.
അരനൂറ്റാണ്ടുകാലം കേരളത്തിലെ സംഘപരിവാര്‍ അരങ്ങില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദിവംഗതനായ പി.ടി.റാവു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ദേശീയതലത്തില്‍ പല ചുമതലകളും വഹിച്ചിരുന്ന പി.ടി.റാവു ബാങ്ക് ജീവനക്കാരുടെ സംഘടനയില്‍ എന്‍ഒബിഡബ്ല്യുവിനെയാണ് തന്റെ മുഖ്യ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തത്. കേരളത്തില്‍ അതിനെ ഹരിഃശ്രീ തൊട്ടു വളര്‍ത്തിയെടുക്കുന്നതില്‍ പി.ടി.റാവുവിന്റെ അനന്യമായ നിഷ്ഠയും ഇംഗ്ലീഷില്‍ ‘ആപ്ലിക്കേഷന്‍’ എന്നു പറയുന്ന സ്വഭാവവും എടുത്തു പറയേണ്ടത്. ആ താത്പര്യം പ്രകടമാക്കുന്ന ഒരു വാക്ക് മലയാളത്തില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഹിന്ദിയില്‍ ലഗന്‍ എന്നും ലഗാവ് എന്നും അതിന് പറയാം. പി.ടി.റാവുവിനോടു അടുപ്പമുള്ള അരനൂറ്റാണ്ടുകാലത്തെ ഓര്‍മകള്‍ എന്നിലുണ്ട്.1964 ലെ സംഘശിക്ഷാവര്‍ഗില്‍ പരിശീലനത്തിനുവന്ന റാവുവിന്റെ ശിക്ഷകനായിരിക്കാന്‍ അവസരം ലഭിച്ചതു മുതല്‍ തുടങ്ങി ആ അടുപ്പം. പൊക്കം കുറവായതിനാല്‍ ശ്രദ്ധേയനായിരുന്നെങ്കില്‍ അതിനുമപ്പുറം സദാ പ്രസന്നഭാവവും നര്‍മബോധവും റാവുവിനെ വ്യത്യസ്തനാക്കിയിരുന്നു. അന്ന് ത്രിവിക്രമറാവു എന്നാണ് അറിയപ്പെട്ടത്. ബാങ്ക് ജീവനക്കാരുടെ സംഘാടകനായപ്പോഴാണ് പേര് പി.ടി.റാവു എന്ന് ചുരുക്കിയതെന്ന് തോന്നുന്നു. കാഴ്ചയ്ക്ക് വാമനനായിരുന്നു അദ്ദേഹം. തന്റെ കര്‍മ്മശേഷി ഒന്നുകൊണ്ടുമാത്രം ശരിക്കും ത്രിവിക്രമനായി വളര്‍ന്നു.
1965 ലാണെന്ന് തോന്നുന്നു ആലുവയ്ക്കടുത്ത് ദേശത്തു നടന്ന ഒരു ബാലശിബിരത്തിന്റെ പ്രബന്ധകനോ ശിക്ഷകനോ ആയി റാവു എത്തിയിരുന്നു. അന്നു കോട്ടയം ജില്ലാ പ്രചാരകനായിരുന്ന എനിക്ക് ആ ശിബിരത്തില്‍ പങ്കെടുക്കാന്‍ വിഭാഗ് പ്രചാരകനായിരുന്ന ഹരിയേട്ടന്റെ നിര്‍ദ്ദേശം കിട്ടി. കോട്ടയം കാരാപ്പുഴ നായര്‍ സമാജം സ്കൂളില്‍ കോട്ടയം, ആലപ്പുഴ- ജില്ലകളുടെ ബാലശിബിരം നടന്നിരുന്നു. അത്യന്തം ആവേശകരമായ ആ ശിബിരത്തിന്റെ നടത്തിപ്പുമായി കുറേയേറെ ബദ്ധപ്പെട്ട് ഏതാണ്ട് അവശനായിരുന്ന അവസരത്തിലാണ് ആലുവയിലെത്താന്‍ ഹരിയേട്ടന്റെ ക്ഷണം വന്നത്. കോട്ടയം ശിബിരത്തില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് വലിയ ചുമതലകളും സ്ഥാനങ്ങളും ഏറ്റെടുത്ത് പ്രസിദ്ധരായി.
അക്കാലത്ത് കോട്ടയം- ആലുവാ യാത്ര മിക്കവാറും ബസ്സിലായിരുന്നു. കോട്ടയം വഴി മീറ്റര്‍ ഗേജ് റെയില്‍പാതയായിരുന്നതിനാല്‍ എറണാകുളത്തിനപ്പുറത്തേക്ക് ആരും തീവണ്ടിക്കു ശ്രമിക്കുമായിരുന്നില്ല. ദേശത്തെ ബാലശിബിര സ്ഥലത്തെത്തിയപ്പോഴേക്ക് പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കുട്ടികളുടെ പരിപാടികളായിരുന്നതിനാല്‍ ഉല്ലാസവും ഉത്സാഹവും തിമര്‍ത്തുകൊണ്ടിരുന്നു. അതിന്റെയൊക്കെ നടുനായകസ്ഥാനത്ത് ത്രിവിക്ര റാവുവും. ഏകാഭിനയവും ശബ്ദാനുകരണവും മറ്റും തകര്‍ക്കുകയായിരുന്നു. അനേകം പേര്‍ വട്ടത്തിലിരുന്ന് യോജിച്ച ചലനങ്ങളും ശബ്ദങ്ങളും പ്രയോഗിച്ച് വലിയ ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന്റെ പ്രതീതിയുണ്ടാക്കിയതും ഒറ്റയ്ക്ക് ചെണ്ടമേളവും തകിലും നാഗസ്വരവും വായിക്കുന്നത് അഭിനയിച്ചു കാണിച്ചതും മറ്റും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
അദ്ദേഹം എറണാകുളത്ത് യുകോ ബാങ്കില്‍ സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചിട്ട് അന്ന് അധികം കാലമായിരുന്നില്ല. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിസ്തൃതമാക്കുന്നതിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരുടെ പ്രസ്ഥാനമാരംഭിച്ചപ്പോള്‍ അതിന്റെ ചുമതല റാവുവിനാണ് ലഭിച്ചത്. അതദ്ദേഹം നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. സംഘവുമായി ബന്ധപ്പെട്ട ധാരാളം പേര്‍ അക്കാലത്തുതന്നെ ബാങ്ക്ജീവനക്കാരുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ സജീവമായുണ്ടായിരുന്നു. അവര്‍ എന്‍ഒബിഡബ്ല്യുവിനോട് വേണ്ടത്ര സഹകരിക്കാതിരുന്നിട്ടും തന്റെ പ്രവൃത്തി റാവു അനന്യനിഷ്ഠനായി തുടര്‍ന്നു.
മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് മുതിര്‍ന്ന പ്രചാരകന്‍ രാ.വേണുഗോപാലിന്റെ സേവനം സംഘത്തില്‍ നിന്ന് വിട്ടുകൊടുത്തത് റാവുവിനെപ്പോലുള്ളവര്‍ക്ക് പ്രചോദനമായി.
തന്റെ ബാങ്കിലെ ചുമതലകള്‍ വിട്ടുവീഴ്ച കൂടാതെ നിര്‍വഹിച്ച്, ശേഷമുള്ള സമയം മുഴുവന്‍ സംഘടനാ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. അതിനായി ലഭിക്കാവുന്ന സകല ജോലിക്കയറ്റങ്ങളും വേണ്ടെന്ന് വച്ചു. ജോലിയില്‍ പ്രവേശിച്ച കാലത്ത് കേരളത്തിലെ സാധാരണ ബാങ്ക് ജീവനക്കാര്‍ മുണ്ടും ഷര്‍ട്ടുമാണ് വേഷമായി ഉപയോഗിച്ചു വന്നത്. കാലക്രമേണ അത് പാന്റ്സും ഷര്‍ട്ടുമായി. അവയില്‍ത്തന്നെ കാലാനുസൃതമായ പല പരിഷ്കാരങ്ങളും വന്നു. പക്ഷേ പി.ടി.റാവു മാത്രം തന്റെ ശുഭ്രമായ മുണ്ടും ഷര്‍ട്ടുമെന്ന രീതി മാറ്റിയില്ല. ആദ്യകാലങ്ങളില്‍ സംഘത്തിന്റെ ഗണവേഷത്തിന്റെ ശൈലിയില്‍ മുന്‍വശം മുഴുന്‍ തുറക്കാത്ത, നാടയില്‍ മൂന്നു ചിപ്പിബട്ടനുകള്‍ പിടിപ്പിച്ച ഷര്‍ട്ടായിരുന്നുവെങ്കില്‍, അവസാനകാലത്തു കണ്ടപ്പോള്‍ തുറന്നു ഷര്‍ട്ടും കണ്ടു. ദേശീയതലത്തില്‍ നേതൃസ്ഥാന ചുമതലകള്‍ നല്‍കപ്പെട്ടപ്പോഴും വേഷത്തില്‍ മാറ്റമുണ്ടായില്ല. പി.ടി.റാവു പി.ടി.റാവു തന്നെയായിരുന്നു.
പ്രസ്ഥാനത്തിന്റെ ചിട്ടകളില്‍ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. തന്നോടു തന്നെ വിട്ടുവീഴ്ചകാട്ടാത്ത അദ്ദേഹത്തിന് മുന്നില്‍ മറ്റു പ്രവര്‍ത്തകര്‍ക്ക് ഒന്നും പറയുവാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. എനിക്ക് ജനസംഘത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ പലപ്പോഴും ഇംഗ്ലീഷിലുള്ള ചില വിവരങ്ങള്‍ ടൈപ്പു ചെയ്യാന്‍ അദ്ദേഹത്തിന്റെ സഹായം തേടുമായിരുന്നു. ടൈപ്പ് ചെയ്ത മാറ്റര്‍ ഔചിത്യപൂര്‍വം തയ്യാറാക്കേണ്ടതിന് മാതൃകയായിരുന്നു അത്.
മസ്ദൂര്‍ സംഘത്തിന്റെ ലഘുലേഖകളും പുസ്തകങ്ങലും ഹിന്ദിയില്‍നിന്നോ ഇംഗ്ലീഷില്‍നിന്നോ മലയാളത്തിലാക്കേണ്ടി വന്ന അവസരങ്ങളില്‍ അത് എന്നെക്കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ഠേംഗഡിജി പാണാവള്ളിയിലെ നടരാജന്‍ വൈദ്യരുടെ വസതിയില്‍ ആയുര്‍വേദ ചികിത്സ ചെയ്ത് താമസിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍ വരുന്ന ജനതാ സംരംഭത്തിന്റെ ഭാവി നടപടികള്‍ക്കടിസ്ഥാനമായി എന്തൊക്കെക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെപ്പറ്റി സമഗ്രമായൊരു രൂപരേഖ ഠേംഗഡിജി തയ്യാറാക്കിയിരുന്നു. ഒളിവുകാലത്ത് വായിക്കാനായി കിട്ടിയപ്പോള്‍ അത് മലയാളത്തിലാക്കിയെടുത്ത്, മൂന്നു പകര്‍പ്പുകളും തയ്യാറാക്കിയിരുന്നു. ജനതാഭരണവും പാര്‍ട്ടിയുമൊക്കെ നിലവില്‍ വന്നപ്പോള്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യമൊക്കെ തത്പര കക്ഷികള്‍ മറന്ന്, ജനസംഘ ഘടകത്തെയും സംഘത്തെയും എതിര്‍ക്കുക മാത്രമായി അവരുടെ ലക്ഷ്യം. ആ രൂപരേഖയുടെ പകര്‍പ്പുകള്‍ ഒന്നും തന്നെ ഇപ്പോള്‍ കാണാനില്ല.
ഠേംഗഡിജിയുടെ ചികിത്സാക്കാലത്ത് അദ്ദേഹത്തിന്റെ ഒരഭിമുഖം തയ്യാറാക്കാന്‍ പാണാവള്ളിയില്‍ പോയി. ഞാന്‍ കൊടുത്ത ചോദ്യാവലി മുഴുവന്‍ വായിച്ചശേഷം ഏതാണ്ട് ഒന്നരമണിക്കൂര്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ടേപ്പ് റിക്കാര്‍ഡറില്‍ രേഖപ്പെടുത്തിയ അഭിമുഖം പകര്‍ത്തി ടൈപ്പ് ചെയ്തു തന്നത് റാവുജിയായിരുന്നു. ബിഎംഎസിന്റെ പഠനശിബിരങ്ങളില്‍ പങ്കെടുത്ത് ക്ലാസുകള്‍ എടുക്കാനും നേതാക്കന്മാരുടെ പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യാനും എന്നോടാവശ്യപ്പെടുമായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത് ഒരു വര്‍ഷത്തോളം റാവു തടവുകാരനായിക്കഴിഞ്ഞു. ഔപചാരികമായി പി.ടി.റാവു പ്രചാരകനായിരുന്നില്ല. ബാങ്ക് ജീവനക്കാരനായിരുന്നു. പക്ഷേ പ്രചാരകന്റെ നിഷ്ഠയോടെതന്നെ പ്രവര്‍ത്തിച്ചു. തന്റെ സഹോദരന്മാര്‍ക്കും അദ്ദേഹം പ്രചോദനമായി. അനുജന്‍ ജയകുമാര്‍, തന്റെ നല്ലൊരു ജോലി രാജിവെച്ചാണ് പ്രചാരകനായത്. വിവിധ ആശയക്കാരായിരുന്ന സഹജീവനക്കാര്‍ നല്‍കിയ വിടവാങ്ങല്‍ പരിപാടിയില്‍ അവര്‍ ജയകുമാറിന്റെ ആദര്‍ശധീരതയെ മുക്തകണ്ഠം പ്രശംസിച്ചു.
അനുഗൃഹീതമായ ജീവിതമാണ് റാവുജി നയിച്ചത്. 70 വയസ്സ് കഴിഞ്ഞവര്‍ പ്രസ്ഥാനത്തില്‍ ഔപചാരിക സ്ഥാനങ്ങള്‍ വഹിക്കരുതെന്ന കീഴ്‌വഴക്കം ബിഎംഎസില്‍ കൊണ്ടുവന്നത് അദ്ദേഹമാണെന്ന് അറിയാന്‍ കഴിഞ്ഞു. അതേസമയം അവരുടെ അനുഭവ സമ്പത്തും പക്വതയാര്‍ന്ന മാര്‍ഗദര്‍ശനവും പുതിയ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാനുള്ള അവസരവും വേണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.അവിശ്രാന്തം കര്‍മനിരതനായിരുന്ന ശേഷം തികച്ചും അനായാസമായി, ആരെയും ബുദ്ധിമുട്ടിക്കാതെ ഇഹലോകവാസം വെടിഞ്ഞ റാവുജി അക്കാര്യത്തിലും മാതൃകകാട്ടിയെന്ന് തോന്നുന്നു. ദേശീയതലത്തില്‍ പ്രഭാവം ചെലുത്തിയ യഥാര്‍ത്ഥ ത്രിവിക്രമനായിരുന്നു ആകൃതിയില്‍ വാമനനായിരുന്ന പി.ടി.റാവു.
പി. നാരായണന്‍