്തതയോടെ പ്രതികരിക്കേണ്ടതാണ് .ചിലരുടെ നിലപാടുകള്‍  സംഘത്തിന്‍റെ പരാജയം എന്ന്  പറയുവാന്‍ സാധിക്കില്ല . ഇത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനങ്ങള്‍ക്ക് ഭരനഘടനാനുസൃതമായി അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം . സംഘത്തിന്‍റെ പദ്ധതിയോട് താത്പര്യമുള്ളവര്‍ക്ക് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം . രാഷ്ട്രവിരുദ്ധ ജിഹാദിപ്രസ്ഥാനങ്ങളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരും ഏജന്‍സികളും ശ്രമിച്ചാല്‍ ഇത്തരം പ്രതിപ്രവര്‍ത്തനങ്ങളും നിലക്ക് നിര്‍ത്താവുന്നതേയുള്ളൂ.

ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കാള്‍ ചെറുതാണോ കമ്മ്യൂണിസം ഉയര്‍ത്തുന്ന ഭീഷണി ?

രണ്ടും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് . രണ്ടുകൂട്ടരും ദേശീയചിന്താധാരകളെ  അംഗീകരിക്കുന്നില്ല . കമ്മ്യൂണിസം അധികാരത്തില്‍ വന്ന രാഷ്ട്രങ്ങളുടെയും ഇസ്ലാമിക തീവ്രവാദികള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രങ്ങളുടെയും സ്ഥിതി ജനാധിപത്യത്തിന്റെ കാര്യത്തില്‍ വ്യത്യസ്തവുല്ല . ഭാരതത്തിലാകട്ടെ രണ്ടു കൂട്ടരും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ രാഷ്ട്രഹിതത്തിനു വിരുദ്ധവുമാണ് . അതുകൊണ്ട് ഇസ്ലാമിക മത ഭീകരവാദം രാഷ്ട്രത്തിനു എത്ര കണ്ടു ഭീഷണിയാണോ ,, അഹിതകരമാണോ
അത്രകണ്ട് തന്നെയാണ് കമ്മ്യൂണിസം ഉയര്‍ത്തുന്ന വെല്ലുവിളിയും .

കേസരിയില്‍ വന്ന ലേഖനം കമ്യുണിസ്റ്റ് സഹകരണം ആവശ്യപ്പെട്ടിരുന്നല്ലോ , അതാണോ ഈ വിഷയത്തില്‍ സംഘ നിലപാട്?
കേസരി ,  കേരളത്തില്‍ അറിയപ്പെടുന്ന വാരികയാണ് . അതില്‍ പലതരത്തില്‍ ചിന്തിക്കുന്നവരും ലേഖനങ്ങള്‍ എഴുതാറുണ്ട് . ആ കൂട്ടത്തില്‍ വന്ന ഒന്നായി മാത്രമേ ഈ ലേഖനത്തെ കാണേണ്ടതായുള്ളൂ. അത് കേസരിയുടെയും ലേഖന കര്‍ത്താവിന്‍റെയും അഭിപ്രായമാണ് .സംഘത്തിന്‍റെ അഭിപ്രായമല്ല . ഈ വിഷയം ചെന്നൈയില്‍ നടന്ന അഖിലഭാരതീയകാര്യകാരിണി ബൈഠക്കിനോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തില്‍ സര്‍ കാര്യവാഹ് മാന്യ ഭയ്യാജി ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .

ആരോപണങ്ങള്‍ക്ക് മറുപടി പറയുവാന്‍ പലപ്പോഴും ആര്‍ എസ് എസ് ശ്രമിക്കാറില്ല . സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ഇത് എത്രമാത്രം പ്രായോഗികമാണ് ?

സൂര്യന് താഴെയുള്ള സര്‍വമാന പ്രശ്നങ്ങള്‍ക്കും, മറുപടി പറയുക എന്നത് സംഘത്തിന്‍റെ സ്വഭാവം അല്ല .സംഘം ഒരു പ്രത്യേക ജോലി ചെയ്യുവാന്‍ വേണ്ടി നിയുക്തമായ സംഘടനയാണ് , അത് വ്യക്തി നിര്‍മ്മാണമാണ് , ആ പ്രവര്‍ത്തി ഒരു തപസ്സുപോലെ സംഘം ചെയ്തുകൊണ്ടിരിക്കുകയുമാണ് . ആളുകള്‍ പലതരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട് , അതില്‍ മിക്കതും കക്ഷിരാഷ്ട്രീയ സംബന്ധിയാണ്. സംഘം ഒരു കക്ഷിരാഷ്ട്രീയ പ്രസ്ഥാനം അല്ല എന്നുള്ളതുകൊണ്ട് ദൈനംദിനം നടക്കുന്ന രാഷ്ട്രീയ സംബന്ധിയായ വിഷയങ്ങളില്‍ മറുപടി പറയാന്‍ സംഘം ബാദ്ധ്യസ്ഥമല്ല .സംഘത്തിനെന്തെങ്കിലും പറയാനും അറിയിക്കാനുമുണ്ടെങ്കില്‍ അത് കൃത്യമായി അറിയിക്കാറുമുണ്ട് .

സ്വയംസേവകര്‍ പോലും രാഷ്ട്രീയത്തിലെത്തി അഴിമതിക്കാരാകുന്നു . ഇതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം ?
എല്ലാ സ്വയംസേവകരും അങ്ങനെ ആകുന്നില്ല. ധാരാളം സ്വയംസേവകര്‍ രാഷ്ട്രീയത്തില്‍ പോയിട്ടുണ്ട് സംശുദ്ധിയോടെ പ്രവര്‍ത്തിച്ച പതിനായിരങ്ങളുണ്ട് . വഴിതെറ്റിയ ചിലരെക്കുറിച്ചുമാത്രമാണ് പത്രങ്ങളില്‍ വരാറ് . അവരാകട്ടെ വളരെച്ചെറിയ ശതമാനവും. ഒരു വ്യക്തിയുടെ ശാഖയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനുശേഷം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉറപ്പു പറയാന്‍ പറ്റില്ല . എത്രകാലം ശാഖയില്‍ പോകുന്നോ അത്രകാലം അവരുടെ കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കും . ചിലര്‍ കുറച്ചുകാലത്തെ സംഘ പ്രവര്‍ത്തനത്തിനു ശേഷം രാഷ്ട്രീയത്തില്‍ എത്തുകയും ശാഖാബന്ധം നിലയ്ക്കുകയും ചെയ്യുന്നു , അത്തരക്കാരുടെ ചെയ്തികളില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്ഘത്തിനാവില്ല . പക്ഷെ എത്രകാലം ശാഖയില്‍ പോകുന്നോ അത്രകാലം ഒരു സ്വയംസേവകന്‍ വഴിതെറ്റില്ല അവരുടെ കാര്യത്തില്‍ ഉറപ്പു പറയാനും സാധിക്കും .

പല ആര്‍ എസ് എസ് പ്രവര്‍ത്തകരിലും പ്രകടമായ ഗാന്ധി വിരുദ്ധതയും ഗോഡ്സെ ആരാധനയും കാണുന്നു എന്താണ് കാരണം ?
ചിലര്‍ അങ്ങനെ ഉണ്ടാകാം . എല്ലാ സ്വയംസേവകര്‍ക്കും ചിന്താസ്വാതന്ത്ര്യമുണ്ട്, അവര്‍ക്ക് ചില കാര്യങ്ങളോട് താല്പര്യം തോന്നും , അത് സംഘത്തിന്‍റെ അഭിപ്രായമല്ല , മറിച്ചു ചിന്തിക്കുന്ന എത്രയോ സ്വയംസേവകരുണ്ട് .അതുകൊണ്ട് ചിലര്‍ ഏതെങ്കിലും രീതിയില്‍ ചിന്തിച്ചു എന്നത് കൊണ്ട് സംഘം മറുപടി പറയേണ്ട ആവശ്യമില്ല .

ആര്‍ എസ് എസ് ശാഖകളുടെ എണ്ണം കുറയുന്നു എന്ന് ചില മുഖ്യധാരാ പത്രങ്ങള്‍ എഴുതുകയുണ്ടായി .ഇതില്‍ എത്രകണ്ട് വാസ്തവമുണ്ട് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് നോക്കിയാല്‍ ഇടക്കാലത്ത് സായം ശാഖകളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു . അതിനു കാരണം വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതും ട്യുഷന്‍ മുതലായ കാര്യങ്ങള്‍ക്കായി കുട്ടികള്‍ പോകുന്നതുമൂലം വന്ന തടസ്സവും ആയിരുന്നു . പക്ഷെ ബാല സ്വയംസേവകര്‍ക്ക് വേണ്ടി പ്രഭാത, രാത്രി ശാഖകള്‍ തുടങ്ങിയതോടെ സ്ഥിതിയില്‍ മാറ്റം വന്നു . നിന്നുപോയ സ്ഥലങ്ങളില്‍ ശാഖ തുടങ്ങാനുള്ള അഖിലഭാരതീയയോജന നടപ്പിലാക്കി . കഴിഞ്ഞ ചെന്നൈ ബൈഠക് മുതല്‍  അഭൂത പൂര്‍വ്വമായ രീതിയില്‍ വര്‍ദ്ധനവിന്‍റെ കണക്കാണ് കാണാന്‍ കഴിയുക .

സംഘടനാ പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ ആയിട്ടും കേരളത്തില്‍ നിന്ന് അഖിലഭാരതീയ ചുമതലകളില്‍ വരുന്നവരുടെ എണ്ണം വളരെ കുറവാണ് എന്താണ് ഇതിനു കാരണം ?
 
മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം കേരളത്തില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട് . ഇതുവരെ അഖിലഭാരതീയ ചുമതലകള്‍ ലഭിക്കാത്ത സംസ്ഥാനങ്ങളുടെ എണ്ണം വളരെ കൂടുതലാണ് . ചുമതലകള്‍ നല്‍കുന്നതില്‍ സംഘ പ്രവര്‍ത്തനത്തിന്‍റെ പഴക്കമോ ശാഖകളുടെ എണ്ണമോ ഒന്നും നോക്കാറില്ല , അതിനു അതിന്‍റെതായ പദ്ധതികള്‍ ഉണ്ട് . എല്ലാ പ്രദേശങ്ങളില്‍ നിന്നും പ്രാധിനിത്യം വേണം എന്നു പോലും സംഘം ചിന്തിക്കാറില്ല . അതനുസരിച്ച് കേരളത്തില്‍ നിന്ന് മൂന്നോ നാലോ പേരുണ്ടായിട്ടുമുണ്ട്.

ആര്‍ എസ എസ പ്രവര്‍ത്തകര്‍ സംഘസാഹിത്യത്തിനു വെളിയിലുള്ള പുസ്തകങ്ങള്‍ വായിക്കാറില്ല എന്നത് യാഥാര്‍ത്ഥ്യം അല്ലെ ?
 
ചോദ്യകര്‍ത്താവിന് ആ ചിന്ത എങ്ങനെ വന്നു എന്നറിയില്ല . സ്വയംസേവകര്‍ എല്ലാ തരത്തിലുള്ള പുസ്തകങ്ങളും വായിക്കാറുണ്ട് , പ്രത്യേകിച്ച് വായന ശീലമാക്കിയ സ്വയംസേവകര്‍ ആധുനീക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി അറിവ് സമ്പാദിക്കാറുണ്ട്, പലരും ഗവേഷണവും നടത്തുന്നുണ്ട് . അവര്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യുമ്പോള്‍ ലോകത്തിലെ പ്രശ്നങ്ങളെ പറ്റി മനസിലാക്കാനും പരസ്പരം അറിവുകള്‍ കൈമാറാനും സാധിക്കാറുമുണ്ട് .അതുകൊണ്ട് തന്നെ ചോദ്യകര്‍ത്താവിന്‍റെ നിഗമനം തെറ്റാണ് .

കേരളത്തില്‍ ജനം എന്ന പേരില്‍ ഒരു ചാനല്‍ തുടങ്ങുന്നതായി കേട്ടു . ഇത്തരത്തില്‍ ദേശീയ തലത്തില്‍ ചാനലുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ ?

ജനം ചാനല്‍ സംഘം നടത്തുന്ന ചാനല്‍ അല്ല . സ്വയംസേവകര്‍ നടത്തുന്ന ചാനല്‍ ആണ് . ഭാരതത്തില്‍ മറ്റെവിടെയെങ്കിലും അങ്ങനെ ഒന്ന് തുടങ്ങുന്നതായി അറിവില്ല .

(പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ശ്രീ കെ സി കണ്ണന്‍  സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനാണ് . സഹസര്‍കാര്യവാഹ് ആകുന്നതിനു മുന്‍പ് സംഘത്തിന്റെ  അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്  ആയിരുന്നു . )

Twitter Delicious Facebook Digg Stumbleupon Favorites More